Monday, April 25, 2011

അണികളുടെ ആത്മവീര്യം നിലനിര്‍ത്താന്‍ മാധ്യമ സിന്‍ഡിക്കേറ്റ് തന്നെ പിടിവള്ളി

അണികളുടെ ആത്മവീര്യം നിലനിര്‍ത്താന്‍ മാധ്യമ സിന്‍ഡിക്കേറ്റ് തന്നെ പിടിവള്ളി
ഇടത് അനുകൂല നിഗമനങ്ങള്‍ ഇടതുപക്ഷ മാധ്യമങ്ങളിലില്ല
കോട്ടയം: തെരഞ്ഞെടുപ്പില്‍  വിജയപ്രതീക്ഷ വേണ്ടെന്ന് സി.പി.എം-സി.പി.ഐ നേതൃത്വത്തിന്റെ മൗനസന്ദേശം. 
അതേസമയം പരാജയം മുന്നില്‍കണ്ട് പ്രവര്‍ത്തകരുടെ ആത്മവിശ്വാസം നിലനിര്‍ത്തുന്നതിനായി മുഖ്യധാരാ മാധ്യമങ്ങളിലൂടെ മുന്നണി നേതൃത്വം ശ്രമങ്ങളും ആരംഭിച്ചു. 75 മുതല്‍ 80 വരെ സീറ്റുകള്‍ ഇടതുമുന്നണിക്ക് ലഭിക്കുമെന്ന് ഇരുപാര്‍ട്ടികളും വിലയിരുത്തിയതായുള്ള വാര്‍ത്ത മുന്നണി നേതൃത്വം മാധ്യമങ്ങളിലൂടെ ഇന്നലെ പുറത്തുവിട്ടപ്പോള്‍ ഇരുപാര്‍ട്ടികളുടെയും മുഖപത്രങ്ങളിലാകട്ടെ ഇങ്ങിനെയൊരു വിലയിരുത്തല്‍ വാര്‍ത്തയായതുമില്ല. നാഴികയ്ക്ക് നാല്‍പ്പതുവട്ടം മാധ്യമങ്ങളെ അടച്ചാക്ഷേപിക്കുന്ന സി.പി.എം. തങ്ങളുടെ ദൗത്യനിര്‍വഹണത്തിന് ഇതേ മാധ്യമങ്ങളെ തന്നെ ഉപയോഗിച്ച് ഒരിക്കല്‍ക്കൂടി പാര്‍ട്ടിയുടെ ഇരട്ടത്താപ്പ് വ്യക്തമാക്കിയിരിക്കുകയാണ്. അതേസമയം, മുഖ്യധാരാ മാധ്യമങ്ങളിലടക്കം വാര്‍ത്ത വരുത്തിയ  മുന്നണി നേതൃത്വം ഇത്തരമൊരു ''പ്രധാന വാര്‍ത്ത'' പരിപൂര്‍ണമായും തമസ്‌കരിക്കാനാണ് സ്വന്തം മാധ്യമങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്. ഇതിലൂടെ മുന്നണിയുടെ വിജയത്തില്‍ ഇരു പാര്‍ട്ടികള്‍ക്കുമുള്ള ആത്മവിശ്വാസമില്ലായ്മ അടിവരയിടുന്നതിനൊപ്പം  പരാജയം ഉറപ്പെന്ന മൗനസന്ദേശവുമാണ്  പ്രവര്‍ത്തകര്‍ക്ക് നേതൃത്വം കൈമാറിയത്. എന്നാല്‍ തെരഞ്ഞെടുപ്പുഫലം പുറത്തുവരുന്നതുവരെ പ്രവര്‍ത്തകരെയും അനുയായികളെയും പറഞ്ഞു വിശ്വസിപ്പിക്കേണ്ട ചുമതലയാണ് ഭംഗിയായി മറ്റ് മാധ്യമങ്ങളിലൂടെ സഖാക്കള്‍ നിര്‍വഹിച്ചത്. പ്രവര്‍ത്തകര്‍ക്കു ബോധ്യമാകുന്ന തരത്തില്‍ പരാജയത്തിന്റെ കാരണങ്ങള്‍ കണ്ടെത്താന്‍ ഫലം പുറത്തു വരുന്നതുവരെ സമയം ലഭ്യമാക്കുകയാണ് ഇതിലൂടെ നേതൃത്വം ലക്ഷ്യം വയ്ക്കുന്നത്.
 
