Monday, October 17, 2011

ഇത് 'പ്രതി'പക്ഷം

അസംബന്ധ നാടകവേദിയായി നിയമസഭയെ തരംതാഴ്ത്താനുള്ള സി.പി.എം നീക്കം കേരളത്തിലെ മുഴുവന്‍ ജനാധിപത്യ വിശ്വാസികളെയും ആശങ്കയിലും ലജ്ജയിലും ആഴ്ത്തിയിരിക്കുകയാണ്. പതിമൂന്നാം കേരള നിയമസഭയുടെ സുഗമമായ പ്രവര്‍ത്തനം ഒരുകാരണവശാലും അനുവദിക്കരുതെന്ന ദുഃശാഠ്യം ഇന്നലത്തെ അപലപനീയ സംഭവവികാസങ്ങളിലൂടെ സുവ്യക്തമായി.
ഭരണപക്ഷവും സ്പീക്കറും മുഖ്യമന്ത്രിയും ഏറ്റവും സംയമനത്തോടെയുള്ള നിലപാടുകള്‍ എടുത്തിട്ടും അവസാനനിമിഷം ഒത്തുതീര്‍പ്പ് ധാരണകള്‍ അട്ടിമറിച്ച് ടി.വി രാജേഷ്, ജയിംസ് മാത്യു എന്നീ സി.പി.എം അംഗങ്ങള്‍ ചെയറിനെ അധിക്ഷേപിക്കുകയും സസ്‌പെന്‍ഷന്‍ പിടിച്ചുവാങ്ങുകയുമായിരുന്നു. രാജേഷിന്റെയും ജയിംസിന്റെയും ദുഷ്‌ചെയ്തികളിലൂടെ അപമാനിതരായ പ്രതിപക്ഷത്തെ മുതിര്‍ന്ന നേതാക്കള്‍തന്നെ പിന്നീട് ഇവരുടെ സംരക്ഷണത്തിനെത്തുകയും സസ്‌പെന്‍ഡ് ചെയ്യപ്പെട്ടവരെ സംരക്ഷിച്ചുകൊണ്ട് സഭയെയും സ്പീക്കറെയും വെല്ലുവിളിക്കുകയും സത്യഗ്രഹനാടകം അരങ്ങേറുകയും ചെയ്തത് അങ്ങേയറ്റം ആക്ഷേപകരമായി. വാച്ച് ആന്‍ഡ് വാര്‍ഡിനെ മറികടന്ന്് വെള്ളിയാഴ്ച പ്രതിപക്ഷാംഗങ്ങള്‍ സൃഷ്ടിച്ച സംഘര്‍ഷ രംഗങ്ങളുടെ വീഡിയോ ദൃശ്യങ്ങളില്‍ സംഘര്‍ഷത്തിന് കാരണമായ സാഹചര്യങ്ങള്‍ വളരെ വ്യക്തമാണ്. പ്രതിപക്ഷാംഗങ്ങളായ ടി.വി. രാജേഷും ജെയിംസ് മാത്യുവും സ്പീക്കറുടെ പീഠത്തിലേക്ക് ഇരച്ചുകയറാന്‍ ശ്രമിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. സ്പീക്കര്‍ക്ക് സംരക്ഷണമൊരുക്കി നില്‍ക്കുന്ന വാച്ച് ആന്‍ഡ് വാര്‍ഡ് ഇത് പ്രതിരോധിക്കാന്‍ ശ്രമിച്ചപ്പോഴുണ്ടായ കൂട്ടബഹളത്തിനിടയിലാണ് രജനി തള്ളലില്‍ വീഴുന്നത്. അവരുടെ തൊപ്പി തെറിച്ചുപോകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
 
