Tuesday, October 4, 2011

കോടതി പരാമര്‍ശത്തില്‍ വി.എസ്‌ വെട്ടിലാകുന്നു


മുഖ്യമന്ത്രിയായിരിക്കെ വി എസ്‌ അച്യുതാനന്ദന്‍ സ്വയം രക്ഷപ്പെടുത്തി മകനെതിരേ മാത്രം അന്വേഷണത്തിനു തീരുമാനിച്ചെന്ന ഹൈക്കോടതി പരാമര്‍ശം വിഎസിനു കുരുക്കാകും. പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്നു മാത്രമല്ല നിയമസഭാംഗത്വത്തില്‍ നിന്നുവരെ വി എസ്‌ ഒഴിയേണ്ട സ്ഥിതിയിലേക്കാണു കാര്യങ്ങളുടെ പോക്ക്‌. നിയമസഭാ സമ്മേളനം ഈ മാസം അവസാനം കഴിഞ്ഞാലുടന്‍ വി എസിന്റെ രാജിയിലേക്ക്‌ രാഷ്ട്രീയമായി കേന്ദ്രീകരിക്കാനാണ്‌ യുഡിഎഫ്‌ നീക്കം. വി എസ്‌ പ്രതിപക്ഷ നേതൃ സ്ഥാനം രാജിവെയ്‌ക്കണമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെടുന്നില്ല. പക്ഷേ, മന്ത്രി കെ ബി ഗണേഷ്‌ കുമാര്‍ മുതല്‍ പി സി വിഷ്‌ണുനാഥ്‌ വരെയുള്ളവര്‍ ഇക്കാര്യം ആവശ്യപ്പെട്ടു കഴിഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പുകാലത്തെക്കാള്‍ രൂക്ഷമായ ആക്രമണത്തിനാണ്‌ വഴിയൊരുങ്ങുന്നത്‌. സിപിഎം സമ്മേളനകാലമായതിനാല്‍ വി എസിന്റെ പാര്‍ട്ടിയിലെ പോരിനെ ഇത്‌ ദുര്‍ബലമാക്കിയേക്കും. പിബിയിലേക്കുള്ള തിരിച്ചുവരവിനെ വരെ ബാധിക്കുകയും ചെയ്യും. അതുകൊണ്ട്‌ സിപിഎമ്മിലെ ഔദ്യോഗിക വിഭാഗത്തിന്റെ നിശബ്ദ പിന്തുണയുമുണ്ട്‌ യുഡിഎഫിന്‌.
അഴിമതി വിരുദ്ധനെന്ന അച്യുതാനന്ദന്റെ അവകാശവാദത്തിനു നേര്‍ക്കാണ്‌ കഴിഞ്ഞ ദിവസം ഹൈക്കോടതി വിരല്‍ചൂിയത്‌. മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹം തന്നെയും തന്റെ ഓഫിസിനെയും അന്വേഷണ പരിധിയില്‍ പെടുത്താതെ ശ്രദ്ധാപൂര്‍വം മാറ്റി നിര്‍ത്തിയെന്ന്‌ ജസ്റ്റിസ്‌ ആന്റണി ഡൊമിനിക്കാണ്‌ ചൂിക്കാട്ടിയത്‌. തനിക്കെതിരായ വിജിലന്‍സ്‌ അന്വേഷമത്തെ ചോദ്യം ചെയ്‌ത്‌ അരുണ്‍ കുമാര്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ്‌ കോടതി വിഎസിനെ കടന്നാക്രമിച്ചത്‌.