Saturday, April 30, 2011

ഇടതു നേതാക്കള്‍ക്കെതിരായ കേസുകള്‍ കൂട്ടത്തോടെ പിന്‍വലിക്കാന്‍ നീക്കം

ഇടതുപക്ഷ പ്രവര്‍ത്തകര്‍ പ്രതികളായ കേസുകള്‍ കൂട്ടത്തോടെ പിന്‍വലിക്കാനുള്ള നീക്കം കോടതികളില്‍ ശക്തമായി. നിയമസഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു മുമ്പ് ഇതു സംബന്ധിച്ച നടപടികള്‍ മുന്നോട്ടു നീക്കാനാണ് ആഭ്യന്തര വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. നിയമത്തിലെ പഴുതുകള്‍ ചൂണ്ടിക്കാട്ടി പിന്‍വലിക്കാനാവുന്ന കേസുകളുടെ പട്ടിക ഒരാഴ്ചയ്ക്കകം തയ്യാറാക്കി നല്‍കാനാണ് സി.പി.എം. അനുഭാവികളായ പബ്ലിക് പ്രോസിക്യൂട്ടര്‍മാരോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതൊരു അവസാനവട്ട കണക്കെടുപ്പായി കാണണമെന്നും ഒരു തരത്തിലുള്ള വീഴ്ചയുമുണ്ടാവരുതെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കഴിഞ്ഞ മൂന്നു മാസത്തിനകം പ്രമാദമായവ ഉള്‍പ്പെടെയുള്ള എട്ടു കേസുകള്‍ പിന്‍വലിക്കാന്‍ കോടതികളില്‍ അപേക്ഷ സമര്‍പ്പിച്ചു കഴിഞ്ഞു. ദേശാഭിമാനി ബോണ്ട് കേസ്, മെര്‍ക്കിസ്റ്റണ്‍ ഭൂമിയിടപാട് കേസ്, കിളിരൂര്‍ ഫയല്‍ പൂഴ്ത്തല്‍ കേസ് എന്നിവയെല്ലാം ഇതിലുള്‍പ്പെടുന്നു. സെക്രട്ടേറിയേറ്റിനും നിയമസഭയ്ക്കും മുന്നില്‍ നടന്ന സമരങ്ങളുമായി ബന്ധപ്പെട്ട കേസുകളാണ് ഇപ്പോള്‍ പിന്‍വലിക്കുന്നതിനായി പ്രധാനമായും പരിഗണിക്കുന്നത്. സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍, നിയമമന്ത്രി എം.വിജയകുമാര്‍, വി.ശിവന്‍കുട്ടി എം.എല്‍.എ. തുടങ്ങി ഒട്ടേറെ നേതാക്കള്‍ ഈ കേസുകളില്‍ പ്രതികളാണ്.

ഇടതുപക്ഷ യുവജന-വിദ്യാര്‍ഥി സംഘടനാ നേതാക്കളും പ്രവര്‍ത്തകരും ഇപ്പോള്‍ പിന്‍വലിക്കാന്‍ പരിഗണിക്കുന്ന കേസുകളിലെ പ്രതിപ്പട്ടികയിലുണ്ട്. പൊതുമുതല്‍ നശീകരണം, പോലീസുകാരെ മാരകമായി പരിക്കേല്‍പ്പിക്കല്‍, ആയുധവും സ്‌ഫോടകവസ്തുക്കളും ഉപയോഗിക്കല്‍ തുടങ്ങി ഗുരുതരമായ കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച വകുപ്പുകളാണ് ഭൂരിഭാഗം കേസുകളിലുമുള്ളത്.

മെര്‍ക്കിസ്റ്റണ്‍ കേസ് എഴുതിത്തള്ളാന്‍ പോലീസ് നടത്തിയ നീക്കം ഇതിനകം വിവാദമായിട്ടുണ്ട്. ആഭ്യന്തര വകുപ്പ് നടത്തിയ നീക്കത്തിനെതിരെ വനം മന്ത്രി ബിനോയ് വിശ്വം തന്നെ മുന്നോട്ടുവന്നതാണ് വിഷയം പൊതുശ്രദ്ധയിലെത്തിച്ചത്. ഇതിന്റെ അലയൊലികള്‍ അടങ്ങും മുമ്പു തന്നെ ദേശാഭിമാനി ബോണ്ട് കേസ് എഴുതിത്തള്ളാനും ആഭ്യന്തര വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം വിജിലന്‍സ് അപേക്ഷ നല്‍കി. ദേശാഭിമാനി സ്വകാര്യ സ്ഥാപനമാണെന്നും അതില്‍ പ്രവര്‍ത്തിക്കുന്നവര്‍ പൊതുപ്രവര്‍ത്തകരുടെ നിര്‍വചനത്തില്‍ വരില്ലെന്നുമുള്ള പുതിയ ന്യായമാണ് ഇതിനായി വിജിലന്‍സ് ഉന്നയിച്ചിരിക്കുന്നത്.

സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്.ഐയെ എ.കെ.ജി. സെന്ററിനുള്ളിലേക്കു വലിച്ചിഴച്ചുകൊണ്ടു പോയി കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന കേസിനെ തെളിയാത്ത കേസുകളുടെ പട്ടികയില്‍പ്പെടുത്തിയത് അടുത്ത കാലത്താണ്. മന്ത്രി എം.എ.ബേബി അടക്കമുള്ളവര്‍ രണ്ടു ദശകത്തോളം പഴക്കമുള്ള ഈ കേസിലെ പ്രതികളായിരുന്നു. ഇത് തെളിയാത്ത കേസാക്കണമെന്ന പോലീസിന്റെ ആവശ്യം മജിസ്‌ട്രേറ്റ് കോടതി അംഗീകരിക്കുകയായിരുന്നു

No comments:

Post a Comment

Note: Only a member of this blog may post a comment.