Monday, August 1, 2011

വീണ്ടും വി എസ് വേലിക്കെട്ടുകള്‍ പൊട്ടിയ്ക്കുന്നു


വീണ്ടും വി എസും പാര്‍ട്ടിയും നേര്‍ക്ക്‌ നേരെ. അച്ചടക്ക നടപടികളെക്കുറിച്ച്‌ പ്രതിപക്ഷനേതാവ്‌ വി.എസ്‌. അച്യുതാനന്ദന്‍ നടത്തിയ പ്രസ്‌താവന കേന്ദ്രനേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ സി.പി.എം. സംസ്‌ഥാന സെക്രട്ടേറിയറ്റ്‌ തീരുമാനിച്ഛതാണ് പുതിയ സംഭവം. വി.എസിന്റെ സാന്നിധ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ്‌ യോഗത്തില്‍ അദ്ദേഹത്തിനെതിരേ രൂക്ഷവിമര്‍ശനങ്ങളാണ്‌ ഉയര്‍ന്നത്‌. വിഭാഗീയത വളര്‍ത്തുന്ന പ്രസ്‌താവനയാണ്‌ വി.എസ്‌. നടത്തിയതെന്നും ഇതിന്റെ ലക്ഷ്യം പാര്‍ട്ടി സമ്മേളനങ്ങളാണെന്നും ആക്ഷേപമുയര്‍ന്നു. കാഞ്ഞങ്ങാട്ടുവെച്ച് വി.എസ്. അച്യുതാനന്ദന്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് നല്‍കിയ ഉത്തരം സ്വാഭാവികമായും ചില ആശയക്കുഴപ്പം ഉണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന് സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു.

പാര്‍ട്ടി അച്ചടക്കം സി.പി.എം. ഗൗരവമായിത്തന്നെ കാണുന്നുവെന്നും പാര്‍ട്ടിവിരുദ്ധപ്രകടനങ്ങളെ കേന്ദ്രകമ്മിറ്റി അംഗീകരിച്ചിട്ടില്ലെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു തനിക്ക് സീറ്റ് നിഷേധിച്ചപ്പോള്‍ പ്രതിഷേധപ്രകടനം നടത്തിയവരെ പാര്‍ട്ടിയില്‍നിന്നും പുറത്താക്കിയത് ശരിയായില്ലെന്ന അച്യുതാനന്ദന്റെ പ്രസ്താവനയാണ് പാര്‍ട്ടി തിരുത്തിയിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിനിര്‍ണയം നടക്കുന്ന ഘട്ടത്തില്‍ ചിലയിടങ്ങളില്‍ പാര്‍ട്ടിയെ ആക്ഷേപിക്കുന്നതും പാര്‍ട്ടി നേതാക്കളെ ആക്ഷേപിക്കുന്നതുമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി പ്രകടനങ്ങള്‍ നടന്നിരുന്നു. അത്തരം പ്രകടനങ്ങളില്‍ ചിലതില്‍ പാര്‍ട്ടി അംഗങ്ങള്‍ പങ്കെടുക്കുകയും നേതൃത്വം വഹിക്കുകയുംചെയ്തു.

പാര്‍ട്ടിവിരുദ്ധ പ്രകടനങ്ങളില്‍ പങ്കെടുത്ത പാര്‍ട്ടി അംഗങ്ങളെക്കുറിച്ച് സംഘടനാതലത്തില്‍ തീരുമാനമെടുക്കണമെന്ന് മെയ് 24, 25 തീയതികളില്‍ ചേര്‍ന്ന സംസ്ഥാനസമിതി തീരുമാനിച്ചിരുന്നു' - സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി. തനിക്ക് സീറ്റ് നിഷേധിക്കപ്പെട്ടപ്പോള്‍ നടന്ന പ്രതിഷേധപ്രകടനങ്ങളെ സി.പി.എം. കേന്ദ്രകമ്മിറ്റി ശരിവെച്ചിരുന്നുവെന്നും ശരിയായ കാര്യത്തിനുവേണ്ടിയാണ് അവര്‍ പ്രകടനം നടത്തിയതെന്ന് കേന്ദ്ര നേതൃത്വത്തിന് ബോധ്യപ്പെട്ടിട്ടുണ്ടെന്നുമായിരുന്നു വി.എസ്. അച്യുതാനന്ദന്‍ ശനിയാഴ്ച വ്യക്തമാക്കിയിരുന്നത്. ഇതിനുള്ള മറുപടിയുമായാണ് തൊട്ടടുത്ത ദിവസംതന്നെ സി.പി.എം. സെക്രട്ടേറിയറ്റ് രംഗത്തു വന്നിരിക്കുന്നത്. വി.എസ്. കൂടി പങ്കെടുത്ത സെക്രട്ടേറിയറ്റ് യോഗത്തിനു പിന്നാലെയാണ് പ്രസ്താവന പുറത്തിറക്കിയിരിക്കുന്നത്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അച്ചടക്കലംഘനം നടത്തിയ ഏതാനും അംഗങ്ങള്‍ക്കെതിരെ പാര്‍ട്ടി നടപടി എടുത്തിട്ടുണ്ട്. ചിലരുടെ കാര്യത്തില്‍ ഇതിന്റെ ഭാഗമായുള്ള നടപടിക്രമം തുടരുകയാണ്. ഇതില്‍ പാര്‍ട്ടിക്കകത്ത് യാതൊരു ആശയക്കുഴപ്പവുമില്ല - സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ അറിയിച്ചു. ബ്രാഞ്ച്‌ സമ്മേളനങ്ങള്‍ ആരംഭിച്ചിട്ടില്ലെന്നിരിക്കെ അച്ചടക്കനടപടികള്‍ കൈക്കൊള്ളുന്നതില്‍ യാതൊരു അപാകതയുമില്ല. ഇക്കാര്യത്തില്‍ ആശയക്കുഴപ്പമുണ്ടാക്കാനാണ്‌ വി.എസ്‌ ശ്രമിച്ചത്‌. ബെര്‍ലിന്‍ കുഞ്ഞനന്തന്‍നായരുടെ വീട്ടില്‍ വി.എസ്‌. നടത്തിയ പ്രസ്‌താവനകള്‍ അപക്വവും പാര്‍ട്ടിക്കു ക്ഷീണമുണ്ടാക്കുന്നതുമായിപ്പോയി. വി.എസ്‌. നടത്തിയതു നഗ്നമായ അച്ചടക്കലംഘനമാണെന്നും അംഗങ്ങള്‍ ആരോപിച്ചു. താന്‍ പറഞ്ഞതില്‍നിന്നു ചില ഭാഗങ്ങള്‍ പത്രങ്ങള്‍ അടര്‍ത്തിയെടുത്തു വ്യാഖ്യാനിക്കുകയായിരുന്നെന്ന്‌ വി.എസ്‌. അവകാശപ്പെട്ടു.

