Wednesday, April 27, 2011

എന്‍ഡോസള്‍ഫാന്‍ വിരുദ്ധസമരം സ്വന്തമാക്കാന്‍ പാര്‍ട്ടി തന്ത്രം

തിരഞ്ഞെടുപ്പു നാളുകളില്‍ ആള്‍ക്കൂട്ടത്തിന്റെ ആകര്‍ഷണ കേന്ദ്രമായതിനു പിന്നാലെ എന്‍ഡോസള്‍ഫാന്‍ സമരം വഴി വി.എസ്.അച്യുതാനന്ദന്‍ ജനപ്രീതിയുടെ തുടര്‍ ചലനം സൃഷ്ടിക്കുന്നത് സി.പി.എമ്മിലെ ഔദ്യോഗിക നേതൃത്വത്തെ അസ്വസ്ഥമാക്കുന്നു. വിനാശകരമായ കീടനാശിനിക്കെതിരെ നടത്തുന്ന ധര്‍മസമരം മുഖ്യമന്ത്രിയുടെ സ്വന്തം പേരില്‍ മാത്രം എഴുതപ്പെടരുതെന്ന നിലപാടിലാണ് പാര്‍ട്ടി. വി. എസില്‍ നിന്ന് എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരത്തിന്റെ ചരട് പാര്‍ട്ടി ഏറ്റെടുക്കുന്നതിന്റെ സൂചനകളാണ് കാണുന്നത്.

അന്നാ ഹസാരെ അഴിമതിക്കെതിരെ നടത്തിയ സമരത്തിന് രാജ്യവ്യാപകമായി ലഭിച്ച പിന്തുണ കണക്കുകൂട്ടലുകള്‍ക്കപ്പുറമായിരുന്നു. എന്‍ഡോസള്‍ഫാനെതിരെ വി. എസിന്റെ നേതൃത്വത്തില്‍ നടത്തിയ ഉപവാസ സമരവും ഏറെ ശ്രദ്ധയാകര്‍ഷിച്ചു. ബി. ജെ പിക്കുപോലും വി. എസിന്റെ സമരത്തില്‍ പങ്ക് ചേരേണ്ടി വന്നു. വി.എസിന്റെ ഗ്രാഫ് അതിവേഗം ഉയരുന്നതായാണ് സമരത്തിനു ലഭിച്ച പിന്തുണ വ്യക്തമാക്കുന്നത്.

സമരത്തിന്റെ വെളിച്ചത്തിലാണ് ഇടതുമുന്നണി യോഗം ഉടന്‍ വിളിച്ചുചേര്‍ക്കാന്‍ സി. പി. എം തീരുമാനിച്ചത്. പിറ്റേന്നു തന്നെ മുന്നണിയോഗം ചേര്‍ന്ന് എന്‍ഡോസള്‍ഫാന്‍ പ്രശ്‌നത്തില്‍ ഹര്‍ത്താല്‍ നടത്താന്‍ തീരുമാനിക്കുകയും ചെയ്തു. വി. എസിന്റെ ഉപവാസം നേരത്തെ മന്ത്രിസഭയാണ് തീരുമാനിച്ചത്. പാര്‍ട്ടിയില്‍ നിന്ന് വേറിട്ട് വി. എസി ന്റെ ജനപ്രീതി ഉയരുന്നതില്‍ സി. പി. എം നേതൃത്വം പുലര്‍ത്തുന്ന അസഹിഷ്ണുത പ്രതികരണങ്ങളിലൂടെ പ്രകടമാകുന്നുമുണ്ട്. അന്നാ ഹസാരെ നടത്തിയ സമരം അരാഷ്ട്രീയമാണെന്നും അത് അനുകരിക്കാവുന്ന മാതൃകയല്ലെന്നും പിണറായി വിജയന്‍ പറഞ്ഞത് ആരെ ഉന്നം വെച്ചാണെന്ന് വ്യക്തം. ഹസാരെ മാതൃകയില്‍ വി. എസ് നടത്തിയ സമരം അനുകൂല സാഹചര്യം സൃഷ്ടിക്കുന്നതിനിടയിലാണ് സംസ്ഥാന സെക്രട്ടറിയുടെ വിമര്‍ശനം വന്നത്. ഹസാരെ നടത്തിയ സമരത്തെ ഏറ്റവും ശക്തമായി പിന്തുണച്ച സി.പി.എം നേതാവും വി. എസ് തന്നെയായിരുന്നു.

