Friday, April 22, 2011

ജനപ്രിയ പദ്ധതികളുടെ പ്രത്യാഘാതങ്ങള്‍


തിരഞ്ഞെടുപ്പിന്റെ ആരവങ്ങളെല്ലാം അടങ്ങിയിരിക്കുകയാണല്ലോ. തമിഴ്‌നാട്ടിലെ നിലവാരത്തിലേക്കു പോയില്ലെങ്കിലും കേരളത്തിലും വോട്ടര്‍മാരെ പ്രീണിപ്പിക്കാന്‍ ഇരുമുന്നണികളും മത്സരിച്ച് ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുകയുണ്ടായി. കടുത്ത മത്സരമുള്ള ബഹുകക്ഷി ജനാധിപത്യ വ്യവസ്ഥയില്‍ പ്രായോഗികരാഷ്ട്രീയത്തിന്റെ കാഴ്ചപ്പാടില്‍ ഇതിനൊക്കെ ന്യായീകരണങ്ങളുണ്ടായിരിക്കാം. എങ്കിലും തിരഞ്ഞെടുപ്പിന്റെ കോലാഹലങ്ങള്‍ കഴിഞ്ഞുള്ള ഈ ഇടവേളയില്‍ ജനപ്രിയ നടപടികളുടെ പ്രത്യാഘാതങ്ങള്‍ സമചിത്തതയോടെ പരിശോധിക്കുന്നതു നന്നായിരിക്കും. രണ്ടുരൂപ-ഒരുരൂപ അരിക്കും സൗജന്യ സ്ഥിരനിക്ഷേപത്തിനുമൊക്കെ ന്യായീകരണമുണ്ടോ?

രണ്ട് സംഭവകഥകള്‍


ഒന്ന്: നാലുവര്‍ഷങ്ങള്‍ക്കു മുമ്പ് ഒരുദിവസം സമ്പന്നനായ ഒരു വ്യാപാരി സുഹൃത്തിനൊപ്പം അദ്ദേഹത്തിന്റെ കാറില്‍ യാത്രചെയ്യുകയായിരുന്നു. സുഹൃത്തിന്റെ വീടിനടുത്തുള്ള റേഷന്‍കടയുടെ മുന്നിലെത്തിയപ്പോള്‍ കാര്‍ നിര്‍ത്തി കടയില്‍നിന്ന് റേഷനരി വാങ്ങിക്കാന്‍ സുഹൃത്ത് ഡ്രൈവറോട് പറഞ്ഞു. ഡ്രൈവര്‍ പോയപ്പോള്‍ തെല്ലൊരദ്ഭുതത്തോടെ ഞാന്‍ സുഹൃത്തിനോടു ചോദിച്ചു: ''നിങ്ങള്‍ റേഷനരി വാങ്ങുന്നോ?'' സുഹൃത്തിന്റെ മറുപടി: ''വീട്ടില്‍ രണ്ട് പട്ടികളുണ്ടെന്നറിയാമല്ലോ. അവയ്ക്ക് ചോറ് കൊടുക്കാനാണ്.'' അതിന്റെ അധാര്‍മികത ചൂണ്ടിക്കാണിച്ചപ്പോള്‍ സുഹൃത്തിന്റെ ന്യായീകരണം ഇപ്രകാരമായിരുന്നു: ''ഞാന്‍ സര്‍ക്കാറിലേക്ക് ധാരാളം നികുതി അടയ്ക്കുന്നുണ്ട്. പക്ഷേ, സര്‍ക്കാറില്‍നിന്ന് എനിക്ക് ന്യായമായി ലഭിക്കേണ്ട പലകാര്യങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കേണ്ടിവരുന്നു. അപ്പോള്‍പ്പിന്നെ, നിയമപരമായി എനിക്ക് അനുവദിച്ചിട്ടുള്ള റേഷന്‍ എന്തിന് വേണ്ടെന്നുവെക്കണം?''

