Sunday, April 24, 2011

സര്‍ക്കാരിന്റെ തല തിരിഞ്ഞ ഉത്തരവുകള്‍; രണ്ടു രൂപ അരി കൊടുത്തു തുടങ്ങണമെങ്കില്‍ കടമ്പകള്‍ ഏറെ


നിലമ്പൂര്‍: സംസ്ഥാന സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച എ പി എല്‍ കാര്‍ഡുടമകള്‍ക്ക് രണ്ടു രൂപ നിരക്കിലുളള അരി വിതരണത്തിന്  സര്‍ക്കാര്‍ കൊണ്ടുവന്ന മാനദണ്ഡങ്ങള്‍ തന്നെ തടസ്സമാവുന്നു. ഇപ്പോഴത്തെ മാനദണ്ഡം അനുസരിച്ച് അരി വിതരണം ചെയ്യാന്‍ കാലതാമസമെടുക്കും.
രണ്ടര ഏക്കറില്‍ താഴെ ഭൂമിയുളളവര്‍ക്കും മാസത്തില്‍  25000 രൂപയില്‍ താഴെ മാസവരുമാനമുളളവര്‍ക്കും 2500 സ്‌ക്വയര്‍ഫീറ്റ് വിസ്തൃതിയുളള വീടില്ലാത്തവര്‍ക്കുമാണ് സര്‍ക്കാര്‍ രണ്ടു രൂപ നിരക്കില്‍ അരി കൊടുക്കാമെന്ന് പ്രഖ്യാപിച്ചിട്ടുളളത്. ഇപ്പോള്‍ സര്‍ക്കാര്‍ വിതരണം ചെയ്തിട്ടുളള ഫോറത്തില്‍ പറയുംപ്രകാരം അരി വിതരണം ചെയ്യാന്‍ സിവില്‍ സപ്ലൈ ഉദ്യോഗസ്ഥന്‍മാര്‍ക്ക് കഴിയുകയില്ല. ഗുണഭോക്താക്കള്‍ പൂരിപ്പിച്ചു നല്‍കിയ ഫോറത്തിന്റെ കൂടെ താന്‍ താമസിക്കുന്ന വീട് 2500 സ്‌ക്വയര്‍ ഫീറ്റിന് താഴെയാണ്  എന്ന് കാണിക്കുന്ന സര്‍ട്ടിഫിക്കറ്റ് പഞ്ചായത്തില്‍ നിന്നും, മാസം 25000 ല്‍ താഴെയാണ് വരുമാനമെന്ന് കാണിക്കുന്ന സര്‍ട്ടിക്കറ്റ് റവന്യൂ അധികാരികളില്‍ നിന്നും, രണ്ടര ഏക്കറില്‍ താഴെ ഭൂമിയുളളൂ എന്ന സര്‍ട്ടിഫിക്കറ്റ് വില്ലേജ് ഓഫീസില്‍ നിന്നും ഹാജരാക്കി അപേക്ഷാഫോറത്തിന്റെ കൂടെ ഗുണഭോക്താവ് സമര്‍പ്പിക്കണം. റേഷന്‍ കടയില്‍ ലഭിച്ച അപേക്ഷ സിവില്‍ സപ്ലൈ ഓഫീസില്‍ റേഷന്‍ ഉടമ സമര്‍പ്പിച്ചതിനു ശേഷം ഗുണഭോക്താവ് നല്‍കിയ അപേക്ഷകള്‍ റവന്യൂ ഇന്‍സ്‌പെക്ടര്‍ പരിശോധിക്കണം. ഇദ്ദേഹത്തിന്റെ പരിശോധനക്ക് ശേഷം സാധുവായ അപേക്ഷകള്‍ റേഷന്‍ കടയുടമക്ക് തിരിച്ചുനല്‍കി രണ്ടു രൂപ പ്രകാരം ലഭിക്കേണ്ട അരിയുടെ കൃത്യമായ കണക്ക് കടയുടമ താലൂക്ക് സിവില്‍ സപ്ലൈ ഓഫീസില്‍ കൊടുക്കണം.

