Tuesday, October 4, 2011

സി പി എമ്മിനുള്ളിലെ പുതിയ സംഭവവികാസങ്ങള്‍ കൈരളി ചാനലിലും പ്രതിഫലിക്കുന്നു.


സി പി എമ്മിനുള്ളിലെ പുതിയ സംഭവവികാസങ്ങള്‍ കൈരളി ചാനലിലും പ്രതിഫലിക്കുന്നു. ഇപ്പോള്‍ ഔദ്യോഗികപക്ഷത്തുനിന്ന്‌ അകന്നുനില്‍ക്കുന്ന തോമസ്‌ ഐസക്കിനെ ചാനല്‍ ചര്‍ച്ചകള്‍ക്ക്‌ ക്ഷണിക്കേണ്ടതില്ലെന്ന്‌ എക്‌സിക്യൂട്ടീവ്‌ എഡിറ്റര്‍ ഇ എം അഷ്‌റഫ്‌ ജീവനക്കാര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കി.
സിപിഎം സെക്രട്ടറി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിന്‌ ശേഷമാണ്‌ ഈ നിര്‍ദ്ദേശമെന്നത്‌ ശ്രദ്ധേയമാണ്‌. കൂടാതെ ഇന്ത്യാവിഷനില്‍ നിന്ന്‌ തോമസ്‌ ഐസക്ക്‌ മുന്‍കൈയെടുത്ത്‌ കൈരളിയിലേക്ക്‌ കൊണ്ടുവന്ന എന്‍ പി ചന്ദ്രശേഖരനെ(അഴിച്ചുപണി) വാര്‍ത്തകളുടെ ചുമതലകളില്‍ നിന്ന്‌ ഒഴിവാക്കാനും തീരുമാനിച്ചു. ന്യൂസ്‌ ആന്‍ഡ്‌ വ്യൂസ്‌ പരിപാടിയില്‍ മാറ്റം വരുത്തണമെന്ന ചെയര്‍മാന്‍ മമ്മൂട്ടിയുടെ നിര്‍ദ്ദേശം അവഗണിച്ചതിനാണ്‌ ചന്ദ്രശേഖരനെതിരെ നടപടിയെടുത്തത്‌. പകരം എക്‌സിക്യൂട്ടീവ്‌ എഡിറ്റര്‍ ഇഎം അഷ്‌റഫിനായിരിക്കും ചുമതല.
അടുത്തകാലത്തായി സിപിഎമ്മിനുള്ളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന പുതിയ ഗ്രൂപ്പ്‌ സമവാക്യങ്ങളും ഇതോടുകൂടി ചേര്‍ത്ത്‌ വായിക്കാം. ആലപ്പുഴ ജില്ലയില്‍ ഏരിയാകമ്മറ്റികളുടെ വിഭജനവുമായി ബന്ധപ്പെട്ട്‌ വിഎസ്‌ പക്ഷത്തോടൊപ്പം ചേര്‍ന്ന്‌ ഐസക്‌ പക്ഷം ആധിപത്യം നേടിയിരുന്നു. ഇത്‌ പിണറായിയെയും കണ്ണൂര്‍ ലോബിയെയും ചൊടിപ്പിച്ചിരുന്നു. കൂടാതെ പിണറായിയുടെ വലംകൈയായ ഇപി ജയരാജനുമായി തോമസ്‌ ഐസക്‌ നേരത്തെ അകന്നിരുന്നു. ഇതെല്ലാം കാരണം തോമസ്‌ ഐസക്കിനെ ഒതുക്കാനുള്ള ശ്രമങ്ങളാണ്‌ ഇപ്പോള്‍ നടന്നുവരുന്നത്‌. പെട്രോള്‍ വിലവര്‍ദ്ധന ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്‌ത ന്യൂസ്‌ ആന്‍ഡ്‌ വ്യൂസില്‍ ഐസക്കിനെ ക്ഷണിച്ചിരുന്നില്ല. നേരത്തെ പീപ്പിള്‍ ചാനലിലെ ഇത്തരം ചര്‍ച്ചകളില്‍ തോമസ്‌ ഐസക്‌ സ്ഥിരം സാന്നിദ്ധ്യമായിരുന്നു.
ഇപ്പോള്‍ പീപ്പിള്‍ ചാനലില്‍ ഒമ്പതുമുതല്‍ പത്തുവരെ സംപ്രേക്ഷണം ചെയ്യുന്ന ന്യൂസ്‌ ആന്‍ഡ്‌ വ്യൂസ്‌ അവതരിപ്പിക്കാന്‍ പുറത്തുനിന്ന്‌ ആളെ കൊണ്ടുവരണമെന്ന്‌ ചെയര്‍മാന്‍ മമ്മൂട്ടി ആവശ്യപ്പെട്ടിരുന്നു. ചാനലില്‍ നിന്ന്‌ പുറത്തുപോയെ ജോണ്‍ ബ്രിട്ടാസിന്റെ ഇടപെടലിലാണ്‌ മമ്മൂട്ടി ഇത്തരം നിര്‍ദ്ദേശം വെച്ചത്‌. എന്നാല്‍ ഇതിനെ എന്‍ പി ചന്ദ്രശേഖരന്‍ ശക്‌തമായി എതിര്‍ത്തു. ചാനല്‍ ബോര്‍ഡിലെ സിപിഎം വക്‌താക്കളായ എ വിജയരാഘവനും പി എ മുഹമ്മദും ചന്ദ്രശേഖരന്റെ നിലപാടുകള്‍ക്കൊപ്പമായിരുന്നു. എന്നാല്‍ മമ്മൂട്ടിയുമായി അടുത്ത ബന്ധമുള്ള പിണറായി വിജയന്‍ നേരിട്ട്‌ ഇടപെട്ട്‌ ചന്ദ്രശേഖരനെ ഒതുക്കുകയായിരുന്നു. നേരത്തെ താന്‍ പങ്കെടുത്ത പരിപാടി തല്‍സമയം കാണിക്കാത്തതില്‍ പിണറായി വിജയന്‍, ചന്ദ്രശേഖരനെ എകെജി സെന്ററില്‍ വിളിച്ചുവരുത്തി ശാസിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്‌

No comments:

Post a Comment

Note: Only a member of this blog may post a comment.