Wednesday, April 27, 2011

വിജിലന്‍സിന്റെ രഹസ്യറിപ്പോര്‍ട്ട്‌: ഉമ്മന്‍ചാണ്ടിയെ പ്രതിയാക്കാനാവില്ല

നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ്‌ കോളിളക്കം സൃഷ്‌ടിച്ച പാമോയില്‍ തുടരന്വേഷണക്കേസില്‍ ഉമ്മന്‍ചാണ്ടിയെ പ്രതിയാക്കാനാവില്ലെന്നു വിജിലന്‍സിന്റെ രഹസ്യ റിപ്പോര്‍ട്ട്‌. വൈകാതെ റിപ്പോര്‍ട്ട്‌ ആഭ്യന്തര സെക്രട്ടറിക്കു കൈമാറും.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വേണ്ടത്ര തെളിവുകളില്ലാതെ പ്രതിസ്‌ഥാനത്ത്‌ ഉള്‍പ്പെടുത്തിയാല്‍ അതു കേസിലെ മറ്റു പ്രതികള്‍ രക്ഷപ്പെടാന്‍ ഇടനല്‍കുമെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. അതീവ രഹസ്യസ്വഭാവത്തോടെയുളള ഈ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ അന്വേഷണം ശ്രദ്ധാപൂര്‍വം നടത്തിയാല്‍ മതിയെന്നു വിജിലന്‍സ്‌ ഡയറക്‌ടറുടെ ചുമതല വഹിക്കുന്ന എ.ഡി.ജി.പി ഡസ്‌മണ്ട്‌ നെറ്റോ അന്വേഷണസംഘത്തിനു നിര്‍ദേശം നല്‍കി.

വിജിലന്‍സ്‌ സ്‌പെഷല്‍ സെല്‍ ഡിവൈ.എസ്‌.പി: ജോണ്‍കുട്ടി, സി.ഐ: ചന്ദ്രമോഹന്‍ എന്നിവരുടെ നേതൃത്വത്തിലാണ്‌ അന്വേഷണം. കഴിഞ്ഞ ദിവസം ഈ സംഘം കൊല്ലത്തെത്തി രണ്ടുപേരില്‍നിന്നു മൊഴിയെടുത്തിരുന്നു. നേരത്തേ കേസ്‌ അന്വേഷിച്ച്‌ റിപ്പോര്‍ട്ട്‌ കോടതിയില്‍ സമര്‍പ്പിച്ച ഐ.ജി: എ. സുരേന്ദ്രന്റെ മേല്‍നോട്ടത്തില്‍ എസ്‌.പി: വി.എന്‍. ശശിധരന്റെ നിയന്ത്രണത്തിലാണ്‌ അന്വേഷണം മുന്നോട്ടുനീങ്ങുന്നത്‌. ഐ.ജി. സുരേന്ദ്രന്‍ മുമ്പു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഉമ്മന്‍ചാണ്ടിയെ പ്രതിസ്‌ഥാനത്ത്‌ ഉള്‍പ്പെടുത്തിയിരുന്നില്ല.

പാമോയില്‍ കേസിലെ പ്രധാന പ്രതിയും മുന്‍ മുഖ്യമന്ത്രിയുമായ കെ. കരുണാകരന്റെ നിര്യാണത്തെ തുടര്‍ന്ന്‌ കേസിലുണ്ടായ വഴിത്തിരിവുകളുടെയും പ്രതികളായ മുന്‍ അഡീ. ചീഫ്‌ സെക്രട്ടറി സഖറിയ മാത്യു, മുന്‍ മന്ത്രി ടി.എച്ച്‌. മുസ്‌തഫ എന്നിവരുടെ സത്യവാങ്‌മൂലത്തിന്റെയും അടിസ്‌ഥാനത്തിലാണ്‌ ഉമ്മന്‍ചാണ്ടിയെ പ്രതിചേര്‍ക്കുന്നതിനെക്കുറിച്ച്‌ ആരായാന്‍ വിജിലസിനോടു സര്‍ക്കാര്‍ നിര്‍ദേശിച്ചത്‌. പ്രോസിക്യൂട്ടറായി പുതിയ ഒരാളെ നിയമിക്കുകയും ചെയ്‌തു. ഇതിനെത്തുടര്‍ന്ന്‌ ഈ കേസ്‌ തുടരന്വേഷിക്കാന്‍ അനുവദിക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം മാര്‍ച്ച്‌ 14ന്‌ കോടതി അനുവദിച്ചു.

ഉമ്മന്‍ചാണ്ടിക്കെതിരേ വിജിലന്‍സിന്‌ ഇതുവരെ ബലപ്പെട്ട തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന്‌ ഉന്നതവൃത്തങ്ങള്‍ വ്യക്‌തമാക്കി.

2005 ല്‍ ഉമ്മന്‍ചാണ്ടി പത്രസമ്മേളനത്തില്‍ നടത്തിയ വെളിപ്പെടുത്തലിന്റെയും ഇപ്പോള്‍ കേന്ദ്രസര്‍വീസിലുള്ള ഇരുപതാം സാക്ഷി ജോസ്‌ സിറിയക്കിന്റെ മൊഴിയുടെയും അടിസ്‌ഥാനത്തിലാണ്‌ ഇപ്പോഴത്തെ അന്വേഷണം മുന്നോട്ടു നീങ്ങുന്നത്‌. മന്ത്രിസഭയുടെ നോട്ടില്‍ ഒപ്പുവച്ചെന്ന ഒറ്റക്കാരണത്താല്‍ ഉമ്മന്‍ചാണ്ടിയെ പ്രതിയാക്കാനാവില്ലെന്നാണ്‌ അന്വേഷണ സംഘത്തിന്റെ നിലപാട്‌.

No comments:

Post a Comment

Note: Only a member of this blog may post a comment.