Thursday, April 28, 2011

ഇന്ദുവിനെ പുഴയെടുത്തോ?


മംഗലാപുരം എക്‌സ്പ്രസില്‍ യാത്ര ചെയ്ത കോഴിക്കോട് എന്‍ഐടി ഗവേഷണ വിദ്യാര്‍ഥിനി ഇന്ദുവിന്റെ തിരോധാനം ദുരൂഹസമസ്യയായി തുടരുന്നു. വിവാഹനിശ്ചയവും കഴിഞ്ഞ് വളരെ സന്തോഷവതിയായി കാണപ്പെട്ട പെണ്‍കുട്ടി തെളിവുകളൊന്നും അവശേഷിപ്പിക്കാതെ തീവണ്ടിയാത്രയ്ക്കിടെ മറഞ്ഞത് എല്ലാവരേയും അമ്പരപ്പിച്ചിരിക്കുകയാണ്. പെണ്‍കുട്ടിയെ കാണാതായത് കായംകുളത്തിനും കുറ്റിപ്പുറത്തിനും ഇടയ്‌ക്കെന്നാണ് സൂചന. ഈ ഭാഗങ്ങളില്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നതെന്നു റയില്‍വേ എസ്പി പി.കെ. അനില്‍ പറഞ്ഞു. കനാലുകള്‍, പുഴകള്‍ എന്നിവ പരിശോധിക്കുന്നുമുണ്ട്. ട്രാക്കില്‍ അപകടം നടന്നതിന്റെ ഒരു ലക്ഷണവും മൂന്നു ദിവസം കഴിഞ്ഞിട്ടും കിട്ടാത്തതിനാല്‍ അപകടത്തില്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അതു വെള്ളത്തില്‍ വീണാവാമെന്നാണു നിഗമനമെന്ന് അനില്‍ പറഞ്ഞു. ആലുവാപ്പുഴയിലെ തുരുത്തില്‍ ഒരു മൃതദേഹം കണ്ടതായി നാട്ടുകാര്‍ പൊലീസിനെ അറിയിച്ചെങ്കിലും ഒഴുക്കില്‍ പിന്നീടു മൃതദേഹം കണ്ടെത്താനായില്ല. രാത്രി വൈകിയും തിരച്ചില്‍ നടത്തുകയാണെന്നു പൊലീസ് വ്യക്തമാക്കി.

