Thursday, October 6, 2011

ഇഷ്ടക്കാരനെ ഇന്‍ഫോപാര്‍ക്കിന്റെ മേധാവിയാക്കാന്‍ വി.എസ് ഇടപെട്ടു


ഒന്നാം റാങ്കുകാരനെ തഴഞ്ഞ് വി.എസ് നിയമിച്ചത് ഡോ. സെബാസ്റ്റ്യന്‍ പോളിന്റെ അടുത്ത ബന്ധുവിനെ. ഉദ്ദിഷ്ടകാര്യത്തിന് സെബാസ്റ്റ്യന്‍ പോള്‍ ഉപകാരസ്മരണ കാട്ടുകയാണെന്ന് പി.സി ജോര്‍ജ്ജ്
കോട്ടയം: മുഖ്യമന്ത്രിയായിരിക്കെ വി.എസ് അച്യുതാനന്ദന്‍ സ്വജനപക്ഷപാതവും അഴിമതിയും നടത്തിയതിന്റെ തെളിവുകളുമായി പി.സി.ജോര്‍ജ്ജ്. കൊച്ചി ഇന്‍ഫോപാര്‍ക്ക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറെ പ്രതിമാസം ഒന്നേകാല്‍ ലക്ഷം രൂപ ശമ്പളത്തോടെ നിയമിച്ചതിലാണ് വി.എസ് നടപടിക്രമങ്ങള്‍ അട്ടിമറിച്ചത്. സെലക്ഷന്‍ കമ്മറ്റിയുടെ തീരുമാനങ്ങള്‍ മറികടന്ന് ഒന്നാം റാങ്ക്കാരനായ കിഷോര്‍പിള്ളയെ പിന്തള്ളി രണ്ടാം റാങ്ക് കാരനായ ജിജോ ജോസഫിനെ നിയമിക്കുകയായിരുന്നു. 
മുന്‍ എംപി സെബാസ്റ്റ്യന്‍ പോളിന്റെ ബന്ധുവാണ് ജിജോ ജോസഫ്. ഉദ്ദിഷ്ടകാര്യത്തിനുളള ഉപകാരസ്മരണയാണ് സെബാസ്റ്റ്യന്‍ പോള്‍ ഇപ്പോള്‍ ചെയ്യുന്നതെന്നും പി.സി. ജോര്‍ജ് ആരോപിച്ചു. വി.എസിന്റെ ഇടപെടല്‍ നിയമവിരുദ്ധമാണ്. വി.എസിനെതിരെ വിജിലന്‍സ് അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള പരാതി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, വ്യവസായ ഐടി വകുപ്പ് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി, റവന്യൂ വിജിലന്‍സ് വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും പി.സി.ജോര്‍ജ്ജ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.  മുഖ്യമന്ത്രി എന്ന നിലയില്‍ വി.എസ് സത്യപ്രതിജ്ഞ ലംഘിച്ചുവെന്നും സ്വജനപക്ഷപാതം കാണിച്ചിരിക്കുകയാണെന്നും പി.സി. ജോര്‍ജ് പറഞ്ഞു. സെലക്ഷന്‍ കമ്മറ്റിയുടെ തീരുമാനങ്ങള്‍ മറികടന്ന് ജിജോ ജോസഫിനെ നിയമിച്ചത് സര്‍ക്കാറിന്റെ കാലാവധി അവസാനിക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെയാണ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ജയകുമാര്‍ ഐ.എ.എസ്, ഐ.ടി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.അജയകുമാര്‍, ബാംഗ്ലൂര്‍ ഐ.ഐ.എമ്മിലെ പ്രൊഫ.രാജീവ് ശ്രീനിവാസന്‍ എന്നിവര്‍ അടങ്ങുന്ന സെലക്ഷന്‍ കമ്മറ്റിയാണ് പാനല്‍ തയ്യാറാക്കിയത്. ഇവര്‍ നല്‍കിയ ലിസ്റ്റില്‍ നിന്ന് ക്രമവിരുദ്ധമായി വി.എസ് ഇടപെടുകയായിരുന്നു.
 
ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ പാനലിലേക്ക് ആദ്യം 12 പേരുടെ വ്യക്തിഗത ഇന്റര്‍വ്യൂവിനായി 2010 നവംബര്‍ 10ന് ഷോര്‍ട്ട് ലിസ്റ്റ് ചെയ്തു. 99 അപേക്ഷകള്‍ ലഭിച്ചതില്‍ നിന്നാണ് 12 പേരെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തത്. ഇതില്‍ നിന്ന് 8 പേരെ 2010 നവംബര്‍ 20നും 25നും ഇന്റര്‍വ്യൂ ചെയ്തതിനുശേഷം 3 പേരെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ തസ്തികയിലേക്ക് അനുയോജ്യരായി കണ്ടെത്തി. ഇതിന്‍പ്രകാരം കിഷോര്‍പിള്ള, ജിജോ ജോസഫ്, രാജീവ് മുകുന്ദന്‍ എന്നിവരുടെ ലിസ്റ്റ് തയ്യാറാക്കി. സെലക്ഷന്‍ കമ്മറ്റി മുന്‍ഗണനാക്രമത്തില്‍ ഗ്രേഡ് ചെയ്ത മൂന്നുപേരില്‍ നിന്ന് ഒരാളെ പ്രതിമാസം ഒന്നേകാല്‍ലക്ഷം രൂപാ ശമ്പളത്തില്‍ രണ്ടുവര്‍ഷത്തേക്ക് നിയമിക്കണമെന്ന ആവശ്യം മന്ത്രിസഭയില്‍ വെക്കുന്നതിനുള്ള കുറിപ്പായി ഐടി പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ചീഫ് സെക്രട്ടറിയും അംഗീകരിച്ച് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് സമര്‍പ്പിച്ചു. തുടര്‍ന്നാണ് മുഖ്യമന്ത്രി തിരിമറി നടത്തിയത്. 
ഐ.ടി വകുപ്പ് 2010 ഡിസംബര്‍ 7ന് തയ്യാറാക്കിയ സര്‍ക്കുലറില്‍ മൊത്തം 99 അപേക്ഷകള്‍ ലഭിച്ചുവെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഷോര്‍ട്ട് ലിസ്റ്റ് തയ്യാറാക്കി 3 പേരുടെ പേരുകള്‍ നല്‍കിയെന്നും പറയുന്നു. തുടര്‍ന്ന് റാങ്ക് ചെയ്ത 3 പേരുടെ ബയോഡേറ്റയും മറ്റ് വിശദാംശങ്ങളും വീണ്ടും സമര്‍പ്പിക്കണമെന്ന് ഡിസംബര്‍ 16ന് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ചീഫ് സെക്രട്ടറിയും അംഗീകരിച്ച് നല്‍കിയ നോട്ടില്‍ മുഖ്യമന്ത്രി രേഖപ്പെടുത്തി. ഇതിനെ തുടര്‍ന്ന് ഡിസംബര്‍ 18ന് 3 പേരുടെയും ബയോഡേറ്റ ഐ.ടി പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. എന്നാല്‍ കിഷോര്‍പിള്ളയുടെ അപേക്ഷ നിശ്ചയിച്ചതിലും ഒരു ദിവസം വൈകിയാണ് കിട്ടിയതെന്ന് ചൂണ്ടിക്കാട്ടി രണ്ടാമത്തെ പേരുകാരനെ പരിഗണിക്കാമെന്നാക്കി മുഖ്യമന്ത്രി വി.എസ് ഒപ്പിടുകയായിരുന്നു.
 