സുഹൃത്തുമായി ഒരു തര്‍ക്കത്തിന് ഞാന്‍ മുതിര്‍ന്നില്ല. വലിയ ബംഗ്ലാവും രണ്ടു കാറുകളുമുള്ള സമ്പന്നന്റെ പട്ടികള്‍ക്ക് സബ്‌സിഡി നല്‍കുന്ന ക്ഷേമരാഷ്ട്രത്തിന്റെ പൊള്ളത്തരത്തെക്കുറിച്ചോര്‍ത്ത് ദുഃഖിക്കുകമാത്രം ചെയ്തു.
രണ്ട്: പ്രിയ (യഥാര്‍ഥ പേരല്ല) എന്റെ വേറൊരു സുഹൃത്തിന്റെ മകളാണ്. ബാംഗ്ലൂരിലെ പ്രശസ്തമായ ഐ.ടി. കമ്പനിയില്‍ ജോലി. പ്രതിമാസ ശമ്പളം അറുപതിനായിരം രൂപ. ഉയര്‍ന്ന എന്‍ജിനീയറിങ് മാനേജ്‌മെന്റ് യോഗ്യതയുള്ള പ്രിയയുടെ ഭര്‍ത്താവ് പ്രശസ്തമായൊരു ബഹുരാഷ്ട്ര കമ്പനിയില്‍ ജോലിചെയ്യുന്നു. പ്രതിമാസ ശമ്പളം രണ്ടുലക്ഷം രൂപ. പ്രിയ ഈ ഏപ്രിലില്‍ പ്രസവത്തിന് നാട്ടിലേക്കു വരികയാണ്. ഏപ്രിലില്‍ ജനിക്കാനിരിക്കുന്ന പ്രിയയുടെ കുഞ്ഞിന് കേരള സര്‍ക്കാറില്‍നിന്ന് 5000 രൂപയുടെ സ്ഥിരനിക്ഷേപം ലഭിക്കുമെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ പ്രിയയ്ക്കത് വിശ്വസിക്കാനായില്ല. ''എന്റെ കുഞ്ഞിന് സര്‍ക്കാറിന്റെ ഔദാര്യമോ?'' എന്ന് പ്രിയ ചോദിച്ചപ്പോള്‍ അതു വേണ്ടെന്നുപറഞ്ഞ് ധനമന്ത്രിക്ക് കത്തെഴുതാന്‍ ഞാന്‍ നിര്‍ദേശിച്ചു. ''വെറുതെ കിട്ടുന്നത് എന്തിന് കളയണം അങ്കിള്‍'' എന്നായിരുന്നു പ്രിയയുടെ മറുപടി.

അനര്‍ഹര്‍ക്ക് ആനുകൂല്യങ്ങള്‍


സര്‍ക്കാര്‍ നല്‍കുന്ന പല ആനുകൂല്യങ്ങളും പലപ്പോഴും അത് അര്‍ഹിക്കുന്നവര്‍ക്ക് ലഭിക്കാറില്ല എന്നത് പരക്കെ അറിയുന്ന കാര്യമാണ്. സര്‍ക്കാര്‍ 100 രൂപ ചെലവു ചെയ്യുമ്പോള്‍ 15 രൂപ മാത്രമേ ഉദ്ദേശിക്കുന്ന ഗുണഭോക്താക്കള്‍ക്ക് ലഭിക്കുന്നുള്ളൂവെന്ന് രാജീവ്ഗാന്ധി ഒരിക്കല്‍ പറയുകയുണ്ടായി. ആനുകൂല്യങ്ങള്‍ നല്‍കാനായി പൊതുചെലവ് നടത്തുമ്പോള്‍ അത് അര്‍ഹിക്കുന്നവര്‍ക്ക് ലഭ്യമാക്കുന്നതോടൊപ്പം അനര്‍ഹര്‍ക്ക് ലഭ്യമാകുന്നില്ല എന്നും ഉറപ്പുവരുത്തേണ്ടതുണ്ട്. ഈ രണ്ടു കാര്യങ്ങളിലും സര്‍ക്കാര്‍ സംവിധാനങ്ങള്‍ മിക്കപ്പോഴും പരാജയപ്പെടുന്നു. പലപ്പോഴും രാഷ്ട്രീയതാത്പര്യങ്ങള്‍ ലക്ഷ്യങ്ങളെ അട്ടിമറിക്കുന്നു. അതേസമയം, സബ്‌സിഡി ഭാരം പൊതുകടവും പലിശച്ചെലവും വര്‍ധിപ്പിക്കുക വഴി സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നു.
വോട്ട്ബാങ്ക് രാഷ്ട്രീയത്തിന്റെ നിര്‍ബന്ധങ്ങള്‍ കാരണം പല 'ജനക്ഷേമ'പദ്ധതികളും രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്ക് വിധേയമാകാറില്ല. ഇവയുടെ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ പലപ്പോഴും വിശദമായ ജനകീയ ചര്‍ച്ചകള്‍ക്ക് വിഷയമാവുന്നില്ല. അതുകൊണ്ടുതന്നെ, ഇത്തരത്തിലുള്ള ക്ഷേമപദ്ധതികളുടെ ന്യായാന്യായങ്ങളും പ്രത്യാഘാതങ്ങളും ജനങ്ങളറിയേണ്ടതുണ്ട്.

