Thursday, October 20, 2011

കമ്യൂണിസ്റ്റ് അപചയത്തിന്റെ മൂകസാക്ഷി


മലയാള കഥയില്‍ ആധുനികതയുടെ സര്‍ഗ്ഗകലാപം സൃഷ്ടിച്ച എഴുത്തുകാരനാണ് ഇന്നലെ 76-ാം വയസ്സില്‍ ജീവിതത്തോട് വിടപറഞ്ഞ കാക്കനാടന്‍. നിലവിലുള്ള സാഹിത്യ സമ്പ്രദായങ്ങളെ നിശബ്ദമായി വെല്ലുവിളിച്ചുകൊണ്ട് ജീവിതവീക്ഷണത്തിലും രചനാരീതിയിലും അദ്ദേഹം പുതിയൊരു സ്വരസൗന്ദര്യലോകം സൃഷ്ടിച്ചു. ഭാഷാപദങ്ങള്‍ ഈ എഴുത്തുകാരന്റെ കയ്യില്‍ അഗ്നിസ്ഫുലിംഗങ്ങളായി. തീഷ്ണമായ ഉഷ്ണലാവാ പ്രവാഹമായി കാക്കനാടന്റെ രചനകള്‍ വായനാസമൂഹം ഏറ്റുവാങ്ങി. വ്യവസ്ഥാപിത മൂല്യങ്ങളെ ചോദ്യം ചെയ്തും പ്രസ്ഥാനങ്ങളെ വെല്ലുവിളിച്ചും ജീവിച്ച കാക്കനാടന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അപചയത്തോട് തന്റെ നോവലുകളിലൂടെ ക്രിയാത്മകമായി പ്രതികരിച്ചു. 
സര്‍ഗ്ഗാത്മക കലാപം

കാക്കനാടന്റെ മരണം കുറിക്കുന്നത് നിഗ്രഹശേഷിയുള്ള ഒരു വിഗ്രഹഭഞ്ജകന്റെ കലാപസമാപ്തിയാണ്. അനേകം പീഠഭ്രഷ്ടമായ ബിംബങ്ങളും ഗളഹസ്തമായ വിഗ്രഹങ്ങളും കരചരണങ്ങള്‍ ഛേദിക്കപ്പെട്ട രൂപങ്ങളും തന്റെ കലാപകാലത്തിന്റെ മഹാതിരുശേഷിപ്പുകളായി നല്‍കിക്കൊണ്ടാണ് കാക്കനാടന്‍ എന്ന കലാപകാരിയായ എഴുത്തുകാരന്‍ കടന്നുപോകുന്നത്. മലയാള ഭാഷയിലും ഭാവുകത്വത്തിലും തീ പടര്‍ത്തിയ കാക്കനാടന്‍ എല്ലാ വ്യവസ്ഥാപിത സാഹിത്യവിചാരങ്ങളിലേക്കും രീതികളിലേക്കും അതിന്റെ ചീളുകള്‍ വലിച്ചെറിഞ്ഞു. അതുവഴി അദ്ദേഹം ആധുനികതയുടെ കരുത്തും ഉണര്‍വും തോറ്റം ചെയ്‌തെടുത്തു.
ജീവിത അവബോധത്തെ സംബന്ധിച്ച കാക്കനാടന്റെ ദര്‍ശനം പതിവുകളുടെ പൊളിച്ചെഴുത്താണ്. സമൂഹം വ്യക്തിയെ പ്രാന്തവത്ക്കരിക്കുമ്പോള്‍ വ്യക്തി സമൂഹത്തിന്റെ വരേണ്യവിചാരങ്ങള്‍ക്ക് പരുക്കേല്‍പ്പിക്കാന്‍ തുനിയുന്നു. ഇത്തരം വിചാരങ്ങളെ ആക്രമിക്കാനുള്ള ആയുധങ്ങള്‍ ഈ കഥാപാത്രങ്ങള്‍ എടുത്തണിയുന്നത് സമൂഹത്തില്‍നിന്നാണ്. അപമാനവീകരണത്തിന്റെ ആയുധപ്പുര കയ്യേറി നടത്തുന്ന ഈ ആയുധസമാഹരണത്തിന് അവന് ഊര്‍ജ്ജം പകരുന്നത് സമൂഹത്തിന്റെ നീതിരാഹിത്യങ്ങളാണ്. വ്യക്തിസത്തയുടെ വികാസങ്ങളിലൂടെ കലാപം ചെയ്യുന്ന ഇത്തരം കഥാപാത്രങ്ങളുടെ നീണ്ടനിരതന്നെ കാക്കനാടന്റെ കൃതികളിലുണ്ട്.
 
