Saturday, April 30, 2011

പിണറായി എതിര്‍ക്കുന്നത് ലോക്പാല്‍ ബില്ലിനെ തന്നെ: ജി സുഗുണന്‍


സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അന്നാഹസ്സാരെയെയല്ല വിമര്‍ശിക്കുന്നതെന്നും മറിച്ച് ലോക്പാല്‍ ബില്ലിനെ തന്നെയാണെന്ന് സി.എം.പി പോളിറ്റ്ബ്യൂറോ അംഗം അഡ്വ ജി സുഗുണന്‍.
സി.എം.പി നേതൃത്വത്തിലുള്ള കേരള കയര്‍വര്‍ക്കേഴ്‌സ് യൂണിയന്‍ തിരുവനന്തപുരം ജില്ലാ പ്രവര്‍ത്തക സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധിയനായ അന്നാഹസ്സാരെ ലോക്പാല്‍ ബില്ലിന്റെ പേരില്‍ രാഷ്ട്രീയക്കാരെ അപഹസിക്കുകയും അരാഷ്ട്രീയവാദം ഉയര്‍ത്തുകയും ചെയ്യുന്നുവെന്നാണ് കഴിഞ്ഞ ദിവസം പിണറായി ആക്ഷേപം ഉന്നയിച്ചത്. നമ്മുടെ രാജ്യത്ത് പുറത്തുവന്നിട്ടുള്ള രാഷ്ട്രീയ നേതാക്കളുടെ ഏറ്റവും വലിയ അഴിമതികളില്‍ ഒന്നാണ് പിണറായിവിജയന്റെ പേരിലുള്ള എസ്.എന്‍.സി ലാവ്‌ലിന്‍ അഴിമതി. പ്രമാദമായ അഴിമതി ആരോപണത്തിന് വിധേയനായ ഈ സി.പി.എം നേതാവ് അഴിമതിക്കെതിരായി യുദ്ധം പ്രഖ്യാപിച്ചിട്ടുള്ള അന്നാഹസ്സാരയെ വിമര്‍ശിച്ചിട്ട് യാതൊരു കാര്യവുമില്ല. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഉണ്ടാകാന്‍ പോകുന്ന പുതിയ ലോക്പാല്‍ ബില്ലിനോടുള്ള എതിര്‍പ്പ് തന്നെയാണിതെന്ന് പകല്‍ പോലെ വ്യക്തമാണ്. പിണറായിയുടെ ഉള്ളിലിരിപ്പ് ഏത് പൊട്ടനും മനസ്സിലാകുന്നതാണെന്നും സുഗുണന്‍ പറഞ്ഞു. വരുന്ന മെയ് ദിനം വിപുലമായ പരിപാടികളോടുകൂടി ആഘോഷിക്കാന്‍ കയര്‍വര്‍ക്കേഴ്‌സ് യൂണിയന്‍ സമ്മേളനം തീരുമാനിച്ചു. സമ്മേളനത്തില്‍ പി ജി മധുരരാജ് അദ്ധ്യക്ഷത വഹിച്ചു. സര്‍വ്വശ്രീ ചാത്തമ്പറ രാജേന്ദ്രന്‍, മുരുകന്‍, വിജയകുമാര്‍, ഒറ്റൂര്‍ ബേബി തുടങ്ങിയ നേതാക്കള്‍ സംസാരിച്ചു.

No comments:

Post a Comment

Note: Only a member of this blog may post a comment.