രാജേഷും ജെയിംസ് മാത്യുവും രജനിയെ കൈയേറ്റം ചെയ്യുന്ന ദൃശ്യം വ്യക്തമല്ലെന്നും അതിനാല്‍ അവരെ കുറ്റപ്പെടുത്താന്‍ കഴിയില്ലെന്നുമാണ് പ്രതിപക്ഷം പറയുന്നത്. എന്നാല്‍ മുദ്രാവാക്യം വിളിയുമായി നടുത്തളത്തിലിറങ്ങിയതോടെ തന്നെ അച്ചടക്കലംഘനം തുടങ്ങി. തുടര്‍ന്ന് അധ്യക്ഷപീഠത്തിലേക്ക് ഇരച്ചുകയറാന്‍ ശ്രമിച്ചതാകട്ടെ അതിലേറെ ഗൗരവതരമായ അച്ചടക്കലംഘനവും. ഇതിനിടയില്‍ രാജേഷിന്റെ കൈ രജനിയുടെമേല്‍ പതിഞ്ഞെന്നാണ് ഭരണപക്ഷത്തിന്റെ വാദം.തന്നെ പിടിച്ചുതള്ളിയെന്ന് രജനിയുടെ മൊഴിയിലും പറയുന്നു. വാച്ച് ആന്‍ഡ് വാര്‍ഡിലെ വനിതാംഗത്തിനു പരിക്കേറ്റതിനാല്‍ അക്രമത്തിന്റെ ഗൗരവം വര്‍ദ്ധിക്കുക സ്വാഭാവികം. ഒരു എം.എല്‍.എക്കെതിരെ അടിസ്ഥാനരഹിതമായി പരാതി പറയാന്‍ വനിതാ വാച്ച് ആന്‍ഡ് വാര്‍ഡ് തുനിയുമെന്നു സിദ്ധാന്തിക്കാന്‍ സിപിഎം നേതാക്കള്‍ക്കേ സാധ്യമാകൂ. രജനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതുപോലും രാജേഷിന്റെയും ജെയിംസിന്റെയും അഗ്രജന്‍മാര്‍ക്ക് ഇഷ്ടമായില്ലെന്നും നുണ പരിശോധന വേണമെന്നും മറ്റുമുള്ള അവരുടെ പ്രസ്താവനകള്‍ വ്യക്തമാക്കുന്നു. കോടിയേരി ബാലകൃഷ്ണന്റെ നിര്‍ദേശപ്രകാരമാണ് രാജേഷും ജെയിംസും അധ്യക്ഷപീഠത്തിലേക്ക് കയറിയതെന്നു വീഡിയോ ദൃശ്യങ്ങളെ ഉദ്ധരിച്ച് ഭരണപക്ഷം ചൂണ്ടിക്കാട്ടിയതു നിഷേധിക്കാന്‍ പ്രതിപക്ഷത്തിനു കഴിഞ്ഞിട്ടില്ല. സ്ഥിരമായി പ്രശ്‌നങ്ങളുണ്ടാക്കി സഭ സ്തംഭിപ്പിക്കുന്ന സിപിഎമ്മിന്റെ രീതി അംഗീകരിക്കാനാകില്ലെന്നു ഭരണപക്ഷം പറയുമ്പോള്‍ മുഴങ്ങുന്ന സ്വരം ബഹുഭൂരിപക്ഷം കേരളീയരുടേതാണെന്നു തിരിച്ചറിയാത്തവരല്ല ഇടതുപക്ഷ എംഎല്‍എമാര്‍. പക്ഷേ ജനാധിപത്യമൂല്യങ്ങളെ കാല്‍ക്കീഴിലാക്കുന്നതിലൂടെ ചില സങ്കുചിതരാഷ്ട്രീയലക്ഷ്യങ്ങള്‍ പ്രാപ്യമാകുമെന്ന ദിവാസ്വപ്‌നത്തില്‍ അഭിരമിക്കുകയാണവര്‍.
 
കഴിഞ്ഞ സഭാസമ്മേളനത്തില്‍ പൊലീസ് ലാത്തിചാര്‍ജില്‍ പരിക്കേറ്റെന്നു പറഞ്ഞ് ആര്‍ രാജേഷിനെയുംകൊണ്ട് ബാബു എം. പാലിശ്ശേരി കോപാകുലനായി മുഖ്യമന്ത്രിയുടെ അടുത്തുവരെ എത്തി. ഇതിന്റെ പേരില്‍ അന്നു പാലിശ്ശേരിയെ താക്കീത് ചെയ്ത സ്ഥിതിക്ക് അതിനേക്കാള്‍ ഗൗരവമായ കുറ്റംചെയ്തവര്‍ക്ക് സസ്‌പെന്‍ഷനെങ്കിലും വേണമെന്നാണ് ഭരണപക്ഷത്തെ മിക്ക നേതാക്കളും വാദിച്ചത്. എന്നിട്ടും ഖേദപ്രകടനത്തിലൂടെ പ്രതിസന്ധിക്കു പരിഹാരം കാണാന്‍ സ്പീക്കറും മറ്റും നടത്തിയ നീക്കം, അന്തിമ നിമിഷത്തില്‍ അട്ടിമറിക്കപ്പെടുകയായിരുന്നു.തന്റെ പുത്രന്‍ കേന്ദ്രബിന്ദുവായുയര്‍ന്ന ആരോപണങ്ങളിന്‍മേല്‍  നിയമസഭാ സമിതി നടത്തിവരുന്ന അന്വേഷണത്തെച്ചൊല്ലി അച്യുതാനന്ദനുള്ള ഭീതിക്ക്്് ഇപ്പോഴത്തെ സംഭവങ്ങളുമായുള്ള ബന്ധം ഇനിയുള്ള ദിവസങ്ങളില്‍ ചര്‍ച്ചയാകുമെന്നു തീര്‍ച്ച. സ്വന്തം പാര്‍ട്ടിയിലെ മുതിര്‍ന്ന സഹപ്രവര്‍ത്തകര്‍ തനിക്കെതിരെ ആവനാഴി നിറയ്ക്കാന്‍ പണിപ്പെടുമ്പോള്‍ ചെറുകിങ്കരന്‍മാരെ മെരുക്കി കൂടെ നിര്‍ത്തുന്നതു ഗുണകരമാകുമെന്ന തിരിച്ചറിവ് അച്യുതാനന്ദനുണ്ടെന്നും വ്യക്തം. പാര്‍ട്ടി സമ്മേളനകാലത്തെ തന്റെ ക്ഷീണാവസ്ഥ മറികടക്കാനും നൃശംതയെ കൂട്ടുപിടിച്ചുള്ള സത്യഗ്രഹ മിമിക്രി പ്രകടനം ഉപകരിക്കുമെന്ന അച്യുതാനന്ദന്റെ കണക്കുകൂട്ടല്‍ തലമറന്നുള്ള എണ്ണ തേയ്ക്കലാണെന്നും മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നമാണെന്നും തെളിയാന്‍ ഏറെ സമയം വേണ്ടിവരില്ല.


No comments:

Post a Comment

Note: Only a member of this blog may post a comment.