Saturday, October 8, 2011

പാര്‍ട്ടി നേതാവിന്റെ പീഡനശ്രമം; ഇടുക്കിയിലും സി.പി.എമ്മിന്റെ പൊയ്മുഖം അഴിഞ്ഞുവീഴുന്നു


ഇടുക്കി: രാഷ്ട്രീയ പ്രതിയോഗികളെല്ലാം സദാചാരവിരുദ്ധരാണെന്ന സി.പി.എം. പ്രചരണത്തിന് തുടക്കം കുറിച്ച ഇടുക്കി ജില്ലയിലെ സി.പി.എമ്മിലും സദാചാരവിരുദ്ധ പ്രവര്‍ത്തനം പാര്‍ട്ടിയുടെ ഉറക്കം കെടുത്തുന്നു. സൂര്യനെല്ലിയുടെ പേര് പറഞ്ഞ് ഇതര പാര്‍ട്ടികളിലുള്ളവരെ വര്‍ഷങ്ങളായി
അപമാനിച്ചുകൊണ്ടിരിക്കുന്ന സി.പി.എമ്മിന് ഇത് കനത്ത തിരിച്ചടിയായിരിക്കുകയാണ്. ജില്ലയിലെ വനിത സംഘടനയുടെ പ്രമുഖ നേതാവായ യുവതി, പാര്‍ട്ടി ഏരിയ സെക്രട്ടറിക്ക് എതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. ഏരിയ കമ്മറ്റി സെക്രട്ടറി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും ഇതിനെ എതിര്‍ത്തതിന്റെ പേരില്‍ പാര്‍ട്ടി അംഗത്വം പുതുക്കി നല്‍കിയില്ലെന്നുമാണ് പരാതി. സംഭവത്തിലെ ഗൗരവവും അപകടവും മണത്തറിഞ്ഞ് സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, എല്‍.ഡി.എഫ്. കണ്‍വീനര്‍ വൈക്കം വിശ്വന്‍ എന്നിവര്‍ ഇന്നലെ ഇടുക്കിയില്‍ നടന്ന ജില്ലാസെക്രട്ടറിയേറ്റില്‍ ഓടിയെത്തുകയായിരുന്നു. എങ്ങനെയെങ്കിലും പ്രശ്‌നം പറഞ്ഞ് തീര്‍ക്കുവാനുള്ള ഇവരുടെ ശ്രമം പരാജയപ്പെട്ടതായാണ് സൂചന. മൂന്നാര്‍ പ്രശ്‌നത്തെ തുടര്‍ന്ന് വി. എസ്. അച്ചുതാനന്ദനെ ഉപേക്ഷിച്ച് ഒന്നടങ്കം പിണറായിയുടെ പക്ഷത്തെത്തിയ ജില്ലാസെക്രട്ടറിയേറ്റില്‍ പഴയ പിണറായി വിഭാഗവും പുതിയ പിണറായി വിഭാഗവും എന്ന രീതിയില്‍ ഉണ്ടായിരിക്കുന്ന ചേരിതിരിവാണ് പ്രശ്‌നമായിരിക്കുന്നത് പാര്‍ട്ടി സംഘടന തെരഞ്ഞെടുപ്പുമായി പാര്‍ട്ടിയുടെ നിയന്ത്രണം കൈക്കലാക്കുവാനുള്ള ഇരുവിഭാഗങ്ങളുടെയും നീക്കവും ഇതിന് പിന്നിലുണ്ടെന്ന് പറയപ്പെടുന്നു. ആരെ കൊള്ളണം ആരെ തള്ളണം എന്ന ആശയകുഴപ്പത്തിലാണ് സംസ്ഥാന നേതൃത്വം. ഇതിനിടെ മഹിളാ നേതാവിന്റെ പരാതിയെ പ്രതിരോധിക്കാന്‍ ഏരിയ സെക്രട്ടറി തെക്കന്‍ജില്ലകളില്‍ ഒന്നിന്റെ സെക്രട്ടറിയേയും മഹിളാനേതാവിനെയും ചേര്‍ത്ത് മറുപടി നല്‍കിയത് തലവേദനയായിരിക്കുകയാണ്.
 
