Monday, April 25, 2011

എന്‍ഡോസള്‍ഫാന്‍ ദുരിതം നേരില്‍ കാണാന്‍ പ്രധാനമന്ത്രി കാസര്‍കോട്ടെത്തും


എന്‍ഡോസള്‍ഫാന്റെ ദൂഷ്യഫലങ്ങള്‍ സംബന്ധിച്ച് പഠിക്കുന്ന ഐ.സി.എം.ആറിനോട് പഠനം വേഗത്തിലാക്കാന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗ് നിര്‍ദ്ദേശം നല്‍കി. പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയും കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയും നേരില്‍ക്കണ്ട് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഐ.സി.എം.ആര്‍ റിപ്പോര്‍ട്ട് ലഭിച്ചാല്‍ അതിന്റെ അടിസ്ഥാനത്തില്‍ പൂര്‍ണ്ണമായും രാജ്യതാത്പ്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടുള്ള തീരുമാനമെടുക്കുമെന്നും രാത്രിയോടെ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പ്രധാനമന്ത്രി വ്യക്തമാക്കി. 'നിലവില്‍ കേരളത്തില്‍ എന്‍ഡോസള്‍ഫാന്‍  നിരോധിച്ചിട്ടുണ്ട്. ദേശീയതലത്തില്‍ നിരോധിക്കണമെങ്കില്‍ അഭിപ്രായ സമാഹരണവും വിശദമായ ശാസ്ത്രീയ പഠനവും ആവശ്യമാണ്. ഐ.സി.എം.ആര്‍ ഡയറക്ടര്‍ ജനറല്‍ അധ്യക്ഷനായ സമിതി ഇക്കാര്യത്തില്‍ പഠനം നടത്തി വരികയാണ്. ഈ സമിതിയോട് പഠനം വേഗത്തിലാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്- പ്രധാനമന്ത്രി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
രാവിലെ കേരളത്തില്‍ നിന്നുള്ള നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയില്‍  ഐ.സി.എം.ആര്‍ സമയബന്ധിതമായി പഠനം പൂര്‍ത്തിയാക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പു നല്‍കിയിരുന്നു. കൃഷിമന്ത്രാലയം, ആരോഗ്യമന്ത്രാലയം, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് എന്നിവരുമായി കൂടിയാലോചിച്ചാകും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള സമയപരിധി തീരുമാനിക്കുക. ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ടെന്ന് പഠനത്തില്‍ കണ്ടെത്തിയാല്‍ എന്‍ഡോസള്‍ഫാന്‍ രാജ്യവ്യാപകമായി നിരോധിക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കാന്‍ മടിക്കില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയതായി കേരളാഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഇരുനേതാക്കളും അറിയിച്ചു.
 
പ്രധാനമന്ത്രിയുടെ വസതിയില്‍ വച്ചുനടന്ന കൂടിക്കാഴ്ച്ച 20 മിനിട്ടു നീണ്ടുനിന്നു. കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കണമെന്ന ആവശ്യവും നേതാക്കള്‍ മുന്നോട്ടുവച്ചു. അടുത്ത കേരള സന്ദര്‍ശന വേളയില്‍ ഈപ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്താമെന്നാണ് പ്രധാനമന്ത്രി നല്‍കിയിരിക്കുന്ന ഉറപ്പ്. സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കി നല്‍കിയാല്‍ കാസര്‍കോട്ടെ ദുരിത ബാധിതര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കാന്‍ നടപടി എടുക്കും. നിലവില്‍ കേരളവും കര്‍ണ്ണാടകവും മാത്രമാണ് എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിള്ളത്. മറ്റു സംസ്ഥാനങ്ങളും ആവശ്യപ്പെട്ടാല്‍ അവിടെയും നിരോധിക്കാന്‍ അനുമതി നല്‍കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
 

No comments:

Post a Comment

Note: Only a member of this blog may post a comment.