ട്രെയിനില്‍ കായംകുളം വരെ ഇന്ദുവുമായി സംസാരിച്ചിരുന്നതായി ഒപ്പം യാത്ര ചെയ്തിരുന്ന എന്‍ഐടി അസിസ്റ്റന്റ് പ്രഫസര്‍ ബാലരാമപുരം രോഹിണിയില്‍ സുഭാഷ് പൊലീസിനു മൊഴിനല്‍കിയിട്ടുണ്ട്. സമീപ ബര്‍ത്തില്‍ യാത്ര ചെയ്തിരുന്ന വില്ലേജ് ഓഫിസര്‍ അജയന്‍ കുറ്റിപ്പുറത്തു വച്ച് ഉണര്‍ന്നു ടോയ്‌ലറ്റില്‍ പോയിവന്നപ്പോള്‍ ഇന്ദുവിനെ ബര്‍ത്തില്‍ കാണാനില്ലായിരുന്നെന്നു മൊഴിനല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണു കായംകുളത്തിനും കുറ്റിപ്പുറത്തിനുമിടയ്ക്ക് അപകടം പറ്റിയെന്ന നിഗമനത്തില്‍ റയില്‍വേ പൊലീസ് എത്തിയത്. ഈ ഭാഗങ്ങളിലെ ആശുപത്രികള്‍, റയില്‍വേ സ്‌റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ ഇന്ദുവിന്റെ ഫോട്ടോ നല്‍കിയിട്ടുണ്ട്. യാത്രയ്ക്കിടെ ടോയ്‌ലറ്റ് വാതിലാണെന്നു കരുതി കംപാര്‍ട്‌മെന്റിന്റെ വാതില്‍ തുറന്ന് അപകടത്തില്‍പ്പെട്ടതാകാമെന്ന നിലപാടിലാണു പൊലീസ്. അപകടത്തില്‍പ്പെടാന്‍ കൂടുതല്‍ സാധ്യതയുള്ള ഈ വഴിക്കാണ് അന്വേഷണം നടത്തുന്നത്. ഇന്ദുവിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ അവസാനം വന്ന കോള്‍ ഇന്ദുവിന്റെ അമ്മയുടെ സഹോദരിയുടെ ഭര്‍ത്താവിന്റേതാണെന്നു കണ്ടെത്തിയിട്ടുണ്ട്. ഇന്ദു അവസാനമായി വിളിച്ചതു സ്വന്തം വീട്ടിലേക്കാണെന്നും അന്വേഷണ സംഘം പറയുന്നു. പിന്നെയുള്ള കോള്‍ വെളുപ്പിന് ഇന്ദുവിനെ കാണാതെ സുഭാഷ് വിളിച്ചതാണെന്നും പരിശോധനയില്‍ കണ്ടെത്തിയതായി സംഘം പറഞ്ഞു. ആരെങ്കിലും നയത്തില്‍ കൂട്ടിക്കൊണ്ടു വന്നു വാതില്‍ക്കല്‍ നിന്നു തള്ളിയിടാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. ട്രെയിന്‍ യാത്രയ്ക്കിടെ ഇന്ദു മൊബൈലില്‍ നിന്നു പുറത്തേക്കയച്ച സന്ദേശങ്ങളിലെ ഉള്ളടക്കം അന്വേഷണത്തില്‍ നിര്‍ണായകമാകുമെന്നു പൊലീസ് കരുതുന്നു. ഫോണില്‍ നിന്നു ഡിലീറ്റ് ചെയ്ത സന്ദേശങ്ങള്‍ വിദഗ്ധരുടെ സഹായത്തോടെ കണ്ടെത്താന്‍ ശ്രമിച്ചുവരികയാണ്. എന്നാല്‍, കാണാതായി 90 മണിക്കൂര്‍ പിന്നിട്ടിട്ടും ഈ ഇരുപത്തിയഞ്ചുകാരിയെക്കുറിച്ച് വ്യക്തമായ സൂചനയൊന്നും പോലീസിന് ലഭിച്ചിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

തിരുവനന്തപുരം പേട്ട റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് ത്രീടയര്‍ എ.സി. കോച്ചില്‍ കയറിയ ഇന്ദു കുറ്റിപ്പുറത്തിന് മുമ്പ് ബര്‍ത്തില്‍നിന്ന് അപ്രത്യക്ഷയായിരുന്നെന്ന് സഹയാത്രികനായ വില്ലേജ് ഓഫീസറില്‍നിന്നാണ് പോലീസിന് വിവരം ലഭിച്ചത്. തിരൂര്‍ റെയില്‍വേസ്‌റ്റേഷനില്‍ ഇറങ്ങുന്നതിന് നേരത്തേ ഉണര്‍ന്ന ഈ വില്ലേജ് ഓഫീസര്‍ കുറ്റിപ്പുറം സ്‌റ്റേഷന്‍ മുതല്‍ ഇന്ദുവിന്റെ ബര്‍ത്തിലായിരുന്നു ഇരുന്നിരുന്നത്. ബാഗും മറ്റും അവിടെയുണ്ടായിരുന്നെങ്കിലും യാത്രക്കാരെ കാണാതിരുന്നതുകൊണ്ടാണ് അവിടെ ഇരുന്നത്. ട്രെയിന്‍ തിരൂരില്‍ എത്തിയപ്പോള്‍ താന്‍ ഇറങ്ങി വില്ലേജ് ഓഫീസര്‍ മൊഴിനല്കി. അതിനിടെ ഇന്ദുവിന്റെ സുരക്ഷയെ കരുതിയാണ് ബര്‍ത്തില്‍ അടുത്തടുത്തുള്ള സീറ്റുകള്‍ റിസര്‍വ്് ചെയ്തതെന്നു സഹയാത്രികന്‍ സുഭാഷ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മൊഴിനല്‍കിയിട്ടുണ്ട്. കോഴിക്കോട് ചാത്തമംഗലം എന്‍ഐടിയിലെ അസി. പ്രഫസറാണ് സുഭാഷ്. ഇന്ദു അച്ഛനൊപ്പം പേട്ട സ്‌റ്റേഷനില്‍ നിന്ന് കയറുകയായിരുന്നുവെന്നാണ് സുഭാഷ് പറയുന്നത്. 63, 64 സീറ്റ് നമ്പരുകളില്‍ അടുത്തടുത്തായാണു ഞങ്ങള്‍ ഇരുന്നത്. കായംകുളം വരെ ഞങ്ങള്‍ സംസാരിച്ചിരിക്കുകയായിരുന്നു. ബര്‍ത്തില്‍ വേറെയും യാത്രക്കാരുണ്ടായിരുന്നു. കായംകുളത്തെത്തിയപ്പോള്‍ ഞാന്‍ മുകളിലത്തെ ബര്‍ത്തിലും ഇന്ദു താഴത്തെ ബര്‍ത്തിലുമായി ഉറങ്ങാന്‍ കിടന്നു. പിന്നെ ഞാന്‍ കണ്ണു തുറക്കുന്നതു കല്ലായിയിലെത്തിയപ്പോഴാണ്. ഇന്ദു കിടന്ന ബര്‍ത്തില്‍ നോക്കിയെങ്കിലും കണ്ടില്ല. ബാഗും മറ്റും അതേ സ്ഥാനത്തിരിക്കുന്നതു കണ്ടപ്പോള്‍ ടോയ്‌ലറ്റില്‍ പോയതാകുമെന്നു കരുതി.

