Thursday, October 13, 2011

പാര്‍ട്ടിക്കൊരു വനിതാ കമ്മീഷന്‍; എസ്.എഫ്.ഐയ്ക്ക് വരട്ടുചൊറി


അടിയന്തര പ്രമേയങ്ങളും വാക്കൗട്ടും പതിവു പരിപാടിയായതോടെ പ്രതിപക്ഷത്തിനും സംഗതി മടുത്തുവെന്നാണ് തോന്നുന്നത്. ഒന്നിനും ഒരു ഗൗരവമില്ലാത്തതു പോലെ. ഇടയ്ക്കിടെ ഓരോ പ്രശ്‌നങ്ങളുയര്‍ത്തും. പിന്നെ ഇറങ്ങിപ്പോകും.
കഴിഞ്ഞ കുറേദിവസങ്ങളിലായി ഇതാണ് പതിവു പരിപാടി. ആവര്‍ത്തന വിരസത തോന്നാതിരിക്കാനാവണം, ഇന്നലെ ചോദ്യോത്തര വേള മുതല്‍ തന്നെ തുടങ്ങി ബഹളം. കോഴിക്കോട് 'കൊള്ളാത്ത വെടി'വെച്ച എ.സി.പി രാധാകൃഷ്ണപിള്ള ഇടതുസ്ഥാനാര്‍ത്ഥി എന്‍.കെ പ്രേമചന്ദ്രന് വേണ്ടി തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങിയെന്ന് പി.സി ജോര്‍ജ്. ചാടിയിറങ്ങി ഉപനേതാവിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷം നടുത്തളത്തില്‍. ജോര്‍ജ് ആരോപണം പിന്‍വലിക്കണമെന്ന് കോടിയേരി. സ്പീക്കര്‍ ഇടപെട്ടു. പരാമര്‍ശം നീക്കാമെന്ന് ഉറപ്പ്. പ്രതിപക്ഷത്തിന് ബുദ്ധിമുട്ടുണ്ടായെങ്കില്‍ ചോദ്യം തന്നെ പിന്‍വലിക്കുന്നുവെന്ന് ജോര്‍ജ്. തീര്‍ന്നില്ല ബഹളം; അത് പതിവുപടി തുടര്‍ന്നു. വിലക്കയറ്റമായിരുന്നു അടിയന്തര പ്രമേയത്തില്‍ അവതരിച്ചത്.  നോട്ടീസ് വി.എസ് സുനില്‍കുമാറിന്റേത്. നിത്യോപയോഗ സാധനങ്ങളുടെ വിലയില്‍ കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് കാര്യമായ വര്‍ധനയുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി ആണയിട്ടെങ്കിലും സുനില്‍കുമാര്‍ അടങ്ങിയില്ല. കോടിയേരി വിഷയം ഏറ്റെടുത്തപ്പോഴെ വാക്കൗട്ടിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിരുന്നു. പുറത്തുപോയവരില്‍ മുഴുവന്‍ പേരും സഭയില്‍ എത്തിയോയെന്ന് അറിയില്ല, 
അതിനു മുമ്പ് അടുത്ത വാക്കൗട്ട്. എ.സി.പി രാധാകൃഷ്ണപിള്ളയെ സര്‍വീസില്‍ നിന്ന് നീക്കണം- അതാണ് കോടിയേരിയുടെ മിനിമം ഡിമാന്റ്. ഡി.ജി.പിയുടെ റിപ്പോര്‍ട്ട് കിട്ടി, അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് വരട്ടെയെന്ന് മുഖ്യമന്ത്രി. പറ്റില്ലെന്ന് കോടിയേരി. പ്രതിപക്ഷനേതാവ് സഭയില്‍ ഇല്ലാതിരുന്ന അവസരം ഉപനേതാവിന്റെ റോളില്‍ കോടിയേരി പരമാവധി 'ഭംഗി'യാക്കി.

