Friday, August 5, 2011

പൊരുതാനുറച്ച് വി.എസ്


 ബര്‍ലിന്‍ കുഞ്ഞനന്ദന്‍ നായരുടെ വീട്ടില്‍ സന്ദര്‍ശനം നടത്തിയതിനെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി വി.എസ് അച്ച്യുതാനന്ദന്‍ രംഗത്ത്. ബര്‍ലിന്റെ വീട് സന്ദര്‍ശിച്ചത് മനുഷ്യത്വപരമായ കാര്യമാണെന്ന് അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വിവാഹം, മരണം, അസുഖം എന്നിവക്ക് പാര്‍ട്ടി പുറത്താക്കിയവരാണോ അല്ലയോ എന്ന് നോക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.
‘ പാര്‍ട്ടിയെ സംബന്ധിച്ച കാര്യങ്ങള്‍ പലരും പലതരത്തിലാണ് വിലയിരുത്തുന്നത്. വിവാഹം, മരണം, അസുഖം തുടങ്ങിയ കാര്യങ്ങളില്‍ പാര്‍ട്ടി പുറത്താക്കിയവരാണോ അല്ലാത്തവരാണോ എന്ന് പരിഗണിച്ചല്ല ഞങ്ങള്‍ പോകാറുള്ളത്.  നിങ്ങള്‍ക്കറിയാമല്ലോ, കൂത്ത് പറമ്പില്‍ അഞ്ച് പേരെ വെടിവെച്ചുകൊന്ന എം.വി.രാഘവനും എം.എം ലോറന്‍സിനുമൊപ്പമാണ് ഞാന്‍ ഞങ്ങളുടെ പാര്‍ട്ടി സെക്രട്ടറി വിജയന്റെ മകന്റെ വിവാഹത്തിന് പോയത്. ബി.ജെ.പി നേതാവ് സി.കെ പത്മനാഭനും ഒപ്പമുണ്ടായിരുന്നു. ഇത് കാണിക്കുന്നത് ഇത്തരം ചടങ്ങുകളില്‍ ഞങ്ങള്‍ പാര്‍ട്ടി വിഷയം പരിഗണിക്കാറില്ലെന്നതാണ്. ഇക്കാര്യം വിവേകമുള്ളവര്‍ മനസ്സിലാക്കണം. എന്നാല്‍ ഇതൊന്നും മനസ്സിലാക്കാതെയാണ് ചിലര്‍ പ്രതികരിക്കുന്നത്’ – വി.എസ് വ്യക്തമാക്കി.
വി.എസിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍ ദേശാഭിമാനിയില്‍ ലേഖനം എഴുതിയിരുന്നു. ഇന്നലെ ഇതെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ വി.എസിനോട് ചോദിച്ചപ്പോള്‍ പാര്‍ട്ടി കാര്യങ്ങള്‍ നിങ്ങളോട് ചര്‍ച്ച ചെയ്യാനില്ലെന്നായിരുന്നു വി.എസ് പറഞ്ഞത്. എന്നാല്‍ ഇന്നലെ പാര്‍ട്ടി നേതാവ് എം.എം ലോറന്‍സ് വി.എസിന്റെ സന്ദര്‍ശനത്തിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതാണ് ശക്തമായി പ്രതികരിക്കാന്‍ വി.എസിനെ പ്രേരിപ്പിച്ചതെന്ന് വിലയിരുത്തപ്പെടുന്നു.
പാര്‍ട്ടി പുറത്താക്കിയ ബര്‍ലിന്‍ കുഞ്ഞനന്ദന്‍നായുടെ വീട്ടില്‍ കഴിഞ്ഞ ദിവസം വി.എസ് സന്ദര്‍ശനം നടത്തിയതാണ് വിവാദമായത്. ബര്‍ലിന്റെ വീട്ടില്‍ നിന്നും ഭക്ഷണം കഴിക്കുന്നതിനെ പാര്‍ട്ടി വിലക്കുകയായിരുന്നു. എന്നാല്‍ ബര്‍ലിന്റെ വീട്ടിലെത്തിയ വി.എസ് അവിടെ നിന്നും ഇളനീര്‍ കുടിച്ചു മടങ്ങി. ഭക്ഷണത്തിന് പാര്‍ട്ടി വിലക്കുണ്ടെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.
വി.എസിന്റെ സന്ദര്‍ശനം പാര്‍ട്ടി സമ്മേളനങ്ങള്‍ക്ക് മുന്നോടിയായുള്ള സമരപ്രഖ്യാപനമായാണ് വായിക്കപ്പെട്ടത്. മാധ്യമപ്രവര്‍ത്തകരെ കണ്ട ബര്‍ലിന്‍ കുഞ്ഞനന്ദന്‍ നായര്‍ പിണറായി വിജയനെതിരെ ശക്തമായ വിമര്‍ശനമുന്നയിക്കുകയും ചെയ്തിരുന്നു. ബര്‍ലിന്റെ വീട് സന്ദര്‍ശിച്ച ശേഷം കാസര്‍ക്കോട്ടെത്തിയ വി.എസ്, നിയമസഭാ തിരഞ്ഞെടുപ്പില്‍ തനിക്ക് വേണ്ടി പ്രകടനം നടത്തിയവരെ പുറത്താക്കിയ പാര്‍ട്ടി നടപടിയെ വിമര്‍ശിക്കുകയും ചെയ്തിരുന്നു

No comments:

Post a Comment

Note: Only a member of this blog may post a comment.