Monday, October 24, 2011

സിപിഎമ്മിന്‌ ഇത്‌ സ്‌ത്രീ ശാപത്തിന്റെ കാലം

സിപിഎമ്മിന്‌ ഇത്‌ സ്‌ത്രീ ശാപത്തിന്റെയും ജയരാജ ഗീര്‍വാണത്തിന്റെയും കാലമാണെന്ന്‌ അടക്കം പറയുന്നത്‌ അണികള്‍തന്നെ. പാര്‍ട്ടിക്ക്‌ ആണികളായി മാറിക്കൊണ്ടിരിക്കുന്ന മുതിര്‍ന്ന സഖാക്കള്‍ എന്തിനും മുതിര്‍ന്നവരാകുന്നതാണിപ്പോള്‍ സമ്മേളനങ്ങളിലെ ചര്‍ച്ച. രാജേഷിന്റെ വിലാപം, ഒരു ഗദ്‌ഗദത്തില്‍ ഒതുക്കാമായിരുന്നുവെന്നുമുണ്ട്‌ അഭിപ്രായം. പാര്‍ട്ടി പത്രത്തിന്റെ ഒരു യൂണിറ്റില്‍ ലോക്കല്‍ കമ്മിറ്റി അംഗമായ സഖാവ്‌ തന്നെയാണ്‌ സ്വകാര്യമായി ഈ അഭിപ്രായം പങ്കുവെയ്‌ക്കുത്‌. പരസ്യമായി പറഞ്ഞാല്‍ സികെപി പത്മനാഭന്റെ അനുഭവമുണ്ടാകുമെന്നാണു പേടി.
സ്‌ത്രീ ശാപം പണ്ട്‌ അവിഭക്ത പാര്‍ട്ടിയുടെ കാലം മുതല്‍ക്കേയുള്ളതാണ്‌. ഗൗരിയമ്മ സഖാവിനെ ടി വി തോമസ്‌ സഖാവ്‌ നിയമപരമായി സ്വന്തമാക്കിയപ്പോള്‍, നിയമപരമായല്ലാതെ ഒളിവില്‍ വെച്ച്‌ സ്വന്തമാക്കിയ മറ്റൊരു സ്‌ത്രീയും അവര്‍ക്കൊരു കുഞ്ഞുമുണ്ടായിരുന്നുവെന്നത്‌ ഇപ്പോള്‍ രഹസ്യമല്ല. ശാപമോ എന്തോ ഗൗരിയമ്മ- തോമസ്‌ ദാമ്പത്യം അധികം നീണ്ടില്ല. പാര്‍ട്ടിക്കൊപ്പം പിളര്‍ന്ന ലോകത്തിലെ തന്നെ അപൂര്‍വ ദാമ്പത്യമായി അതു മാറി.
കാലം കുറേ കഴിഞ്ഞ്‌ ശശി സഖാവിന്റെ വീരേതിഹാസങ്ങളുടെ കൂട്ടത്തിലാണ്‌ പിന്നെയും സ്‌ത്രീയും ശാപവും രംഗപ്രവേശം ചെയ്യുന്നത്‌. അതു കേരളം ചര്‍ച്ച ചെയ്‌തു കഴിഞ്ഞതാണ്‌. ഏഷ്യാനെറ്റിലെ ഷാജഹാന്‌ ശശീന്നു പറഞ്ഞപ്പോള്‍ രണ്ടടിയും കിട്ടി. ശശി പുറത്തു പോയി വക്കീല്‍ കുപ്പായമിട്ടെങ്കിലും പാര്‍ട്ടിയില്‍ ഇപ്പോഴും നല്ല സ്വാധീനം. സികെപിക്ക്‌ സീറ്റു കിട്ടാതിരുന്നതും കുറച്ചൂടെ കഴിഞ്ഞപ്പോള്‍ പണ്ടെങ്ങോ കര്‍ഷക സംഘം ഓഫിസ്‌ സെക്രട്ടറി കാശ്‌ കൈകാര്യം ചെയ്‌തതിലെ പിശകിന്റെ പേരില്‍ സികെപിയെ തരംതാഴ്‌ത്തിയതുമെല്ലാം ആ സ്വാധീനത്തിന്റെ തെളിവുമായി. പക്ഷേ, പാര്‍ട്ടിയില്‍ മഹാ മന്നനായി വിളങ്ങിയിരുന്ന ആ കാലം ഇനി തിരിച്ചു വരാനിടയില്ലെന്നുറപ്പാണല്ലോ. അതാണു സ്‌ത്രീ ശാപത്തിന്റെ ശക്തി. എറണാകുളത്തെ കോട്ടമുറിക്കല്‍ സഖാവിന്റെ ഗതി ഗോപിയായതിനു സ്‌ത്രീ നേരിട്ട്‌ പരാതിക്കാരിയായില്ലെങ്കിലും പങ്കാളിയായി. എല്ലാം കഴിഞ്ഞ്‌ വെള്ള പാന്റും ഷര്‍ട്ടുമിട്ട വാച്ച്‌ ആന്‍ഡ്‌ വാര്‍ഡിന്റെ രൂപത്തിലും കാക്കിയിട്ട ഹൈവേ പൊലീസിന്റെ രൂപത്തിലുമാണ്‌ ഇപ്പോള്‍ സ്‌ത്രീ ശാപം. ആദ്യത്തേതിലും രണ്ടാമത്തേതിലും ചുറുചുറുക്കുള്ള രാജേഷ്‌ സഖാവാണ്‌ ആരോപണ വിധേയന്‍.  