Friday, April 29, 2011

കണ്ണൂരിന്റെ ചിത്രങ്ങളെടുത്ത് റിസോഴ്‌സ് സാറ്റ്-2 ജോലിതുടങ്ങി


ബഹിരാകാശത്തുനിന്ന് കണ്ണുരിന്റെ വിഭവചിത്രമെടുത്ത് റിസോഴ്‌സ് സാറ്റ് -2 ജോലിതുടങ്ങി. ഏപ്രില്‍ 20-ന് വിക്ഷേപിച്ച പ്രകൃതി വിഭവ നിരീക്ഷണ ഉപഗ്രഹമായ റിസോഴ്‌സ് സാറ്റ്-2 ചിത്രങ്ങള്‍ അയച്ചുതുടങ്ങിയതായി ഐ.എസ്.ആര്‍.ഒ. ബാംഗ്ലൂരില്‍ അറിയിച്ചു. ഭ്രമണപഥത്തില്‍ ഭൂമിയെ 115-ാമത്തെ വലംവെക്കുന്നതിനിടയിലാണ് ഉപഗ്രഹത്തിലെ മൂന്നു ക്യാമറകളും പ്രവര്‍ത്തിപ്പിച്ചത്. ഇന്ത്യയുടെ മുകളിലൂടെ കടന്നുപോകവെ ഉത്തരാഖണ്ഡിലെ ജോഷിമഠം മുതല്‍ കേരളത്തിലെ കണ്ണൂര്‍ വരെയുള്ള പ്രദേശങ്ങളുടെ വ്യക്തമായ ചിത്രങ്ങള്‍ പകര്‍ത്തി ഐ.എസ്.ആര്‍.ഒ. യുടെ ഭൗമനിലയത്തിലേക്ക് അയച്ചു. ഉപഗ്രഹത്തിലുള്ള അഡ്വാന്‍സ്ഡ് വൈഡ് ഫീല്‍ഡ് സെന്‍സര്‍, ലീനിയര്‍ ഇമേജിങ് സെല്‍ഫ് സ്‌കാനിങ് സെന്‍സര്‍, ലിസ്-4 എന്നീ മുന്നുക്യാമറകളും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നതായി ഐ.എസ്.ആര്‍.ഒ. അറിയിച്ചു.

പ്രകൃതിവിഭവങ്ങളുടെ ഭൂപടനിര്‍മാണം, വിഭവങ്ങളുടെ വിനിയോഗ ആസൂത്രണം, കാര്‍ഷികോത്പാദനം, പ്രകൃതിദുരന്തം നേരിടുന്നതിനെ സഹായിക്കല്‍, അടിസ്ഥാന സൗകര്യരംഗത്തെ ആസൂത്രണം എന്നിവയ്ക്ക് റിസോഴ്‌സ് സാറ്റ്-2 നല്‍കുന്ന ചിത്രങ്ങള്‍ വിനിയോഗിക്കും. 2003-ല്‍ വിക്ഷേപിച്ച റിസോഴ്‌സ് സാറ്റ് -1 ന്റെ ജോലികള്‍ വരുംദിനങ്ങളില്‍ പുതിയ ഉപഗ്രഹം ഏറ്റെടുക്കുമെന്നും ഐ.എസ്.ആര്‍.ഒ. അറിയിച്ചു.

No comments:

Post a Comment

Note: Only a member of this blog may post a comment.