Tuesday, April 19, 2011

എന്‍.എസ്.എസ് ചതിച്ചുവെന്ന് വിലയിരുത്തല്‍(അട്ടിമറി ഭീതിയില്‍ സി.പി.എം)


നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിന് ദിവസങ്ങള്‍മാത്രം അവശേഷിക്കേ ഇടതുമുന്നണി

അട്ടിമറി ഭീതിയിലാണെന്ന് സി.പി.എമ്മിന്റെ വിലയിരുത്തല്‍. സുരക്ഷിതമായ ഭൂരിപക്ഷം കിട്ടുമെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും എന്തെങ്കിലും അട്ടിമറിയുണ്ടായാല്‍ വന്‍തിരിച്ചടി നേരിടേണ്ടിവരുമെന്ന് പാര്‍ട്ടി സെക്രട്ടറിതന്നെ യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. വോട്ടെടുപ്പിന് ശേഷം കീഴ്ഘടകങ്ങള്‍ നല്‍കിയ അവലോകനത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷിത ഭൂരിപക്ഷം എന്ന കണക്കുകള്‍ സി.പിഎം നിരത്തുന്നത്. എന്നാല്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലും മികച്ച വിജയം നേടുമെന്നാണ് കീഴ്ഘടകങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. അതുകൊണ്ടുതന്നെ കീഴ്ഘടകങ്ങളുടെ റിപ്പോര്‍ട്ട് പൂര്‍ണമായും അംഗീകരിക്കാന്‍ സി.പി.എം സംസ്ഥാന നേതൃത്വം തയ്യാറല്ല. അതേസമയം വി.എസ് അച്യുതാനന്ദന്‍ 'ഫാക്ടര്‍' ഗുണം ചെയ്തുവെന്നു തന്നെയാണ് ആദ്യഘട്ട വിലയിരുത്തല്‍. ഫലം വന്നതിന് ശേഷം ചേരുന്ന യോഗത്തില്‍ മാത്രമേ ഇതേക്കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ നടക്കൂ. തെരഞ്ഞെടുപ്പില്‍ നായര്‍ സമുദായം ഇടതുമുന്നണിയെ ചതിച്ചുവെന്നാണ് സി.പി.എം സെക്രട്ടറിയേറ്റിന്റെ മറ്റൊരു വിലയിരുത്തല്‍. സമദൂരസിദ്ധാന്തം പ്രഖ്യാപിച്ചെങ്കിലും എന്‍.എസ്.എസിന്റെ വോട്ടുകള്‍ ഇടതുമുന്നണിക്ക് ലഭിച്ചിട്ടില്ല. മലബാര്‍ മേഖലകളില്‍ മുസ്ലിം സമുദായത്തിന്റെ വോട്ടുകളില്‍ കാര്യമായ ആനുകൂല്യം ഉണ്ടായില്ലെന്നും പാര്‍ട്ടി വിലയിരുത്തി. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിനായി ഇന്നലെ എ.കെ.ജി സെന്ററില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ വിലയിരുത്തല്‍.

അതേസമയം ക്രൈസ്തവ സമൂഹത്തിന്റെ വോട്ട് പൂര്‍ണമായും യു.ഡി.എഫിന് ലഭിച്ചിട്ടില്ല. മറ്റ് ന്യൂനപക്ഷങ്ങള്‍ ഇടതുമുന്നണിക്കെതിരെ യാതൊരു വികാരവും വോട്ടെടുപ്പില്‍ പ്രകടിപ്പിച്ചിട്ടില്ല. ജില്ലാ കമ്മിറ്റികള്‍ നല്‍കുന്ന സൂചന അനുസരിച്ച് 78 മുതല്‍ 80 വരെ സീറ്റുകള്‍ ഇടതുമുന്നണി നേടും. സര്‍ക്കാരിനെതിരെ ജനവികാരം ഉണ്ടായില്ലെന്നതിന്റെ തെളിവാണിത്. കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, കൊല്ലം, തിരുവനന്തപുരം, പാലക്കാട് അടക്കമുള്ള ജില്ലകളില്‍ മഹാഭൂരിപക്ഷം സീറ്റുകളും നേടാന്‍ മുന്നണിക്ക് കഴിയുമെന്നാണ് പാര്‍ട്ടി വിലയിരുത്തുന്നുത്. പോളിംഗ് ശതമാനം ഉയര്‍ന്നത് യു.ഡി.എഫിന് അനുകൂലമെന്ന പ്രചരണം അസംബന്ധമാണ്. പുതുതായി ചേര്‍ക്കപ്പെട്ട വോട്ടുകളാണ് പോളിംഗ് ശതമാനത്തില്‍ വര്‍ധനവുണ്ടാക്കിയത്. ഇത് മുന്നണിക്ക് ഗുണം ചെയ്യുന്ന വോട്ടുകളാണ്. അതേസമയം കഷ്ടിച്ച് ഭരണത്തില്‍ കടന്നുകൂടാന്‍ കഴിയുമെന്നാണ് സി.പി.ഐ നേതൃയോഗം വിലയിരുത്തുന്നുത്. കൂടിവന്നാല്‍ 75 സീറ്റുകളാണ് മുന്നണിക്ക് ആകെ ലഭിക്കുക. 12 മുതല്‍ 15വരെ മണ്ഡലങ്ങളില്‍ സി.പി.ഐ സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുമെന്നും പാര്‍ട്ടി കണക്കുകൂട്ടുന്നു. കൂടുതല്‍ അവലോകനത്തിനായി സി.പി.ഐ ഇന്നും യോഗം ചേരുന്നുണ്ട്.

No comments:

Post a Comment

Note: Only a member of this blog may post a comment.