Friday, October 14, 2011

കേരള നിയമസഭയിലെ ദുഃഖവെള്ളിയാഴ്ച


ജനാധിപത്യ ഭരണവ്യവസ്ഥ അര്‍ത്ഥപൂര്‍ണമാവണമെങ്കില്‍ തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികള്‍ സ്വന്തം ഉത്തരവാദിത്വം യഥാവിധി വിനിയോഗിക്കണം. ഭരണപക്ഷവും പ്രതിപക്ഷവും തങ്ങളില്‍ അര്‍പിതമായിരിക്കുന്ന ചുമതലകള്‍ തിരിച്ചറിയുകയും വേണം. ജനങ്ങള്‍ വിശ്വാസപൂര്‍വം ഏല്‍പിച്ച വലിയൊരു ബാധ്യതയാണ് ജനപ്രതിനിധി നിശ്ചിതകാലത്തിനുള്ളില്‍ നിര്‍വഹിക്കേണ്ടിവരുന്നത്.
രാജ്യത്തിന്റെ ചരിത്രത്തിനും ജനങ്ങളുടെ ക്ഷേമത്തിനും സംസ്‌കാരമൂല്യങ്ങള്‍ക്കും ഇണങ്ങുന്നവിധം പ്രവര്‍ത്തിച്ച് പുതിയ കീഴ്‌വഴക്കങ്ങളും സമ്പ്രദായങ്ങളും സൃഷ്ടിക്കാന്‍ പ്രതിഭാശാലികളായ ജനപ്രതിനിധികള്‍ക്ക് കഴിയും. ജനാധിപത്യ സ്ഥാപനങ്ങളെ ജനങ്ങളുടെ ജീവിതത്തിന്റെ മേന്‍മ ഉയര്‍ത്താന്‍ എങ്ങനെ വിനിയോഗിക്കാമെന്ന് അത്തരം പ്രതിനിധികളാണ് തീരുമാനിക്കുന്നത്. ഇക്കാര്യത്തില്‍ ജനപ്രതിനിധികള്‍ക്ക് പ്രതിപക്ഷമെന്നോ ഭരണപക്ഷമെന്നോ ഉള്ള വ്യത്യാസമില്ല. ഈ തത്വവിചാരം ഇവിടെ വീണ്ടും പറയേണ്ടിവന്നത് ഇന്നലെ സംസ്ഥാന നിയമസഭയില്‍ ഉണ്ടായ അനിഷ്ടപരമായ സംഭവങ്ങള്‍ ഓര്‍ത്തുകൊണ്ടാണ്. സി.പി.എം നയിക്കുന്ന ഇടതുപക്ഷം നിയമസഭയില്‍ പ്രതിപക്ഷത്തിരുന്ന് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത് നമ്മുടെ ജനാധിപത്യ സമ്പ്രദായത്തിന് നാണക്കേടുണ്ടാക്കുന്ന കാര്യങ്ങളാണ്. ജനങ്ങളുമായി യാതൊരു ബന്ധവുമില്ലാത്ത അപ്രസക്തമായ വിഷയങ്ങള്‍ എടുത്തിട്ട് നിയമസഭയുടെ വിലപ്പെട്ട സമയം പാഴാക്കുന്നു. ഏതോ വലിയ സംഭവം സഭയില്‍ ചര്‍ച്ചയ്ക്ക് വരാതിരിക്കാന്‍ എന്ന് ന്യായമായും സംശയിക്കാവുന്ന വിധത്തില്‍ കാര്യമില്ലാത്ത കാര്യങ്ങളുടെ പേരിലാണ് ഓരോ ദിവസവും ഒച്ചപ്പാടും ബഹളവും കൂട്ടുന്നത്.
 