തെക്കന്‍ ജില്ലാസെക്രട്ടറിയാണ് പരാതിക്ക് പിന്നിലെന്നാണ് ഏരിയ സെക്രട്ടറിയുടെ നിലപാട്. കഴിഞ്ഞ മന്ത്രിസഭയിലെ വനിതാമന്ത്രിയുടെ അടുത്ത ആളായിട്ടാണ് മഹിളാനേതാവ് അറിയപ്പെടുന്നത്. വനിതാമന്ത്രിയെ കാണുവാന്‍ മഹിളാ നേതാവും ഏരിയാ സെക്രട്ടറിയും ഒരുമിച്ച് തലസ്ഥാനത്തിന് യാത്ര ചെയ്യുന്നത് നാട്ടില്‍ പാട്ടായിരുന്നു. എന്നാല്‍ ഇരുവരും തമ്മില്‍ തെറ്റിയതോടെ പരസ്പരം ആരോപണങ്ങളുമായി രംഗത്ത് വന്നതാണ് സി.പി.എം. ജില്ലാ നേതൃത്വത്തിനും സംസ്ഥാന നേതൃത്വത്തിനും തലവേദനയായിരിക്കുന്നത്. ഇന്നലെ നടന്ന ജില്ലാസെക്രട്ടറിയേറ്റില്‍ ഏരിയ സെക്രട്ടറിക്ക് എതിരെ ചിലര്‍ ശക്തമായ ഭാഷയില്‍ പ്രതികരിച്ചതായും അറിയുന്നു. കായിക അദ്ധ്യാപികയുമായി കാറില്‍ ഏരിയ സെക്രട്ടറിയെ കാട്ടില്‍ നേരത്തെ കണ്ടെത്തിയ സംഭവവും ഒരു ജില്ലാസെക്രട്ടറിയേറ്റ് അംഗം തുറന്നടിക്കുകയായിരുന്നു. എന്നാല്‍ ഇതിനെ മറ്റുള്ളവര്‍ ന്യായികരിക്കുകയായിരുന്നു. ജില്ലയില്‍ സ്‌പോര്‍ട്‌സ് വികസനത്തിനുള്ള പദ്ധതികള്‍ രൂപികരിക്കുന്നതിനാണ് കായിക അദ്ധ്യാപികയുമായി കറങ്ങിയതെന്നായിരുന്നത്രേ ഇവരുടെ വിശദീകരണം. ഈ സംഭവമാണ് മഹിളാനേതാവും ഏരിയാ സെക്രട്ടറിയും തമ്മില്‍ തെറ്റാന്‍ ഇടയായതെന്നും പറയപ്പെടുന്നു. നല്ലൊരു കായികതാരവും കൂടിയായ ഏരിയ സെക്രട്ടറിക്ക് എതിരെ നടത്തുന്ന ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതുമാണെന്നായിരുന്നു ഇവരുടെ നിലപാട്. സ്‌പോര്‍ട്‌സ് സംഘടനാ രംഗത്തെ ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തെ കുറിച്ച് വിജിലന്‍സ് അന്വേഷണത്തിന് നീക്കം നടക്കുന്നതിനിടയാണ് പീഡന വിവാദവും ഉണ്ടായിരിക്കുന്നത്.
 
വരുന്ന സംഘടന തെരഞ്ഞെടുപ്പോടെ ഈ ഏരിയ സെക്രട്ടറിയുടെ സംഘടനാ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന ദൃഢപ്രതിജ്ഞയിലാണ് ഒരു വിഭാഗം പാര്‍ട്ടി നേതാക്കള്‍. ജില്ലാസെക്രട്ടറിയേറ്റ് കഴിഞ്ഞ് പുറത്തിറങ്ങിയ പിണറായി വിജയന്‍ ഇക്കാര്യം മാധ്യമങ്ങളോട് തല്‍ക്കാലം ചര്‍ച്ച ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് പറഞ്ഞ് മടങ്ങുകയായിരുന്നു. തെക്കന്‍ ജില്ലയിലെ സെക്രട്ടറിയേയും പീഡന വിവാദത്തില്‍ പങ്ക് ചേര്‍ത്തതോടെ ഏരിയ കമ്മറ്റിയില്‍ ചര്‍ച്ച ചെയ്യേണ്ട പ്രശ്‌നം സംസ്ഥാന കമ്മറ്റി വരെ എത്തി നില്‍ക്കുകയാണ്.

No comments:

Post a Comment

Note: Only a member of this blog may post a comment.