Monday, April 25, 2011

രണ്ടുരൂപ അരി അടുത്തമാസവും ഇല്ല

അരിക്കുവേണ്ട 40 കോടി രൂപ സര്‍ക്കാര്‍ ഇനിയും നല്‍കാത്തതാണ് കാരണം

തിരുവനന്തപുരം: രണ്ടു രൂപയ്ക്ക് അരിവിതരണം അടുത്തമാസവും തുടങ്ങാന്‍ സാധ്യതയില്ല.  രണ്ടുരൂപയ്ക്ക് വിതരണം ചെയ്യാനുള്ള അരി
രണ്ടു രൂപയ്ക്ക് തന്നെ റേഷന്‍ കടകളില്‍ എത്തിക്കാനുള്ള നടപടികള്‍ ഭക്ഷ്യവകുപ്പ് ഇതുവരെയും സ്വീകരിക്കാത്തതാണ് അരിവിതരണം മുടക്കാനുള്ള പ്രധാന കാരണം. അടുത്ത മാസം മുതല്‍  അരി നല്‍കണമെങ്കില്‍ ഈ മാസം 25-ാം തീയതിക്ക് മുമ്പ് തന്നെ ഇതിനാവശ്യമായ 40 കോടി രൂപ സര്‍ക്കാര്‍ എഫ് സി ഐയില്‍ കെട്ടിവയ്ക്കണമായിരുന്നു.  ഈ മാസം 30 ന് മുമ്പ് മൊത്ത വ്യാപാരികള്‍ അരി ഏറ്റെടുത്ത് റീട്ടെയില്‍ വ്യാപാരികള്‍ക്ക് രണ്ടു രൂപയ്ക്ക് നല്‍കിയാല്‍  മാത്രമെ എപിഎല്‍ കാര്‍ഡ് ഉടമയ്ക്ക് രണ്ടു രൂപയ്ക്ക് അരി നല്‍കാന്‍ സാധിക്കുകയുള്ളൂ.  എന്നാല്‍ എഫ് സി ഐയില്‍ കെട്ടിവയ്ക്കാനുള്ള 40 കോടിരൂപ ഇതുവരെയും നല്‍കാത്തതിനാല്‍ അടുത്ത മാസം മുതല്‍ അരി വിതരണം നടത്താമെന്ന സര്‍ക്കാരിന്റെ അവകാശവാദം പൊളിഞ്ഞിരിക്കുകയാണ്.  രണ്ടുരൂപയ്ക്ക് അരി കൊടുക്കാനുള്ള ബാദ്ധ്യത റേഷന്‍ ഡീലര്‍മാരുടെ തലയില്‍ കെട്ടിവച്ച് രക്ഷപ്പെടാനാണ് ഭക്ഷ്യമന്ത്രി ഇപ്പോള്‍ ശ്രമിക്കുന്നത്.  ഏപ്രില്‍, മെയ് ജൂണ്‍ മാസങ്ങളില്‍ റേഷന്‍ ഡീലര്‍മാര്‍ തങ്ങള്‍ 8.90 രൂപയ്ക്ക് വാങ്ങുന്ന അരി രണ്ടു രൂപയ്ക്ക് കൊടുക്കണമെന്നാണ് ഭക്ഷ്യമന്ത്രി ആവശ്യപ്പെടുന്നത്. എന്നാല്‍ തങ്ങളെ കടക്കെണിയിലാക്കി ആത്മഹത്യയിലേക്ക് നയിക്കുന്ന സര്‍ക്കാരിന്റെ ഈ തീരുമാനം ഒരിക്കലും അംഗീകരിക്കാനാവില്ല എന്ന് റേഷന്‍ വ്യാപാരികള്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.  സര്‍ക്കാര്‍ രണ്ടു രൂപയ്ക്ക് അരി തന്നാല്‍ മാത്രമെ തങ്ങള്‍ക്ക് രണ്ടു രൂപയ്ക്ക് അരി വിതരണം ചെയ്യാന്‍ സാധിക്കുകയുള്ളൂ.  അരി നല്‍കാനുള്ള ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും  വ്യാപാരികള്‍ ആവശ്യപ്പെട്ടു.
 
പ്രശ്‌ന പരിഹാരത്തിനായി ഭക്ഷ്യമന്ത്രി ഇന്നലെ വിളിച്ചു ചേര്‍ന്ന റേഷന്‍ ടീലര്‍മാരുടെ യോഗത്തിലും ഒരു തീരുമാനത്തില്‍ എത്തിച്ചേരാന്‍ സാധിച്ചില്ല.  സര്‍ക്കാരിന്റെ ഒളിച്ചു കളിയില്‍ പ്രതിഷേധിച്ചുകൊണ്ട് ആള്‍ ഇന്ത്യാ റേഷന്‍ ഡീലേഴ്‌സ് അേസാസിയേഷന്‍ പ്രതിനിധികള്‍ ഈ യോഗം ബഹിഷ്‌കരിച്ചിരുന്നു. റേഷന്‍ വ്യാപാരികളെ മാസം 40 കോടിരൂപ കടക്കാരാക്കുന്ന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചുകൊണ്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രസിഡന്റ് ബേബിച്ചന്‍ മുക്കാടന്‍ അറിയിച്ചു. റേഷന്‍ കടകള്‍ക്കു ലഭിക്കാത്ത രണ്ടുരൂപ അരി കാര്‍ഡുടമകള്‍ക്കു നല്‍കിയില്ല എന്നപേരില്‍ റേഷന്‍ കടകളുടെ ലൈസന്‍സ് റദ്ദാക്കിയാല്‍ സംസ്ഥാനത്തെ റേഷന്‍ കടകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടുമെന്നും ബേബിച്ചന്‍ മുക്കാടന്‍ അറിയിച്ചു.

No comments:

Post a Comment

Note: Only a member of this blog may post a comment.