Monday, April 25, 2011

എന്‍ഡോസള്‍ഫാന്‍: ഗള്‍ഫിലെങ്ങും പ്രതിഷേധം ശക്തമാകുന്നു

ദുബൈ: മനുഷ്യജീവനും ജീവിതത്തിനും ഭീഷണിയായിത്തീര്‍ന്നഎന്‍ഡോസള്‍ഫാനെതിരെ ലോകമെങ്ങും പ്രതിഷേധം ശക്തമാകുമ്പോള്‍ യു.എ.ഇയിലും ഈ മാരക വിപത്തിനെതിരായ കൂട്ടായ്മകള്‍ സജീവമാകുന്നു. തലമുറകളെ കാര്‍ന്നു തിന്നുന്ന, പിറന്ന കുഞ്ഞുങ്ങളെ ജീവച്ഛവങ്ങളും പിറക്കാനിരിക്കുന്ന കുഞ്ഞുങ്ങളെ ചാപിള്ളയുമാക്കാന്‍ മാത്രം ശക്തമായ വിഷമഴക്കെതിരെ കാസര്‍കോട്ടെ ജനതയൊന്നടങ്കം അണിനിരക്കുമ്പോള്‍ അതിനോട് തോള്‍ ചേര്‍ന്ന് കേരള സംസ്ഥാനം മുഴുവന്‍ തിങ്കളാഴ്ച എന്‍ഡോസള്‍ഫാന്‍ വിരുദ്ധദിനമായി ആചരിക്കുകയാണ്. ഇതിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യു.എ.ഇയിലും വിവിധ പ്രവാസി സംഘടനകളുടെ നേതൃത്വത്തില്‍ വ്യത്യസ്ത പരിപാടികളാണ് അരങ്ങേറുന്നത്.





ഒപ്പുമരച്ചോട്ടില്‍ നാസ്‌കയുടെ കൈയൊപ്പ്
ദുബൈ: സ്വന്തം ജീവന്‍ നിലനിര്‍ത്താന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ മുന്നില്‍ യാചിക്കുന്ന കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കാസര്‍കോട് സ്ഥാപിച്ച ഒപ്പുമരത്തില്‍ കാഞ്ഞങ്ങാട് നെഹ്‌റു കോളജ് അലുംനി അസോസിയേഷന്‍ യു.എ.ഇ ഘടകം പ്രതിനിധികളുടെ ഒപ്പ് ചാര്‍ത്താന്‍ ജനറല്‍ബോഡി യോഗം തീരുമാനിച്ചു. യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ പോലും നിരോധിക്കണമെന്നാവശ്യപ്പെട്ട മാരകവിഷമായ എന്‍ഡോസള്‍ഫാന്‍ കാസര്‍കോട്ടെ ജനങ്ങള്‍ക്ക് ഭീഷണിയായിട്ട് വര്‍ഷങ്ങളായി. ഇനിയെങ്കിലും ഇത് നിരോധിച്ച് കുടുംബങ്ങളുടെ ജീവന് സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് യോഗം പ്രമേയത്തിലൂടെ കേന്ദ്രസംസ്ഥാന സര്‍ക്കാറുകളോട് ആവശ്യപ്പെട്ടു. അമീര്‍ അധ്യക്ഷത വഹിച്ചു. സുകുമാരന്‍ മാണിക്കോത്ത്, സി. മുനീര്‍, ഗണേശന്‍ മംഗത്തില്‍, എ.വി. ബാലഗോപാല്‍, ചന്ദ്രന്‍ മേക്കാട്ട്, പ്രമോദ്, സി.വി. അശോകന്‍ എന്നിവര്‍ സംസാരിച്ചു. അനില്‍കുമാര്‍ മേലേത്ത് സ്വാഗതവും ശ്രീധരന്‍ വെള്ളോട്ട് നന്ദിയും പറഞ്ഞു.
ഭാരവാഹികളായി ഗണേശന്‍ മംഗത്തില്‍ (പ്രസി), എ.വി. ബാലഗോപാല്‍ (വൈ. പ്രസി), അനില്‍കുമാര്‍ (ജന. സെക്ര), മുരളിരാമന്‍ (ജോ. സെക്ര), ശ്രീധരന്‍ വെള്ളോട്ട് (ട്രഷറര്‍), അമീര്‍ കല്ലട്ര (അക്കാഫ് പ്രതിനിധി) എന്നിവരെ തെരഞ്ഞെടുത്തു.

