Friday, August 5, 2011

ശകുനിവേഷം കെട്ടിയാടിയാല്‍ വിഭാഗീയത കത്തിപ്പടരുമെന്നത് വ്യാമോഹം


വി.എസിന് രൂക്ഷവിമര്‍ശനവും മുന്നറിയിപ്പുമായി പിണറായി വിജയന്റെ ലേഖനം. കഴിഞ്ഞദിവസം പാര്‍ട്ടി പത്രത്തിലെഴുതിയ ലേഖനത്തിലാണ് വി.എസിനെ രൂക്ഷമായി വിമര്‍ശിച്ചത്.
കേരളത്തിലെ പാര്‍ട്ടിക്ക് വിഭാഗീയതയുടേതായ ദുരന്തം അനുഭവിക്കേണ്ടിവന്നെന്ന് പിണറായി ലേഖനത്തില്‍ സൂചിപ്പിക്കുന്നു. വി.എസിനെ പരോക്ഷമായും ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരെയും മാധ്യമങ്ങളെയും പ്രത്യക്ഷമായും ആക്ഷേപിക്കുന്നതാണ് പിണറായിയുടെ ലേഖനം. മാതൃകാപരമായ ഐക്യമാണ് പാര്‍ട്ടിയില്‍ നിലനില്‍ക്കുന്നതെന്ന് സൂചിപ്പിക്കുന്ന പിണറായി ചില മാധ്യമങ്ങള്‍ ശകുനിവേഷം കെട്ടിയതുകൊണ്ട് വിഭാഗീയത കത്തിപ്പടരും എന്ന് വ്യാമോഹിക്കേണ്ടതില്ലെന്ന് മുന്നറിയിപ്പ് നല്‍കി. ഇത് പ്രത്യക്ഷത്തില്‍ മാധ്യമങ്ങള്‍ക്കെതിരാണെന്ന് തോന്നാമെങ്കിലും വി.എസിനെ ഉന്നംവെച്ചാണെന്നത് വ്യക്തം.കുഞ്ഞനന്തന്‍നായരെ പോലെയുള്ള കള്ളനാണയങ്ങളെ രംഗത്തിറക്കി സി.പി.എമ്മില്‍ പ്രശ്‌നങ്ങളുണ്ടാക്കാമെന്ന് വ്യാമോഹിക്കരുതെന്ന് പിണറായി ലേഖനത്തില്‍ മുന്നറിയിപ്പ് നല്‍കുന്നു. പാര്‍ട്ടിവരുദ്ധ പ്രകടനങ്ങള്‍ പാര്‍ട്ടി കേന്ദ്രകമ്മിറ്റി അംഗീകരിച്ചിട്ടില്ല. പ്രകടനത്തില്‍ പങ്കെടുത്ത പാര്‍ട്ടിയംഗങ്ങളുടെ കാര്യത്തില്‍ സംഘടനാപരമായി തീരുമാനമെടുക്കണം എന്ന് നിര്‍ദ്ദേശിച്ചത് സംസ്ഥാന കമ്മിറ്റിയിലാണ്. വി.എസിന്റെ പരാമര്‍ശം ഉണ്ടാക്കിയ ആശയക്കുഴപ്പം ദൂരീകരിക്കാന്‍ തന്നെയാണ് സംസ്ഥാന സെക്രട്ടേറിയറ്റ് അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിച്ച് പ്രസ്താവനയിറക്കിയതെന്ന് പിണറായി ലേഖനത്തില്‍ എടുത്തുപറയുന്നു.
 
അത് പ്രസ്താവനയാണെങ്കിലും വി.എസ് കൂടി പങ്കെടുത്ത സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനമാണെന്നും പിണറായി എടുത്തുപറയുന്നു. അല്‍പനേരത്തേക്കോ ദിവസത്തേക്കോ ആശയക്കുഴപ്പമുണ്ടാക്കുക എന്നതിനപ്പുറമുള്ള ദൗത്യമൊന്നും വി.എസിന്റെ നിലപാടിലില്ല എന്ന് പിണറായി തന്റെ ലേഖനത്തില്‍ ഭംഗന്ത്യേരണ സൂചിപ്പിക്കുന്നു.പാര്‍ട്ടി സമ്മേളനങ്ങള്‍ ആരംഭിക്കാനിരിക്കെ ചില വലതുപക്ഷ മാധ്യമങ്ങള്‍ സി.പി.എമ്മിനെതിരെ കള്ളക്കഥകളുമായി രംഗത്തിറങ്ങിയിരിക്കുകയാണെന്നും പിണറായി ലേഖനത്തില്‍ വിലപിക്കുന്നു. പാര്‍ട്ടി സ്ഥാപനകനായി ബെര്‍ലിനെ ചിത്രീകരിക്കാന്‍ ശ്രമിക്കുന്നവര്‍ അപഹാസ്യരാകും. എ.കെ.ജി സെന്ററില്‍ നിന്ന് കുഞ്ഞനന്തന്‍ നായരെ മുന്‍ മുഖ്യമന്ത്രി എ.കെ നായനാര്‍ ഇറക്കിവിട്ടതാണെന്നും പിണറായി ആരോപിക്കുന്നു.
തന്റെ ലേഖനത്തിലുടനീളം മാധ്യമങ്ങളെ മുന്‍നിര്‍ത്തി വി.എസിനെ തള്ളിപ്പറയാനും തിരുത്താനുമാണ് പിണറായി ശ്രമിച്ചിട്ടുള്ളത്. മാത്രമല്ല പി.ബി കൂടി തീരുമാനിച്ചാണ് പ്രകടനം നടത്തിയവര്‍ക്കെതിരെ നടപടിയെടുത്തതെന്നും പിണറായി വെളിപ്പെടുത്തുന്നു

No comments:

Post a Comment

Note: Only a member of this blog may post a comment.