Tuesday, April 26, 2011

ഇടത് ഹര്‍ത്താലിന് പിന്നില്‍ ഇരട്ടത്താപ്പ്: ഉമ്മന്‍ ചാണ്ടി


കേരളത്തില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചിട്ടും അത് ഫലപ്രദമായി നടപ്പിലാക്കാത്ത ഇടതുമുന്നണി സ്റ്റോക്‌ഹോം കണ്‍വന്‍ഷന്റെ പേരില്‍ ഹര്‍ത്താല്‍ നടത്തുന്നത് ഇരട്ടത്താപ്പാണെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടി. 
അഞ്ചുവര്‍ഷം എന്‍ഡോസള്‍ഫാന്‍ വ്യാപനം തടയാന്‍ ഒന്നും ചെയ്യാതിരുന്ന മുഖ്യമന്ത്രിയും സര്‍ക്കാറും
ദുരന്തത്തെ രാഷ്ട്രീയവത്കരിക്കുകയാണെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പില്‍ ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ട, കാലാവധി തീരാറായ എല്‍ ഡി എഫ് പ്രതിപക്ഷത്തായാല്‍ നടത്തേണ്ട സമരത്തിന് ആളെക്കൂട്ടാന്‍ ദുരന്തത്തെ കരുവാക്കുകയാണ്. യു ഡി എഫ് സര്‍ക്കാറിന്റെ അഭ്യര്‍ത്ഥന മാനിച്ച് 31.10.2006ല്‍ കേരളത്തില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ കേന്ദ്രം തയ്യാറായി. അതിന് ശേഷം വന്ന ഇടതു സര്‍ക്കാറിന് എന്‍ഡോസള്‍ഫാന്‍ ഉപയോഗത്തിന്റെ പേരില്‍ ഒരു കേസുപോലും രജിസ്റ്റര്‍ ചെയ്യാന്‍ പറ്റിയിട്ടില്ല. ഒരിടത്തും റെയ്ഡ് നടത്താനോ തോട്ടങ്ങളിലെ ഗോഡൗണുകളില്‍ പരിശോധന നടത്താനോ ഉത്തരവിട്ടിട്ടില്ല. ആദ്യം നിരോധനം കേരളത്തില്‍ ഫലപ്രദമായി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവേണ്ടിയിരുന്നു. അതിനുള്ള എല്ലാ അധികാരവും കേന്ദ്രം വിജ്ഞാപനം വഴി കേരളത്തിന് നല്‍കിയതാണ്. ഒരു നടപടിയും സ്വീകരിക്കാതെ ഈ സര്‍ക്കാര്‍ മുന്നോട്ടുപോയി. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നടത്തിയ ഉപവാസത്തിന് ക്ഷണിച്ചുകൊണ്ട് മന്ത്രി വിജയകുമാര്‍ അയച്ച കത്തില്‍ പറയുന്നത്, പാലക്കാട്ടും ഇടുക്കിയിലും എന്‍ഡോസള്‍ഫാന്‍ ദുരന്തം വിതയ്ക്കാന്‍ ആരംഭിച്ചു എന്നാണ്. യുഡിഎഫ് കാലത്ത് കാസര്‍ക്കോട്ടു നിന്നുമാത്രമായിരുന്നു ആക്ഷേപം. മറ്റു രണ്ടു ജില്ലകളിലേക്കു കൂടി ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിച്ചെങ്കില്‍ ആരാണ് അതിന് ഉത്തരവാദിയെന്ന് ഉമ്മന്‍ചാണ്ടി ചോദിച്ചു. കേരളത്തില്‍ നിരോധനത്തിന് മുന്‍കയ്യെടുത്ത യുഡിഎഫ് ഇത് ദേശീയതലത്തില്‍ തന്നെ നിരോധിക്കണമെന്ന അഭിപ്രായക്കാരാണ്. എന്നാല്‍ മറ്റു സംസ്ഥാനങ്ങള്‍ ഈ അഭിപ്രായം പ്രകടിപ്പിക്കുന്നില്ല.
 
നാലേമുക്കാല്‍ വര്‍ഷം എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍വകക്ഷി സംഘത്തെ അയക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. പ്രധാനമന്ത്രി നിരവധി തവണ കേരളത്തില്‍ വന്നപ്പോള്‍ വിഷയത്തില്‍ അദ്ദേഹത്തെ സമീപിക്കാനും തയ്യാറായില്ല. എന്നിട്ടും ഇപ്പോള്‍ സര്‍വകക്ഷി സംഘത്തെ അയച്ചപ്പോള്‍ പ്രതിപക്ഷം പോസിറ്റീവായി പ്രതികരിച്ചു. പ്രശ്‌നത്തില്‍ ഉപവാസം ഇരുന്ന മുഖ്യമന്ത്രി സിപിഎം ഭരിക്കുന്ന പശ്ചിമ ബംഗാളിനെയും ത്രിപുരയെയും തന്റെ നിലപാടിലേക്ക് എത്തിക്കാന്‍ ശ്രമിക്കുമോ?. 
സമരത്തിന് പിന്തുണ നല്‍കിയ ബിജെപി തങ്ങള്‍ ഭരിക്കുന്ന ഗുജറാത്ത് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളെയും ഈ ചിന്താധാരയിലേക്ക് എത്തിക്കണം. നിരോധനത്തെ എതിര്‍ത്ത് പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം പിന്‍വലിച്ചെങ്കിലും പകരം മറ്റൊന്ന് നല്‍കാന്‍ ഇതുവരെ തയ്യാറായില്ല. പ്രധാനമന്ത്രി കേരളത്തില്‍ നിന്നുള്ള പ്രതിനിധി സംഘത്തിന് പോസിറ്റീവായ മറുപടിയാണ് നല്‍കിയത്. ഇതുവരെ ഐ സി എം ആറിന്റെ സബ് ഓര്‍ഗനൈസേഷനുകളാണ് പഠനം നടത്തിയത്. ഐ സി എം ആര്‍ നേരിട്ട് പഠനം നടത്തുന്നത് ആദ്യമായാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഡി സി സി പ്രസിഡന്റ് കെ സി അബു, കെ പി സി സി ജനറല്‍ സെക്രട്ടറി പി ശങ്കരന്‍, പിവി ഗംഗാധരന്‍, യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റുമാരായ കെ പി അനില്‍കുമാര്‍, അഡ്വ. ടി സിദ്ദിഖ് സംബന്ധിച്ചു

No comments:

Post a Comment

Note: Only a member of this blog may post a comment.