ഇതേ തുടര്‍ന്ന് കിഷോര്‍പിള്ളയെ മറികടന്ന് ജിജോ ജോസഫിനെ ഇന്‍ഫോ പാര്‍ക്കിന്റെ ചീഫ് ഓഫീസറായി നിയമിക്കുകയായിരുന്നു. നിര്‍ദ്ദിഷ്ട യോഗ്യത, വയസ്, പ്രവര്‍ത്തി പരിചയം എന്നിവയുടെ അടിസ്ഥാനത്തിലാണ് അനുയോജ്യരായവരെ തെരഞ്ഞെടുത്ത് വ്യക്തിഗത ഇന്റര്‍വ്യൂവിന് ക്ഷണിച്ചത്. ഇതില്‍ നിന്നാണ് കിഷോര്‍പിള്ള, ജിജോ ജോസഫ്, രാജീവ് മുകുന്ദന്‍ എന്നിവര്‍ക്ക് ഒന്നു മുതല്‍ മൂന്നുവരെ മുന്‍ഗണനാക്രമം നല്‍കിയത്. എന്നാല്‍ കിഷോറിനെ ഒഴിവാക്കി ജിജോ ജോസഫിനെ നിയമിക്കാന്‍ വി.എസ് അച്യുതാനന്ദന്‍ എല്ലാ മാനദണ്ഡങ്ങളും ലംഘിച്ച് സെലക്ഷന്‍ കമ്മറ്റിയുടെ തീരുമാനം മറികടക്കുകയായിരുന്നുവെന്ന് ഗവ.ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജ് വ്യക്തമാക്കി. വിജിലന്‍സ് അന്വേഷണം നടത്തി കുറ്റക്കാരായവരെ മുഴുവന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോട് പി.സി.ജോര്‍ജ്ജ് ആവശ്യപ്പെട്ടു. അഴിമതിക്കാരനായി വി.എസിനെ കാണേണ്ടിവന്നതില്‍ ദുഃഖമുണ്ട്. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ കാട്ടിക്കൂട്ടിയ സ്വജനപക്ഷപാതവും അഴിമതിയും ഫയലുകളില്‍ ജീവിക്കുന്ന സത്യമാണ്. ഇത് ഓരോന്നോരോന്നായി പുറത്തുകൊണ്ടുവരും. ഗവര്‍ണര്‍ക്ക് മുമ്പില്‍ നടത്തിയ സത്യപ്രതിജ്ഞാലംഘനമാണ് വി.എസ് നടത്തിയിട്ടുള്ള ക്രമവിരുദ്ധ നടപടികള്‍ ചൂണ്ടിക്കാട്ടുന്നത്. നിയമവിരുദ്ധമായ നടപടിയിലൂടെ നടത്തിയ അഴിമതിക്കുത്തരം പറഞ്ഞേ മതിയാകൂ. വി.എസും പിണറായി വിജയനും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണെന്ന് പി.സി.ജോര്‍ജ്ജ് ആരോപിച്ചു. കിഷോര്‍പിള്ളയുടെ പരാതി ലഭിച്ചിട്ടുണ്ടോയെന്നുള്ളതല്ല ഇവിടെ പ്രശ്‌നമെന്നും ഒരു ചോദ്യത്തോട് പി.സി.ജോര്‍ജ്ജ് പ്രതികരിച്ചു. തിരുവനന്തപുരം സ്വദേശിയായ ഡോ.പി.കെ.രാധാകൃഷ്ണപിള്ളയുടെ മകനാണ് കിഷോര്‍പിള്ള.
 
ഇപ്പോള്‍ അമേരിക്കയില്‍ ജോലി ചെയ്യുന്ന കിഷോര്‍പിള്ള തന്റെ സേവനം കേരളത്തിന് ലഭ്യമാക്കാനാണ് ഇന്‍ഫോപാര്‍ക്ക് സി.ഇ.ഒയായി നിയമനത്തിന് അപേക്ഷ നല്‍കിയത്. വളരെ മിടുക്കനായ കിഷോര്‍പിള്ള റാങ്കില്‍ ഒന്നാമതായി സ്ഥാനം നേടിയിട്ടും അത് തള്ളിക്കളഞ്ഞ നടപടി ഏറ്റവും വലിയ തെറ്റാണെന്ന് പി.സി.ജോര്‍ജ്ജ് പറഞ്ഞു. ധനകാര്യവകുപ്പ് അടക്കം ഈ വിഷയത്തില്‍ ഉത്തരം പറയേണ്ടതായി വരും. 500 പേജുള്ള തെളിവുകള്‍ തന്റെ പക്കലുണ്ടെന്ന് പി.സി.ജോര്‍ജ്ജ് പറഞ്ഞു. എനിക്കാരെയും പേടിയില്ല. ശരി ചെയ്യാന്‍ ആരുടെയും അനുവാദം വേണ്ടെന്നും  തെറ്റ് ചെയ്താല്‍ തെറ്റെന്നു പറയാനുള്ള ധാര്‍മ്മികത മാധ്യമങ്ങള്‍ കാണിക്കണമെന്നും പി.സി ജോര്‍ജ്ജ് അഭിപ്രായപ്പെട്ടു

No comments:

Post a Comment

Note: Only a member of this blog may post a comment.