10 മിനിറ്റോളം ട്രെയിന്‍ കല്ലായിയില്‍ നിര്‍ത്തിയിരുന്നു. എത്തേണ്ട സമയം കഴിഞ്ഞിട്ടും കാണാതായപ്പോള്‍ മൊബൈലില്‍ വിളിച്ചു. ബാഗില്‍ മൊബൈല്‍ റിംഗ് ചെയ്യുന്നുണ്ടായിരുന്നു. സമയം കഴിഞ്ഞിട്ടും കാണാതായപ്പോള്‍ ആധിയായി. ട്രെയിനിനു പുറത്തെങ്ങാനും ഇറങ്ങിപ്പോയോ? എന്നാലും, പറയാതെ പോകുമോ? തൊട്ടടുത്ത് ഉണ്ടായിരുന്നിട്ടും സംഭവിച്ചതെന്തെന്നറിയാത്ത മനോവേദനയിലായിരുന്നു ഞാന്‍. അപ്പോഴേക്കും ട്രെയിന്‍ പുറപ്പെടാറായെന്ന അനൗണ്‍സ്‌മെന്റ് മുഴങ്ങി. പെട്ടെന്ന് ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിച്ചു. വിവരമറിഞ്ഞെത്തിയ റയില്‍വേ ഉദ്യോഗസ്ഥരോടു കാര്യം പറഞ്ഞു. അഞ്ചാറു മിനിറ്റ് ട്രെയിന്‍ നിര്‍ത്തിയിട്ടു. വീണ്ടും വണ്ടി പുറപ്പെടുമ്പോഴും അടുത്തുള്ള ഏതെങ്കിലും കമ്പാര്‍ട്ട്‌മെന്റില്‍ ഇന്ദു കയറിയിട്ടുണ്ടാകുമെന്ന വിചാരത്തിലായിരുന്നു ഞാന്‍. വിറയ്ക്കുന്ന കൈകള്‍ കൊണ്ട് മൊബൈല്‍ എടുത്ത് ഇന്ദുവിന്റെ അമ്മയോടു വിവരം പറഞ്ഞു. റയില്‍വേ ഉദ്യോഗസ്ഥരുടെ സഹായം തേടാനായിരുന്നു ഇന്ദുവിന്റെ അമ്മ പറഞ്ഞത്. ഇടയ്ക്കിടെ അവര്‍ മൊബൈലില്‍ വിളിച്ച് കാര്യങ്ങള്‍ തിരക്കിക്കൊണ്ടിരുന്നു. കോഴിക്കോടെത്തിയപ്പോള്‍ നടക്കാവ് സ്‌റ്റേഷനിലെത്തി വിവരം പറഞ്ഞു. ഇന്ദുവിന് എന്തെങ്കിലും സംഭവിച്ചിരിക്കുമെന്നു വിശ്വസിക്കാന്‍ കഴിയാതെയാണു ഞാന്‍ കോഴിക്കോട്ട് കഴിച്ചു കൂട്ടുന്നതെന്നും അദ്ദേഹം പറയുന്നു.

No comments:

Post a Comment

Note: Only a member of this blog may post a comment.