സി.പി.എം എന്ന പാര്‍ട്ടിക്ക് സ്വന്തമായി ഒരു വനിതാ കമ്മീഷന്‍ വേണമെന്ന കാര്യത്തില്‍ വര്‍ക്കല കഹാറിന് രണ്ടഭിപ്രായമില്ല. കണ്ണൂരിലെയും എറണാകുളത്തെയും ജില്ലാ സെക്രട്ടറിമാര്‍ പെണ്‍വിഷയത്തില്‍ പാര്‍ട്ടിക്ക് പുറത്താണ്. വാരാപ്പുഴയിലെ എല്‍.സി സെക്രട്ടറി ജയിലിനകത്തും. പാര്‍ട്ടി സെക്രട്ടറി ഇടുക്കിയിലെത്തിയപ്പോള്‍ ഏരിയാ സെക്രട്ടറിക്കെതിരെ അവിടെയും ഇതേ പരാതി. 
ഉള്ളകേസുകള്‍ തന്നെ തീരാത്തതിനാല്‍ തല്‍ക്കാലം ഈ കേസ് പരിഗണിക്കാനാവില്ലെന്ന് ഇടുക്കിയിലെ പ്രവര്‍ത്തകരോട് പാര്‍ട്ടി സെക്രട്ടറി പറഞ്ഞു കഴിഞ്ഞു. അപ്പോള്‍ പിന്നെ, സ്വന്തമായി ഒരു വനിതാ കമ്മീഷനുണ്ടാകുന്നതല്ലേ നല്ലത്. ഒളിക്യാമറയും പെന്‍ഡ്രൈവുമെല്ലാം അണികള്‍ കൊണ്ടു നടക്കുന്നതിനാല്‍ വേണമെങ്കില്‍ ഒരു സൈബര്‍ സെല്ലും തുടങ്ങാം -കഹാറിന്റെ സംശയം ന്യായമാണ്. പാര്‍ലമെന്റ് സമ്മേളനത്തിന് മുമ്പായി സി.പി.എം ദേശീയ തലത്തില്‍ അഴിമതി വിരുദ്ധ സമ്മേളനം നടത്തി. കേരളത്തില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തത് ലാവ്‌ലിന്‍ കേസില്‍ സി.ബി.ഐജെ.പി നേതാവ് എങ്ങനെ സി.പി.എം സമ്മേളനം ഉദ്ഘാടനം ചെയ്യുമെന്ന് ചോദിക്കരുത്. അഴിമതിയുടെ കാര്യത്തില്‍ ഇവര്‍ ഒറ്റക്കെട്ടാണെന്ന് കഹാര്‍. ഇനി വേണമെങ്കില്‍ ഒരു സദാചാര വിരുദ്ധ സമ്മേളനവും ആകാം. ശശിയെയോ ഗോപി കോട്ടമുറിക്കലിനെയോ ഉദ്ഘാടകനായി ക്ഷണിക്കാമെന്നും കഹാറിന്റെ നിര്‍ദ്ദേശം. പാര്‍ട്ടി സെക്രട്ടറിയെ അനുകൂലിച്ച് ചാടിയെണീറ്റു ഇ.പി ജയരാജന്‍. മാര്‍ട്ടിന്റെ കേസ് ഉള്ളതിനാലാണ് ജയരാജന്‍ പിണറായിയെ പിന്തുണയ്ക്കുന്നതെന്ന് കഹാര്‍. മറ്റൊരു സംശയം കൂടി കഹാര്‍ ഉന്നയിച്ചു. സി.കെ.പിയുടെ പരാതിയിന്മേലാണ് പി. ശശിക്കെതിരെ നടപടിയെടുത്തത്. അപ്പോള്‍ സി.കെ.പിക്കെതിരെ നടപടിയെടുത്തത് എന്തിനാണ്?. പരാതി കൊടുത്തതിനാകുമെന്ന് കഹാറിന്റെ ആത്മഗതം.