കേരളത്തിലിപ്പോഴും ധാരാളം ദരിദ്രരുണ്ട്. ഇവര്‍ക്ക് കുറഞ്ഞനിരക്കില്‍ അരി നല്‍കേണ്ടതുതന്നെ. എന്നാല്‍, സംസ്ഥാനത്തെ 40 ലക്ഷം കുടുംബങ്ങള്‍ക്ക് കിലോയ്ക്ക് രണ്ടുരൂപ നിരക്കില്‍ അരി നല്‍കേണ്ടതുണ്ടോ? കേരളത്തില്‍ ഏകദേശം 70 ലക്ഷം കുടുംബങ്ങളാണുള്ളത്. ദാരിദ്ര്യരേഖയുടെ താഴെയുള്ളത് 15 ശതമാനം കുടുംബങ്ങള്‍ (കേന്ദ്രസര്‍ക്കാറിന്റെ കണക്കനുസരിച്ച്). അതായത്, 11 ലക്ഷത്തോളം കുടുംബങ്ങള്‍. ഇവര്‍ക്ക് കുറഞ്ഞനിരക്കില്‍ അരി നല്‍കണം. കേരളത്തിലെ പകുതിയിലധികം കുടുംബങ്ങളും രണ്ടുരൂപ അരി അര്‍ഹിക്കുന്നവരാണ് എന്ന വാദം നല്ല രാഷ്ട്രീയമായിരിക്കാം, പക്ഷേ, വളരെ മോശം സമ്പദ്ശാസ്ത്രമാണ്. ഈ വാദത്തിന്റെ പൊള്ളത്തരമറിയാന്‍ സാമ്പത്തിക സ്ഥിതിവിവരക്കണക്കുകളെയൊന്നും ആശ്രയിക്കേണ്ടതില്ല; നമ്മുടെ അനുഭവം വെച്ചൊരു വിശകലനം നടത്തിയാല്‍ മതി.
കേരളത്തില്‍ ഇന്ന് 350 രൂപ കൂലിക്ക് പണിയെടുക്കാന്‍ ആളെ കിട്ടുന്നില്ല. ശാരീരികാധ്വാനം വലിയവിഭാഗം മലയാളികള്‍ മോശമായി കരുതുന്നു (ഗള്‍ഫില്‍ പോയാല്‍ ഈ മാനസികാവസ്ഥ മാറും). അനൗദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത് കേരളത്തില്‍ ഇപ്പോള്‍ 15 ലക്ഷത്തോളം അന്യസംസ്ഥാന തൊഴിലാളികളുണ്ടെന്നാണ്. നമ്മുടെ ഗ്രാമപ്രദേശങ്ങളില്‍പ്പോലും ഇപ്പോള്‍ അന്യസംസ്ഥാന തൊഴിലാളികളാണ് ശാരീരികാധ്വാനമുള്ള ജോലികള്‍ ചെയ്യുന്നത്. ജോലിചെയ്യാന്‍ തയ്യാറായാല്‍ കേരളത്തില്‍ ഇന്ന് ബുദ്ധിമുട്ടില്ലാതെ ജീവിക്കാം എന്നതാണ് വസ്തുത. 350 രൂപ കൂലിക്ക് പണിയെടുക്കാന്‍ ആളെക്കിട്ടാത്ത കേരളത്തില്‍ രണ്ടുരൂപയ്ക്ക് അരി കൊടുക്കേണ്ടതുണ്ടോ? ജോലിചെയ്യാനാവാത്ത രോഗികളും പ്രായമായവരും മറ്റും അടങ്ങുന്ന ഒരുവിഭാഗമുണ്ട്. കുറഞ്ഞ നിരക്കിലുള്ള അരി 15 ശതമാനത്തോളം വരുന്ന ഈ വിഭാഗത്തിനു മാത്രമേ നല്‍കേണ്ടതുള്ളൂ.
25,000 രൂപയില്‍ താഴെ മാസവരുമാനം, 2500 ചതുരശ്രഅടിയില്‍ താഴെ വിസ്തീര്‍ണമുള്ള വീട്, 2.5 ഏക്കറില്‍ താഴെ മാത്രം ഭൂമി എന്നിവയാണ് രണ്ടുരൂപ അരി ലഭിക്കാനുള്ള മാനദണ്ഡങ്ങള്‍. ഇതാകട്ടെ ഗുണഭോക്താവ് സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതി. 24,000 രൂപ പ്രതിമാസ വരുമാനവും (50,000 രൂപയുടെ ബിസിനസ്സ് വരുമാനത്തെ 24,000 രൂപയാക്കാന്‍ ഒരു ബുദ്ധിമുട്ടുമില്ല) 2400 ചതുരശ്രഅടി വിസ്തീര്‍ണമുള്ള വീടും (ഇത്രയും വലിപ്പമുള്ള ഒരു വീട്ടില്‍ സ്വാഭാവികമായും ഒരു കാര്‍ ഉണ്ടായിരിക്കും) ഉള്ള ഒരു 'മലയാളിദരിദ്ര'ന് രണ്ടുരൂപ അരി ലഭിക്കുമെന്നര്‍ഥം. ശ്വാനന്മാര്‍ക്ക് നല്ലകാലം വരുന്നു എന്നല്ലാതെ എന്തുപറയാന്‍!