ചൊവ്വാഴ്ച ചേര്‍ന്ന സി.പി.എം - സി.പി.ഐ പാര്‍ട്ടികളുടെ സെക്രട്ടേറിയറ്റ് യോഗങ്ങളിലെ വിലയിരുത്തലായാണ് 75-നും 80-നും ഇടയ്ക്ക് സീറ്റുകള്‍ നേടുമെന്ന വാര്‍ത്ത ഇന്നലെ മാധ്യമങ്ങളില്‍ നിറഞ്ഞത്. ഇടതുമുന്നണി അധികാരം നിലനിര്‍ത്തുമെന്ന് വിലയിരുത്തുന്ന സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് 72 മുതല്‍ 80 വരെ സീറ്റു നേടുമെന്ന് കണക്കുകൂട്ടുന്നതായും വാര്‍ത്തകളിലുണ്ട്.ബൂത്തടിസ്ഥാനത്തില്‍ ശേഖരിച്ച കണക്കുകള്‍ പരിശോധിച്ചാണ് യോഗം ഈ നിഗമനത്തിലെത്തിയതത്രേ. സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം എല്ലാ ജില്ലാ കമ്മിറ്റികളും ഇടത് സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന വോട്ടുകളുടെ കണക്കുകള്‍ നല്‍കിയിരുന്നതായും വാര്‍ത്തകളില്‍ പറയുന്നു. ജില്ലകള്‍ തിരിച്ചും മേഖലകള്‍ തിരിച്ചും ലഭിക്കുന്ന സീറ്റുകളുടെ കണക്കും വിശദമായുണ്ട്. സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാകട്ടെ 75 സീറ്റ് ലഭിക്കുമെന്നാണ് വിലയിരുത്തിയത്. പാര്‍ട്ടിക്ക് ലഭിക്കുന്ന സീറ്റാകട്ടെ 15.എന്നാല്‍ ഇരുപാര്‍ട്ടികളുടെയും സംസ്ഥാന സെക്രട്ടേറിയറ്റിലെ നിര്‍ണായക വിലയിരുത്തലുകള്‍ സി.പി.എമ്മിന്റെയോ സി.പി.ഐയുടെയോ മുഖപത്രങ്ങള്‍ മുഖവിലയ്ക്കുപോലുമെടുത്തില്ലെന്നതാണ് ശ്രദ്ധേയം. മറ്റ് മിക്ക പത്രങ്ങളും വലിയ പ്രാധാന്യം നല്‍കി പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ ഒരു വരിപോലും നല്‍കാതെ ഇരു പത്രങ്ങളും ഈ വിലയിരുത്തലുകള്‍ അവഗണിക്കുകയായിരുന്നു. മുഖ്യധാരാ മാധ്യമങ്ങളെ വലതുപക്ഷ മാധ്യമങ്ങള്‍ എന്ന് അടച്ചാക്ഷേപിച്ച് യു.ഡി.എഫ് അനുകൂല രാഷ്ട്രീയ ദൗത്യം നിറവേറ്റാന്‍ ഇത്തരം മാധ്യമങ്ങള്‍ വിശ്വാസദുരുപയോഗം നടത്തിയതായി ആക്ഷേപിച്ച് സി.പി.എം. മുഖപത്രം ലേഖനം പ്രസിദ്ധീകരിച്ച ഇന്നലെതന്നെയാണ് ഇതേ മാധ്യമങ്ങളെ ഇടതുമുന്നണി നേതൃത്വം വിശ്വാസദുരുയോഗത്തിന് ഇരയാക്കിയതെന്നും യാദൃശ്ചികമാണ്.
 
