Friday, October 7, 2011

അധ്യാപകന്‍ മൊഴി മൂന്നാം തവണയും മാറ്റിപറഞ്ഞു; കടയ്ക്കല്‍ സന്ദര്‍ശനത്തില്‍ ദുരൂഹത


വാളകത്ത് ആക്രമിക്കപ്പെട്ട് ചികിത്സയില്‍ കഴിയുന്ന അധ്യാപകന്‍ ആര്‍. കൃഷ്ണകുമാറില്‍ നിന്ന് അന്വേഷണസംഘം മൂന്നാം തവണയും മൊഴിയെടുത്തു. മുമ്പ് പറഞ്ഞതില്‍ നിന്ന് വ്യത്യസ്തമായി ആക്രമണം നടന്ന ദിവസം കടക്കലില്‍ പോയി ജ്യോത്സ്യന്‍ ശ്രീകുമാറിനെ കണ്ടിരുന്നുവെന്ന് കൃഷ്ണകുമാര്‍ അന്വേഷണ ഉദ്യോഗസ്ഥരോട് തിരുത്തിപറഞ്ഞു. സംഭവദിവസം താന്‍ കടക്കലില്‍ പോയിട്ടില്ലെന്നായിരുന്നു നേരത്തെ ഇദ്ദേഹം പൊലീസിനോട് പറഞ്ഞിരുന്നത്. സ്‌കൂള്‍ മാനേജരായ മുന്‍മന്ത്രി ആര്‍.ബാലകൃഷ്ണപിള്ളയ്ക്ക് തന്നോടും ഭാര്യയോടും വൈരാഗ്യമുണ്ടായിരുന്നുവെന്നും കൃഷ്ണകുമാര്‍ അന്വേഷണോദ്യോഗസ്ഥരോട് ആവര്‍ത്തിച്ചു.

ഡി.വൈ.എസ്.പിമാരായ ഷാനവാസ്, അജിത്ത് എന്നിവരാണു വ്യാഴാഴ്ച രാവിലെയോടെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ എത്തി മൊഴിയെടുത്തത്. ജില്ലാ മജിസ്‌ട്രേറ്റിനും പൊലീസിനും അധ്യാപകന്‍ നല്‍കിയ മൊഴികള്‍ വ്യത്യസ്ഥമായിരുന്നു. ഈ വൈരുദ്ധ്യമാണ് വീണ്ടും മൊഴിയെടുക്കാന്‍ കാരണമായത്. ഭാര്യ ഗീതയുടെ സാന്നിധ്യത്തിലായിരുന്നു ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്യല്‍ പൂര്‍ണമായും വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട്. അധ്യാപകന്‍ താന്‍ സ്വന്തം കാറില്‍ സഞ്ചരിച്ചപ്പോഴായിരുന്നു ആക്രമണം എന്നാണ് മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴിയില്‍ പറഞ്ഞിരുന്നത്.

എന്നാല്‍ ആക്രമണം നടന്ന ഉടന്‍ അധ്യാപകന്റെ വീട്ടിലെത്തിയ ഏഷ്യാനെറ്റ് ചാനല്‍ സംഘത്തിന് അധ്യാപകന്റെ കാര്‍ വീട്ടുമുറ്റത്ത് കിടക്കുന്നത് കാണ്ടിരുന്നു. ഇത് വെളിയില്‍ വന്നതോടെ അധ്യാപകന്‍ പോലീസിനും മജിസ്ട്രേറ്റ് മുമ്പാകെയും തെറ്റായ മൊഴി നല്‍കി അന്വേഷണത്തെ വഴിതെറ്റിക്കാന്‍ ശ്രമിയ്ക്കുന്നുവെന്ന സംശയം ഉയര്‍ന്നത്. ഡ്യൂട്ടി ഡോക്ടറോട് അധ്യാപകന്‍ പറഞ്ഞത് താന്‍ കാറില്‍ നിന്ന് വീണതാണെന്നാണ്. ഇക്കാര്യം ഡ്യൂട്ടി ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്. അധ്യാപകന്‍ കാറില്‍ സഞ്ചരിക്കുമ്പോഴായിരുന്നു ആക്രമണം എന്ന മൊഴി പോലീസ് പൂര്‍ണ്ണമായും വിശ്വസിച്ചിട്ടില്ല. അധ്യാപകനെ അക്രമി സംഘം കാറു കൊണ്ട് ഇടിച്ചു വീഴ്ത്തിയ ശേഷം ആക്രമിയ്ക്കാനുള്ള സാധ്യതയും പോലീസ് അന്വേഷിക്കുന്നുണ്ട്.

