Friday, October 21, 2011

ഒടുവില്‍ ശുംഭനെ പാര്‍ട്ടിയും കൈവിട്ടു


കണ്ണൂര്‍: കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണര്‍ രാധാകൃഷ്ണപിള്ളയെ യൂണിഫോമിലല്ലാതെ എവിടെക്കണ്ടാലും തല്ലണമെന്ന സി.പി.എം സംസ്ഥാന സമിതിയംഗം എം വി ജയരാജന്റെ പ്രകോപനപരമായ പ്രസ്താവന വിവാദമായതോടെ സ്വന്തം പാര്‍ട്ടിയും ജയരാജനെ കൈവിടുന്നു.
ഇതോടൊപ്പം എം വി ജയരാജന്റെ വിവാദ പ്രസംഗത്തിന്റെ വീഡിയോദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കാനും തീരുമാനമായി. സംഭവം വിവാദമായതോടെ കണ്ണൂര്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി വൈ എസ് പി കുബേരന്‍ നമ്പൂതിരിയുടെ നിര്‍ദേശപ്രകാരമാണ് ടൗണ്‍പോലീസ് ഇന്നലെ ജയരാജനെതിരെ കേസെടുത്തത്. ഇതിനെ തുടര്‍ന്നാണ് വിവാദപ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍  പോലീസ് പരിശോധിക്കുന്നത്. അതേ സമയം യൂണിഫോമിലല്ലാത്തപ്പോള്‍ അസിസ്റ്റന്റ് കമ്മിഷണര്‍ കെ. രാധാകൃഷ്ണപിള്ളയെ തല്ലണമെന്ന എം.വി.ജയരാജന്റെ പ്രസ്താവന ശരിയായില്ലെന്നു പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
 
ഇതോടെ സ്വന്തം പാര്‍ട്ടിയില്‍ നിന്നു തന്നെ ജയരാജന് കല്ലുകടിച്ച് തുടങ്ങിയിരിക്കുകയാണ്. സംഭവത്തില്‍ കൂടുതല്‍ വഴിത്തിരിവുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇത്തരത്തില്‍ കടുത്തൊരു നടപടി ജയരാജനെതിരെ ഉണ്ടാവുകയാണെങ്കില്‍ സ്വന്തം പാര്‍ട്ടിയുടെ പിന്തുണ പോലും ജയരാജന് ഉണ്ടാകാന്‍ സാധ്യതയില്ല. കണ്ണൂരിലെ ചില ചാനലുകാരാണ് വീഡിയോക്ലിപ്പിംഗുകള്‍ പോലീസിന് കൈമാറിയിട്ടുള്ളത്. ആരോപണം സത്യമാണെന്ന് തെളിഞ്ഞാല്‍ കനത്ത നടപടിയുണ്ടാവുമെന്ന് പോലീസ് അധികൃതര്‍ പറഞ്ഞു. കുറ്റംചെയ്യാന്‍ പ്രേരിപ്പിച്ചതിന് ഐ പി സി 116, 117 വകുപ്പുകള്‍ പ്രകാരവും, പോലീസിന്റെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്താന്‍ ശ്രമിച്ചതിന് പോലീസ് ആക്ട് 117 ഇ പ്രകാരവുമാണ് ജയരാജനെതിരെ നിലവില്‍ പോലീസ് കേസെടുത്തിട്ടുള്ളത്. വീഡിയോ ക്ലിപ്പിംഗുകള്‍ പരിശോധിച്ച ശേഷം കുറ്റം  തെളിഞ്ഞാല്‍ ജയരാജന് മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കും. കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണര്‍ രാധാകൃഷ് ണപിള്ളയെ യൂണിഫോമിലല്ലാതെ എവിടെക്കണ്ടാലും തല്ലണമെന്നായിരുന്നു എംവി ജയരാജന്‍ കഴിഞ്ഞ ദിവസം എസ്.എഫ്.ഐ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തത്.
 