തെരഞ്ഞെടുപ്പുകാലത്ത് കേരളത്തിലെ മാധ്യമരംഗത്ത് വിശ്വാസദുരുപയോഗം അലയടിച്ചതായാണ് സി.പി.എം. മുഖപത്രത്തിന്റെ കണ്ടെത്തല്‍. യു.ഡി.എഫ്പക്ഷ മാധ്യമസിന്‍ഡിക്കേറ്റ് എന്ന് അടച്ചാക്ഷേപിക്കുന്ന ലേഖനം പത്രങ്ങളെ മാത്രമല്ല, ചാനലുകളെയും വെറുതെ വിടുന്നില്ല. വിമോചനസമര മാധ്യമരാഷ്ട്രീയം വലിയൊരു പങ്ക് മാധ്യമങ്ങള്‍ ഇന്നും ഉപേക്ഷിച്ചിട്ടില്ലെന്ന് തെരഞ്ഞെടുപ്പു കാലഘട്ടം തെളിയിച്ചതായാണ് ലേഖനത്തിലെ പ്രധാന ആരോപണം.തെരഞ്ഞെടുപ്പിലുണ്ടാകുന്ന പരാജയത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വവും മാധ്യമങ്ങളുടെമേല്‍ വച്ചുകെട്ടാന്‍ ശ്രമിക്കുന്ന ലേഖനം പ്രവര്‍ത്തകരുടെ മുന്നില്‍ പാര്‍ട്ടി നേതൃത്വത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണെന്ന് വ്യക്തം. ഒരുവശത്ത് വലതുപക്ഷപാതികള്‍ എന്ന് മാധ്യമങ്ങളെ കണ്ണടച്ചാക്ഷേപിക്കുകയും അതേ മാധ്യമങ്ങള തന്നെ മറുവശത്ത് തങ്ങളുടെ ആഗ്രഹപൂര്‍ത്തീകരണത്തിനുള്ള കരുവാക്കുകയുമാണ് പാര്‍ട്ടി നേതൃത്വത്തിന്റെ ലക്ഷ്യം. തെരഞ്ഞെടുപ്പിന്റെ അജണ്ടപോലും മാധ്യമങ്ങളാണ് നിര്‍മിച്ചതെന്ന കുറ്റസമ്മതവും ലേഖനത്തിലുണ്ട്. ബംഗാളിനെക്കുറിച്ചു മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച ലേഖന പരമ്പരകളാണ് ഏറ്റവും വിമര്‍ശനവിധേയമായത്. വാര്‍ത്തയിലും ഫീച്ചറിലും എന്തിനേറെ കാര്‍ട്ടൂണില്‍പോലും യു.ഡി.എഫ് ഭക്തി മാധ്യമങ്ങള്‍ തെളിയിച്ചപ്പോള്‍ യു.ഡി.എഫ് അനുകൂല രാഷ്ട്രീയകൂട്ടുകെട്ട് അച്ചടി-ദൃശ്യമാധ്യമ  ആകാശത്തും ഭൂമിയിലും പൂത്തുലഞ്ഞതായാണ് ലേഖനത്തിലെ വിലയിരുത്തല്‍.
 
എന്നാല്‍ ഇങ്ങിനെയൊക്കെയാണ് മാധ്യമങ്ങള്‍ക്കുനേരെയുള്ള ആരോപണങ്ങളെങ്കിലും യഥാര്‍ത്ഥ കാരണം ഇതൊന്നുമല്ലെന്നതാണ് രാഷ്ട്രീയകേന്ദ്രങ്ങളുടെ വിലയിരുത്തല്‍. വി.എസ്. അച്യുതാനന്ദന് മാധ്യമങ്ങള്‍ നല്‍കുന്ന അമിത പ്രാധാന്യമാണ് പാര്‍ട്ടി നേതൃത്വത്തെ ഇത്രയേറെ ചൊടിപ്പിച്ചതെന്നാണ് സൂചന.സീറ്റു നിഷേധിച്ചപ്പോള്‍ ഉള്‍പ്പെടെ മാധ്യമങ്ങള്‍ വി.എസിന് നല്‍കിയ അമിത പ്രാധാന്യം പാര്‍ട്ടിയെപ്പോലും വെല്ലുവിളിക്കുന്നതരത്തിലായതായാണ് വിലയിരുത്തല്‍. വി.എസിന് വീണ്ടും സീറ്റ് നല്‍കേണ്ടിവന്നതും മാധ്യമങ്ങളുടെ ഇടപെടല്‍ മൂലമാണ്. ഇതിനൊക്കെപ്പുറമെ പ്രചാരണവേളയിലും വി.എസിന് മാധ്യമങ്ങള്‍ അമിത പ്രാധാന്യം നല്‍കിയപ്പോള്‍ പിണറായി ഉള്‍പ്പെടെയുള്ളവര്‍ വിസ്മൃതിയിലായത്  നേതൃത്വത്തെ അലോസരപ്പെടുത്തിയതാണ് മാധ്യമങ്ങളോടുള്ള അസഹിഷ്ണുതയ്ക്ക് പിന്നിലെന്നാണ് സൂചന.
 

No comments:

Post a Comment

Note: Only a member of this blog may post a comment.