ഈ ഇന്‍ഡന്റ് അവര്‍ ജില്ലാ സിവില്‍ സപ്ലൈസ് ഓഫീസിലും ജില്ലാ സപ്ലൈസ് ഓഫീസില്‍ നിന്ന് സംസ്ഥാന സിവില്‍ സപ്ലൈസ് വകുപ്പിലും നല്‍കുമ്പോഴാണ് യഥാര്‍ത്ഥത്തില്‍ ഗുണഭോക്താവിന് രണ്ടു രൂപ നിരക്കിലുളള അരി പാസാകുന്നത്.  ഈ സര്‍ക്കാരിന്റെ കാലത്ത് ഇത് കൊടുത്തു തുടങ്ങാന്‍ കഴിയില്ല എന്ന് ഇതോടെ ഉറപ്പായിരിക്കുകയാണ്.
   മലപ്പുറം ജില്ലയില്‍ 85 ശതമാനം ആളുകളും 8രൂപ90 പൈസ പ്രകാരമുളള റേഷന്‍ അരി വാങ്ങിക്കഴിഞ്ഞു. 15 ശതമാനം പേരേ ഇനി വാങ്ങാന്‍ ബാക്കിയുളളൂ. ഈ മാസത്തില്‍ ഇനി അഞ്ച് ദിവസം മാത്രമാണ് അവശേഷിക്കുന്നത്. 8.90 രൂപക്ക് റേഷന്‍കടക്കാര്‍ അരി വാങ്ങി രണ്ടു രൂപ നിരക്കില്‍  കൊടുക്കാമെന്ന് സമ്മതിച്ചാല്‍ തന്നെ 85 ശതമാനം ആളുകളും അരി വാങ്ങിയതുകാരണം  ഇനി അവര്‍ക്ക് രണ്ടു രൂപക്ക് അരി കൊടുക്കാന്‍ സാധ്യമല്ല. അരി വാങ്ങിക്കാത്ത 15 ശതമാനം ആളുകള്‍ക്ക് 8രൂപ 90 പൈസയുടെ അരി റേഷന്‍ കടക്കാര്‍ കൊടുത്താല്‍ നേരത്തെ അരി വാങ്ങിച്ചുപോയ 85 ശതമാനം ആളുകളുടെ പ്രതിഷേധത്തിന് കാരണമാകും. സര്‍ക്കാരിന്റെ കുത്തഴിഞ്ഞ റേഷന്‍ നയം മൂലം റേഷന്‍ വ്യാപാരികളാണ് ദുരിതത്തിലായത്.

ഇന്നലെ വരെ റേഷന്‍ കടകളില്‍ സമര്‍പ്പിച്ചിട്ടുളള മുഴുവന്‍ ഫോറത്തിന്റെയും കണക്കുകള്‍ സപ്ലൈ ഓഫീസര്‍ റേഷന്‍ കടക്കാരോട് ആവശ്യപ്പെട്ടു കഴിഞ്ഞു. മലപ്പുറം ജില്ലയില്‍ തന്നെ വിവിധ രീതിയിലാണ് അസംഘടിത മേഖലയിലുളളവര്‍ക്ക് അരി വിതരണം നടത്തുന്നത്. ഏറനാട് താലൂക്കിന്റെ ചില ഭാഗങ്ങളില്‍ രണ്ടു രൂപ നിരക്കില്‍ അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് നാല് കിലോ അരിയും 700 ഗ്രാം ഗോതമ്പുമാണ് കൊടുക്കുന്നത്. എന്നാല്‍ഈ താലൂക്കില്‍ പെടുന്ന മലപ്പുറത്ത് മൂന്നര കിലോ അരിയും 600 ഗ്രാം ഗോതമ്പുമാണ് വിതരണം ചെയ്തത്. തിരൂര്‍ താലൂക്കില്‍ ആവശ്യപ്പെട്ട പ്രകാരം 10 കിലോ അരി വീതം അനുവദിച്ചെങ്കിലും 6 കിലോ വീതം കൊടുത്താല്‍മതി എന്നാണ് സര്‍ക്കാരിന്റെ ഉത്തരവ്.
ബാക്കി 4 കിലോ സ്റ്റോക്ക് ചെയ്യണമത്രെ. 3 123/2010 സര്‍ക്കാരിന്റെ ഉത്തരവ് പ്രകാരം അടുത്ത കാലത്തൊന്നും ന്യായമായ രീതിയില്‍ അരി വിതരണം നടത്താന്‍ കേരളത്തിന് സാധ്യമല്ല.  23.3.2011 ലെ സിവില്‍ സപ്ലൈസ് സെക്രട്ടറിയുടെ വീഡിയോ കോണ്‍ഫറന്‍സ് ഓര്‍ഡറില്‍ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യുന്നത് വ്യാപിപ്പിക്കുന്ന പദ്ധതി ത്വരിതപ്പെടുത്തണമെന്ന് പറയുന്നുണ്ടെങ്കിലും രണ്ടു രൂപ അരിയുടെ നൂലാമാലകളില്‍ വഴിമുട്ടി നില്‍ക്കുകയാണ് എല്ലാം.
തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട്  പരസ്പരധാരണയില്ലാതെ ഉണ്ടാക്കിയ നിബന്ധനകള്‍ മൂലം ജനങ്ങളും റേഷന്‍ കട ഉടമകളും ഒരുപോലെ കഷ്ടപ്പെടുകയാണ്.

No comments:

Post a Comment

Note: Only a member of this blog may post a comment.