Tuesday, October 11, 2011

കേരള രാഷ്ട്രീയത്തിലെ കമ്പിപ്പാരകള്‍


വാളകം സ്‌കൂളിലെ അധ്യാപകനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സന്ദര്‍ശിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനോട് അദ്ദേഹം ഒരു കമ്പിപ്പാരയുടെ മാരക പ്രയോഗത്തെപ്പറ്റി വിവരിച്ചകാര്യം പിണറായി
 തന്നെ വെളിപ്പെടുത്തി. ബാലകൃഷ്ണപിള്ളയുടെ ഫോണ്‍ സംഭാഷണം കൂടിക്കലര്‍ത്തി സി.പി.എം നേതാക്കള്‍ അതൊരു നെടുങ്കന്‍ രാഷ്ട്രീയ പാരയാക്കി ഉയര്‍ത്തിക്കൊണ്ടുവന്നു. ഇപ്പോള്‍ അതിന്റെ നിജസ്ഥിതി എന്ത് ?
എസ്.സുധീരന്‍
വാളകം ആര്‍വിഎച്ച്എസ്എസിലെ സാമൂഹ്യശാസ്ത്ര അധ്യാപകന്‍ കൃഷ്ണകുമാറിന് ഗുരുതരമായി പരിക്കേറ്റത് സംബന്ധിച്ച് അന്വേഷണം നേര്‍ദിശയിലാണെന്ന് പൊലീസ് പറയുന്നു. അതല്ല അന്വേഷണം തെറ്റായവഴിയിലാണെന്ന് കൃഷ്ണകുമാറിന്റെ ഭാര്യയും അതേ സ്‌കൂളിലെ അധ്യാപികയുമായ ഗീത തിരുത്തുന്നു.കഴിഞ്ഞമാസം 27-ാം തീയതി ചൊവ്വാഴ്ച രാത്രി രണ്ടുമണിയോടെയാണ് ഗുരുതരമായ പരിക്കുകളോടെ കൃഷ്ണകുമാറിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അപ്പോള്‍ അദ്ദേഹം അബോധാവസ്ഥയിലായിരുന്നു. വൃഷണത്തിനും, ജനനേന്ദ്രിയത്തിനും, മലദ്വാരത്തിനും സാരമായ പരിക്കുകള്‍ കണ്ടു. ഓര്‍ത്തോവിഭാഗം പ്രൊഫ: ഡോ.വിക്രമന്റെ നേതൃത്വത്തിലുള്ള ഒരു സംഘമാണ് ചികിത്സയ്ക്ക് നേതൃത്വം കൊടുത്തത്.
അടുത്തദിവസം ആശുപത്രിയില്‍ എത്തിയ മാധ്യമപ്രവര്‍ത്തകരോട് തന്റെ ഭര്‍ത്താവിനെ ആരോ മൃഗീയമായി കൊലപ്പെടുത്താന്‍ ശ്രമിച്ചതാണെന്ന് ഭാര്യ ആരോപണം ഉയര്‍ത്തി. ആര്‍ ബാലകൃഷ്ണപിള്ളക്ക് തങ്ങളോട് വിരോധം ഉണ്ടായിരുന്നതായി അവര്‍ അറിയിക്കുകയും ചെയ്തു. അതോടെ പ്രശ്‌നം ചൂടുപിടിച്ചു.