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത്‌ പ്രതിപക്ഷ നേതാവായിരുന്ന ഉമ്മന്‍ ചാണ്ടി വി എസ്‌ അച്യുതാനന്ദനും അദ്ദേഹത്തിന്റെ ഓഫിസിനും മകന്‍ അരുണ്‍കുമാറിനുമെതിരേ 11 ആരോപണങ്ങള്‍ എഴുതി നല്‍കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തില്‍, ഐഎച്ച്‌ആര്‍ഡി ഡയറക്ടര്‍ അരുണ്‍കുമാറിനെതിരേ ലോകായുക്തയെക്കൊണ്ട്‌ അന്വേഷിപ്പിക്കാന്‍ മുഖ്യമന്ത്രി വി എസ്‌ ഉത്തരവിട്ടു. അതായത്‌ പരാതിയില്‍ നിന്ന്‌ തന്നെയും ഓഫിസിനെയും മാറ്റിനിര്‍ത്തിയായിരുന്നു വി എസിന്റെ ഈ ഉത്തരവ്‌. മുഖ്യമന്ത്രിയെക്കുറിച്ചും ഓഫിസിനെക്കുറിച്ചും മകനെക്കുറിച്ചും നിയമസഭയിലും പുറത്തും ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ചും അന്വേഷിക്കണമെന്നായിരുന്നു ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടത്‌. എന്നാല്‍ മകനെതിരേ മാത്രം അന്വേഷണം തീരുമാനിച്ചതിലൂടെ കുറ്റവിമുക്തനായി മുഖ്യമന്ത്രി സ്വയം പ്രഖ്യാപിക്കുകയായിരുന്നുവെന്നാണ്‌ കോടതി കണ്ടെത്തിയത്‌. അത്‌ വാക്കാലുള്ള പരാമര്‍ശത്തിനപ്പുറം വിധിയില്‍ രേഖപ്പെടുത്തുകയും ചെയ്‌തു.
അരുണ്‍കുമാറിനെതിരേയുള്ള വിജിലന്‍സ്‌ അന്വേഷണവുമായി മുന്നോട്ടു പോകാന്‍ കോടതി പച്ചക്കൊടി കാട്ടിയെന്നു മാത്രമാണ്‌ ആദ്യ ദിവസം വാര്‍ത്ത വന്നത്‌. എന്നാല്‍ വിധിയുടെ വിശദാംശങ്ങള്‍ പുറത്തുവന്നതോടെയാണ്‌ കാര്യങ്ങള്‍ തകിടം മറിഞ്ഞത്‌.
പ്രതിപക്ഷ നേതാവ്‌ എഴുതിത്തന്നാല്‍ , അദ്ദേഹം പറയുന്ന അന്വേഷണ ഉദ്യോഗസ്ഥനെ വച്ച്‌ അന്വേഷിക്കാമെന്നു വാക്കു പറഞ്ഞിരുന്ന മുഖ്യമന്ത്രിയായിരുന്നു അച്യുതാനന്ദന്‍. പിന്നീട്‌ നിലപാടു മാറ്റുകയും തനിക്കും ഓഫീസിനും എതിരേയുള്ള ആരോപണങ്ങള്‍ ഒഴിവാക്കി മകനെതിരേയുള്ള ആരോപണമടങ്ങിയവ മാത്രം ലോകായുക്തയ്‌ക്ക്‌ വിടുകയുമായിരുന്നു.കേരളത്തിന്റെ പൊതുസമൂഹത്തെ വി.എസ്‌ അച്യുതാനന്ദനെന്ന രാഷ്ട്രീയനേതാവ്‌ കൃത്യമായി കബളിപ്പിക്കുകയായിരുന്നുവെന്നാണ്‌ ആരോപണം ഉയര്‍ന്നിരിക്കുന്നത്‌. ജനകീയ പ്രതിഛായയുള്ള വി എസിന്‌ ഇത്‌ വലിയ കുരുക്കായി മാറുമെന്ന വ്യക്തമായ സൂചനകളാണ്‌ പുറത്തുവരുന്നത്‌.
