Monday, April 25, 2011

രാഷ്ട്രീയ മുതലെടുപ്പിന് മുഖ്യമന്ത്രിയുടെ നീക്കം


എന്‍ഡോസള്‍ഫാനെതിരായ പ്രക്ഷോഭത്തില്‍ എല്‍.ഡി.എഫുമായി സഹകരിക്കേണ്ടതില്ലെന്ന് യു.ഡി.എഫ് തീരുമാനം. മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ വിഷയം രാഷ്ട്രീയവത്ക്കരിച്ച സാഹചര്യത്തിലാണ് തീരുമാനമെന്ന്
കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല കേരളാഹൗസില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എന്‍ഡോസള്‍ഫാന്‍ ദേശവ്യപാകമായി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയും താനും തിങ്കളാഴ്ച്ച പ്രധാനമന്ത്രിയെ കാണുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ ഒറ്റക്കെട്ടായെടുത്ത തീരുമാനത്തില്‍ ഭിന്നിപ്പുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. അതുകൊണ്ടു തന്നെ കോണ്‍ഗ്രസും യു.ഡി.എഫും ഇക്കാര്യത്തില്‍ ഇനി എല്‍.ഡി.എഫുമായി സഹകരിക്കില്ല. എന്നാല്‍ എന്‍ഡോസള്‍ഫാനെതിരായ ക്യാമ്പയില്‍ കോണ്‍ഗ്രസും യു.ഡി.എഫും ശക്തമായി തുടരും- ചെന്നിത്ത വ്യക്തമാക്കി. എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ മുഖ്യമന്ത്രി അന്ധമായ കേന്ദ്രവിരുദ്ധ പ്രചരണം നടത്തുകയാണ്. ആത്മാര്‍ത്ഥതയുണ്ടായിരുന്നെങ്കില്‍ സര്‍വ്വകക്ഷി സംഘത്തെ നയിക്കേണ്ടിയിരുന്നത് മുഖ്യമന്ത്രിയായിരുന്നു. മുഖ്യമന്ത്രി നയിച്ചിരുന്നെങ്കില്‍ പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയും സംഘത്തിലുണ്ടാകുമായിരുന്നു. പ്രതിനിധി സംഘത്തെ നയിക്കാതെ, പ്രധാനമന്ത്രി സംഘത്തോട് എന്തുപറഞ്ഞെന്ന് മനസിലാക്കാതെ ഡി.വൈ.എഫ്.ഐക്കാരുടെ ഭാഷയിലാണ് മുഖ്യമന്ത്രി സംസാരിക്കുന്നത്. 
 
എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ കോണ്‍ഗ്രസ്സോ,യു.ഡി.എഫോ രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ശ്രമിച്ചിട്ടില്ല. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ പ്രത്യേക ട്രൈബൂണല്‍ രൂപീകരിക്കുന്നത് സംബന്ധിച്ച് സത്യവാങ്മൂലം നല്‍കാന്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതുപോലും തയ്യാറാകാതെയാണ് മുഖ്യമന്ത്രി കേന്ദ്രവിരുദ്ധ പ്രചരണവുമായി രംഗത്തെത്തിയിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തിങ്കളാഴ്ച്ച പ്രധാനമന്ത്രിയുമായി നടത്തുന്ന കൂടിക്കാഴ്ച്ചയില്‍ എന്‍ഡോ സള്‍ഫാന്‍ ദൂഷ്യഫലങ്ങളെ കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ഐ.സി.എം.ആറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമയപരിധി നിശ്ചയിക്കണമെന്ന് ആവശ്യപ്പെടും. ഭിന്നിപ്പുണ്ടാക്കിയും രാഷ്ട്രീയമുതലെടുപ്പ് നടത്താന്‍ ശ്രമിച്ചുമല്ല കൂട്ടായ ശ്രമത്തിലൂടെവേണം എന്‍ഡോ സള്‍ഫാനെതിരായ സമ്മര്‍ദ്ദം ശക്തിപ്പെടുത്തേണ്ടത്.

No comments:

Post a Comment

Note: Only a member of this blog may post a comment.