കേന്ദ്ര നിലപാട് പ്രതിഷേധാര്‍ഹം: യുവകലാസാഹിതി
ദുബൈ: എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ കഴിയില്ലെന്ന കേന്ദ്രസര്‍ക്കാറിന്റെ തീരുമാനം പ്രതിഷേധാര്‍ഹമാണെന്ന് യുവകലാസാഹിതി ദുബൈ ഘടകം വ്യക്തമാക്കി. സ്‌റ്റോക് ഹോം കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്ന 81ഓളം രാജ്യങ്ങള്‍ നിരോധം ആവശ്യപ്പെട്ടേക്കും. ഇതില്‍തന്നെ പല രാജ്യങ്ങളും കേരളത്തിലെ പഠനറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിരോധം ആവശ്യപ്പെടുന്നത്. ഈ സാഹചര്യത്തിലും ഒരു അന്വേഷണം കൂടി വേണമെന്ന് പറയുന്ന കേന്ദ്രസര്‍ക്കാര്‍ ഇന്ത്യയിലെ ജനങ്ങളുടെ ജീവനേക്കാള്‍ പ്രാധാന്യം നല്‍കുന്നത് കുത്തക മുതലാളിമാരുടെ വാണിജ്യതാല്‍പര്യത്തിനാണെന്ന് യുവകലാസാഹിതി ആരോപിച്ചു.
നിരോധിക്കണം: സി.എന്‍.ഐ.ആര്‍
ഷാര്‍ജ: എന്‍ഡോസള്‍ഫാന്‍ എന്ന മാരക കീടനാശിനി രാജ്യവ്യാപകമായി സമ്പൂര്‍ണമായി നിരോധിക്കണമെന്ന് സെന്റര്‍ ഫോര്‍ നോണ്‍ റസിഡന്റ് ഇന്ത്യന്‍സ് ആന്റ് റിട്ടേണ്‍സ് യോഗം കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. നിരോധം അസാധ്യമെന്ന കൃഷിമന്ത്രി ശരത്പവാറിന്റെ ശാഠ്യത്തില്‍ നിഗൂഢതയുണ്ടെന്നും വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാറിന് ബാധ്യതയുണ്ടെന്നും യോഗം വിലയിരുത്തി. കാസര്‍കോട്ട് ഈ മാരക വിഷം വിതച്ച ദുരന്തം അതിന്റെ ഗൗരവത്തില്‍ കേന്ദ്രസര്‍ക്കാറിനെ ബോധ്യപ്പെടുത്തണമെന്ന് അഭ്യര്‍ഥിച്ച് കേരളത്തിലെ കേന്ദ്രമന്ത്രിമാര്‍ക്കും എം.പിമാര്‍ക്കും സംഘടന നിവേദനം അയച്ചു. ജനീവ കോണ്‍ഫറന്‍സില്‍ ഇന്ത്യ നിരോധം ആവശ്യപ്പെട്ടില്ലെങ്കില്‍ ശക്തമായ പ്രതികരണത്തിന് യു.എ.ഇയിലെ മുഴുവന്‍ സംഘടനകളുടെയും സംയുക്ത യോഗം വിളിക്കാനും തീരുമാനിച്ചു. ജോസഫ് വൈദ്യന്‍, കബീര്‍, അജിത് പിള്ള, ശരത്, മുസ്തഫ, മനോജ്, ജിജോ എന്നിവര്‍ സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ വേണു സ്വാഗതവും ട്രഷറര്‍ സൈദ് നന്ദിയും പറഞ്ഞു.