അധ്യാപകന്‍ പരസ്പര വിരുദ്ധമായ മൊഴികള്‍ നല്‍കുന്നത് അന്വേഷണത്തെ മോശമായി ബാധിക്കുന്നുവെന്ന് അന്വേഷണ സംഘം പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അധ്യാപകന് ശരിക്കും ബോധം തെളിയാത്തതിനാലാണ് മൊഴികളില്‍ വൈരുദ്ധ്യം വരുന്നതെന്ന്‌ ഭാര്യ ന്യായീകരിച്ചിരുന്നു. എന്നാല്‍ അധ്യാപകന്റെ ബോധത്തിന് ഒരു കുഴപ്പവുമില്ലെന്ന്‌ ഡോക്ടര്‍മാരും പറഞ്ഞു. ഇതോടെയാണ് വീണ്ടും മൊഴിയെടുക്കാന്‍ പോലീസ് തയാറായത്. ബുധനാഴ്ച ജ്യോത്സ്യന്‍ ശ്രീകുമാറിനെയും പൊലീസ് വീണ്ടും ചോദ്യം ചെയ്തിരുന്നു.

ചൊവ്വാഴ്ച രാത്രി കസ്റ്റഡിയിലെടുത്ത ശ്രീകുമാറിനെ ബുധനാഴ്ച രാവിലെയാണ് ചോദ്യംചെയ്തത്. ചൊവ്വാഴ്ച ശ്രീകുമാറിന്റെയും ഭാര്യ ശോഭനയുടെയും പേരില്‍ കടക്കല്‍ സര്‍വ്വീസ് സഹകരണ ബാങ്കിലെ അക്കൗണ്ടുകള്‍ ചവറ സി.ഐയുടെ നേതൃത്വത്തില്‍ പരിശോധിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ശ്രീകുമാറിനെ വീണ്ടും ചോദ്യം ചെയ്തത്. തിരുവനന്തപുരത്ത് ചികിത്സയില്‍ കഴിയുന്ന കൃഷ്ണകുമാറിന്റെ സാന്നിധ്യത്തില്‍ ശ്രീകുമാറിനെ വീണ്ടും ചോദ്യംചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ശ്രീകുമാറിന്റെയും കൃഷ്ണകുമാറിന്റെയും മൊഴികളില്‍ വൈരുദ്ധ്യമുണ്ട്.

ആക്രമണം നടന്ന ദിവസം തന്റെ വീട്ടിലെത്തിയ കൃഷ്ണകുമാറിനെ മകനാണ് കാറില്‍ നിലമേലില്‍ കൊണ്ടുവിട്ടത് എന്നായിരുന്നു ശ്രീകുമാര്‍ ആദ്യം നല്‍കിയ മൊഴി. എന്നാല്‍, താന്‍ കടയ്ക്കലില്‍ പോയിട്ടില്ല എന്നാണ് കൃഷ്ണകുമാര്‍ പൊലീസിനോട് പറഞ്ഞത്. നേരത്തെ രണ്ടു തവണ ശ്രീകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ചിരുന്നു. ശ്രീകുമാറിന്റെയും കൃഷ്ണകുമാറിന്റെയും മൊഴികളിലെ വൈരുദ്ധ്യം ഇപ്പോഴും പൂര്‍ണമായി മാറിയിട്ടില്ലെന്ന് അന്വേഷണോദ്യാഗസ്ഥര്‍ പറഞ്ഞു

No comments:

Post a Comment

Note: Only a member of this blog may post a comment.