Tuesday, October 11, 2011

എല്‍.കെ അദ്വാനിയുടെ തരികിട യാത്ര


ബിജെ.പി നേതാവ് എല്‍.കെ അദ്വാനിയുടെ ആറാം രഥയാത്ര പതിവിന് വിരുദ്ധമായി ബീഹാറില്‍ നിന്ന് ഇന്നലെ പുറപ്പെട്ടു. അഴിമതിയ്ക്കും കള്ളപ്പണത്തിനുമെതിരെ അദ്വാനി ആരംഭിച്ചിരിക്കുന്ന ഈ യാത്രാപരിപാടിക്ക് അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ പിന്തുണയില്ല.
ബി.ജെ.പിക്ക് ആത്മീയ പിന്‍ബലം ഒരുക്കുന്ന വര്‍ഗീയ പ്രസ്ഥാനമായ ആര്‍.എസ്.എസും അദ്വാനിയുടെ ഒറ്റയാന്‍ പോരാട്ടത്തെ എതിര്‍ക്കുകയാണ്. എങ്കിലും 23 സംസ്ഥാനങ്ങളിലൂടെയും നാല് കേന്ദ്രഭരണ പ്രദേശങ്ങളിലൂടെയും തേരോട്ടം നടത്തി ഇന്ത്യാ വന്‍കരയില്‍ നിന്ന് അഴിമതി തൂത്തെറിയുമെന്നാണ് 83കാരനായ ഈ നേതാവിന്റെ വാശി. ഗാന്ധിത്തൊപ്പിയണിഞ്ഞ അണ്ണാ ഹസാരെ ഈയിടെ അഴിമതിവിരുദ്ധ സത്യാഗ്രഹസമരം ഒരു ഫാഷനാക്കി അവതരിപ്പിച്ചിരുന്നു. രാജ്യത്തെ മധ്യവര്‍ത്തികളായ ഒരുവിഭാഗം ആളുകളുടെ അപ്രതീക്ഷിത പിന്തുണയും ഹസാരെയുടെ സമരത്തിനുണ്ടായി. ശ്രീരാമനും അയോധ്യയും ജനങ്ങളെ ആകര്‍ഷിക്കാന്‍ പറ്റാത്തതരത്തില്‍ എടുക്കാത്ത നാണയങ്ങളായി മാറി. ജനങ്ങളെ വശീകരിക്കാന്‍ പറ്റിയ പുതിയ വിഷയങ്ങളൊന്നുമില്ലാതെ രണ്ട് പൊതുതെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി തോറ്റ്  വിഷമിച്ച് കഴിയുന്ന വൃദ്ധനേതാവിന്റെ മുന്നില്‍ ഹസാരെയുടെ അഴിമതിവിരുദ്ധ മുദ്രാവാക്യം ഒരു മിന്നല്‍പോലെ വന്നുവീണു. ഇന്ത്യന്‍ പ്രധാനമന്ത്രിപദം കാംക്ഷിച്ച് കഴിയുന്ന അദ്വാനിക്ക് അഴിമതിക്കെതിരെ പോരാടാന്‍ അണ്ണാ ഹസാരെയോടൊപ്പം ചേരാന്‍ കഴിഞ്ഞില്ല. കാരണം പലതാണ്. ഒന്ന്- ഹസാരെ രാഷ്ട്രീക്കാരെന്ന് അറിയപ്പെടുന്ന ആരെയും തന്നോടൊപ്പം അടുപ്പിച്ചില്ല. രണ്ട്- അദ്വാനി ഹസാരെയോടൊപ്പം ചേര്‍ന്നാല്‍ സമരത്തിന്റെ രാഷ്ട്രീയ പ്രയോജനം പങ്കിട്ടുപോകും. അദ്വാനിയുടെ എല്ലാ സമരങ്ങളും ആരോടെങ്കിലും കടംകൊണ്ടതാണ്.

