Thursday, October 6, 2011

ലാവ്‌ലിന്‍ കേസിലെ നിലപാടുകള്‍ പരണത്തുവച്ച് ഇടതുപക്ഷം ഗവര്‍ണര്‍ക്ക് മുന്നില്‍


തിരുവനന്തപുരം: അപ്പപ്പോള്‍ കാണുന്നവനെ അപ്പാ എന്നു വിളിക്കുന്നവരെന്ന് ഇടയ്ക്കിടെ നിലപാടു മാറ്റുന്നവരെ പറ്റി പറയാറുണ്ട്.
വല്യേട്ടനായ സിപിഎമ്മും കുഞ്ഞേട്ടനും സഹോദരന്‍മാരും ചേര്‍ന്ന് ഇന്നലെ കേരളാ ഗവര്‍ണര്‍ക്ക് മുന്നിലെത്തിയപ്പോള്‍
ഉയര്‍ന്നു വന്നിരിക്കുന്നതും ഇതേ പറച്ചിലാണ്.മുന്‍മന്ത്രി ആര്‍ ബാലകൃഷ്ണപിള്ള തടവില്‍ കിടന്ന് ഫോണ്‍ ചെയ്തതുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ ജുഡിഷ്യല്‍ അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷ നേതാക്കള്‍ ഗവര്‍ണര്‍ എം ഒ എച്ച് ഫാറൂഖിന് മുന്നില്‍ നിവേദനവുമായെത്തിയത്. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലാണ് എട്ടംഗ പ്രതിപക്ഷ സംഘം ഇന്ന്‌ലെ കാലത്ത് പതിനൊന്നരയോടെ മണിയോടെ രാജ്ഭവനിലെത്തി നിവേദനം നല്‍കിയത്. എല്‍ ഡി എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, സി എന്‍ ചന്ദ്രന്‍, വി പി രാമകൃഷ്ണപിള്ള, മാത്യു ടി തോമസ്, സുരേന്ദ്രന്‍പിള്ള, കടന്നപ്പള്ളി രാമചന്ദ്രന്‍, എ  കെ ശശീന്ദ്രന്‍ എന്നിവരായിരുന്നു പ്രതിനിധിസംഘത്തില്‍ ഉണ്ടായിരുന്നത്. ലാവ്‌ലിന്‍ വിഷയത്തില്‍ ഇപ്പോഴത്തെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ മുന്‍ ഗവര്‍ണര്‍ ഗവായി അനുവാദം നല്‍കിയപ്പോള്‍ ആരെടാ ഈ ഗവര്‍ണര്‍ എന്നാക്രോശിച്ചവരാണ് ഇന്നലെ  ഗവര്‍ണറുടെ കാലു പിടിക്കാന്‍ പോയിരിക്കുന്നത്.ഗവര്‍ണര്‍ പദവി ബ്രിട്ടീഷ് കൊളോണിയലിസത്തിന്റേതാണെന്നും കേരളത്തിന് ഗവര്‍ണര്‍ വേണ്ടെന്നും വാദമുയര്‍ത്തിയവരാണ് എല്‍ഡിഎഫുകാര്‍.
പ്രോസിക്യൂഷന്‍ അനുമതി വന്നപ്പോള്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ അന്നു കേരളത്തില്‍ ഹര്‍ത്താല്‍ നടത്തുകയും കേരളമാകെ അക്രമമഴിച്ചുവിട്ട് ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം പോലും നിഷേധിച്ച സംഘം ഇന്നലെ ബാലകൃഷ്ണപിള്ളയെ സംസ്ഥാന സര്‍ക്കാര്‍ അനധികൃതമായി സംരക്ഷിക്കുന്നുവെന്ന ആരോപണവുമായാണ് ഗവര്‍ണറെ കണ്ടത്.ഭരണത്തിലിരിക്കെ ഗവര്‍ണര്‍ വേണ്ടെന്നും ഭരണം മാറുമ്പോള്‍ ഗവര്‍ണറെ വേണ്ടപ്പെട്ടവനുമായി കാണുന്ന അവസ്ഥയാണ് ഇന്ന് ജനങ്ങള്‍ക്കിടയിലെ സംസാര വിഷയം.കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തരമന്ത്രിയായിരിക്കെ കണ്ണൂര്‍ ഉള്‍പ്പെടെയുള്ള ജയിലുകളില്‍ നിന്നും ജലിയിലടക്കപ്പെട്ടിരുന്ന സിപിഎം ഗൂണ്ടകള്‍ അദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു.പിന്നീട് ജയില്‍ സന്ദര്‍ശനത്തിനിടെ ഇവരെ നേരില്‍ക്കാണാനും ഇവരോടു സംസാരിക്കാനും കോടിയേരി തയാറാവുകയും ചെയ്തിരുന്നു.
 
