Sunday, October 30, 2011

സി.പി.എമ്മില്‍ 'ശശി-ഗോപി രോഗം' താഴേയ്ക്ക് പടരുന്നു


സി.പി.എമ്മില്‍ മേല്‍ ത്തട്ടില്‍ ബാധിച്ച രോഗം പതിയേ താഴേയ്ക്ക് വ്യാപിക്കുകയാണത്രെ. ഏറ്റവുമൊടുവില്‍ നടപടി വന്നിരിക്കുന്നത് സി.പി.എം കൊട്ടാരക്കര ഏരിയകമ്മിറ്റി സെക്രട്ടറി സി. മുകേഷിനെതിരെയാണ്. മുകേഷിനെ സെക്രട്ടറി ‍സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാന്‍ ഇന്നലെ ചേര്‍ന്ന ഏരിയ കമ്മറ്റിയോഗം തീരുമാനിച്ചു. ഏരിയ സെക്രട്ടറിയുടെ താല്ക്കാലിക ചുമതല ജില്ലാ സെക്രട്ടേറിയറ്റ് അംഗം ആര്‍. സഹദേവന് നല്കാന്‍ യോഗം തീരുമാനിച്ചതായി പാര്‍ട്ടി ഇന്നലെ പത്രക്കുറുപ്പില്‍ അറിയിച്ചു.

മുകേഷിനെതിരായി പാര്‍ട്ടിക്ക് മുന്നിലുള്ള പരാതി പരിഗണിക്കുമ്പോള്‍ അദ്ദേഹം സെക്രട്ടറി സ്ഥാനത്തു തുടരുന്നതു ശരിയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി കൈക്കൊണ്ടിട്ടുള്ളത്. മുകേഷിനെതിരെ ഒരു വനിതാ പ്രവര്‍ത്തക നല്കിയ പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി. രാജേന്ദ്രന്‍, ജെ.മേഴ്‌സിക്കുട്ടി അമ്മ എന്നിവരെ ചുമതലപ്പെടുത്തിയിരുന്നു. അവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കൊട്ടാരക്കര ഏരിയ കമ്മിറ്റി ഓഫീസില്‍ വി. രവീന്ദ്രന്‍ നായരുടെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ജില്ലാ സെക്രട്ടറി കെ.രാജഗോപാല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എം.എ. ബേബി, സംസ്ഥാന കമ്മിറ്റി അംഗങ്ങളുമായ ബി. രാഘവന്‍, കെ. വരദരാജന്‍ എന്നിവരും യോഗത്തില്‍ സംബന്ധിച്ചിരുന്നു.

പാര്‍ട്ടി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മറു വിഭാഗത്തെ ഒതുക്കുന്നതിനുള്ള ഔദ്യോഗിക പക്ഷത്തിന്റെ ആസൂത്രണ നീക്കമാണിതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. മുന്‍പ് ഇടുക്കി ജില്ലയില്‍ ഇതിലും ഗൗരവമായ ആരോപണം മഹിളാ നേതാവ് ഉന്നയിച്ചപ്പോള്‍ പാര്‍ട്ടി സെക്രട്ടറി നേരിട്ട് പങ്കെടുത്ത ജില്ലാ കമ്മറ്റി യോഗത്തില്‍ അത് ചര്‍ച്ച ചെയ്യേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.

No comments:

Post a Comment

Note: Only a member of this blog may post a comment.