നല്ല ഉദ്ദേശ്യം, ഫലം വിപരീതം


നികുതി നിരക്കുകള്‍ അന്യായമായി വര്‍ധിപ്പിച്ചാല്‍ അതിന്റെ ഫലം സാമൂഹിക നീതിയായിരിക്കില്ല, മറിച്ച് നികുതി വെട്ടിപ്പായിരിക്കും. അതുപോലെ നല്ല ഉദ്ദേശ്യത്തോടെ നടത്തുന്ന പല പൊതു ചെലവുകളും വിപരീതഫലങ്ങളുണ്ടാക്കും. ജനങ്ങള്‍ സ്വയം ചെയ്യേണ്ട കാര്യങ്ങള്‍, അവര്‍ക്കുവേണ്ടി സര്‍ക്കാര്‍ ചെയ്താല്‍ ഗുണത്തേക്കാളേറെ ദോഷങ്ങളാണുണ്ടാവുക. രണ്ട് രൂപ അരി പദ്ധതിയേക്കാള്‍ വിചിത്രമാണ് കേരളത്തില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന 'സ്ഥിര നിക്ഷേപം'- ബി.പി.എല്‍.കാര്‍ക്ക് 10000 രൂപയും എ.പി.എല്‍.കാര്‍ക്ക് 5000 രൂപയും. ബി.പി.എല്‍.കുടുംബങ്ങളിലെ കുഞ്ഞുങ്ങള്‍ക്ക് ഇത് നല്‍കുന്നത് മനസ്സിലാക്കാം. എന്നാല്‍ ഒരു പരിധിയുമില്ലാതെ എ.പി.എല്‍. കുടുംബങ്ങളിലെ കുഞ്ഞുങ്ങള്‍ക്കും 5000 രൂപ സ്ഥിരനിക്ഷേപം നല്‍കുന്നതെന്തിന്? ഉയര്‍ന്ന വരുമാനമുള്ള ആയിരക്കണക്കിന് മലയാളി ചെറുപ്പക്കാര്‍ ഇന്നുണ്ട്. ഇവരുടെ ജനിക്കാനിരിക്കുന്ന കുഞ്ഞുങ്ങള്‍ക്കെല്ലാം സര്‍ക്കാര്‍ കടം വാങ്ങി സ്ഥിരനിക്ഷേപം നല്‍കേണ്ടതുണ്ടോ? സര്‍ക്കാര്‍ ആസ്പത്രികളില്‍ എക്‌സ്‌റേ, സ്‌കാനിങ് സൗകര്യങ്ങളും വേണ്ടത്ര മരുന്നും ഇല്ലാത്തതിനാല്‍ ദരിദ്രരും വയോധികരുമായ രോഗികള്‍ വലിയ വില കൊടുത്ത് ഇവ വിപണിയില്‍ നിന്ന് വാങ്ങിക്കുന്നു. ഇവര്‍ക്ക് ഈ സൗകര്യങ്ങളൊക്കെ കൊടുത്തിട്ടുപോരേ സമ്പന്നരുടെ മക്കള്‍ക്ക് സ്ഥിരനിക്ഷേപം നടത്തുന്നത്?
ചെലവ് ചുരുക്കല്‍ അവഗണിക്കുന്നു

