Monday, April 25, 2011

മുഖ്യമന്ത്രി സമരം ചെയ്യേണ്ടത് സ്വന്തം മനസ്സാക്ഷിക്കെതിരെ

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ നിയമപരമായി നിരോധിക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച പ്രധാനമന്ത്രിയെക്കണ്ട് താനും കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയും ചര്‍ച്ച നടത്തുമെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി പത്രസമ്മേളനത്തില്‍ അറിയിച്ചു. ഐ.സി.എം.ആറിന്റെ പഠനം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നടപടിയെടുക്കണമെന്നും ആവശ്യപ്പെടും. കഴിഞ്ഞദിവസം സംസ്ഥാനത്തുനിന്നുള്ള സര്‍വകക്ഷി സംഘം പ്രധാനമന്ത്രിയെക്കണ്ട് നിരോധനം ആവശ്യപ്പെട്ടിരുന്നു.

2006-ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ കേരളത്തില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചിട്ടും അത് പ്രാവര്‍ത്തികമാക്കാത്ത മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ സ്വന്തം മനസ്സാക്ഷിക്കെതിരെയാണ് ഉപവസിക്കേണ്ടതെന്നും ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി.

കേരളത്തിലെ ആരോഗ്യപ്രശ്‌നങ്ങളെപ്പറ്റി ഐ.സി.എം.ആറിന്റെ പഠനം വരട്ടെയെന്ന് പ്രധാനമന്ത്രി പറഞ്ഞത് ഭരണഘടനാപരമായ പ്രായോഗിക സമീപനമാണ്. മുമ്പുനടന്ന പഠനങ്ങളെല്ലാം കാര്‍ഷികമേഖലയില്‍ ഇതിന്റെ പ്രത്യാഘാതങ്ങളെപ്പറ്റിയാണ്. എന്നാല്‍ അന്നും ഇന്നും എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാണ് യു.ഡി.എഫിന്റെ നിലപാട്. ഇതൊരു ജീവല്‍പ്രശ്‌നമായി കാണാന്‍ ഇടതുപക്ഷം തയ്യാറായാല്‍ യു.ഡി.എഫ് മുന്നില്‍ തന്നെയുണ്ടാവുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. പഠനം വരട്ടെയെന്ന് പറഞ്ഞ പ്രധാനമന്ത്രിയുടെ നടപടി പൈശാചികമെങ്കില്‍ നിരോധനം നടപ്പാക്കാത്ത മുഖ്യമന്ത്രിയുടെ നടപടിയെപ്പറ്റി എന്തുപറയണം? - ഉമ്മന്‍ചാണ്ടി ചോദിച്ചു.

യു.ഡി.എഫ് സര്‍ക്കാര്‍ ആവശ്യപ്പെട്ടതുപ്രകാരം എന്‍ഡോസള്‍ഫാന്‍ നിരോധിച്ച് 2006 ഒക്ടോബറില്‍ കേന്ദ്രം വിജ്ഞാപനമിറക്കി. എന്നാല്‍ നിരോധിച്ച എന്‍ഡോസള്‍ഫാന്‍ യഥേഷ്ടം വിറ്റഴിച്ചിട്ടും കഴിഞ്ഞ അഞ്ചുവര്‍ഷം സര്‍ക്കാര്‍ എത്ര കേസ്സെടുത്തു? എത്ര റെയ്ഡ് നടത്തി? എന്‍ഡോസള്‍ഫാന്‍ തളിച്ച പ്ലാന്‍േറഷന്‍ കോര്‍പ്പറേഷനെതിരെ സര്‍ക്കാര്‍ നടപടിയെടുത്തില്ല. തങ്ങള്‍ക്ക് ഉത്തരവാദിത്വമില്ലെന്നുകാട്ടി കോര്‍പ്പറേഷന്‍ നല്‍കിയ സത്യവാങ്മൂലം പിന്‍വലിച്ചെങ്കിലും പകരം സത്യവാങ്മൂലം നല്‍കിയില്ല. പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ എന്തുകൊണ്ട് ഇത് നിരോധിക്കാന്‍ ആവശ്യപ്പെടുന്നില്ലെന്നും ഉമ്മന്‍ചാണ്ടി ചോദിച്ചു. നഷ്ടപരിഹാരം നല്‍കാന്‍ ട്രിബ്യൂണല്‍ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ കേസിലും സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയില്ല. മരിച്ചവരുടെ കുടുംബങ്ങള്‍ക്കുള്ള നഷ്ടപരിഹാരം പൂര്‍ണമായി വിതരണം ചെയ്തിട്ടില്ല.

എന്‍ഡോസള്‍ഫാന്റെ ഇരകളോട് നീതിപുലര്‍ത്താന്‍ രാഷ്ട്രീയത്തിനതീതമായ കൂട്ടായ്മയ്ക്ക് തയ്യാറുണ്ടോ എന്നതാണ് പ്രശ്‌നം. ഇതിന് തുനിയാതെ പുതിയൊരു സമരമുഖം തുറക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. പ്രധാനമന്ത്രിയെ ഇപ്പോള്‍ കുറ്റപ്പെടുത്തുന്നത് നേരത്തേ തീരുമാനിച്ച സത്യാഗ്രഹത്തിന് പശ്ചാത്തലമൊരുക്കാനാണ്.

സത്യാഗ്രഹത്തിന് തന്നെ ക്ഷണിച്ചെന്ന് പറയുന്നുണ്ടെങ്കിലും ആരും നേരിട്ട് സംസാരിച്ചിട്ടില്ല. ഓഫീസിലേക്ക് ക്ഷണക്കത്ത് കൊടുത്തയയ്ക്കുകയാണ് ചെയ്തത്. രാഷ്ട്രീയമായ സമരത്തില്‍ പങ്കെടുക്കുന്നില്ല. എന്‍ഡോസള്‍ഫാന്‍ ലോബി കേന്ദ്ര കാര്‍ഷിക മന്ത്രാലയത്തെ സ്വാധീനിക്കുന്നൂവെന്ന വി.എം.സുധീരന്റെ ആരോപണം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ആരേയും പ്രതിക്കൂട്ടിലാക്കാന്‍ താനില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു

No comments:

Post a Comment

Note: Only a member of this blog may post a comment.