Wednesday, April 27, 2011

സ്‌റ്റോക് ഹോം :ഇന്ത്യന്‍ സംഘത്തിന്റെ ദൗത്യം പരാജയപ്പെടുത്തണം -വി.എം.സുധീരന്‍

സ്‌റ്റോക് ഹോം കണ്‍വെന്‍ഷനില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്യുന്ന ഔദ്യോഗിക സംഘത്തിന്റെ ദൗത്യം പരാജയപ്പെടുത്തണമെന്നും അതായിരിക്കും ജനങ്ങളുടെ വിജയമെന്നും വി.എം.സുധീരന്‍ പറഞ്ഞു. ഏലൂരിലെ എച്ച്.ഐ.എല്‍ കമ്പനിക്ക് മുന്നില്‍ സംഘടിപ്പിച്ച എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ വിധിയെഴുത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കീടനാശിനി കമ്പനികളുടെ പ്രതിനിധികള്‍ പങ്കെടുക്കുന്നത് ഔദ്യോഗിക സംഘത്തിന്റെ ഭാഗമായാണോയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. അങ്ങനെയെങ്കില്‍ ഗുരുതര തെറ്റാണ് സംഭവിച്ചത്. പരിസ്ഥിതി മന്ത്രാലയവും കൃഷി മന്ത്രാലയവുമാണ് പ്രധാനമായും കണ്‍വെന്‍ഷനില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്യുന്നത്. ഈ രണ്ട് മന്ത്രാലയത്തിന്റെയും ഉത്തരവാദപ്പെട്ട മന്ത്രിമാര്‍ ജനങ്ങളോട് മാപ്പുപറയണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.
എന്‍ഡോസള്‍ഫാന്‍ ഉള്‍പ്പെടെയുള്ള മാരക കീടനാശിനികളുടെ ഉല്‍പ്പാദനം എച്ച്.ഐ.എല്‍ അടിയന്തരമായി നിര്‍ത്തിവെക്കണം. ഉല്‍പ്പാദന വൈവിധ്യവത്കരണത്തിലൂടെ തൊഴില്‍ സംരക്ഷണം ഉറപ്പുവരുത്തുകയും വേണം. കാസര്‍കോട്ടെ ജനതയുടെ ആരോഗ്യപരവും പുനരധിവാസപരവുമായ പ്രശ്‌നത്തില്‍ സമയബന്ധിതായി ഇടപെടണം. ഇതിനുള്ള സാമ്പത്തിക സഹായങ്ങളും പാക്കേജുകളും നേടിയെടുക്കാനാണ് ഇന്ത്യ ശ്രമിക്കേണ്ടത്. ഇക്കാര്യത്തില്‍ ഭരണ -പ്രതിപക്ഷ ഭേദമന്യേ ഒരുമിച്ച് നില്‍ക്കണമെന്ന് സുധീരന്‍ പറഞ്ഞു.
ഉദ്ഘാടനത്തോടനുബന്ധിച്ച് വെളിച്ചമരം നടല്‍ ചടങ്ങ് സുധീരന്‍ നടത്തി. തുടര്‍ന്ന് ശരത് പവാറിനെ കുറ്റവിചാരണ നടത്തി. ജിയോ ജോസ് അധ്യക്ഷത വഹിച്ചു. കെ.ചന്ദ്രന്‍പിള്ള, പി.വി.സുധീരന്‍, അംബികാ സുതന്‍ മങ്ങാട്, കെ.ബി. മുഹമ്മദ് കുഞ്ഞ്, പുരുഷന്‍ ഏലൂര്‍, പ്രഫ.കെ.അരവിന്ദാക്ഷന്‍, പി.ജെ.സെബാസ്റ്റിയന്‍, മുഹമ്മദ് ഷിയാസ് എന്നിവര്‍ പങ്കെടുത്തു.

No comments:

Post a Comment

Note: Only a member of this blog may post a comment.