സമ്പന്നര്‍ ധൂര്‍ത്തടിക്കുന്നത് മനസ്സിലാക്കാം. എന്നാല്‍ ദരിദ്രര്‍ കടംവാങ്ങി ധൂര്‍ത്തടിച്ചാല്‍ എന്താകും ഫലം? റവന്യൂ മിച്ചമുള്ള സര്‍ക്കാര്‍ ജനങ്ങള്‍ക്കാനുകൂല്യം നല്‍കാനായി വാരിക്കോരി പണം ചെലവിടുന്നതിനെ പൊതു ധനകാര്യത്തിന്റെ മാനദണ്ഡങ്ങള്‍ വെച്ചെങ്കിലും ന്യായീകരിക്കാം. എന്നാല്‍, കേരളത്തിന്റെ സ്ഥിതിയെന്താണ്? 2006-ല്‍ 45929 കോടിയായിരുന്ന പൊതുകടം. ഇപ്പോള്‍ 78327 കോടിയായിരിക്കുന്നു. പ്രതിശീര്‍ഷകടമാകട്ടെ 16074 രൂപയാണ് - ദേശീയ ശരാശരിയേക്കാള്‍ 60 ശതമാനം കൂടുതല്‍. കര്‍ണാടകയുടെയും തമിഴ്‌നാടിന്റെയും ആന്ധ്രയുടെയും പ്രതിശീര്‍ഷകടം യഥാക്രമം 8901 രൂപയും 9692 രൂപയും 9991 രൂപയും ആണ്. ശമ്പളം,പെന്‍ഷന്‍, പലിശ തുടങ്ങിയ റവന്യൂ ചെലവ് നടത്താന്‍ വേണ്ടി മാത്രം കേരള സര്‍ക്കാര്‍ ഈ വര്‍ഷം 6000 കോടി രൂപയിലധികമാണ് കടം വാങ്ങുക. കടം വാങ്ങി അര്‍ഹിക്കാത്തവര്‍ക്ക് രണ്ടു രൂപയ്ക്ക് അരിയും ധനികരുടെ മക്കള്‍ക്ക് 5000 രൂപയുടെ സ്ഥിരനിക്ഷേപവും നല്‍കുന്നത് എന്റെ 'പിന്തിരിപ്പന്‍ നവ ലിബറല്‍' കാഴ്ചപ്പാടില്‍ മിതമായി പറഞ്ഞാല്‍ നിരുത്തരവാദപരമാണ്. വീട്, വെള്ളം, ശുചിത്വ സൗകര്യങ്ങള്‍, ആരോഗ്യപരിരക്ഷ എന്നിവയില്ലാത്തവര്‍ക്ക് അവ ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ഈ പണം ചെലവിടേണ്ടത്.