വര്‍ഗ്ഗ പാരമ്പര്യം, സാംസ്‌ക്കാരിക പാരമ്പര്യം, ജീവിത സാഹചര്യങ്ങള്‍, ധൈഷണിക പ്രഭാവം എന്നിവയെല്ലാം കഥാപാത്രങ്ങളില്‍ സൃഷ്ടിക്കുന്ന ബോധധാരകളാണ് സമൂഹത്തിന് ഹിതകരമെന്ന് തോന്നാത്ത കാര്യങ്ങള്‍ ചെയ്യാന്‍ ഇവരെ പ്രാപ്തരാക്കുന്നത്. ഈ ബോധധാരകള്‍ നൈമിഷികമായി മാത്രമാണ് ഉണര്‍ന്നു തീക്ഷ്ണമായി പ്രവര്‍ത്തിക്കുന്നത്. ഈ നൈമിഷിക ബോധങ്ങളുടെ ആകത്തുകയാണ് കഥാപാത്രങ്ങളുടെ സ്വഭാവത്തിന്റെ വിജയപരാജയങ്ങളെയും സദാചാരത്തെയും രൂപപ്പെടുത്തുന്നത്. ഇത്തരം വ്യക്തികള്‍ പ്രാന്തവത്ക്കരിക്കപ്പെടുമ്പോള്‍ അവരുടെ നിസ്സഹായതയിലേക്കു സര്‍വ്വശ്രദ്ധയും ആകര്‍ഷിക്കത്തക്കവണ്ണം അവന്റെ ബോധമണ്ഡലത്തിലെ യാഥാര്‍ത്ഥ്യങ്ങളെ പ്രതിഫലിപ്പിക്കുക എന്നതാണ് കാക്കനാടന്റെ രചനാരീതി. മൂല്യതകര്‍ച്ചയുടെയും കപ്പല്‍ചേതങ്ങളുടെയും ചുഴികളില്‍പ്പെട്ട മനുഷ്യന്റെ ഉജ്ജ്വലമായ പാത്രരചനയാണ് ഇത്തരം ദര്‍ശനങ്ങളുടെ വെളിച്ചത്തില്‍ കാക്കനാടന്‍ സാധിക്കുന്നത്. യുക്തിക്കപ്പുറമുള്ള തലങ്ങളില്‍നിന്ന് സംസാരിക്കുന്ന ജ്ഞാനിയായ ഭ്രാന്തനെപ്പോലുള്ള കഥാപാത്രങ്ങളിലൂടെയാണ് നടപ്പ് നോവല്‍ രൂപഘടനയെ കാക്കനാടന്‍ ശ്ലഥം ചെയ്യുന്നത്. ഈ തകര്‍ച്ചയുടെ പിഞ്ഞാണച്ചീളുകളില്‍നിന്നും വളപ്പൊട്ടുകളില്‍നിന്നും അദ്ദേഹം പുതിയ സൗന്ദര്യരൂപങ്ങള്‍ സൃഷ്ടിച്ചു. ഈ സൗന്ദര്യപ്രതലത്തില്‍ ജീവിതത്തിന്റെ നിരര്‍ത്ഥകതയുടെ രൂപങ്ങള്‍ കാക്കനാടന്‍ പ്രതിഫലിപ്പിച്ചു. ജീവിതത്തിന്റെ വ്യഗ്രതകളും യാന്ത്രിക സ്വഭാവങ്ങളും വേട്ടപ്പട്ടികളായി, ഒറ്റപ്പെട്ടുപോയ മനുഷ്യന്റെ പിന്നാലെ ഓടുകയും മരണത്തിന്റെ ഗുഹാഭീതികളില്‍ അവനെ കൊണ്ടുചെന്നെത്തിക്കുകയുമാണ്.
 