പിന്നീടും വിളി തുടര്‍ന്നപ്പോള്‍ അതു വിവാദമാകുമെന്ന് ഭയന്നാണ് ജയിലുകലില്‍ മൊബൈല്‍ ജാമറുകള്‍ സ്ഥാപിക്കാന്‍ മുന്‍ സര്‍ക്കാരിന്റെ ആഭ്യന്തര വകുപ്പ് തയാറായത്.അന്ന് സര്‍ക്കാരിനെ നയിച്ച വി.എസ് അച്യുതാനന്ദന്‍ ഇന്ന് അതെല്ലാം മറച്ചു വച്ചുകൊണ്ടാണ് ജയിലില്‍ ബാലകൃഷ്ണപിള്ള ഫോണ്‍വിളിക്കുന്നുവെന്നും സര്‍ക്കാര്‍ ഒത്താശ ചെയ്യുന്നുവെന്നും ആരോപിച്ച് ജുഡീഷ്യല്‍ അന്വേഷണ ആവശ്യവുമായി സംസ്ഥാന ഗവര്‍ണര്‍ക്ക് മുന്നില്‍ എത്തിയിരിക്കുന്നത്.അച്യുതാനന്ദന്‍ ഗവര്‍ണര്‍ക്ക് മുന്നിലെത്തി സലാം പറയുന്നതിനു മുന്നോടിയായി  ബാലകൃഷ്ണപിള്ള തടവില്‍ നിന്ന് ഫോണ്‍ ചെയ്തതുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ സുപ്രീംകോടതിയെ സമീപിക്കാനും ഇടതുമുന്നണി തീരുമാനിച്ചു. സുപ്രീം കോടതിയെ സമീപിക്കുന്നതുമായി ബന്ധപ്പെട്ട് നിയമവിദഗ്ദ്ധരുമായി മുന്നണി നേതാക്കള്‍ നേരത്തെ ചര്‍ച്ച നടത്തിയിരുന്നെങ്കിലും  ഇടതുമുന്നണി യോഗമാണ് ഇതുസംബന്ധിച്ച് അന്തിമതീരുമാനമെടുത്തത്. അച്യുതാനന്ദന്‍ വിവിധ വിഷയങ്ങളുന്നയിച്ച് മുന്‍കാലങ്ങളില്‍ കോടതികളെ സമീപിക്കുമ്പോള്‍ അതിനു നേരേ മുഖം തിരിക്കുകയും വിരുദ്ധ നിലപാടു സ്വീകരിക്കുകയും ചെയ്തിരുന്ന സിപിഎം ഇപ്പോള്‍ വിശുദ്ധനെന്ന വ്യാജ പരിവേഷവുമായി നില്‍ക്കുന്ന വി.എസ് അച്യുതാനന്ദനെ മുന്നില്‍ നിര്‍ത്തി കളിക്കാനാണ് ശ്രമിക്കുന്നത്.എല്‍ഡിഎഫ് ഒറ്റക്കെട്ടാണെന്ന ധാരണപരത്തുകയെന്ന ഒറ്റ ലക്ഷ്യം മാത്രമേ തല്‍ക്കാലം ഇടതുപക്ഷ മുന്നണിക്ക് മുന്നിലുള്ളു.സിപിഎം സംസ്ഥാന സെക്രട്ടരി പിണറായി വിജയനാണ് ഇതേ വിഷയത്തില്‍ കോടതിയെ സമീപിക്കാമെന്ന് തീരുമാനിച്ചിരുന്നത്.എന്നാല്‍ ചന്ദ്രപ്പനടക്കമുള്ള സിപിഐ നേതാക്കളുള്‍പ്പെടെയുള്ളവര്‍ ഇത് വിപരീത ഫലമുണ്ടാക്കുമെന്നും ലാവ്‌ലിന്‍ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിട്ടുള്ള പിണറായി വിജയനെതിരേ വീണ്ടും ആരോപണങ്ങളുയരാന്‍ സാധ്യതയുണ്ടെന്നും വ്യക്തമാക്കി ഇത് പ്രതിപക്ഷ നേതാവിനെ ഏല്‍പ്പിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.
 
നീതിപീഠത്തെ ശുംഭന്‍മാര്‍ എന്നു വിളിച്ചാക്ഷേപിക്കുകയും ആവശ്യം വരുമ്പോള്‍ ബഹുമാനപ്പെട്ട കോടതികളെന്ന് പറഞ്ഞുസുഖിപ്പിക്കുകയും ചെയ്യുന്ന നിലപാടിനോട് കേരളീയ സമൂഹത്തിന് യോജിക്കാനാകില്ലെന്ന തിരിച്ചറിവാണ് സിപിഎമ്മിനെ വിഷയം എല്‍ഡിഎഫില്‍ ചര്‍ച്ചയ്ക്ക് കൊണ്ടു വരാനും അതു വഴി വി.എസ് അച്യുതാനന്ദനെ ഏല്‍പ്പിക്കാനും തീരുമാനിപ്പിച്ചത്.വേണ്ടി വന്നാല്‍ പരമോന്നത നീതിപീഠത്തെ സമീപിക്കുമെന്ന വാക്കുകളില്‍ തന്നെ ഗവര്‍ണറോടുള്ള അവിശ്വാസം വി.എസ് അച്യുതാനന്ദന്‍ വ്യക്തമാക്കിക്കഴിഞ്ഞു.കൊലപാതകക്കേസില്‍ പെട്ട് ജയിലിലായിരിക്കെ കോടതി ജാമ്യം കൊടുത്തുവിട്ട കണ്ണൂരിലെ സഖാക്കളെ മാലയിട്ടു സ്വീകരിക്കുകയും കോടതികള്‍ക്കെതിരേ മുദ്രാവാക്യം വിളിക്കുകയും ചെയ്ത സിപിഎം-എല്‍ഡിഎഫ് ചെയ്തികളെ കോടതികളും പൊതുസമൂഹവും ഇനിയും മറന്നിട്ടില്ലെന്നതാണ് സത്യം

No comments:

Post a Comment

Note: Only a member of this blog may post a comment.