കടം കുമിഞ്ഞുകൂടുമ്പോഴും അനര്‍ഹര്‍ക്ക് വാരിക്കോരി ആനുകൂല്യങ്ങള്‍ നല്‍കുന്നത് ഭാവിയില്‍ എല്ലാവര്‍ക്കും ദോഷം ചെയ്യും. ചെലവ് ചുരുക്കാന്‍ ധാരാളം മാര്‍ഗങ്ങളുണ്ടെങ്കിലും അതിലൊന്നും സര്‍ക്കാറുകള്‍ക്ക് യാതോരു താത്പര്യവുമില്ല. സംഘടിത വിഭാഗങ്ങളെ അനാവശ്യമായി പ്രീണിപ്പിക്കുകയും ചെയ്യുന്നു. സര്‍ക്കാറിന്റെ ഏറ്റവും വലിയ ചെലവിനം ജീവനക്കാരുടെ ശമ്പളമാണല്ലോ. കേരളത്തിലെ ഭൂരിപക്ഷം സര്‍ക്കാര്‍ ജീവനക്കാരും മിതമായ വേതനം ലഭിക്കുന്നവരാണ്. എങ്കിലും ഈ ഇനത്തില്‍ത്തന്നെ നീതീകരിക്കാനാവാത്ത ചെലവിനങ്ങളുണ്ട്. അനാവശ്യമായ ആയിരക്കണക്കിന് തസ്തികകളുണ്ട്. സര്‍ക്കാറിന്റെ വലിപ്പം പകുതിയായി കുറയ്ക്കാമെന്ന് ഒരിക്കല്‍ മുന്‍ ചീഫ് സെക്രട്ടറി വി.രാമചന്ദ്രന്‍ പറയുകയുണ്ടായി.ന്യായീകരണമില്ലാത്ത പല ധൂര്‍ത്തുകളും എളുപ്പത്തില്‍ നിര്‍ത്താവുന്നതേയുള്ളൂ. 

എന്റെ അനുഭവമണ്ഡലത്തില്‍നിന്ന് ഒരുദാഹരണം പറയാം. ഇന്ന് ഉയര്‍ന്ന ശമ്പളം വാങ്ങുന്നവരാണ് കോളേജ് അധ്യാപകര്‍ (ക്ലേശങ്ങളുടെ പഴയകാലം വിസ്മരിക്കുന്നില്ല). 30 കൊല്ലം സര്‍വീസുള്ള ഒരു പ്രൊഫസറുടെ മാസശമ്പളം ഏകദേശം 80,000 രൂപയാണ്. (വായനക്കാരില്‍ പലര്‍ക്കും ഇത് അവിശ്വസനീയമായി തോന്നിയേക്കാം). ഏപ്രില്‍, മെയ് വെക്കേഷന്‍ കാലത്ത് പരീക്ഷാ ജോലികള്‍ ചെയ്യുന്നതിന് വേറെ വേതനമുണ്ട്. പരീക്ഷാ നിരീക്ഷണം നടത്തുന്നത് വഴി ഒഴിവുകാലം നഷ്ടപ്പെടുമ്പോള്‍ നഷ്ടപ്പെടുന്ന ദിവസങ്ങള്‍'ലീവ് സറണ്ടര്‍' ചെയ്തു പണമാക്കാം. ഈ ആനുകൂല്യം പ്രയോഗത്തില്‍ വരുമ്പോള്‍ ഏറെ വിചിത്രമാകുന്നു. ഒരു വെള്ളിയാഴ്ച ഒരധ്യാപകന്‍ മൂന്നു മണിക്കൂര്‍ നേരം പരീക്ഷാഹാളില്‍ ജോലി ചെയ്തു എന്നു കരുതുക. അടുത്ത തിങ്കളാഴ്ചയും ഇതുപോലെ ജോലി ചെയ്യുന്നു. മൊത്തം ആറു മണിക്കൂര്‍ ജോലി. എന്നാല്‍ സറണ്ടര്‍ ചെയ്യുമ്പോള്‍ ഇടയ്ക്ക് വരുന്ന ശനി, ഞായര്‍ ദിവസങ്ങള്‍ കൂടി നാലു ദിവസത്തെ സറണ്ടര്‍ ആനുകൂല്യമാണ് സര്‍ക്കാര്‍ നല്‍കുന്നത്. നാലു ദിവസം സറണ്ടര്‍ ചെയ്യുമ്പോള്‍ രണ്ടു ദിവസത്തെ ശമ്പളമായി ഉദ്ദേശ്യം 5000 രൂപ ലഭിക്കുന്നു. ആറു മണിക്കൂര്‍ ജോലിക്ക് ശമ്പളത്തിനും ആ ജോലിക്കുള്ള വേതനത്തിനും പുറമെ 5000 രൂപ! മിതമായ ഭാഷയില്‍ പറഞ്ഞാല്‍ ഇത് അധാര്‍മികമാണ്. ഇതിനേക്കാള്‍ അന്യായങ്ങളായ പല ധൂര്‍ത്തുകളും സര്‍ക്കാറില്‍ നടക്കുന്നു എന്ന കാര്യം വിസ്മരിക്കുന്നില്ല. ഈ വക ധൂര്‍ത്തുകളൊന്നും സര്‍ക്കാറിലെ ഉന്നതര്‍ അറിയാത്തതാണോ അതോ സംഘടിത വിഭാഗങ്ങള്‍ക്ക് ഒത്താശ ചെയ്യുന്നതാണോ? വായനക്കാര്‍ തീരുമാനിക്കട്ടെ.

