Sunday, April 24, 2011

ജോണ്‍ ബ്രിട്ടാസ് രാജിവെച്ചത് പാര്‍ട്ടിയുടെ പുതിയദൗത്യം ഏറ്റെടുക്കാന്‍


ജോണ്‍ ബ്രിട്ടാസ് കൈരളി ചാനലില്‍ നിന്ന് രാജിവെച്ചത് പാര്‍ട്ടി ഏല്‍പ്പിച്ച പുതിയ ദൗത്യം ഏറ്റെടുക്കുന്നതിനെന്ന് സൂചന. ദുബായ് ആസ്ഥാനമായി ആരംഭിക്കുന്ന അന്താരാഷ്ട്ര ന്യൂസ് ഏജന്‍സിയിലേക്കാണ് ജോണ്‍ ബ്രിട്ടാസ് പോകുന്നത്.
സി.പി.എമ്മിന് ഇരുപത് ശതമാനം ഓഹരിയുള്ള ന്യൂസ് ഏജന്‍സിയുടെ സി.ഇ.ഒ ആയി ബ്രിട്ടാസ് ഉടന്‍ ചുമതലയേല്‍ക്കുമെന്നാണറിയുന്നത്. കൈരളി ചാനലിന്റെ ചെയര്‍മാന്‍ മമ്മൂട്ടിയാണ് ന്യൂസ് ഏജന്‍സിക്ക് വേണ്ടി സാമ്പത്തിക നിക്ഷേപം നടത്തുന്നത്. അന്താരാഷ്ട്രതലത്തില്‍ പാര്‍ട്ടിക്ക് വാര്‍ത്താ ഏജന്‍സികളോ ചാനലുകളോ ഇല്ലാത്തത് കഴിഞ്ഞ കുറേ കാലങ്ങളായി പോളിറ്റ് ബ്യൂറോയിലും വിവിധ സംസ്ഥാനങ്ങളിലെ സെക്രട്ടേറിയറ്റുകളിലും നിരന്തരം ചര്‍ച്ചയായിരുന്നു. ഈസാഹചര്യത്തിലാണ് സംസ്ഥാനത്തെ മുതിര്‍ന്ന പോളിറ്റ് ബ്യൂറോ അംഗവും മമ്മൂട്ടിയും ബ്രിട്ടാസും ചേര്‍ന്ന് ഇത്തരത്തില്‍ ഒരു ആശയത്തിന് രൂപം നല്‍കിയത്. കഴിഞ്ഞ 19-ന് ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റില്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തന്നെയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. നേരത്തെ സ്റ്റാര്‍ഗ്രൂപ്പിന്റെ ന്യൂസ് ചാനലുകളുടെ ചുമതല വഹിക്കുന്നതിന് ബ്രിട്ടാസിന് വാഗ്ദാനം ഉണ്ടായിരുന്നെങ്കിലും അദ്ദേഹം നിരസിക്കുകയായിരുന്നു. കേരളത്തില്‍ ബ്രിട്ടാസിന്റെ നേതൃത്വത്തില്‍ പുതിയ ചാനല്‍ വരുമെന്ന വാര്‍ത്ത അദ്ദേഹത്തോട് അടുത്ത കേന്ദ്രങ്ങള്‍തന്നെ നിഷേധിച്ചിട്ടുണ്ട്.  

ജോണ്‍ ബ്രിട്ടാസ് രാജിവച്ച ഒഴിവിലേക്ക് നിയമിക്കേണ്ട പുതിയ മേധാവികളെക്കുറിച്ച് പാര്‍ട്ടിയിലും മലയാളം കമ്മ്യൂണിക്കേഷന്‍സ് കമ്പനിയിലും ഏകദേശ ധാരണയായതായി സൂചനയുണ്ട്. കൈരളി, പീപ്പിള്‍ ചാനലകളുടെ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എന്‍.പി ചന്ദ്രശേഖരനായിരിക്കും അടുത്ത എഡിറ്റര്‍. ഇതുസംബന്ധിച്ച് മാനേജ്‌മെന്റ് തലത്തില്‍ ധാരണയായിട്ടുണ്ട്. എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എന്ന നിലയില്‍ കാഴ്ചവച്ച മികച്ച പ്രവര്‍ത്തനമാണത്രെ എന്‍. പി ചന്ദ്രശേഖരനെ എഡിറ്റര്‍ തസ്തികയിലേക്ക് ഉയര്‍ത്താന്‍ തീരുമാനിച്ചതിന് പിന്നില്‍. ഇതുസംബന്ധിച്ച് പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടീവില്‍ ചര്‍ച്ച നടന്നു.അതേസമയം മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വെങ്കിടേഷ് രാമകൃഷ്ണനെ ചാനലുകളുടെ മാനേജിംഗ് ഡയറക്ടറായി നിയമിച്ചേക്കും. കണ്ണൂര്‍ സ്വദേശിയും നേരത്തെ ദേശാഭിമാനിയില്‍ ദീര്‍ഘകാലം പത്രപ്രവര്‍ത്തകനായിരുന്ന വെങ്കിടേഷ് രാമകൃഷ്ണന്‍ ഇപ്പോള്‍ ഹിന്ദു ദിനപത്രത്തിന്റെ പ്രസിദ്ധീകരണമായ ഫ്രണ്ട്‌ലൈന്‍ മാഗസിന്റെ ഡെപ്യൂട്ടി എഡിറ്ററായി ഡല്‍ഹിയില്‍ പ്രവര്‍ത്തിച്ചുവരികയാണ്. ഇരുവരുടെയും നിയമനം സംബന്ധിച്ച് ബുധനാഴ്ച ചേരുന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം അന്തിമ തീരുമാനം എടുക്കും. നേരത്തെ ഡോ. സെബാസ്റ്റ്യന്‍പോളിനെ മാനേജിംഗ് ഡയറക്ടര്‍ തസ്തികയിലേക്ക് പരിഗണിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും തുടര്‍ചര്‍ച്ചകള്‍ മരവിപ്പിച്ചിരിക്കുകയാണ്. സംസ്ഥാനത്തെ വിജയ പ്രതീക്ഷയുള്ള മണ്ഡലങ്ങളായി പാര്‍ട്ടി വിലയിരുത്തിയതില്‍ എറണാകുളം ഉണ്ടായിരുന്നില്ല. ഈസാഹചര്യത്തിലാണ് കൈരളിയുടെ നേതൃത്വത്തിലേക്ക് അദ്ദേഹത്തെ നിയമിക്കും എന്ന് അഭ്യൂഹങ്ങള്‍ പരന്നത്. 

No comments:

Post a Comment

Note: Only a member of this blog may post a comment.