Saturday, April 30, 2011

ബ്രിട്ടാസ് എന്നല്ല സാക്ഷാല്‍ മാര്‍ക്‌സ് പോലും മര്‍ഡോക്കിന്റെ ചാനലില്‍ ചേരും

കാറല്‍ മാര്‍ക്‌സ് ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കില്‍ ചിലപ്പോള്‍ മര്‍ഡോക്കിന്റെ ചാനലില്‍ചേരുമെന്നാണ് കേരളത്തില്‍ നിന്നുള്ള സമീപകാല സംഭവങ്ങള്‍ ഓര്‍മിപ്പിക്കുന്നത്. മര്‍ഡോക്കിനെ നാഴികയ്ക്കു നാല്‍പതുവട്ടം വിമര്‍ശിച്ചിരുന്ന സാക്ഷാല്‍ ജോണ്‍ബ്രിട്ടാസ് ഒടുവില്‍തന്നെ ഒടുവില്‍ മര്‍ഡോക്കിന്റെ കാര്യസ്ഥനാകുന്നു. അതേ...കൈരളി ടിവി വിട്ട ജോണ്‍ ബ്രിട്ടാസ് ഏഷ്യാനെറ്റിന്റെ സി.ഇ.ഒ ആയി ചുമതലയേല്‍ക്കുകയാണെന്നതാണ് പുതിയ വാര്‍ത്ത. അതേസമയം ബ്രിട്ടാസ് എങ്ങും പോയിട്ടില്ലെന്നും മാധ്യമപഠനത്തിന്റെ ചെറിയ ഇടവേളയ്ക്കുശേഷം കൈരളിയിലേക്ക് തിരിച്ചുവരുമെന്നുമാണ് സിപിഎം സംസ്ഥാനസെക്രട്ടറി പിണറായിയുടെ വിശ്വാസം. ബ്രിട്ടാസ് തിരികെവരുമെന്നോര്‍ത്ത് കൈരളിയുടെ വാതില്‍ തുറന്നിട്ടിരിക്കുകയാണെന്നും പിണറായി പറയുന്നു.

ജോണ്‍ ബ്രിട്ടാസിന്റെ രാജിക്കു പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ഇന്നലെ കൈരളി ജീവനക്കാരുടെ പൊതുയോഗം ചേര്‍ന്നിരുന്നു. കൈരളി ടവേഴ്‌സില്‍ ഉച്ചയ്ക്കു 12ന് ആയിരുന്നു യോഗം. ബ്രിട്ടാസിന്റേതു താല്‍ക്കാലിക പോക്കാണെന്നും, ദൃശ്യമാധ്യമ രംഗത്തെ കൂടുതല്‍ പഠനത്തിനു ശേഷം അദ്ദേഹം കമ്പനിയിലേക്കു മടങ്ങുമെന്നുമാണു പ്രതീക്ഷയെന്നും പിണറായി പറഞ്ഞു. പ്രതിസന്ധി ഘട്ടത്തില്‍ കൈരളിയെ പിടിച്ചു നിര്‍ത്തുകയും പിന്നീട് മുന്നോട്ടു നയിക്കുകയും ചെയ്ത വ്യക്തിയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം മടങ്ങിവരവിനെ കുറിച്ചൊന്നും മറുപടിയില്‍ ബ്രിട്ടാസ് സൂചിപ്പിച്ചില്ല. പകരം, പിണറായി വിജയനും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ക്കും നന്ദി പ്രകടിപ്പിച്ചു. കമ്പനിയുടെ സ്ഥാപക ഓഹരി ഉടമകളെ പ്രതിനിധീകരിച്ചാണു പിണറായി വിജയന്‍ ചടങ്ങില്‍ പങ്കെടുത്തതെന്നു കൈരളി ടിവി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. മാധ്യമ ഭീകരനെന്നു കൂടി സിപിഎം വിശേഷിപ്പിക്കുന്ന ചാനലിന്റെ പങ്കാളിത്തമുള്ള സ്ഥാപനത്തിലേക്കാണു ബ്രിട്ടാസ് പോകുന്നതെന്ന പ്രചാരണം സ്ഥാപനത്തില്‍ സജീവമായിരുന്നു. അങ്ങനെ വന്നാല്‍ എങ്ങനെ പ്രതിരോധിക്കുമെന്ന ചോദ്യമാണു ജീവനക്കാര്‍ പരസ്പരം പങ്കിട്ടത്. ഇതേത്തുടര്‍ന്ന് എകെജി സെന്ററില്‍ നിന്നുള്ള നിര്‍ദേശ പ്രകാരം ചൊവ്വാഴ്ച കൈരളിയിലെ സിപിഎമ്മിന്റെ രണ്ടു ബ്രാഞ്ച് കമ്മിറ്റികളും പ്രത്യേകം യോഗം ചേര്‍ന്നു. ബ്രിട്ടാസിനെതിരായ പ്രചാരണം പ്രതിരോധിക്കണമെന്നും, പാര്‍ട്ടിയും ബ്രിട്ടാസും തമ്മില്‍ അഭിപ്രായ ഭിന്നതയില്ലെന്നും നേതാക്കള്‍ ബ്രാഞ്ച് കമ്മിറ്റികളില്‍ അറിയിച്ചു. അതിന്റെ തുടര്‍ച്ചായിരുന്നു പിണറായി പങ്കെടുത്ത പൊതുയോഗം. 

