Thursday, April 28, 2011

ഇന്ത്യയിലെ മതസ്വാതന്ത്ര്യം മാതൃകാപരം - ദുബായ് ഗ്രാന്റ് മുഫ്തി

 ഒട്ടേറെ മതങ്ങളും അതിന്റെ അനുയായികളും ഉള്ള ഇന്ത്യയില്‍ മുസ്‌ലിം പണ്ഡിതന്മാര്‍ക്ക് നിര്‍ഭയത്വത്തോടെ സംഗമിക്കാനും ആശയ പ്രചാരണം നടത്താനും സാധിക്കുന്നത് ഇന്ത്യയുടെ മതസ്വാതന്ത്ര്യത്തിന്റെയും അവകാശബോധത്തിന്റെയും ഉദാഹരണമാണെന്ന് ദുബായ് മതകാര്യ ഗ്രാന്റ് മുഫ്തി ഡോ. അഹ്മദ് അബ്ദുല്‍ അസീസ് ഹദ്ദാദ് പറഞ്ഞു. കോട്ടയ്ക്കലിലെ വരക്കല്‍ മുല്ലക്കോയതങ്ങള്‍ നഗറില്‍ തുടങ്ങിയ സമസ്ത പണ്ഡിത സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ത്യയും അറബ് രാജ്യങ്ങളുമായുള്ള ബന്ധം കാലങ്ങളായി തുടര്‍ന്നുവരുന്നതാണ്. മാറിമാറി വരുന്ന ഏത് ഭരണകൂടവും ഈ ബന്ധം നിലനിര്‍ത്തുന്നുണ്ട്. മതപണ്ഡിതന്മാര്‍ ഒരു നേതൃത്വത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നത് സന്തോഷകരമാണ്. സമാധാനപരമായി സംഘടിച്ച് പ്രവര്‍ത്തിച്ചാല്‍ അവകാശങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കും. ഇതിന് ഉമറാക്കളെയും സമ്പന്നരെയും അഭ്യസ്തവിദ്യരെയും ഉലമാക്കളോടൊപ്പം അണിചേര്‍ക്കണം. ഭീകരത, തീവ്രത തുടങ്ങിയവയില്‍നിന്ന് എല്ലാവിഭാഗവും അകന്നുനില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സമസ്ത പ്രസിഡന്റ് സയ്യിദ് അബ്ദുറഹ്മാന്‍ അല്‍ബുഖാരി അധ്യക്ഷത വഹിച്ചു. സി. മുഹമ്മദ്‌ഫൈസി 'സമഗ്രതയ്ക്ക് ഇസ്‌ലാം' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. പേരോട് അബ്ദുറഹ്മാന്‍സഖാഫി സന്ദേശം നല്‍കി. സയ്യിദ് യൂസുഫുല്‍ബുഖാരി, സയ്യിദ് ഹുസൈന്‍ ശിഹാബ് പാണക്കാട്, പി.ടി. കുഞ്ഞമ്മുമുസ്‌ലിയാര്‍ കോട്ടൂര്‍, ബാപ്പുമുസ്‌ലിയാര്‍ തിരൂരങ്ങാടി, ബേക്കല്‍ ഇബ്രാഹിംമുസ്‌ലിയാര്‍, എം.ടി. മാനുമുസ്‌ലിയാര്‍, പൊന്മള അബ്ദുല്‍ഖാദര്‍മുസ്‌ലിയാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വിശ്വാസം എന്ന സെഷനില്‍ ഇ. സുലൈമാന്‍മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. കാന്തപുരം എ.പി. അബൂബക്കര്‍മുസ്‌ലിയാര്‍, മുഹമ്മദ്മുസ്‌ലിയാര്‍ കാന്തപുരം എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

മനുഷ്യജീവതത്തിന്റെ വൈവിധ്യങ്ങളെ ചൂഴ്ന്നുനില്‍ക്കുന്ന ദര്‍ശനമാണ് ഇസ്‌ലാമിന്‍േറതെന്ന് കാന്തപുരം എ.പി. അബൂബക്കര്‍മുസ്‌ലിയാര്‍ പറഞ്ഞു.

അറേബ്യയില്‍ 23 വര്‍ഷത്തെ പ്രബോധന കാലയളവില്‍ ഇസ്‌ലാമിന്റെ പ്രവാചകന്‍ ചരിത്രത്തിലെ അതുല്യമായ ഒരു വ്യവസ്ഥിതിക്കാണ് തറക്കല്ല് പാകിയത്. ആദ്യകാല ചരിത്രത്തിലുടനീളം അഖണ്ഡമായി നിലനിന്ന ഈ വ്യവസ്ഥിതിക്കകത്ത് കാലഗതിയില്‍ നിരവധി ശൈഥില്യങ്ങള്‍ ഉടലെടുത്തു. ഈ ഛിദ്രതകള്‍ സംഭവിക്കുമെന്നത് പ്രവാചകന്റെ പ്രവചനമായിരുന്നു. പക്ഷേ, ഇവയുടെ പരിണത ഫലങ്ങള്‍ ദാരുണമായിരുന്നു. നേര്‍മാര്‍ഗങ്ങളെ വലിച്ചെറിഞ്ഞ് പരിഷ്‌കരണവാദികളെ മുസ്‌ലിം സമൂഹം വിചാരണചെയ്തിട്ടുണ്ടെന്നും ഇവരുടെ വളര്‍ച്ചയ്ക്ക് ശക്തമായ വിഘാതമായി നിലനിന്നത് സമസ്തയാണെന്നും കാന്തപുരം പറഞ്ഞു.

ഇസ്‌ലാം, രാഷ്ട്രീയം, സമൂഹം സെഷനില്‍ കെ.പി. മുഹമ്മദ്മുസ്‌ലിയാര്‍, സുലൈമാന്‍ സഖാഫി മാളിയേക്കല്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. സയ്യിദ് ടി.എസ്.കെ തങ്ങള്‍ ബുഖാരി, എന്‍.കെ. ശറഫുദ്ദീന്‍മുസ്‌ലിയാര്‍, പി.എ. ഹൈദ്രോസ്മുസ്‌ലിയാര്‍, അബ്ദുമുസ്‌ലിയാര്‍ താനാളൂര്‍, പി.വി. മൊയ്തീന്‍കുട്ടിമുസ്‌ലിയാര്‍ എന്നിവര്‍ പങ്കെടുത്തു.

വ്യാഴാഴ്ച രാവിലെ എട്ടിന് നവോത്ഥാനം, 11ന് ഇസ്‌ലാമും മുസ്‌ലിങ്ങളും, രണ്ടിന് ഇസ്‌ലാം സമ്പദ്‌വ്യവസ്ഥ, നാലിന് അനുസ്മരണം, 4.30ന് കര്‍മരേഖ വിളംബരം, അഞ്ചിന് സമാപനം എന്നീ സെഷനുകള്‍ നടക്കും. സമാപന പ്രാര്‍ഥനയ്ക്ക് ബാഗ്ദാദിലെ സയ്യിദ് സ്വബാഹുദ്ദീന്‍ അഹ്മദ് അ-രിഫാഇ നേതൃത്വം നല്‍കും

No comments:

Post a Comment

Note: Only a member of this blog may post a comment.