.ഐഎച്ച്‌ആര്‍ഡി ഉദ്യോഗസ്ഥനായ അരുണ്‍കുമാര്‍ ലോകായുക്തയുടെ പരിധിയില്‍ വരില്ലെന്നും ലോകായുക്തയ്‌ക്ക്‌ അരുണിനെതിരേ അന്വേഷണം നടത്താനാകില്ലെന്നും വി എസിന്‌ വ്യക്തമായി അറിയാമായിരുന്നു. വി.എസ്‌ അച്യുതാനന്ദന്‍ അന്നത്തെ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്‌ണന്‌ കൈമാറിയ കത്തില്‍ അരുണ്‍കുമാറിനെതിരായ ആരോപണം അന്വേഷിക്കണമെന്നാണ്‌ ആവശ്യപ്പെട്ടിരുന്നത്‌. അന്വേഷണം ലോകായുക്തയ്‌ക്ക്‌ കൈമാറിയപ്പോള്‍ തന്നെ ഉമ്മന്‍ചാണ്ടി ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. ഐഎച്ച്‌ആര്‍ഡി ലോകായുക്തയ്‌ക്ക്‌ കീഴില്‍ വരുന്നതല്ലെന്ന്‌ ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയയുടന്‍ അന്നത്തെ സര്‍ക്കാര്‍ കഴിഞ്ഞ മെയ്‌ നാലിന്‌ മുന്‍കാല പ്രാബല്യം കൊടുക്കാതെ ഐഎച്ച്‌ആര്‍ഡി ലോകായുക്തയുടെ പരിധിയില്‍ കൊണ്ടു വരുകയായിരുന്നു. മുന്‍മന്ത്രി കെ.പി വിശ്വനാഥന്‌ എതിരേ പരമാര്‍ശം വന്നയുടന്‍ സഭയില്‍ അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട്‌ പ്രതിപക്ഷം വന്‍ ബഹളമാണ്‌ ഉണ്ടാക്കിയത്‌. സഭയ്‌ക്കുള്ളില്‍ അപ്പോള്‍ തന്നെ രാജി പ്രഖ്യാപനം നടത്തുകയായിരുന്നു വിശ്വനാഥന്‍. ഇത്‌ വി എസും മാതൃകയാക്കണമെന്നാണ്‌ യുഡിഎഫ്‌ ആവശ്യപ്പെടുന്നത്‌. അധികാരമില്ലാത്ത ഏജന്‍സിയെക്കൊണ്ട്‌ മകനെതിരേ അന്വേഷിപ്പിക്കാന്‍ ശ്രമിക്കുകയുമൊക്കെ ചെയ്‌തുകൊണ്ട്‌ ബോധപൂര്‍വ്വം മുഖ്യമന്ത്രി പ്രവര്‍ത്തിക്കുകയായിരുന്നുവെന്നും അന്വേഷണത്തെ അട്ടിമറിക്കാനാണ്‌ വി.എസ്‌ ശ്രമിച്ചതെന്ന്‌ കോടതി കെത്തിയിരിക്കുകയാണെന്നുമുള്ള ക്യാമ്പെയിന്‍ ശക്തമാക്കും. അധികാരത്തിലിരിക്കെ ഗുരുതരമായ കുറ്റം ചെയ്‌തുവെന്ന്‌ തെളിഞ്ഞിരിക്കുന്ന ഈ സാഹചര്യത്തില്‍ അന്വേഷണം പൂര്‍ത്തിയായി കുറ്റവിമുക്തനാകുന്നതു വരെയെങ്കിലും വി.എസ്‌ അച്യുതാനന്ദന്‍ പ്രതിപക്ഷ നേതൃസ്‌ഥാനത്തു നിന്നും മാറി നില്‍ക്കണമെന്നാണ്‌ ആവശ്യം. ഇക്കാര്യത്തില്‍ വി എസിനു വേണ്ടി പാര്‍ട്ടിയോ മുന്നണിയോ നിയമസഭയിലും പുറത്തുമിണ്ടിയിട്ടില്ല.



No comments:

Post a Comment

Note: Only a member of this blog may post a comment.