ഇരുള്‍പാതകള്‍ നിറഞ്ഞ ആ ഗുഹക്കുള്ളില്‍ ജീവിതം നീണ്ട അനിശ്ചിതത്വങ്ങളായി അനുഭവപ്പെടുന്നു. ഈ കാതരരൂപങ്ങള്‍ അന്നോളമുള്ള നോവല്‍ഘടനാ സങ്കല്പങ്ങളുടെ ജഡതയില്‍ നിന്നും ജാഗരത്തിലേക്കു ജൈത്രയാത്ര നയിച്ചപ്പോള്‍ നമ്മുടെ പാരമ്പര്യം ഞെട്ടുകതന്നെചെയ്തു. കള്ളനും വ്യഭിചാരിയും ജാരസന്തതികളും കൂട്ടിക്കൊടുപ്പുകാരനും അഭിസാരികകളും സ്വവര്‍ഗരതിക്കാരനുമൊക്കെ പാത്രസൃഷ്ടികളില്‍ പ്രാമുഖ്യം നേടിയപ്പോള്‍ പാരമ്പര്യത്തിന്റെ ഞെട്ടല്‍ കടുത്ത ആഘാതമായി മാറി.
രഹസ്യാത്മകവും പാപാത്മകവുമെന്ന നമ്മുടെ രതിരീതികളുടെയും രതിരഹസ്യങ്ങളുടെയും മറപ്പുര കാക്കനാടന്‍ പൊളിച്ചപ്പോള്‍ രതിയുടെ അരാജകത്വമല്ല ആധുനിക നോവലില്‍ അനാവൃതമായത്. രതിസൗന്ദര്യമാണ് ഭാരതീയ രസസിദ്ധാന്തങ്ങളില്‍ പ്രഥമ സ്ഥാനത്ത് നില്‍ക്കുന്ന ശൃംഗാരത്തിന്റെ സ്ഥായീഭാവം രതിയെന്നിരിക്കെ ഇക്കാര്യത്തില്‍ നാം ചെയ്യുന്ന ഒളിഞ്ഞുനോട്ടങ്ങളെയാണ് കാക്കനാടന്‍ ആക്രമിച്ചത്. യഥാര്‍ത്ഥത്തില്‍ ഇത് പാരമ്പര്യ നിഷേധമല്ല. പാരമ്പര്യ നവീകരണമാണ്. പാപമുക്തമായ അനുഷ്ഠാനമാണ് കാക്കനാടന്റെ രതി സങ്കല്പം. സ്വാഭാവികതയും അനിവാര്യതയുമാണ് ഈ സങ്കല്പങ്ങള്‍ക്ക് അദ്ദേഹം കല്‍പ്പിക്കുന്ന വിധികള്‍. രതി അശ്ലീലമല്ല. കാവ്യസൗന്ദര്യത്തിന്റെ ഭാഗമാണെന്ന് ഈ സങ്കല്പം നമ്മെ ബോധ്യപ്പെടുത്തുന്നു. വികാര തീഷ്ണമായ വാക്കുകളിലൂടെ, സ്ത്രീ-പുരുഷ ഗമനങ്ങളുടെ വര്‍ണ്ണനയിലൂടെ കാക്കനാടന്‍ വായനയുടെ സൗന്ദര്യ കവാടങ്ങളാണ് തുറക്കുന്നത്. ശിഥിലവും ഇഴയടുപ്പവുമില്ലാത്ത കുടുംബബന്ധങ്ങള്‍ വരണ്ട പിതൃ-പുത്ര, മാതൃ-പുത്ര ബന്ധങ്ങള്‍, ഹൃദയസ്പര്‍ശമില്ലാത്ത സഹജാത ബന്ധങ്ങള്‍ ഇവയൊക്കെ വ്യവസ്ഥാപിത കുടുംബ ബന്ധങ്ങളോട് പിണക്കം കാട്ടുന്നത് കാക്കനാടന്‍ കൃതികളിലുടനീളം കാണാനാകും.
 