കൈരളിയിലെ ജീവനക്കാരുടെ യോഗത്തില്‍ മാത്രമായി ആദ്യമായാണു പിണറായി പങ്കെടുക്കുന്നത്. കൈരളി ടിവി ചെയര്‍മാന്‍ മമ്മൂട്ടി സ്ഥലത്തില്ലായിരുന്നതിനാല്‍ യോഗത്തില്‍ പങ്കെടുത്തില്ല. ബ്രിട്ടാസ് എവിടെയാണെങ്കിലും ഏതു ഘട്ടത്തിലും മടങ്ങിവരാന്‍ കമ്പനിയുടെ വാതിലുകള്‍ തുറന്നു കിടക്കുകയാണെന്നു മമ്മൂട്ടി പ്രസ്താവനയില്‍ അറിയിച്ചു. ബ്രിട്ടാസ് താല്‍ക്കാലികമായാണ് ഒഴിയുന്നതെന്നും അദ്ദേഹം അറിയിച്ചു. രാവിലെ എകെജി സെന്ററില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം മലയാളം കമ്യൂണിക്കേഷന്‍സിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായി ടി.ആര്‍. അജയനെ നിയമിച്ചു. എംഡിയും എഡിറ്ററുമായിരുന്ന ബ്രിട്ടാസിനു പകരമാണ് ഈ നിയമനം. കൈരളിയുടെ തുടക്കം മുതല്‍ അജയന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ്. ചീഫ് ഓപ്പറേറ്റിങ് ഓഫിസറായി എം. വെങ്കിട്ടരാമനെയും ന്യൂസ് ഡയറക്ടറായി എന്‍.പി. ചന്ദ്രശേഖരനെയും നിയമിച്ചു. വെങ്കിട്ടരാമന്‍ നിലവില്‍ ഫിനാന്‍സ് ചീഫ് ജനറല്‍ മാനേജരും ചന്ദ്രശേഖരന്‍ എക്‌സിക്യൂട്ടീവ് എഡിറ്ററുമാണ്. അതേസമയം ബ്രിട്ടാസ് ഏഷ്യാനെറ്റ് ചാനലിന്റെ സുപ്രധാന തസ്തികയില്‍ നിയമിതനാകുന്നുവെന്നാണ് കേരളത്തിലെ മാധ്യമരംഗത്തുനിന്നുള്ള പുതിയ വാര്‍ത്ത. മാധ്യമപ്രഭുവായ റൂപര്‍ട്ട് മര്‍ഡോക്കിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാര്‍ ഗ്രൂപ്പിന്റേകൂടി പങ്കാളിത്തത്തിലാണ് ഇപ്പോള്‍ ഏഷ്യാനെറ്റ്. അവിടെ വൈസ് പ്രസിഡന്റായിരുന്ന ആര്‍. ശ്രീകണ്ഠന്‍ നായര്‍ മനോരമയുടെ എന്റര്‍ടെയ്ന്‍മെന്റ് ചാനലിലേയ്ക്കു പോയ ശേഷം മാനേജ്‌മെന്റ് നടത്തിയ ശ്രമങ്ങളുടെ ഫലമായാണ് ജോണ്‍ ബ്രിട്ടാസിന്റെ വരവ്. ഏഷ്യാനെറ്റിന്റെ സി.ഇ.ഒ ആയി അദ്ദേഹം ഉടനെ ചുമതലയേല്‍ക്കുമെന്നാണ് സൂചന. ഏഷ്യാനെറ്റില്‍ ശ്രീകണ്ഠന്‍ നായര്‍ ഉപയോഗിച്ചിരുന്ന ഓഫീസ് മുറിതന്നെയാണ് ബ്രിട്ടാസിനുവേണ്ടി ഒരുങ്ങുന്നത്.