കഴിഞ്ഞദിവസങ്ങളില്‍ പാവപ്പെട്ട ഒരു വിദ്യാര്‍ത്ഥിയുടെ ബി.ടെക് പ്രവേശനത്തിന്റെ പേരിലായിരുന്നു കോലാഹലങ്ങളും സഭാ  ബഹിഷ്‌കരണവും നടന്നത്. അതേതുടര്‍ന്നുള്ള സംഭവങ്ങള്‍ സഭയിലും പുറത്തും സി.പി.എം ഒരു മഹാസംഭവം പോലെയാണ് പൊക്കിക്കൊണ്ടുനടക്കുന്നത്. പത്തുനിമിഷം കൊണ്ട് ചര്‍ച്ച ചെയ്ത് തീര്‍ക്കാവുന്ന കാര്യം രണ്ടുമാസത്തെ പിക്കറ്റിങ്ങും അധ്യയനം മുടക്കലും കല്ലേറും ലാത്തിച്ചാര്‍ജും വെടിവയ്പ്പും വരെയാക്കി വളര്‍ത്തി രാഷ്ട്രീയ മുതലെടുപ്പ് നടത്തേണ്ടത് സി.പി.എമ്മിന്റെ സ്ഥാപിത താല്‍പര്യമാണ്. കോഴിക്കോട് വെടിവയ്പ്പിനെക്കുറിച്ചുള്ള ഡി.ജി.പിയുടെ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ചോര്‍ന്നതിനെച്ചൊല്ലിയായിരുന്നു ഇന്നലെ സഭയില്‍ അപമാനകരമായ രംഗങ്ങള്‍ക്ക് വഴിയൊരുക്കിയത്. നിയമസഭയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന വാച്ച് ആന്‍ഡ് വാര്‍ഡ് ജീവനക്കാരിയടക്കം രണ്ടുപേരെ സി.പി.എം അംഗങ്ങള്‍ കയ്യേറ്റം ചെയ്തു. പരിക്കേറ്റ ജീവനക്കാരി രജനി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. അഭിലാഷ് എന്ന മറ്റൊരു ജീവനക്കാരനും രജനിയും രോഷാകുലരായ നിയമസഭാംഗങ്ങളില്‍ നിന്ന് തങ്ങള്‍ക്കേറ്റ ദേഹോപദ്രവത്തെക്കുറിച്ച് നിയമസഭാ സ്പീക്കര്‍ ജി. കാര്‍ത്തികേയന് രേഖാമൂലം പരാതി നല്‍കിയിട്ടുണ്ട്.
 
സംസ്ഥാന നിയമസഭയുടെ ചരിത്രത്തില്‍ ഇത്രയും അപമാനകരമായ ഒരു സംഭവം ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറയുന്നു. ദീര്‍ഘകാലം നിയമസഭയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഒരംഗവും ഇന്നലത്തെ സംഭവത്തെ ന്യായീകരിക്കുമെന്ന് തോന്നുന്നില്ല. സഭാ നടപടികളുടെ വീഡിയോ ദൃശ്യങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചാല്‍ ജീവനക്കാര്‍ നല്‍കിയ പരാതിയുടെ നിജസ്ഥിതി ബോധ്യപ്പെടും. മാന്യതയും മര്യാദയും മറന്ന് സഭാ നടപടികള്‍ക്ക് ചേരാത്തവിധം പ്രവര്‍ത്തിച്ച അംഗങ്ങളുടെ തനിനിറം മാധ്യമ പ്രതിനിധികള്‍ക്കുമുന്നില്‍ പ്രദര്‍ശിപ്പിക്കേണ്ടതാണ്. ജനങ്ങളുടെ പിന്തുണവാങ്ങി സഭയിലെത്തിയശേഷം നിലമറന്ന് പെരുമാറിയ അംഗങ്ങളെക്കുറിച്ച് ജനങ്ങള്‍ കൃത്യമായി അറിയണം. ജനാധിപത്യ സ്ഥാപനങ്ങള്‍ക്കും നിയമനിര്‍മ്മാണ സഭയ്ക്കും അപമാനമുണ്ടാക്കുന്നവരെ ഭാവിയിലെങ്കിലും സഭയിലെത്താന്‍ അനുവദിക്കാതിരിക്കണമെങ്കില്‍ കാര്യങ്ങള്‍ സുതാര്യമാകുന്നതാണ് ഉചിതം. നിസ്സാരവിഷയങ്ങള്‍ ഉന്നയിച്ച് ബഹളമുണ്ടാക്കുന്ന പ്രതിപക്ഷ ശൈലി ആപത്താണെന്ന് അവര്‍ തിരിച്ചറിയുന്നില്ല. ആംഗ്യം കാട്ടിയെന്നും ഫോണ്‍ വിളിച്ചെന്നും ചിരിച്ചെന്നും ഒക്കെപ്പറഞ്ഞാണ് പ്രതിപക്ഷം നിയമസഭയില്‍ ഇപ്പോള്‍ ഒച്ചപ്പാടുയര്‍ത്തുന്നത്. കഴിഞ്ഞ ഇടതു ഗവണ്‍മെന്റിന്റെ കാലത്തുണ്ടായ ഗുരുതരമായ ചില ക്രമക്കേടുകള്‍ സഭയില്‍ ചര്‍ച്ചയ്ക്കുവരുമെന്ന ഭയമാകാം ഇത്തരം വിക്രിയകളുടെ അടിസ്ഥാനഹേതുവെന്ന് സംശയിക്കുന്നു.

No comments:

Post a Comment

Note: Only a member of this blog may post a comment.