Wednesday, October 12, 2011

കോഴിക്കോട് സമരം: ശ്രദ്ധ പിടിച്ചുപറ്റാന്‍ സി.പി.എമ്മിന്റെ ദുര്‍ബലശ്രമം

കോഴിക്കോട് ഗവ. എഞ്ചിനീയറിങ് കോളജില്‍ ഇന്നലെ നടന്ന എസ്.എഫ്.ഐ. സമരത്തിനു പിന്‍തുണയുമായി ഡി.ഐ.എഫ്.ഐ. എത്തിയതോടെ ഫലത്തില്‍ കോളേജ് പരിസരം സി.പി.എം. പ്രവര്‍ത്തകരുടെ സമരവേദിയായി മാറി. കോളജ് പരിസരത്തേക്കുള്ള വഴി തടഞ്ഞിട്ടു കോളജിനു മുന്‍പിലുള്ള റോഡില്‍ പന്തല്‍ കെട്ടി സമരത്തിലാണു പാര്‍ട്ടി പ്രവര്‍ത്തകര്‍. പൊലീസാകട്ടെ, സംഭവസ്ഥലത്തേക്കു തിരിഞ്ഞുനോക്കുന്നതേ ഇല്ല. പൊലീസ് ഇല്ലാത്ത സാഹചരത്യത്തില്‍ സമരക്കാരുടേതല്ലാത്ത വാഹനങ്ങള്‍ കോളജ് പരിസരത്തേക്കു കടക്കാതിരിക്കാന്‍ റോഡ് തടയേണ്ട ഉത്തരവാദിത്തം സി.പി.എം. പ്രവര്‍ത്തകരുടേതു തന്നെയായി. ഫലത്തില്‍ ക്രമസമാധാനം സി.പി.എമ്മുകാര്‍ സ്വയമേറ്റെടുത്ത സ്ഥിതി. പൊലീസ് എത്താതിരുന്നാല്‍ സമരത്തിനു വേണ്ടത്ര ശ്രദ്ധ കിട്ടാതെ പോകുമെന്ന ആശങ്കയിലാണു പാര്‍ട്ടി നേതൃത്വം. അതേസമയം, നിര്‍മല്‍ മാധവിനെ കോളജില്‍ നിന്നു പുറത്താക്കാതെ കഌസ് നടത്താന്‍ വിടില്ലെന്ന ഭാവത്തിലാണു സി.പി.എം. നേതൃത്വം.
പാളുന്ന സമരമുറയാണ് ഇന്നലെ മുതല്‍ തന്നെ വെസ്റ്റ് ഹില്ലില്‍ കാണാന്‍ കഴിഞ്ഞത്. എസ്.എഫ്.ഐ. സമരത്തില്‍ വേണ്ടത്ര ഏകോപനം അനുഭവപ്പെട്ടില്ല. ഒരു നിയന്ത്രണവുമില്ലാതെ തലങ്ങുംവിലങ്ങും പായുകയായിരുന്നു പ്രവര്‍ത്തകര്‍. പൊലീസ് കണ്ണീര്‍വാതക പ്രയോഗം തുടങ്ങിയപ്പോഴേക്കും നിരവധി സമരക്കാര്‍ സ്ഥലംകാലിയാക്കി. തൊട്ടുപിറകെയായിരുന്നു പൊലീസിന്റെ വെടിവെപ്പ്. ഇതുകൂടിയായതോടെ സമരം അവസാനിപ്പിക്കുകയായിരുന്നു. അപ്പോഴേക്കും ജീവഭയത്താല്‍ സമരക്കാര്‍ പല ഭാഗങ്ങളിലേക്കു ചിതറിയോടുകയും അടുത്തുള്ള വീടുകളിലും മറ്റു കെട്ടിടങ്ങളിലും അഭയം തേടുകയും ചെയ്തു.
ഇന്നത്തെ സമരത്തിനു കൂടുതലും മുതിര്‍ന്നവരാണെത്തിയത്. ഘട്ടംഘട്ടമായി വിവിധ സംഘടനകളുടെ കൊച്ചു പ്രകടനങ്ങള്‍ ഉച്ചവരെ സമരവേദിയില്‍ എത്തിക്കൊണ്ടിരുന്നു. ജനനിബിഡമായിരുന്നു കോളജ് പരിസരം. മറ്റു സ്ഥലങ്ങള്‍ക്കൊപ്പം കോളജിന് നേരേ എതിര്‍വശത്തുള്ള ഐ.എന്‍.ടി.യു.സി. ഓഫീസും സമരക്കാര്‍ക്കു വിശ്രമകേന്ദ്രമായി.
ഏതാലും വൈകിട്ടും സമരം തുടരുകയാണ്. സമരത്തിന് ആവേശം പകരാന്‍ നാടന്‍ പാട്ടുകളും കലാപരിപാടികളും അരങ്ങേറുന്നുണ്ട്. ജില്ലയിലെ സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാക്കള്‍ മാറിമാറി സമരപ്പന്തലില്‍ എത്തുന്നുമുണ്ട്.

No comments:

Post a Comment

Note: Only a member of this blog may post a comment.