അദ്ദേഹത്തിന്റെ പതിവ് രഥയാത്രാ സമരശൈലി ആന്ധ്രാപ്രദേശിലെ മണ്‍മറഞ്ഞ എന്‍.ടി രാമറാവുവിന്റെ ചൈതന്യരഥയാത്രയുടെ അനുകരണമാണ്. തിരുപ്പതി ലോക്‌സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കാന്‍ അഭിലഷിച്ച എന്‍.ടി.ആറിന് അത് ലഭിക്കാതെവന്നപ്പോള്‍  രോഷത്തോടെ നടത്തിയതായിരുന്നു ചൈതന്യരഥയാത്ര. അതിനെ വികൃതമായി അനുകരിച്ച് അദ്വാനി അഞ്ച് രഥയാത്രകള്‍ ഇന്ത്യയില്‍ നടത്തി. അയോധ്യയില്‍ അമ്പലം പണിയുമെന്ന് വീമ്പിളക്കി നടത്തിയ ആ രഥയാത്രകളൊന്നും സത്ഫലം കണ്ടില്ല. പകരം രാജ്യത്തെ ജനങ്ങളില്‍ വര്‍ഗീയ വിദ്വേഷം വളര്‍ത്തുകയും മതപരമായ ചേരിതിരിവ് വലുതാക്കുകയും ചെയ്തു. വര്‍ഗീയ ഉന്മാദം പൂണ്ട ഒരുകൂട്ടം മനുഷ്യരെ ബാബറി മസ്ജിദ് തകര്‍ക്കാന്‍ പ്രേരിപ്പിച്ച് അയച്ചതില്‍ അദ്വാനിയുടെ പ്രാകൃതമായ രഥയാത്രാ പരിപാടി വലിയ പങ്ക് വഹിച്ചു. പ്രധാനമന്ത്രിപദ മോഹവുമായി അദ്വാനി ഇന്നലെ ആരംഭിച്ച ആറാം രഥയാത്ര പതിവുപോലെ ഗുജറാത്തിലെ സോമനാഥ് ക്ഷേത്രത്തില്‍ നിന്ന് തുടങ്ങാനായില്ല. കാരണം അദ്ദേഹം ശിഷ്യനായി കരുതിപ്പോന്ന ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി പരിപാടിയോട് അനുകൂലമല്ലാത്തതാണ് കാരണം. മണ്‍മറഞ്ഞ ജയപ്രകാശ് നാരായണന്‍ എഴുപതുകളില്‍ സമ്പൂര്‍ണ വിപ്ലവത്തിന് ആഹ്വാനം നടത്തിയ ബീഹാറിലെ അദ്ദേഹത്തിന്റെ ജന്മനാട്ടിലേക്ക് അദ്വാനിക്ക് പരിപാടി മാറ്റേണ്ടിവന്നു. ജയപ്രകാശ് നാരായണന്റെ ആരാധകനായി രാഷ്ട്രീയത്തില്‍ വന്ന ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഇന്നലെ അദ്വാനിയുടെ രഥയാത്രയ്ക്ക് പച്ചക്കൊടി കാട്ടിയപ്പോള്‍ ബി.ജെ.പി നേതാക്കളായ സുഷമാ സ്വരാജ്, അരുണ്‍ ജെയ്റ്റ്‌ലി, രാജ്‌നാഥ് സിംഗ് എന്നിവരും പാര്‍ട്ടി പ്രസിഡന്റ് സാക്ഷാല്‍ നിധിന്‍ ഗഡ്കരിയും ഉള്ളാലെ ചിരിക്കുകയായിരുന്നു. ബി.ജെ.പി ഭരിച്ചിരുന്നപ്പോള്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഒന്നൊന്നായി വിറ്റുതുലയ്ക്കാന്‍ ഒരു വകുപ്പുതന്നെ ഉണ്ടാക്കി അഴിമതികാട്ടിയ പാര്‍ട്ടിയുടെ നേതാവിന് ഇങ്ങനെയൊരു പരിപാടി നടത്താന്‍ എന്ത് ധാര്‍മിക അവകാശം എന്ന് ജനങ്ങള്‍ ആലോചിക്കുന്നുണ്ട്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ കൊടികുത്തിയ അഴിമതി അറിയാവുന്നവര്‍ അദ്വാനിയുടെ രഥയാത്രയെ എങ്ങനെ വരവേല്‍ക്കും? നവംബര്‍ ഇരുപതാംതീയതി 38 ദിവസത്തെ യാത്രാപരിപാടി പൂര്‍ത്തിയാക്കി അദ്വാനി ഡല്‍ഹിയില്‍ എത്തുന്നതിനിടയില്‍ രാജ്യം ഇങ്ങനെ എന്തെല്ലാം തരികിടകള്‍ കാണേണ്ടിവരും?

No comments:

Post a Comment

Note: Only a member of this blog may post a comment.