വിക്ടിംസ് സപ്പോര്‍ട്ട് ഗ്രൂപ്പ്
ദുബൈ്: കേരളം തിങ്കളാഴ്ച ആചരിക്കുന്ന എന്‍ഡോസള്‍ഫാന്‍ വിരുദ്ധ ദിനത്തിന് യു.എ.ഇ എന്‍ഡോസള്‍ഫാന്‍ വിക്ടിംസ് സപ്പോര്‍ട്ട് ഗ്രൂപ്പ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ആയിരക്കണക്കിന് പാവപ്പെട്ട മനുഷ്യരെ കൊല്ലുകയും അതിലുമേറെ പേരുടെ ജീവിതം നരകതുല്യമാക്കുകയും ചെയ്ത കീടനാശിനി നിരോധിക്കണമെന്നും ഈ വിഷലായനി സംബന്ധിച്ച് അധികാരികള്‍ പുലര്‍ത്തുന്ന നിരുത്തരവാദ നിലപാട് എത്രയും പെട്ടെന്ന് തിരുത്തണമെന്നും സംഘടന ആവശ്യപ്പെട്ടു.


തനിമയുടെ ഒപ്പുകള്‍ തിങ്കളാഴ്ച പ്രധാനമന്ത്രിയുടെ ഓഫീസില്‍ സമര്‍പ്പിക്കും
ദമ്മാം: ഇന്ത്യ എന്‍ഡോസള്‍ഫാന്‍ നിരോധിക്കുക; ഇരകളുടെ പുനരധിവാസം ഉറപ്പുവരുത്തുക എന്ന കാമ്പയിന്റെ ഭാഗമായി തനിമ കലാസാംസ്‌കാരിക വേദി സൗദിയിലെ പ്രവാസികളില്‍ നിന്ന് ശേഖരിച്ച ഒരു ലക്ഷം ഒപ്പുകള്‍ തിങ്കളാഴ്ച പ്രധാനമന്ത്രിയുടെ ഓഫീസില്‍ സമര്‍പ്പിക്കും.
എസ്.ഐ.ഒ ആള്‍ ഇന്ത്യ ജനറല്‍ സെക്രട്ടറി പി.എം സാലിഹ്, സോളിഡാരിറ്റി ന്യൂദല്‍ഹി മലയാളി ഘടകം പ്രസിഡന്റ് നൗഫല്‍, എസ്.ഐ.ഒ ന്യൂദല്‍ഹി സോണല്‍ പ്രസിഡന്റ് അനീസുര്‍റഹ്മാന്‍, തനിമ സൗദി ജനറല്‍ സെക്രട്ടറി എസ്.എം നൗഷാദ് തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന സംഘമാണ് പ്രധാനമന്ത്രിയുടെ ഓഫീസിലെത്തി കാമ്പയിന്‍ പ്രമേയത്തോടൊപ്പം ശേഖരിച്ച ഒപ്പുകള്‍ സമര്‍പ്പിക്കുക. എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ തിങ്കളാഴ്ച സ്‌റ്റോക്‌ഹോമില്‍ അന്താരാഷ്ട്ര കണ്‍വന്‍ഷന്‍ ചേരുന്ന ദിവസമാണ് ഇതേ ആവശ്യം ഉന്നയിച്ച് ശേഖരിച്ച ഒപ്പുകള്‍ കേന്ദ്രത്തിന് സമര്‍പ്പിക്കാന്‍ സാധിച്ചത് എന്നതില്‍ ചാരിതാര്‍ഥ്യമുണ്ടെന്ന് തനിമ മുഖ്യ രക്ഷാധികാരി കെ.എം ബഷീര്‍ പറഞ്ഞു. കേന്ദ്ര കൃഷി മന്ത്രി ശരദ് പവാറിന്‍േറതുള്‍പ്പെടെ ഇന്ത്യന്‍ ഭരണകൂടത്തിന്റെ ഈ വിഷയത്തിലെ നിലപാട് പരിഹാസ്യമാണ്. കാസര്‍കോട്ട് മാത്രം 300ലധികം പേര്‍ മരിക്കാനും ആയിരക്കണക്കിന് കുടുംബങ്ങളുടെ തീരാദുരിതത്തിനും കാരണമായ കീടനാശിനി നിരോധിക്കുന്നതില്‍ അറച്ചുനില്‍ക്കുന്ന ഇന്ത്യയുടെ നിലപാട് അപലപനീയമാണ്.
ഇത്തരം സാമൂഹിക പ്രശ്‌നങ്ങളില്‍ ബോധവത്കരണത്തിലൂടെ മുന്നേറിയില്ലെങ്കില്‍ പിറക്കാനിരിക്കുന്ന തലമുറക്ക് പോലും ദുരിതം വിതക്കുന്ന വിഷമഴ ഇനിയും നാം അനുഭവിക്കേണ്ടി വരും. കേന്ദ്ര, കേരള സര്‍ക്കാറുകള്‍ എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ രണ്ട് ചേരിയിലായത് ആശ്ചര്യകരമാണെന്ന പോലെ തുടര്‍പഠനത്തിന്റെയും പരിശോധനകളുടെയും ന്യായം പറഞ്ഞ് ഐക്യജനാധിപത്യ മുന്നണി പ്രശ്‌നത്തില്‍ നിന്ന് പിന്‍മാറിയതും ഉള്‍ക്കൊള്ളവാനാവത്താണ്. 80ലധികം രാജ്യങ്ങള്‍ നിരോധിച്ച മാരകവിഷത്തെ നിരോധിക്കുന്നതിനെക്കുറിച്ച് ആവര്‍ത്തിച്ച് പഠനം നടത്തുന്നത് അന്താരാഷ്ട്ര കുത്തകകളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണെന്നും തനിമ അഭിപ്രായപ്പെട്ടു.


