Monday, April 25, 2011

എന്‍ഡോസള്‍ഫാനെതിരെ തൃശ്ശൂരില്‍ വി.എം. സുധീരനും ഉപവസിച്ചു


രാഷ്ട്രീയസമൂഹം ഒന്നിക്കാന്‍ ആഹ്വാനം


തൃശ്ശൂര്‍: എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പരിസ്ഥിതി- മനുഷ്യാവകാശക്കൂട്ടായ്മ തൃശ്ശൂരില്‍ സംഘടിപ്പിച്ച ഏകദിന ഉപവാസ സമരത്തില്‍ കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരനും പങ്കെടുത്തു. 1998ല്‍ ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനായശേഷം ആദ്യമായാണ് സുധീരന്‍ ഉപവാസസമരത്തില്‍ പങ്കെടുക്കുന്നത്. ഇത്രയും പ്രധാനപ്പെട്ട പ്രശ്‌നത്തില്‍ കേരളത്തിലെ രാഷ്ട്രീയസമൂഹം ഒന്നിച്ചുനില്ക്കാത്തത് ഖേദകരമാണെന്ന് ഉപവാസം അവസാനിപ്പിച്ച് നടത്തിയ പത്രസമ്മേളനത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു.

കേന്ദ്ര കൃഷിമന്ത്രി പവാറിന്റെ നിലപാടുകള്‍ക്ക് പിന്നില്‍ എന്‍ഡോസള്‍ഫാന്‍ ലോബിയാണെന്ന് നേരത്തെ വ്യക്തമായതാണെന്ന് സുധീരന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ജയറാം രമേശിനെ പ്രതീക്ഷയോടെയാണ് നോക്കിക്കണ്ടത്. പല നല്ല നിലപാടുകളും ഭരണാധികാരിയെന്ന നിലയില്‍ അദ്ദേഹം കൈക്കൊണ്ടിരുന്നു. പക്ഷേ, ഒരു മന്ത്രിയില്‍നിന്നുണ്ടാകാന്‍ പാടില്ലാത്ത വേദനാജനകമായ അഭിപ്രായമാണ് എന്‍ഡോസള്‍ഫാനുമായി ബന്ധപ്പെട്ടുണ്ടായത്. സ്റ്റോക്‌ഹോം കണ്‍വെന്‍ഷനില്‍ പരിസ്ഥിതിവകുപ്പ് നോഡല്‍ ഏജന്‍സിയായിരിക്കെ ഇത് ഗൗരവകരമാണ്.

പ്രധാനമന്ത്രിയെ കാണാന്‍പോയ സര്‍വകക്ഷി സംഘത്തെ മുഖ്യമന്ത്രി നയിക്കേണ്ടതായിരുന്നു. അങ്ങനെയെങ്കില്‍ പ്രതിപക്ഷനേതാവും സംഘത്തില്‍ ഉണ്ടാകുമായിരുന്നു. കേരളത്തിലെ എം.പി.മാര്‍ ഒറ്റക്കെട്ടായി പ്രധാനമന്ത്രിയെക്കണ്ട് വിഷയം അവതരിപ്പിക്കണം. സ്റ്റോക്‌ഹോം കണ്‍വെന്‍ഷനില്‍ എന്‍ഡോസള്‍ഫാന് അനുകൂലനിലപാട് ഇന്ത്യ സ്വീകരിച്ചാല്‍ അത് ഹിമാലയന്‍ അബദ്ധമായിരിക്കും. കേരളത്തില്‍ നടക്കുന്ന ഔദ്യോഗിക പ്രതിഷേധാചരണത്തിന് പൂര്‍ണ പിന്തുണ നല്‍കുന്നതായും അദ്ദേഹം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് പാര്‍ട്ടികള്‍ തമ്മിലുണ്ടായ ധാരണാപ്പിശക് ഒഴിവാക്കേണ്ടതായിരുന്നു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഒന്നിച്ച് മുന്നോട്ട് പോവുകയാണ് വേണ്ടിയിരുന്നത്. ഈ പ്രതിഷേധം കണ്ടില്ലെന്ന് നടിക്കരുത്. കേരളത്തിലെ പ്ലാന്‍േറഷന്‍ കോര്‍പ്പറേഷനും ഉത്തരവാദിത്തമുണ്ട്. ഇരകളുടെ കൃത്യമായ കണക്ക് എടുക്കുകയും നഷ്ടപരിഹാരത്തിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നിക്കുകയും വേണം- സുധീരന്‍ പറഞ്ഞു.

സര്‍ക്കാര്‍ വീണ്ടും വീണ്ടും തെളിവ് തേടുന്നത് അശാസ്ത്രീയമാണെന്നും അത് അനിവാര്യമാണെങ്കില്‍ത്തന്നെ ഒരു കാലയളവിലേയ്ക്ക് എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കുന്നത് നിരോധിക്കണമെന്നും ഉപവാസസമരം നയിച്ച ശാസ്ത്രജ്ഞന്‍ ഡോ.വി.എസ്. വിജയന്‍ പറഞ്ഞു. കോടതികള്‍ സ്വമേധയാ കേസെടുത്ത് ഈ പ്രശ്‌നത്തില്‍ ഇടപെടണമെന്ന് സാറാ ജോസഫ് അഭ്യര്‍ത്ഥിച്ചു. ബാനറില്‍ പ്രതിഷേധ ഒപ്പിടല്‍ കവി മുല്ലനേഴി ഉദ്ഘാടനം ചെയ്തു. കെ. വേണു, അഷ്ടമൂര്‍ത്തി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ദാസന്‍, വൈസ് പ്രസിഡന്റ് ടി. നിര്‍മല, അനില്‍ അക്കര, ടി.കെ. വാസു, എം. പീതാംബരന്‍, ജോയ് കൈതാരം, ഡോ.എം.ആര്‍. ഗോവിന്ദന്‍, ഫാ. ദേവസ്സി പന്തല്ലൂക്കാരന്‍, അഡ്വ. ആശ, പുത്തേഴത്ത് രാമചന്ദ്രന്‍, എസ്.പി. രവി, എം. മോഹന്‍ദാസ്, വി.ടി. ബാല്‍റാം., പി.എ. മാധവന്‍, അഡ്വ.പി.കെ. ജോണ്‍, ജോണ്‍സിറിയക്, ജോണ്‍ഡാനിയല്‍, എ. പ്രസാദ്, സി.എ. അജിതന്‍, സാണ്ടര്‍ കെ. തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു

No comments:

Post a Comment

Note: Only a member of this blog may post a comment.