ഒരിക്കല്‍ വൈക്കം മുഹമ്മദ് ബഷീറിനോട് ഒരു പത്രപ്രവര്‍ത്തകന്‍ ചോദിച്ചു; ലോകത്ത് യുദ്ധങ്ങള്‍ എങ്ങനെ അവസാനിക്കുമെന്ന്. യുദ്ധം ചെയ്യുന്നവര്‍ക്ക് വരട്ടു ചൊറി വരുകയാണ് അതിനുള്ള മാര്‍ഗ്ഗമെന്ന് ബഷീര്‍. ഇപ്പോള്‍ എസ്.എഫ്.ഐ നടത്തുന്ന സമരങ്ങള്‍ അവസാനിക്കണമെങ്കിലും അതേ മാര്‍ഗ്ഗമുള്ളൂവെന്ന് ഇക്കഥ പറഞ്ഞ കഹാറും സമ്മതിച്ചു.രണ്ടു പുത്രന്മാരുടെ അഴിമതിയാണ് ബെന്നി ബെഹനാന് പറയാനുള്ളത്. അച്യുതാനന്ദന്റെ മകന്‍ അരുണ്‍കുമാറും കല്ലട സുകുമാരന്റെ മകന്‍ മോഹന്‍ സുകുമാരനുമാണ് ഈ പുത്രന്മാര്‍. മോഡല്‍ ഫിനിഷിംഗ് സ്‌കൂളിലും സ്റ്റേറ്റ് ഡാറ്റാ സെന്ററിലുമെല്ലാം ഈ പുത്രന്മാര്‍ നടത്തിയ 'നല്ലകാര്യങ്ങള്‍ക്ക്' കയ്യും കണക്കുമില്ലെന്ന് ബെഹനാന്‍. കൃഷിയുടെ പേരു പറഞ്ഞ് വികസനം മുടക്കുന്നതു ശരിയാണോയെന്ന് ഡൊമിനിക് പ്രസന്റേഷന്റെ ചോദ്യം. കഴിഞ്ഞ സര്‍ക്കാര്‍ വിത്തെടുത്ത് കുത്തിയതിനാല്‍ ഇനി കയ്യിലൊന്നുമില്ല. കൊച്ചിയെ വ്യവസയാ തലസ്ഥാനമായി തന്നെ നിലനിര്‍ത്തണന്നും ഡൊമിനിക്ക്. കാലഹരണപ്പെട്ട തൊഴില്‍ നിയമങ്ങളില്‍ മാറ്റം വരുത്തണമെന്നാണ് കെ. രാജുവിന്റെ ആവശ്യം. സ്മാര്‍ട്‌സിറ്റിയെ അഞ്ചുവര്‍ഷം കോള്‍ഡ് സ്റ്റോറേജില്‍ വെച്ചത് ആരാണെന്ന് സമദാനിക്ക് അറിയണം. എ.കെ ആന്റണിയുടെ ദയാവായ്പ് ഇല്ലായിരുന്നുവെങ്കില്‍ ഇടതുകാലത്ത് വ്യവസായ വകുപ്പ് തന്നെ ലിക്യുഡേറ്റ് ചെയ്യപ്പെട്ടേനെ. നുണ പറഞ്ഞ് എല്ലാത്തിനെയും എതിര്‍ക്കുന്ന ഗീബല്‍സുമാരുടെ കാലം കഴിയാതെ നല്ലൊരു കേരളം ഉണ്ടാവില്ലെന്നും സമദാനിക്കറിയാം. ഷിബു ബേബിജോണ്‍ സ്മാര്‍ട്ടായ ചെറുപ്പക്കാരനാണെന്ന കാര്യത്തില്‍ സി.എഫ് തോമസിന് സംശയമില്ല. ബേബിജോണിന്റെ പാരമ്പര്യം നിലനിര്‍ത്തിയാണ് മന്ത്രിയുടെ പ്രവര്‍ത്തനമെന്നതിന് കഴിഞ്ഞ നൂറുദിവസങ്ങളിലേക്ക് തിരിഞ്ഞു നോക്കിയാല്‍ മതിയെന്നും സി.എഫ്. പക്ഷെ അത് അംഗീകരിക്കാന്‍ അസീസിന് കഴിയില്ല.
 
ചിലതൊക്കെ പറഞ്ഞ് ഷിബുവിനെ കൊച്ചാക്കാന്‍ ഇരവിപുരം അംഗം ആകുന്നത് ശ്രമിച്ചു. പക്ഷെ മറുപടി പ്രസംഗത്തില്‍ ഷിബു ബേബിജോണ്‍ കത്തിക്കയറി. ഓരോ ആരോപണങ്ങള്‍ക്കും അക്കമിട്ട് മറുപടി. സി.എഫ് തോമസിനെ പോലെ, അസീസിനും മനസിലായിട്ടുണ്ടാകും ഷിബു ആരാണെന്ന്. പി.സി ജോര്‍ജിന്റെ ശരീരഭാഷ കേരളത്തിന് പിടിക്കുന്നില്ലെന്ന് കണ്ടെത്തിയത് കെ. ദാസനാണ്. ഉംറവിസയെടുത്ത് സൗദിയില്‍ പോകുന്ന മലയാളികളുടെ ദുരിതമാണ് മഞ്ഞളാംകുഴി അലി ചൂണ്ടിക്കാട്ടിയത്. ഉംറ കഴിഞ്ഞ് ഇവര്‍ മടങ്ങില്ല. അവിടെ എന്തെങ്കിലും ജോലി ചെയ്യും. വിസയുടെ കാലാവധി കഴിയുമ്പോള്‍ പൊലീസ് പിടിച്ച് ഇവരെ നാട്ടിലേക്ക് അയക്കുകയാണ് പതിവ്. പക്ഷെ ഇപ്പോഴതല്ല സ്ഥിതി. ആളിന്റെ എണ്ണം കൂടിയതോടെ സൗദി പൊലീസിന് ഇവരെ കൈകാര്യം ചെയ്യാനാവുന്നില്ല. അതുകൊണ്ട് ആളില്ലാതെ തിരികെ വരുന്ന ഹജ്ജ് ഫ്‌ളൈറ്റുകളില്‍ ഇവരെ നാട്ടിലെത്തിക്കണമെന്ന് അലി.

No comments:

Post a Comment

Note: Only a member of this blog may post a comment.