പാര്‍ട്ടി പത്രത്തില്‍ കുറച്ചുദിവസങ്ങളായി പ്രസിദ്ധീകരിച്ചുവരുന്ന ലേഖനപരമ്പരയിലും പാര്‍ട്ടിക്ക് അതീതമായി വി.എസിന്റെ ജനപ്രീതി വര്‍ധിക്കുന്നതിലുള്ള അസ്വസ്ഥത വ്യക്തമാണ്. പാര്‍ലമെന്ററി സമ്പ്രദായത്തിലൂടെ ലഭിക്കുന്ന ഏതു സ്ഥാനവും വ്യക്തിപരമായ ഗുണമല്ല, പാര്‍ട്ടിയുടെ ഗുണമാണെന്നും സംഘടനാ നേതാവിന് ലഭിക്കുന്നതിനെക്കാള്‍ ജനപ്രീതി പാര്‍ലമെന്ററി നേതാവിന് ലഭിക്കുക സ്വാഭാവികമാണെന്നും ലേഖനം പറയുന്നു. ഇ. എം. എസിനും നായനാര്‍ക്കും ഇപ്പോള്‍ വി.എസിനും പാര്‍ട്ടി നേതാവെന്നതിനെക്കാള്‍ ജനപ്രീതി മുഖ്യമന്ത്രിമാരായപ്പോള്‍ ലഭിച്ചുവെന്ന നിരീക്ഷണവും പാര്‍ട്ടി പത്രം നടത്തുന്നുണ്ട്. വി.എസിന് വര്‍ധിച്ചുവരുന്ന ജനപ്രീതി എന്തെങ്കിലും വ്യക്തിപരമായ നിലപാടിന്റെയോ, പ്രവര്‍ത്തനത്തിന്റെയോ ഭാഗമായി കിട്ടുന്നതല്ലെന്നും പാര്‍ട്ടി നയം നടപ്പാക്കുന്നതിന്റെ ഭാഗമായി വന്നുചേരുന്നതാണെന്നും വരുത്താനാണ് പാര്‍ട്ടിയുടെ ശ്രമം.

മൂന്നാര്‍ നടപടി ഉണ്ടായപ്പോഴും ഇതേ നിലപാടാണ് ആദ്യ സമയങ്ങളില്‍ പാര്‍ട്ടി സ്വീകരിച്ചത്. അനധികൃത കെട്ടിടങ്ങള്‍ പൊളിക്കാനുള്ള തീരുമാനം വി.എസി ന്‍േറതായിരുന്നെങ്കിലും അതുയര്‍ത്തിയ ജനപിന്തുണയുടെ ക്രെഡിറ്റ് മുഖ്യമന്ത്രിയുടേത് മാത്രമാകാതിരിക്കാന്‍ പാര്‍ട്ടി നേതൃത്വം പാടുപെട്ടു. പാര്‍ട്ടിയില്‍ നിന്നകന്ന് വി.എസിന് ജനപിന്തുണ വര്‍ധിക്കുന്നതിലുള്ള അപകടം തിരിച്ചറിഞ്ഞാണ് ശംഖുംമുഖം കടപ്പുറത്തെ വിഖ്യാതമായ ബക്കറ്റും വെള്ളവും ഉപമ പിണറായി വിജയന്‍ ചൂണ്ടിക്കാണിച്ചത്.

ആദ്യം വി.എസിന് സീറ്റ് നിഷേധിക്കുകയും പിന്നീട് നല്‍കേണ്ടിവരികയും ചെയ്ത ഭീമാബദ്ധം രണ്ടുപ്രാവശ്യം പിണഞ്ഞത് സംസ്ഥാന ഘടകത്തെ ക്ഷീണിപ്പിച്ചു. വി.എസിന്റെ ജനപ്രീതിക്കുമുമ്പില്‍ പാര്‍ട്ടിക്ക് കീഴടങ്ങേണ്ടിവന്ന ഈ അനുഭവം പ്രചാരണവേദികളില്‍ മറ്റു നേതാക്കളെ നിഷ്പ്രഭമാക്കുകയും ചെയ്തു. വി. എസിന്റെ പോസ്റ്റര്‍ വെച്ച് ഔദ്യോഗിക പക്ഷത്തുള്ള നേതാക്കള്‍ക്കുവരെ പോസ്റ്റര്‍ അടിക്കേണ്ടി വന്നത് വല്ലാതെ ക്ഷീണമുണ്ടാക്കി. ഇതിലുള്ള അതൃപ്തി ഇതൊരു പുതിയ പ്രവണതയാണ് എന്നു വിശേഷിപ്പിച്ച് പിണറായി ഒതുക്കിയെങ്കിലും വിമര്‍ശത്തിന്റെ ആഴം അതില്‍ വ്യക്തമായിരുന്നു.

വി.എസിന് ആദ്യം സീറ്റ് നിഷേധിച്ച സംഭവത്തില്‍ സി. പി. ഐയും മറ്റും അഭിപ്രായം പറഞ്ഞതിനെയും പാര്‍ട്ടി പത്രം വിമര്‍ശിക്കുന്നുണ്ട്. അത് മുന്നണിമര്യാദയ്ക്ക് ചേര്‍ന്നതായിരുന്നില്ലെന്നും സി.പി.ഐ ചില നേതാക്കള്‍ക്ക് സീറ്റ് നല്‍കാഞ്ഞതില്‍ തങ്ങള്‍ ഇടപെട്ടിരുന്നില്ലെന്നുമാണ് ഇതു സംബന്ധിച്ച് സി.പി.എം ഓര്‍മപ്പെടുത്തിയത്. 

No comments:

Post a Comment

Note: Only a member of this blog may post a comment.