Saturday, October 8, 2011

കൈരളി ചാനലില്‍ ബോണ്ട് വിവാദം


തിരുവനന്തപുരം: സി.പി.എമ്മിന്റെ നിയന്ത്രണത്തിലുള്ള കൈരളി ചാനലില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ബോണ്ട് സമ്പ്രദായം ഏര്‍പ്പെടുത്തിയത് വിവാദത്തിലേക്ക്. മറ്റ് പല മേഖലകളിലും ബോണ്ട് സമ്പ്രദായത്തെ എതിര്‍ക്കുന്ന സി.പി.എം, സ്വന്തംചാനലില്‍ ബോണ്ട് ഏര്‍പ്പെടുത്തിയതിനെക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.
കേരളത്തിലാദ്യമായാണ് ഒരു മാധ്യമസ്ഥാപനം പരിചയ സമ്പന്നരായ മാധ്യമപ്രവര്‍ത്തകര്‍ക്ക് ബോണ്ട് സമ്പ്രദായം ഏര്‍പ്പെടുത്തുന്നത്. നേരത്തെ 40 ജീവനക്കാരെ ഒറ്റയടിക്ക് പിരിച്ചുവിട്ട് മാധ്യമലോകത്തെ ഞെട്ടിച്ച കൈരളി ചാനലിന്റെ പുതിയ നടപടി പാര്‍ട്ടി കോണ്‍ഗ്രസിലടക്കം ചൂടുള്ള ചര്‍ച്ചയായി മാറുമെന്നാണ് സൂചന. ഇതേക്കുറിച്ച് പാര്‍ട്ടി സമ്മേളനങ്ങളില്‍ ഔദ്യോഗികപക്ഷം മറുപടി പറയേണ്ടിവരും. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ മാധ്യമരംഗത്തെ ബോണ്ട് സമ്പ്രദായത്തെ അനുകൂലിക്കുന്നില്ല. ഈ സാഹചര്യത്തില്‍ യൂണിയനും വിഷയത്തില്‍ ഇടപെട്ടേക്കുമെന്നാണ് വിവരം. സാധാരണ നിലയില്‍ ചില മാധ്യമസ്ഥാപനങ്ങളില്‍ ട്രെയിനികള്‍ക്ക് ബോണ്ട് ഏര്‍പ്പെടുത്താറുണ്ട്. പരിശീലന കാലാവധി പൂര്‍ത്തിയാക്കാതെ സ്ഥാപനം വിടുന്നത് ഒഴിവാക്കാനാണിത്. എന്നാല്‍ മറ്റു സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ച് കഴിവു തെളിയിച്ചവരെ ബോണ്ടിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താറില്ല. ഇപ്പോള്‍ വിവിധ ചാനലുകളില്‍ നിന്ന് കൈരളിയിലെത്തിയ 10-ഓളം പേരില്‍ നിന്ന് ബോണ്ട് എഴുതി വാങ്ങിയതായാണ് വിവരം. ഇവര്‍ക്കെല്ലാം ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം നല്‍കിയിരിക്കുന്നത്.

ഈ കാലയളവില്‍ മികച്ച ഓഫറുകള്‍ ലഭിച്ചാലും ഇവര്‍ക്ക് കൈരളി വിട്ടുപോകാനാവില്ല. അടുത്തകാലത്ത് തുച്ഛമായ ശമ്പളം കിട്ടുന്ന കൈരളിയില്‍ നിന്ന് മികച്ച പ്രതിഫലമുള്ള ചാനലുകളിലേക്ക് മാധ്യമ പ്രവര്‍ത്തകര്‍ കൂടുമാറിയിരുന്നു. ഇത് ചാനലില്‍ വന്‍ പ്രതിസന്ധി സൃഷ്ടിച്ച പശ്ചാത്തലത്തിലാണ് പുതിയ പരിഷ്‌കാരം. ബോണ്ട് ലംഘിക്കുന്നവര്‍ക്ക് ഈ സ്ഥാപനത്തില്‍ നിന്നുള്ള പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ലഭിക്കില്ല. മറ്റ് മേഖലയിലെ ബോണ്ട് നിയമനത്തെ അംഗീകരിക്കാത്ത സി.പി.എം സ്വന്തം സ്ഥാപനത്തില്‍ ഇതുനടപ്പാക്കുന്നത് ഇരട്ടത്താപ്പാണെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. മാധ്യമ മേഖലയിലെ കരാര്‍ നിയമനത്തിന്റെ കാര്യത്തിലും ഇടതുപക്ഷ സംഘടനകള്‍ ഇരട്ടത്താപ്പാണ് തുടരുന്നത്. മറ്റ് മേഖലകളിലെ കരാര്‍ നിയമനത്തിനെതിരെ തെരുവില്‍ പ്രക്ഷോഭം നടത്തുന്നവര്‍ മാധ്യമ മേഖലയിലെ കരാര്‍ നിയമനത്തിനെതിരെ ഒരുവാക്കും ശബ്ദിച്ചിട്ടില്ല. സി.പി.ഐയാകട്ടെ, മുഖപത്രമായ ജനയുഗത്തില്‍ എല്ലാ നിയമനങ്ങളും കരാര്‍ അടിസ്ഥാനത്തിലേക്ക് മാറ്റുകയും ചെയ്തു. ഈ വിഷയത്തിലും പത്രപ്രവര്‍ത്തക യൂണിയന്‍ ശക്തമായ ഇടപെടല്‍ നടത്താനുള്ള ഒരുക്കത്തിലാണ്. കരാര്‍ നിയമനം ലഭിച്ച മാധ്യമ പ്രവര്‍ത്തകര്‍ക്ക് പത്രപ്രവര്‍ത്തക യൂണിയന്‍ അംഗത്വം കൊടുക്കുന്ന കാര്യത്തിലും അന്തിമ തീരുമാനമായിട്ടില്ല. ഇതിനിടെയാണ് കൈരളിയിലെ ബോണ്ട് വിവാദം.

No comments:

Post a Comment

Note: Only a member of this blog may post a comment.