Tuesday, August 2, 2011

വെല്ലുവിളിയുടെ സ്വരവുമായി വിഎസ് വീണ്ടും

പാര്‍ട്ടിയുടെ കെട്ടിപ്പൊക്കിയ വിലക്കിന്റെ മതിലുകള്‍ പൊളിച്ചുകൊണ്ട് ബര്‍ലിന്‍ കുഞ്ഞനന്തന്‍നായരുടെ വീടു സന്ദര്‍ശിച്ചതിനു പിന്നാലെ, തന്റെ അനുകൂലികള്‍ക്കെതിരായ അച്ചടക്കനടപടി ചോദ്യംചെയ്തു വിഎസ്. അച്യുതാനന്ദന്‍ പരസ്യമായി രംഗത്തെത്തിയതു സിപി.എം ഔദ്യോഗികപക്ഷത്തെ അലോസരപ്പെടുത്തുന്നു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്നെ അനുകൂലിച്ചു നടന്ന പ്രകടനങ്ങളില്‍ പങ്കെടുത്തവര്‍ക്കെതിരായ നടപടിയെയാണ് വിഎസ് ചോദ്യം ചെയ്തത്. സമ്മേളനകാലയളവില്‍ അച്ചടക്കനടപടി പാടില്ലെന്നു നിര്‍ദേശമുണ്ടെന്നു വിഎസ് ചൂണ്ടിക്കാട്ടി.

ഡി.വൈ.എഫ്.ഐ. കാസര്‍ഗോഡ് ജില്ലാകമ്മിറ്റിയുടെ അഴിമതിവിരുദ്ധ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവേയാണു വി.എസ് വീണ്ടും സിപിഎം ഔദ്യോഗികപക്ഷത്തിനെതിരെ നീങ്ങിയത്.

എന്നാല്‍ പാര്‍ട്ടിയുടെ വിലക്കു മറികടന്നു പരസ്യപ്രതികരണങ്ങള്‍ക്കു മുതിരാതെ 10ന് ആരംഭിക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റിലും സമിതിയിലും ഇക്കാര്യങ്ങള്‍ ശക്തമായി ഉന്നയിക്കാനാണ് ഔദ്യോഗികപക്ഷ നേതാക്കളുടെ തീരുമാനം. പ്രശ്‌നത്തില്‍ കേന്ദ്രനേതൃത്വത്തിന്റെ ഇടപെടല്‍ സംസ്ഥാനഘടകത്തിന്റെ ആവശ്യമായി അവര്‍ മുന്നോട്ടുവയ്ക്കും.

വി.എസ്. അനുകൂലപ്രകടനം നടത്തിയതിന്റെ പേരില്‍ പുറത്തായ, ഉദുമ എം.എല്‍.എ: കെ. കുഞ്ഞിരാമന്റെ മകന്‍ പത്മരാജനടക്കം ഒട്ടേറെ പേര്‍ക്കെതിരേ അച്ചടക്കനടപടി എടുക്കാനിരിക്കേയാണു വിഎസ്. പരസ്യമായി രംഗത്തിറങ്ങിയത്. പത്മരാജനുപുറമേ നീലേശ്വരം, മടിക്കൈ, ബങ്കളം, കോവല്‍പള്ളി, ഉദുമ ഭാഗങ്ങളില്‍നിന്നു വി.എസ്. അനുകൂലികള്‍ കൂട്ടത്തോടെ കണ്‍വെന്‍ഷന്‍ ഹാളിലെത്തി അദ്ദേഹത്തെക്കണ്ടു പാര്‍ട്ടിനേതൃത്വത്തോടുള്ള അതൃപ്തി അറിയിച്ചിരുന്നു

No comments:

Post a Comment

Note: Only a member of this blog may post a comment.