Wednesday, April 27, 2011

അന്നാഹസാരെയ്‌ക്കെതിരെ രൂക്ഷവിമര്‍ശവുമായി പിണറായി വിജയന്‍

അഴിമതിക്കെതിരെ ഉപവാസ സമരം നയിച്ച അന്നാഹസാരെയ്‌ക്കെതിരെ സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ രൂക്ഷവിമര്‍ശം. അരാഷ്ട്രീയമായ ചില കാര്യങ്ങളെ മഹത്തരമായി ചിത്രീകരിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും ഇത് ബോധപൂര്‍വമാണെന്നും പിണറായി പറഞ്ഞു. രാഷ്ട്രീയത്തെ പരിഹസിച്ചുകൊണ്ട് നടക്കുന്ന ഇത്തരം അരാഷ്ട്രീയമായ നീക്കങ്ങള്‍ക്കെതിരെ സമൂഹം ജാഗ്രതപാലിക്കണമെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി നിര്‍ദേശിച്ചു. ആള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍ സംഘടിപ്പിച്ച അഡ്വ. വര്‍ക്കല രാധാകൃഷ്ണന്‍ അനുസ്മരണവും സെമിനാറും ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴാണ് അന്നാഹസാരെയും അരാഷ്ട്രീയ പ്രവണതകളെയും പിണറായി വിജയന്‍ രൂക്ഷമായി വിമര്‍ശിച്ചത്.

അന്നാഹസാരെയ്ക്ക് ജനാധിപത്യത്തോട് പരമപുച്ഛമാണെന്നും സമരത്തെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ പ്രതികരണങ്ങള്‍ ജനാധിപത്യവിരുദ്ധമായിരുന്നുവെന്നും സി.പി.എം.സംസ്ഥാന സെക്രട്ടറി പറഞ്ഞു.

അഴിമതിക്കെതിരെ ശക്തവും വ്യക്തവുമായ നിലപാട് സി.പി.എമ്മിന്‍േറതാണ്. ദീര്‍ഘകാലത്തിനു ശേഷം ലോക്പാല്‍ ബില്ലിന് വീണ്ടും ജീവന്‍വെയ്ക്കുന്നത് ഇടതുപക്ഷം കേന്ദ്രത്തിലെ യു.പി.എ സര്‍ക്കാരിനെ പിന്താങ്ങുന്ന കാലത്താണ്. രാജ്യം കണ്ട കൊടിയ അഴിമതികളാണ് ഇപ്പോള്‍ കേന്ദ്രത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. എന്നാല്‍ രാഷ്ട്രീയത്തെ ആക്ഷേപിച്ചുകൊണ്ട് അഴിമതി മറച്ചുവെയ്ക്കാനുള്ള നീക്കമാണ് നടക്കുന്നത് . രാഷ്ട്രീയത്തെ ആക്ഷേപിക്കുന്ന അരാഷ്ട്രീയതയ്‌ക്കെതിരെ സമൂഹം ജാഗ്രത പാലിക്കണം.

ഗ്രാമീണ വികസനത്തിന്റെ മഹനീയ മാതൃകയായി അന്നാഹസാരെ ഉയര്‍ത്തിക്കാട്ടുന്നത് നരേന്ദ്രമോഡിയെയാണ്. രാജ്യംകണ്ട ഏറ്റവും വലിയ അഴിമതിയായ 2 ജി സ്‌പെക്ട്രം ഇടപാട് മറച്ചു വെയ്ക്കാനും ഇതില്‍ പങ്കാളിയാകാനും മാധ്യമങ്ങള്‍ക്ക് കഴിഞ്ഞു. രാജ്യത്ത് ഇതുവരെയുണ്ടായ അഴിമതികളെല്ലാം കൂട്ടിച്ചേര്‍ത്താലും 1,76,000 കോടിയിലെത്തി നില്‍ക്കുന്ന 2 ജി സ്‌പെക്ട്രം അഴിമതിയോളമെത്തില്ല. ഒരു കിലോഗ്രാമിന് മൂന്നു രൂപ നിരക്കില്‍ രണ്ടുവര്‍ഷം രാജ്യത്ത് വിതരണം ചെയ്യാനുള്ള അരി ഈ തുകയ്ക്ക് ലഭിക്കും. അഞ്ചുവര്‍ഷത്തെ സാര്‍വത്രിക വിദ്യാഭ്യാസത്തിന് ഈ തുക മതിയാകുമെന്നും പിണറായി വിജയന്‍ പറഞ്ഞു.

എ.ഐ.എല്‍.യു. ജില്ലാപ്രസിഡന്റ് അഡ്വ. ആനാവൂര്‍ വേലായുധന്‍ നായര്‍ അധ്യക്ഷനായിരുന്നു. ചടങ്ങില്‍ 'വര്‍ക്കലയുടെ ലേഖനങ്ങളുടെ സമാഹാരം ' പ്രകാശനം ചെയ്തു. മന്ത്രി എം. വിജയകുമാര്‍,സി.പി.എം. ജില്ലാസെക്രട്ടറി കടകംപള്ളിക്ക് പുസ്തകം നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്.

No comments:

Post a Comment

Note: Only a member of this blog may post a comment.