മാധ്യമ രംഗത്തെ വാണിജ്യവല്‍കരണത്തിന്റെ പ്രതിനിധിയെന്ന നിലയില്‍ സിപിഎമ്മും പാര്‍ട്ടി മാധ്യമങ്ങളും നിശിതമായി വിമര്‍ശിക്കുന്ന മാധ്യമ മുതലാളിയാണ് മര്‍ഡോക്ക്. സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും ഔദ്യോഗിക വിഭാഗവുമായി അടുത്ത ബന്ധമുള്ള ജോണ്‍ ബ്രിട്ടാസ് മര്‍ഡോക്കിന്റെ സ്ഥാപനനത്തിലേയ്ക്കു പോകുന്നത് മാധ്യമ രാഷ്ട്രീയ രംഗങ്ങളില്‍ വലിയ ചര്‍ച്ചയ്ക്കു വഴിവെയ്ക്കും. ഈ മാസം 19നു ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ബ്രിട്ടാസിന്റെ രാജിക്കാര്യം ചര്‍ച്ച ചെയ്ത് അംഗീകരിച്ചിരുന്നു. ജോണ്‍ ബ്രിട്ടാസിന് സ്റ്റാര്‍ ഗ്രൂപ്പില്‍ നിന്ന് ഓഫര്‍ ഉണ്ടെന്നു നേരത്തേ പുറത്തു വന്നിരുന്നെങ്കിലും അദ്ദേഹം അതു സ്വീകരിക്കുന്നില്ലെന്നായിരുന്നു സൂചനകള്‍. ഏഷ്യാനെറ്റ് എംഡി കെ.മാധവന്‍ മമ്മൂട്ടിയുമായി ചേര്‍ന്ന് യുഎസ് ആസ്ഥാനമായി തുടങ്ങുന്ന ചാനല്‍,  സിപിഎമ്മിന്റെയും മമ്മൂട്ടിയുടെയും സാമ്പത്തിക പങ്കാളിത്തത്തോടെ ദുബായ് ആസ്ഥാനമാക്കി പ്രവാസി ഇന്ത്യക്കാര്‍ ആരംഭിക്കുന്ന അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സി എന്നിവയുമായി ചേര്‍ത്താണ് ജോണ്‍ ബ്രിട്ടാസിന്റെ രാജിവാര്‍ത്ത പ്രചരിച്ചത്. ഈ രണ്ടു സംരംഭങ്ങളും ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ദേശാഭിമാനിയുടെ ഡല്‍ഹി ലേഖകനും പിന്നീട് കൈരളിയുടെ ഡല്‍ഹി ലേഖകനുമായിരുന്ന ജോണ്‍ ബ്രിട്ടാസ്.

No comments:

Post a Comment

Note: Only a member of this blog may post a comment.