സത്യന്‍ അന്തിക്കാട്‌ ചിത്രത്തില്‍ മാമുക്കോയ പറയുന്നതുപോലെ, നന്നായിട്ടൊന്നു ശ്രമിച്ചാല്‍ ഇപ്പോഴും നല്ലൊരുത്തനെയൊക്കെ പാര്‍ട്ടിയില്‍ നിന്നു കിട്ടും.   പക്ഷേ, പറഞ്ഞിട്ടെന്താ. കാലം മാറി കഥ മാറി. പെണ്ണ്‌ പറയുന്നതിനാണിപ്പോള്‍ വില. പിടിച്ചെന്നു പറഞ്ഞാല്‍ പിടിച്ചെന്നുതന്നെ. സ്വയം ന്യായീകരിച്ചു രക്ഷപ്പെടാനൊന്നും കഴിയില്ല. റിപ്പോര്‍ട്ടിംഗില്‍ തോറ്റു തുന്നം പാടുന്ന ലേഡി ജേര്‍ണലിസ്റ്റുകള്‍ ചാനലില്‍ പ്രതിവാര ഫെമിനിസ്റ്റ്‌ പംക്തി തുടങ്ങുന്നതു സഹിക്കാം. ഇതു പക്ഷേ, തടിയില്‍ മണ്ണു പറ്റുന്ന കേസാണ്‌. രജനി കുമാരിയായാലും ഷംലാ കുമാരിയായാലും സൂക്ഷിച്ചില്ലെങ്കില്‍ പാരയാകും. ഭര്‍ത്താവ്‌ കണ്ണുരുട്ടിയാല്‍ ജാമ്യമില്ലാത്ത കുറ്റമാക്കുന്ന ഐപിസി 498 എ എന്ന വിഖ്യാത വകുപ്പിന്റെ കാലമാണ്‌.
ജഡ്‌ജിമാരെ ശുംഭന്‍മാര്‍ എന്നു വിളിച്ചു കുരുക്കിലായിട്ടും കണ്ണൂരിന്റെ ശൗര്യം വിടാത്ത എം വി ജയരാജന്റെ പുതിയ ഗീര്‍വാണമാണ്‌ ഇപ്പോള്‍ മറ്റൊരു പുലിവാല്‍. പക്ഷേ, പാര്‍ട്ടിക്കാരും പൊലീസു മാത്രമാണ്‌ അങ്ങനെ ചിന്തിക്കുന്നത്‌ എന്നതാണ്‌ രസം. ജയരാജനു യാതൊരു കുലുക്കവുമില്ല. പിള്ളേര്‍ക്കു നേരേ വെടിവെച്ച കോഴിക്കോട്‌ എസിപിയെ യൂണിഫോമില്ലാതെ കിട്ടിയാല്‍ നല്ല അടിവെച്ചു കൊടുത്തുകൊള്ളാനാണ്‌ ജയരാജന്റെ ആഹ്വാനം. എന്നുപറഞ്ഞാല്‍, നിയമം കൈയിലെടുത്തോളൂ, കൈയും കാലും തല്ലിയൊടിച്ചോളൂ എന്നാണ്‌ സഖാക്കളോട്‌ ജയരാജന്‍ പറഞ്ഞത്‌. അതാകട്ടെ, രാധാകൃഷ്‌ണ പിള്ളപ്പൊലീസിനു മാത്രമായി ബാധകമാകുന്ന കാര്യമല്ല താനും. മുന്‍ കാല പ്രാബല്യമുണ്ടെങ്കില്‍ എത്രയെത്ര പൊലീസുകാര്‍ കൈയും കാലും പ്ലാസ്റ്ററിട്ട്‌ നടക്കേണ്ടിവരും. പണ്ട്‌ പാര്‍ട്ടിക്കാരെ തല്ലിയ പലരും റിട്ടയര്‍ ചെയ്‌ത്‌ യൂണിഫോമില്ലാതെ ജീവിക്കുകയാണ്‌. അവര്‍ക്ക്‌ ഇനി നിലത്തുനില്‍ക്കാന്‍ സമയം കിട്ടിയില്ലെന്നുവരും. ജയരാജന്റെ ആഹ്വാനം കേട്ട സഖാക്കള്‍ അവരെയൊക്കെ തല്ലിക്കളിക്കാന്‍ തുടങ്ങിയാല്‍...?
ഏതായാലും കാര്യങ്ങള്‍ ഇങ്ങനെ നീങ്ങുന്ന സ്ഥിതിക്ക്‌ പാര്‍ട്ടിക്ക്‌ ചെയ്യാനുള്ള ഒരേയൊരു കാര്യം എന്താണെന്നോ..? ജയരാജന്റെ ആഹ്വാനങ്ങള്‍ നിയമവിധേയമാക്കാന്‍ നിയമഭേദഗതിക്ക്‌ സമരം ചെയ്യുക. ഒപ്പം ഒരു ഭേദഗതി ബില്ല്‌ ഡ്രാഫ്‌റ്റ്‌ ചെയ്യുകയുമാകാം. ഭരണം കിട്ടുമ്പോള്‍ അത്‌ സഭയില്‍ അവതരിപ്പിച്ചാല്‍ മതിയല്ലോ. പിന്നെ, ശബ്ദതാരാവലിയൊന്ന്‌ അപ്‌ഡേറ്റ്‌ ചെയ്‌ത്‌ ജയരാജ പ്രയോഗങ്ങള്‍ അതില്‍ ഉള്‍പ്പെടുത്താനും ശ്രമം തുടങ്ങാവുന്നതാണ്‌.

No comments:

Post a Comment

Note: Only a member of this blog may post a comment.