എന്‍ഡോള്‍സള്‍ഫാന്‍ വിരുദ്ധദിനത്തിന് ഐക്യദാര്‍ഢ്യവുമായി പ്രവാസികള്‍
ജിദ്ദ/റിയാദ്/ദമ്മാം: എന്‍ഡോള്‍സള്‍ഫാന്‍ ഇന്ത്യയില്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം തിങ്കളാഴ്ച എന്‍ഡോസള്‍ഫാന്‍ വിരുദ്ധ ദിനം ആചരിക്കുമ്പോള്‍ പ്രവാസി രാഷ്ട്രീയസാംസ്‌കാരിക കൂട്ടായ്മകള്‍ പ്രതിഷേധങ്ങളോട് വ്യാപകമായി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. ജിദ്ദ, റിയാദ് എന്നിവിടങ്ങളില്‍ ചര്‍ച്ചകളും പ്രതിഷേധ യോഗങ്ങളും നടക്കുന്നുണ്ട്.
കിഴക്കന്‍ പ്രവിശ്യയിലെ വിവിധ സംഘടനകളും കൂട്ടായ്മകളും പ്രതിഷേധ പരിപാടകള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്തില്‍ തിങ്കളാഴ്ച വൈകീട്ട് എന്‍ഡോള്‍സഫാന്‍ ദുരിതത്തിന്റെ നേര്‍കാഴ്ചയായ ഫോട്ടകളുടെയും വീഡിയോ ദൃശ്യങ്ങളുടെയും പ്രദര്‍ശനം സംഘടിപ്പിച്ചിണ്ട്. വരും ദിവസങ്ങളില്‍ ലേബര്‍ ക്യാമ്പുകള്‍, സ്‌കൂളുകള്‍, കുടുംബ സദസുകള്‍ എന്നിവ കേന്ദ്രീകരീച്ച് രാഷ്ട്രീയത്തിന് അതീതമായി ബോധവത്കരണ ക്ലാസുകള്‍ നടത്തുമെന്ന്് കാസര്‍കോട് ജില്ല കെ.എം.സി.സി. സെക്രട്ടറി അറിയിച്ചു.
എന്‍ഡോള്‍ഫാന്‍ വിരുദ്ധ സമരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമിതിയുടെ സൗദി ചാപ്റ്റര്‍ രൂപവത്കരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് റഹീം ഒലവക്കോട് പറഞ്ഞു

No comments:

Post a Comment

Note: Only a member of this blog may post a comment.