വിദ്യാര്‍ഥി സമരത്തിനിടെ വെടിയുതിര്‍ത്ത പോലീസ് ഉദ്യോഗസ്ഥനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ കണ്ണൂര്‍ സ്‌റ്റേഡിയം കോര്‍ണറില്‍ സംഘടിപ്പിച്ച കൂട്ടായ്മയിലാണ് ജയരാജന്‍ പ്രകോപനപരമായ രീതിയില്‍ ഇത്തരമൊരു പ്രസ്ഥാവന നടത്തിയത്. യൂണിഫോമില്ലാതെ വന്നാല്‍ രാധാകൃഷ്ണപിള്ളയും നമ്മളെപ്പോലെ സാധാരണ പൗരനാണെന്നും അതിനാല്‍ അദ്ദേഹത്തെ തല്ലുന്നതില്‍ ഭയക്കേണ്ട കാര്യമില്ലെന്നും ജയരാജന്‍ പറയുകയുണ്ടായി. ഇത്തരത്തില്‍ ജയരാജന്‍ വിദ്യാര്‍ത്ഥികളെ അക്രമം നടത്താന്‍ പ്രേരിപ്പിക്കുകയാണുണ്ടായത്. ഇത് കൂടാതെ കണ്ണൂരിലും രാധാകൃഷ്ണപിള്ള മോഡല്‍ നടപ്പാക്കാന്‍ തുനിഞ്ഞാല്‍ അടിച്ചൊതുക്കുമെന്നും ജയരാജന്‍ വെല്ലുവിളിക്കുകയുണ്ടായി. കണ്ണൂര്‍ ജില്ലാ പോലിസ് ചീഫിന് താന്‍ ഇക്കാര്യത്തില്‍ മുന്നറിപ്പു നല്‍കുന്നതായും,  തന്റെ പ്രസ്ഥാനത്തെ അടിച്ചമര്‍ത്താന്‍ നോക്കിയാല്‍ രാജാവിന്റെ പിന്തുണയുണ്ടായാലും അടിക്കുമെന്നും ജയരാജന്‍ പറയുകയുണ്ടായി.  
 
പോലിസുകാര്‍ ആക്രമിച്ചാല്‍ സ്വയം പ്രതിരോധത്തിന്റെ പേരില്‍ തിരിച്ചുതല്ലാന്‍ വിദ്യാര്‍ഥികള്‍ക്കും അവകാശമുണ്ടെന്ന ജയരാജന്റെ വക  പുതിയ നിയമവും വിദ്യാര്‍ത്ഥികള്‍ക്കു മുന്നില്‍ അദ്ദേഹം അവതരിപ്പിച്ചിരുന്നു. നിര്‍മല്‍ മാധവ് മണ്ടനും തിരുമണ്ടനുമാണെന്നും ജയരാജന്‍ പരിഹസിച്ചു. ഇത്തരത്തില്‍ പരസ്യമായാണ് ജയരാജന്‍ വെല്ലുവിളി നടത്തുകയും പ്രകോപനപരമായ രീതിയില്‍ സംസാരിക്കുകയും ചെയ്തത്. ഇതുകൂടാതെ വിദ്യാര്‍ത്ഥിയായ നിര്‍മ്മല്‍ മാധവ് മണ്ടനും തിരുമണ്ടനുമാണെന്നും പ്രഖ്യാപിച്ച് ജയരാജന്‍ പരസ്യമായി വ്യക്തിഹത്യ നടത്തുകയും ചെയ്തിരുന്നു. തന്റെ ശുംഭന്‍ പ്രയോഗത്തിലൂടെ ജയരാജന്‍ കോടതിയെത്തന്നെ വെല്ലുവിളിച്ച സംഭവവും നേരത്തെ ഉണ്ടായിട്ടുണ്ട്. ഈ കേസ് നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ജയരാജന്റെ മറ്റൊരു പ്രസ്ഥാവന കൂടി വീണ്ടും വിവാദമായിരിക്കുന്നത്.
 
കേസ് തനിക്ക് പുത്തരിയല്ല
കണ്ണൂര്‍:
 തനിക്ക് കേസ് ഒരു പുത്തരിയല്ലെന്നും നേരിടാന്‍ താന്‍ തയ്യാറാണെന്നും എം വി ജയരാജന്‍ പറഞ്ഞു. എന്റെ പേരില്‍ നിരവധി കേസുകള്‍ നിലവിലുണ്ട്. അതുകൊണ്ട് ഈ ഒരു കേസുകൂടി നേരിടുന്നതിന് എനിക്ക് വലിയ ബുദ്ധിമുട്ടില്ല. കൂടുതലായി ഞാന്‍ വീക്ഷണത്തോട് ഒന്നും തന്നെ പ്രതികരിക്കാന്‍ തയ്യാറല്ലെന്നും ജയരാജന്‍ പറഞ്ഞു.

No comments:

Post a Comment

Note: Only a member of this blog may post a comment.