അച്ചടക്കലംഘനം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പ്രസ്‌താവന നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി. ഇതു മുഖവിലയ്‌ക്കെടുക്കാന്‍ യോഗം തയാറായില്ല. ഇതിനു ശേഷമാണ്‌ വി.എസിനെ നേരിട്ടുകുറ്റപ്പെടുത്തി സെക്രട്ടേറിയറ്റ്‌ പത്രക്കുറിപ്പിറക്കിയത്‌. അച്ചടക്കനടപടികളുടെ കാര്യത്തില്‍ പാര്‍ട്ടിയില്‍ യാതൊരു ആശയക്കുഴപ്പവുമില്ലെന്ന്‌ പത്രക്കുറിപ്പില്‍ പറയുന്നു. സ്‌ഥാനാര്‍ഥി നിര്‍ണയഘട്ടത്തില്‍ ചിലയിടങ്ങളില്‍ പാര്‍ട്ടിയെ ആക്ഷേപിക്കുന്നതും നേതാക്കളെ അധിക്ഷേപിക്കുന്നതുമായ മുദ്രാവാക്യങ്ങളുയര്‍ത്തി പ്രകടനങ്ങള്‍ നടന്നു. ചിലതില്‍ പാര്‍ട്ടി അംഗങ്ങള്‍ പങ്കെടുക്കുകയും നേതൃത്വം നല്‍കുകയും ചെയ്‌തു. പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനത്തില്‍ പരസ്യമായി പങ്കെടുത്ത അംഗങ്ങളെക്കുറിച്ച്‌ സംഘടനാ തലത്തില്‍ ആലോചിക്കുകയും തീരുമാനമെടുക്കുകയും ചെയ്യേണ്ടതാണെന്ന്‌ മേയ്‌ 24, 25 തീയതികളില്‍ ചേര്‍ന്ന പാര്‍ട്ടി സംസ്‌ഥാന കമ്മിറ്റി തീരുമാനിച്ചിരുന്നതായും പത്രക്കുറിപ്പില്‍ പറയുന്നു.

തുടര്‍ന്ന്‌ ഏതാനും പാര്‍ട്ടി അംഗങ്ങള്‍ക്കെതിരേ നടപടി എടുത്തിട്ടുണ്ട്‌. ചിലരുടെ കാര്യത്തില്‍ ഇതിന്റെ ഭാഗമായുള്ള നടപടിക്രമങ്ങള്‍ തുടരുകയാണ്‌. ഇതില്‍ പാര്‍ട്ടിക്കകത്ത്‌ യാതൊരു ആശയക്കുഴപ്പവുമില്ല. വി.എസ്‌. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു നല്‍കിയ ഉത്തരം സ്വാഭാവികമായും ചില ആശയക്കുഴപ്പമുണ്ടാക്കാന്‍ സാധ്യതയുണ്ട്‌. അച്ചടക്കലംഘനം പാര്‍ട്ടി ഗൗരവമായി കാണുന്നു. അത്തരം പാര്‍ട്ടിവിരുദ്ധപ്രകടനങ്ങളെ കേന്ദ്രകമ്മിറ്റി അംഗീകരിച്ചിട്ടില്ലെന്നും പത്രക്കുറിപ്പില്‍ വ്യക്‌തമാക്കുന്നു. പാര്‍ട്ടി വിലക്ക് ലംഘിച്ചു ബെര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ വീട് സന്ദര്‍ശിച്ചതിനെ തുടര്‍ന്ന് വി എസ് പക്ഷവും ഔദ്യോഗിക പക്ഷവും നടത്തുന്ന പോര് വരും ദിവസങ്ങളില്‍ കൂടുതല്‍ രൂക്ഷമാവാനാണ് സാധ്യത കൂടുതല്‍

No comments:

Post a Comment

Note: Only a member of this blog may post a comment.