Wednesday, April 27, 2011

എന്റൊസൾഫാനേ വെല്ലുന്ന മാരക കീടനാശിനികളുടേ വില്പന ഹർത്താലുകാർ അറിയുന്നില്ല



എന്‍ഡോസള്‍ഫാനേക്കാള്‍ മാരകമായ കാര്‍ബോഫിറാന്‍, ഫോറേറ്റ്, മോണോക്രോട്ടോഫോസ്, മീഥൈല്‍ പാരാതിയോണ്‍, മെറ്റാസിസ്‌റ്റോക്‌സ് എന്നീ കീടനാശിനികള്‍ കേരളത്തില്‍ പല കൃഷികള്‍ക്കും നിയന്ത്രണമില്ലാതെ ഉപയോഗിക്കുന്നു. ഇതില്‍ കാര്‍ബോഫിറാന്‍ വ്യാപകമായാണ് ഉപയോഗിക്കുന്നത്. ഈ കീടനാശിനികള്‍ ഏറ്റവും മാരകമായ വിഭാഗത്തില്‍പ്പെട്ടതാണ്. ഇതിനു തൊട്ടുതാഴെയുള്ള വിഭാഗത്തിലുള്ളതാണ് എന്‍ഡോസള്‍ഫാന്‍. കൃഷിയെയും കര്‍ഷകരെയും ബാധിക്കുന്ന പന്ത്രണ്ട് കീടനാശിനികള്‍ എന്‍ഡോസള്‍ഫാന് പുറമെ കേരളത്തില്‍ ഉപയോഗിക്കുന്നുണ്ട്.

എന്‍ഡോസള്‍ഫാനോടൊപ്പം വ്യാപകമായി ഉപയോഗിക്കുന്നത് ലിന്‍ഡെയ്ന്‍, മീഥൈല്‍ പാരാതിയോണ്‍ എന്നിവയാണ്. ഇതേ ഗണത്തില്‍പ്പെട്ട അലുമിനിയം ഫോസ്‌ഫൈഡ്, ഡി.ഡി.റ്റി., മീഥൈല്‍ ബ്രോമൈഡ്, സോഡിയം സയനൈഡ്, മീഥോക്‌സി ഈഥൈല്‍ മെര്‍കുറിക് ക്ലോറൈഡ്, മോണോ ക്രോട്ടോഫോസ്, ഫെനിട്രോതയോണ്‍, ഡയാസിനോണ്‍, ഫെന്‍തിയോണ്‍, ഡാസോമെറ്റ് എന്നിവയും കേരളത്തില്‍ ഉപയോഗിക്കുന്നതായി കാര്‍ഷികശാസ്ത്രജ്ഞര്‍ പറയുന്നു. പക്ഷേ, ഇവയൊന്നും രാസനാമങ്ങളിലല്ല വിപണിയിലെത്തുന്നത്. കമ്പനികളുടെ പേരിലാണ്. അതുകൊണ്ടുതന്നെ കര്‍ഷകര്‍ ഈ കീടനാശിനികള്‍ വിതയ്ക്കുന്ന നാശത്തെക്കുറിച്ച് അജ്ഞരാണ്.

വിഷാംശം അടങ്ങിയിരിക്കുന്നതിന്റെ അളവനുസരിച്ച് കീടനാശിനികളെ നാലായിട്ടാണ് ലോകാരോഗ്യസംഘടന തരംതിരിച്ചിരിക്കുന്നത്. ഏറ്റവും കൂടുതല്‍ വിഷാംശമടങ്ങിയവയെ ചുവപ്പ്, കൂടുതല്‍ വിഷാംശമുള്ളവയെ മഞ്ഞ, കുറച്ച് വിഷാംശമുള്ളവയെ നീല, വിഷാംശം ഏറ്റവും കുറഞ്ഞവയെ പച്ച എന്നിങ്ങനെ. എലികളില്‍ കീടനാശിനി ഉപയോഗിച്ചു നടത്തിയ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ തരംതിരിക്കല്‍. ഒരു നിശ്ചിതഡോസ് കീടനാശിനി എലികളില്‍ കുത്തിവെയ്ക്കുന്നു. അതില്‍ അമ്പതുശതമാനം ചത്തുപോയാല്‍ ആ കീടനാശിനി എല്‍.ഡി. 50 എന്ന ലേബലിലാണ് അറിയപ്പെടുന്നത്. വെറും 0-50 മില്ലി ഗ്രാം കീടനാശിനി ഉപയോഗിക്കുമ്പോള്‍ത്തന്നെ എല്‍.ഡി. 50 ഫലം കാണിച്ചാല്‍ അവയെ ചുവപ്പുഗണത്തില്‍ ഉള്‍പ്പെടുത്തുന്നു.

50-500 മില്ലി ഗ്രാം കീടനാശിനി ഉപയോഗിക്കുന്നെങ്കില്‍ അവയെ മഞ്ഞഗണത്തില്‍പ്പെടുത്തും. എന്‍ഡോസള്‍ഫാന്‍ ഈ ഗണത്തിലാണ്. പരീക്ഷണങ്ങളിലൊരിടത്തും അവ പ്രകൃതിയെ എങ്ങനെ ബാധിക്കുന്നുവെന്നോ മണ്ണിലെത്ര കാലം അതിന്റെ പരിണിതഫലങ്ങള്‍ നിലനില്‍ക്കുമെന്നോ അന്വേഷിക്കുന്നില്ല. ഇനിയും ഇവ ഏത് മാധ്യമത്തിലൂടെയാണ് മറ്റു ജീവജാലങ്ങളിലേക്ക് പടരുന്നതെന്നോ, ഏതൊക്കെ ജീവികള്‍ക്കിതിനെ അതിജീവിക്കാന്‍ കഴിയുമെന്നോ അറിയുന്നുമില്ല.

27 കീടനാശിനികള്‍ ഇന്ത്യയില്‍ പൂര്‍ണ്ണമായും നിരോധിച്ചിട്ടുണ്ട്. ട്രൈക്ലോറോ അസെറ്റിക് ആസിഡ്, കാല്‍സ്യം സയനൈഡ്, ക്ലോര്‍ഡെയിന്‍ എന്നിവ ഇതില്‍പ്പെടും. കൃഷിക്ക് എന്ത് ഉപയോഗിക്കണം, എത്രയളവില്‍ എന്നെല്ലാം തീരുമാനിക്കുന്നത് വളവും കീടനാശിനികളും വില്‍ക്കുന്ന കടക്കാരനോ ഡീലറോ ആണെന്ന് ഒരു ഗവേഷകന്‍ പറയുന്നു. കീടനാശിനിക്കു പകരം കുമിള്‍നാശിനി പ്രയോഗിച്ച് വിപത്തുകള്‍ വരുത്തിവച്ച കര്‍ഷകര്‍ ധാരാളമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉപഭോക്തൃസംസ്ഥാനമായ കേരളത്തില്‍ മാത്രം കീടനാശിനികള്‍ നിരോധിച്ചതുകൊണ്ട് വലിയ മെച്ചമില്ല. ഇവയുടെ അപകടത്തില്‍നിന്നു രക്ഷപ്പെടണമെങ്കില്‍ രാജ്യാന്തരതലത്തില്‍ നിരോധനം ഉണ്ടായേ പറ്റൂ.

No comments:

Post a Comment

Note: Only a member of this blog may post a comment.