കൊട്ടാരക്കര എംഎല്‍എ ഐഷാപോറ്റി ഈ പ്രശ്‌നം അന്ന് തന്നെ നിയമസഭയില്‍ ഉന്നയിച്ചു. മന്ത്രി കെ.ബി ഗണേഷ്‌കുമാറിനെ മാറ്റി നിര്‍ത്തി അന്വേഷിക്കണമെന്നായിരുന്നു അവരുടെ ആവശ്യം. അധ്യാപകന്റെ കൊലപാതക ശ്രമത്തില്‍ ബാലകൃഷ്ണപിള്ളക്ക് പങ്കുണ്ടെന്ന് വരെ പ്രതിപക്ഷനേതാവ് അച്യുതാനന്ദന്‍ പറഞ്ഞുവച്ചു.സംഭവത്തെക്കുറിച്ച് ശക്തമായ അന്വേഷണം നടക്കുന്നുണ്ടെന്നും ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിട്ടും പ്രതിപക്ഷം തൃപ്തരായില്ല. ബാലകൃഷ്ണപിള്ളയുടെ കുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്ന ആളാണ് കൃഷ്ണകുമാര്‍. അദ്ദേഹത്തിന്റെ അച്ഛന്‍ ബാലകൃഷ്ണപിള്ളയുടെ പേഴ്‌സണല്‍ മാനേജരായിരുന്നു. ആ അടുപ്പത്തിന്റെ പുറത്താണ് മകനും, മരുമകള്‍ക്കും സ്‌കൂളില്‍ ജോലികൊടുത്തത്. ജോലിക്ക് കയറി കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ ഇവര്‍ തെറ്റി. കൃഷ്ണകുമാറും ഭാര്യയും മാര്‍ക്‌സിസ്റ്റ് സംഘടനയായ കെജിടിഎയില്‍ അംഗങ്ങളാണ്. സ്‌കൂളിലെ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് വിജിലന്‍സ് കേസില്‍ പിള്ളയ്‌ക്കെതിരെ അധ്യാപകന്‍ മൊഴികൊടുത്തിരുന്നു. പിള്ളയ്ക്ക് തങ്ങളോട് വിരോധമുണ്ടെന്ന് പറയാന്‍ കാരണവുമതാണ്. അധ്യാപകനെ ബാലകൃഷ്ണപിള്ളയും, ഗണേഷ്‌കുമാറുംകൂടി വകവരുത്തുവാന്‍ ശ്രമിച്ചുവെന്ന പ്രചണ്ഡമായ പ്രചരണമാണ് കൊട്ടാരക്കര പിന്നീട് കണ്ടത്. മന്ത്രി ഗണേശന്റെ പത്തനാപുരത്തെ വീട്ടിലേക്ക് മാര്‍ച്ച് നടത്തുന്നു, വാളകം സ്‌കൂള്‍ ഡിവൈഎഫ്‌ഐക്കാര്‍ അടിച്ചുതകര്‍ക്കുന്നു. നാടെങ്ങും പ്രതിഷേധ പ്രകടനം നടത്തുന്നു.

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അധ്യാപകനെ സന്ദര്‍ശിച്ച പിണറായി വിജയനും, കോടിയേരി ബാലകൃഷ്ണനും സംഭവങ്ങളെക്കുറിച്ച് വിശദമായ വിവരണങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കി. അധ്യാപകനെ കമഴ്ത്തിക്കിടത്തി മലദ്വാരത്തില്‍ കമ്പിപ്പാരകുത്തിയിറക്കിയെന്നും ജനനേന്ദ്രീയം അടച്ചുതകര്‍ത്തുവെന്നുമുള്ള വിവരണങ്ങള്‍ മൂളിച്ചു. എല്ലാം അധ്യാപകന്‍ പറഞ്ഞതായിട്ടായിരുന്നു അവകാശവാദം.അധ്യാപകനില്‍ നിന്നും കൊട്ടാരക്കര മജിസ്‌ട്രേറ്റ് എഎം അഷറഫ് രേഖപ്പെടുത്തിയ മൊഴിയില്‍ കമ്പിപ്പാരയുടെ കഥയേ ഉണ്ടായിരുന്നില്ല. വീട്ടില്‍ നിന്നിറങ്ങി കടയ്ക്കലില്‍ ശ്രീകുമാര്‍ എന്ന ജ്യോത്സന്റെ വീട്ടില്‍ പോയതും, അദ്ദേഹത്തിന്റെ മകന്‍ കാറില്‍ കൊണ്ടുവന്ന് വിട്ടതും അധ്യാപകന്‍ മറച്ചുവച്ചു. രണ്ടാമത് ഒന്നുകൂടി മജിസ്‌ട്രേറ്റ് മൊഴിയെടുത്തപ്പോള്‍ കടയ്ക്കലില്‍ പോയവിവരം സമ്മതിച്ചു. എന്നാല്‍ കമ്പിപാരയുടെകാര്യം അപ്പോഴും പറഞ്ഞില്ല.
ഒരാഴ്ച കഴിഞ്ഞപ്പോള്‍ അധ്യാപകന്റ നില കൂടുതല്‍ മെച്ചപ്പെട്ടു. മെഡിക്കല്‍ കോളേജിലെ എല്ലാ വിഭാഗത്തിലും പെടുന്ന അരഡസന്‍ ഡോക്ടര്‍മാര്‍ അദ്ദേഹത്തെ പരിശോധിച്ച് സമ്പൂര്‍ണ്ണമായ മെഡിക്കല്‍ റിപ്പോര്‍ട്ട് പൊലീസിന് നല്‍കി.
അധ്യാപകന് വാഹന അപകടത്തിലാണ് പരിക്ക് പറ്റിയതെന്നും ഒരുതരത്തിലുള്ള ആയുധവും ഉപയോഗിച്ചതായി കാണുന്നില്ലെന്നുമാണ് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ വാഹനാപകടത്തിലേക്കാണ് ചെന്നെത്തിയിരിക്കുന്നത്.

