Monday, August 1, 2011

'പുറത്താക്കല്‍' വിവാദം കേന്ദ്ര കമ്മിറ്റിയിലേക്ക്‌

വി.എസ്‌. അനുകൂല പ്രകടനം നടത്തിയതിനു സി.പി.എം. കാസര്‍ഗോഡ്‌ പാര്‍ട്ടി അംഗങ്ങളെ പുറത്താക്കിയ സംഭവം കേന്ദ്രകമ്മറ്റിയിലേക്ക്‌.

സംഘടനാ സമ്മേളനങ്ങളില്‍ പങ്കെടുക്കുന്നത്‌ ഒഴിവാക്കാനാണ്‌ പുറത്താക്കല്‍ നടപടിയെന്നാരോപിച്ച്‌ പുറത്താക്കപ്പെട്ടവര്‍ കേന്ദ്രകണ്‍ട്രോള്‍ കമ്മിഷനെ സമീപിക്കും. സംഘടനാ സമ്മേളനങ്ങള്‍ പ്രഖ്യാപിച്ചശേഷമാണ്‌ നടപടിക്കാര്യം അറിയിച്ചതെന്നാണ്‌ ഇവരുടെ ആരോപണം.

ഇക്കാര്യത്തില്‍ വി.എസ്‌. അച്യുതാനന്ദനെതിരേ പരാതിയുമായി സംസ്‌ഥാനനേതൃത്വവും കേന്ദ്ര കമ്മിറ്റിയെ സമീപിക്കുമെന്നാണു സൂചന. കഴിഞ്ഞദിവസം കാഞ്ഞങ്ങാട്‌ തന്നെ കാണാനെത്തിയ പ്രവര്‍ത്തകരോടു പുറത്താക്കല്‍ നടപടിക്കെതിരേ കണ്‍ട്രോള്‍ കമ്മിഷനെ സമീപിക്കാനാണ്‌ വി.എസ്‌. നിര്‍ദേശിച്ചത്‌.

സംസ്‌ഥാന വിഷയങ്ങളില്‍ സാധാരണഗതിയില്‍ സംസ്‌ഥാന കണ്‍ട്രോള്‍ കമ്മിഷനാണ്‌ പരാതികള്‍ നല്‍കേണ്ടതെങ്കിലും നടപടിയുടെ പിന്നില്‍ വിഭാഗീയത ആരോപിച്ചാണ്‌ കേന്ദ്ര കണ്‍ട്രോള്‍ കമ്മിഷനുകൂടി ഫാക്‌സ് അയക്കുന്നത്‌.

പുറത്താക്കല്‍ വിവാദവുമായി ബന്ധപ്പെട്ട്‌ കേന്ദ്ര കമ്മിറ്റിയംഗമായ വി.എസ്‌. അച്യുതാനന്ദനെതിരേ സംസ്‌ഥാന സെക്രട്ടറിയേറ്റ്‌ പത്രക്കുറിപ്പിറക്കിയതും സംഘടനാ കീഴ്‌വഴക്കമല്ല.

കേന്ദ്ര കമ്മറ്റിയംഗത്തിനെതിരായ പരാതി കേന്ദ്ര കമ്മിറ്റിയില്‍ ഉന്നയിക്കുകയാണു കീഴ്‌വഴക്കം. സംഘടനാ സമ്മേളനങ്ങള്‍ സെപ്‌റ്റംബറില്‍ ആരംഭിക്കുമെന്നറിയിച്ചിരിക്കേ അച്ചടക്കനടപടി ഭരണഘടനാപരമായി ശരിയല്ല എന്നാണ്‌ വി.എസ്‌. കാസര്‍ഗോട്ടു പറഞ്ഞത്‌.

വി.എസിന്റെ സ്‌ഥാനാര്‍ഥിത്വം തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്‌തെന്നും ഇതുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്നും കേന്ദ്ര കമ്മിറ്റിയുടേതായി കീഴ്‌ഘടകങ്ങളില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടുകളിലും പറയുന്നുണ്ട്‌.

ഈ സാഹചര്യത്തില്‍ താക്കീതില്‍ ഒതുങ്ങുമായിരുന്ന നടപടി സംഘടനാ സമ്മേളനത്തിന്റെ പശ്‌ചാത്തലത്തില്‍ ഔദ്യോഗിക പക്ഷം കടുത്തതാക്കുകയായിരുന്നുവെന്നാണ്‌ വി.എസ്‌. പക്ഷത്തിന്റെ ആരോപണം.

ഉദുമ മണ്ഡലത്തിലെ ആലക്കോട്‌ ബ്രാഞ്ചില്‍ എം.എല്‍.എ. കെ. കുഞ്ഞിരാമന്റെ മകനെയും ചാര്‍ക്കപ്പാറ ഒന്ന്‌, രണ്ട്‌ ബ്രാഞ്ചുകളില്‍ നിന്നായി ഏഴുപേരെയുമാണ്‌ വി.എസ്‌. അനുകൂല പ്രകടനം നടത്തിയതിനു മൂന്നു മാസത്തേക്കു പാര്‍ട്ടി അംഗത്വത്തില്‍നിന്നു സസ്‌പെന്‍ഡ്‌ ചെയ്‌തത്‌

No comments:

Post a Comment

Note: Only a member of this blog may post a comment.