ഭാഷയെ സംബന്ധിച്ച മൂലധാരണകളുടെ മുരടില്‍ തന്നെ മുറിവേല്‍പ്പിക്കുന്നതാണ് കാക്കനാടന്റെ ഭാഷാ പ്രകൃതം. ഭാവാത്മക വിവരണങ്ങള്‍ക്കൊപ്പം തന്നെ ബിംബാത്മകമായ ഒരു ഭാഷാശൈലിയും കാക്കനാടനില്‍ ദര്‍ശിക്കാം. സരളവും വിലോലവുമായ ശൈലിയുടെ മഞ്ഞ്മറയില്‍ ജീവിത യാഥാര്‍ത്ഥ്യങ്ങളെ അവ്യക്തതയോടെ ചിത്രീകരിക്കുന്ന കാലപനിക രീതിയോട് കലാപം ചെയ്‌തെടുത്ത നിര്‍മ്മിതികളാണ് ആ ഭാഷ. നിശിതവും നിരാര്‍ഭാടവും നാട്യരഹിതവുമായ ഭാഷയിലൂടെ അനുവാചകരില്‍ സംവേഗം ഉളവാക്കുന്ന ഭാവാന്തരീക്ഷം സൃഷ്ടിക്കാനുള്ള സിദ്ധി ഇതു കൈവരിക്കുന്നു. ഏകാകികളും കലാപകാരികളുമായ കാക്കനാടന്റെ കഥാപാത്രങ്ങളുടെ പ്രക്ഷോഭത്തിന് സമരവീര്യം പകരുന്ന ഒരു തരം കലാപഭാഷതന്നെ മലയാളത്തില്‍ പിറന്നു. പുതിയ ജീവിതസാഹചര്യങ്ങളും പുതിയ ജീവിത വികാരങ്ങളും ആവിഷ്‌ക്കരിക്കാന്‍ പഴയ ഭാഷയുടെ ഇറുകിയ കുപ്പായങ്ങള്‍ പോരെന്ന വിചാരങ്ങളില്‍നിന്നാണ് കലാപകരുത്തുള്ള ഈ ഭാഷയുടെ ജനനം. ഇങ്ങിനെ ബഹുമുഖ വിഗ്രഹത്തകര്‍ച്ചകളിലൂടെ പഴയതിന്റെ സ്ഥാനത്ത് നവീന സങ്കല്പങ്ങള്‍ ഉരുക്കിവാര്‍ക്കുന്ന കാക്കനാടന്‍ ചേതങ്ങളല്ല; ഈടുവെയ്പുകളാണ് ഭാഷയ്ക്ക് സമ്മാനിക്കുന്നത്. നോവലില്‍ കാക്കനാടന്‍ സൃഷ്ടിച്ച നവോദയത്തിന്റെ വെളിച്ചത്തിലാണ് മലയാള സാഹിത്യരംഗത്തെ പുതിയ സങ്കല്പങ്ങളുടെയും പുതിയ ക്രമങ്ങളുടെയും പുതിയ അസ്വാദനരീതികളുടെയും വ്യാകരണങ്ങളെ നാം വായിക്കേണ്ടത്.

No comments:

Post a Comment

Note: Only a member of this blog may post a comment.