അധ്യാപകന്‍ വീട്ടില്‍ നിന്നിറങ്ങി കടയ്ക്കലില്‍ ജ്യോത്സ്യന്റെ വീട്ടില്‍ പോവുകയും തിരിച്ച് ഒരു ഫാസ്റ്റ് പാസഞ്ചര്‍ ബസില്‍ രാത്രി 10.30ഓടെ വാളകം എംഎല്‍എ ജംഗ്ഷനില്‍ ഇറങ്ങുകയുമായിരുന്നു. റോഡ് മുറിച്ചുകടക്കുന്നതിനിടയില്‍ ഒരു വാഹനം വന്ന് പിറകില്‍ ഇടിച്ചു. ചെറിയവെള്ളക്കാറാണ് അപകടം ഉണ്ടാക്കിയതെന്ന് സമീപത്തെ കടക്കാര്‍മൊഴി നല്‍കിയിട്ടുണ്ട്. ഒരു കാര്‍ സഡന്‍ബ്രേക്കിട്ട് നിര്‍ത്തുന്നതിന്റെ ശബ്ദംകേട്ടതായും അവര്‍ അറിയിച്ചിട്ടുണ്ട്. കാറും അതിന്റെ ഉടമയേയും കണ്ടെത്താനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നത്. ഇതിനുവേണ്ടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തില്‍ നാലു സ്‌ക്വാഡുകള്‍ രൂപീകരിച്ചിട്ടുണ്ട്. ഐജിയുടെ മേല്‍നോട്ടത്തില്‍ ഡിവൈഎസ്പി നേതൃത്വം കൊടുക്കുന്ന സംഘമാണ് അന്വേഷണം നടത്തുന്നത്. ഓരോ പഴുതുകളും അവര്‍ പരിശോധിച്ചുവരികയാണ്. ബാലകൃഷ്ണപിള്ള, പിള്ളയുടെ അടുത്തഅനുയായികള്‍, സ്‌കൂളിലെ അധ്യാപകര്‍ തുടങ്ങി മുന്നൂറോളം പേരെ ഇതിനകം ചോദ്യം ചെയ്തിട്ടുണ്ട്. ഇവരാരും പിണറായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുന്ന കമ്പിപാരകളുടെ കഥകള്‍ സ്പര്‍ശിച്ചിട്ടില്ലെന്നാണ് അറിവ്. ഈ കലങ്ങിയ വെള്ളത്തില്‍ പറ്റുമെങ്കില്‍ ഒരു പാര ബാലകൃഷ്ണപിള്ളയ്ക്കും ഇരിക്കട്ടെയെന്ന് പ്രതിപക്ഷം ആഗ്രഹിക്കുന്നതിന്റെ തിരക്കഥയില്‍പ്പെട്ടതാണ് ഇതുസംബന്ധിച്ചുണ്ടായ ഫോണ്‍വിളി വിവാദം.

No comments:

Post a Comment

Note: Only a member of this blog may post a comment.