ചെലവുചെയ്യാന്‍ കടം വാങ്ങുന്നു


നേരത്തേ പറഞ്ഞ കാര്യം ഒന്നുകൂടി ആവര്‍ത്തിക്കട്ടെ. മിച്ചമുള്ള സര്‍ക്കാര്‍ ധൂര്‍ത്തടിക്കുന്നത് മനസ്സിലാക്കാം. എന്നാല്‍ പ്രതിശീര്‍ഷകടത്തിന്റെ കാര്യത്തില്‍ മുന്‍പന്തിയിലുള്ള കേരളം വീണ്ടുവിചാരമില്ലാതെ കടം വാങ്ങി നീതീകരണമില്ലാത്ത ചെലവുകള്‍ നടത്തുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. ഞാണിന്മേല്‍ക്കളി നടത്തുന്ന സര്‍ക്കാറിന് പെട്ടെന്ന് എന്തെങ്കിലും കടുത്ത പ്രശ്‌നമുണ്ടായാല്‍ വന്‍ പ്രതിസന്ധിയാവും ഫലം. ഒരുദാഹരണം പറയാം. ഏകാധിപത്യങ്ങള്‍ക്കെതിരായി ഇപ്പോള്‍ നടക്കുന്ന ജനകീയ പ്രക്ഷോഭം വടക്കന്‍ ആഫ്രിക്കയില്‍നിന്ന് പശ്ചിമേഷ്യയിലേക്ക് നീങ്ങിക്കഴിഞ്ഞു. ഇത് പശ്ചിമേഷ്യ മുഴുവന്‍ ബാധിച്ച് (അതിനുള്ള സാധ്യത വിരളമായിരിക്കാം) വലിയ പ്രതിസന്ധിയായാല്‍ അവിടെ ജോലി ചെയ്യുന്ന 23 ലക്ഷത്തോളം മലയാളികള്‍ക്ക് ലിബിയയില്‍നിന്നെന്നപ്പോലെ പലായനം ചെയ്യേണ്ടിവന്നാല്‍ എന്താവും കേരള സമ്പദ്‌വ്യവസ്ഥയുടെ അവസ്ഥ? കടത്തില്‍ മുങ്ങി നില്‍ക്കുന്ന സര്‍ക്കാറിന് വലിയൊരു പ്രതിസന്ധിയെ കൈകാര്യം ചെയ്യാനാവില്ല. 
സാമ്പത്തിക അച്ചടക്കമില്ലാതെ രാഷ്ട്രീയക്കാര്‍ പൊതുചെലവ് വര്‍ധിപ്പിക്കുന്നതിനെ ഐസ്‌ക്രീം കഴിക്കുന്നതിനോടാണ് പ്രസിദ്ധ സാമ്പത്തിക വിദഗ്ധന്‍ മില്‍ട്ടന്‍ ഫ്രീഡ് മാന്‍ ഉപമിച്ചത്: ''ഐസ്‌ക്രീം കഴിക്കുന്നത് രസകരമായ അനുഭവമാണ്; പക്ഷേ, ഒരു പ്രശ്‌നമുണ്ട്. കുറച്ച് കഴിയുമ്പോള്‍ ബില്ല് വരും.''വര്‍ധിക്കുന്ന പൊതുകടത്തിന്റെയും സാമ്പത്തിക
അച്ചടക്കരാഹിത്യത്തിന്റെയും ബില്ല് ആരുകൊടുക്കും?

No comments:

Post a Comment

Note: Only a member of this blog may post a comment.