Tuesday, October 11, 2011

സി.പി.എം-സി.പി.ഐ വടംവലി മുറുകുമ്പോള്‍


സിപി.എമ്മിലെ ആശയപ്രതിസന്ധി രൂക്ഷമായ തകര്‍ച്ചയിലേക്ക് ആ പാര്‍ട്ടിയെ എത്തിച്ചുകൊണ്ടിരിക്കുകയാണെന്ന് കേരളം തിരിച്ചറിയുന്നു. ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ മുന്നോടിയായി സി.പി.എമ്മിന്റെ പ്രാദേശിക സമ്മേളനങ്ങള്‍ തിരക്കിട്ട് നടന്നുവരികയാണ്.
ഇടതുപക്ഷ തീവ്രനിലപാടില്‍ നിന്ന് പത്തുകൊല്ലം മുമ്പ് അല്‍പം വലത്തോട്ടുചാഞ്ഞ പാര്‍ട്ടി പുതിയ സാമ്പത്തിക-രാഷ്ട്രീയ സാഹചര്യത്തില്‍ എങ്ങോട്ട് തിരിയണം എന്ന ചിന്ത പാര്‍ട്ടിയില്‍ ഉയര്‍ന്നിട്ടുണ്ട്. നേതാക്കളുടെ ജീവിതശൈലിയില്‍ ഉണ്ടായ കമ്യൂണിസ്റ്റ് വിരുദ്ധ വ്യതിയാനം വിശ്വാസികളില്‍ സൃഷ്ടിച്ച അങ്കലാപ്പ് പ്രാദേശിക സമ്മേളനങ്ങളിലെ ചൂടേറിയ ചര്‍ച്ചാവിഷയമാണ്. അധികാരമോഹവും സ്ഥാപിത താല്‍പര്യവും മൂലം ഉളവായ വിഭാഗീയപ്രശ്‌നം സി.പി.എം നേരിടുന്ന മറ്റൊരു ഗുരുതരമായ തലവേദനയായിത്തീര്‍ന്നു. നേതാക്കള്‍ക്ക് ഉത്തരം മുട്ടുന്ന ചോദ്യവുമായി പ്രാദേശിക പ്രവര്‍ത്തകര്‍ കേരളമെങ്ങും രംഗത്തുവരുന്നതായാണ് വിവരം. യുക്തിപൂര്‍വം മറുപടി നല്‍കാന്‍ കഴിയാതെ ലോക്കല്‍ കമ്മിറ്റി മുതല്‍ ജില്ലാതലത്തില്‍ വരെ നേതൃത്വത്തിലുള്ളവര്‍ ശ്വാസംമുട്ടുകയാണ്. നേതൃത്വത്തിന്റെ വഴിപിഴച്ച പോക്കില്‍ പ്രതിഷേധിച്ച് കൂട്ടത്തോടെ സി.പി.എം വിടുന്നവരുടെ എണ്ണം ദിനംതോറും വര്‍ദ്ധിച്ചുവരുന്നു. അവരില്‍ കൂടുതല്‍ പേരും കമ്യൂണിസ്റ്റ് മാതൃസംഘടനയായ സി.പി.ഐയില്‍ മടങ്ങിയെത്തുന്നതായാണ് വാര്‍ത്ത. തിരുവനന്തപുരത്തെ വെഞ്ഞാറമ്മൂട്ടിലും തൃശൂരിലെ ചേര്‍പ്പിലും കണ്ണൂരിന്റെ പലഭാഗങ്ങളിലും എന്നല്ല സംസ്ഥാനത്തുടനീളം വ്യാപകമായി ഈ കൊഴിഞ്ഞുപോകല്‍ സി.പി.എം നേതൃത്വത്തെ അലോസരപ്പെടുത്തുന്നു. പാര്‍ട്ടി കേന്ദ്രകമ്മിറ്റിയംഗമായ ഇ.പി. ജയരാജന്റെ പ്രതികരണം കാലാള്‍പ്പടയുടെ കൂട്ടമായ കൊഴിഞ്ഞുപോക്കിനെതിരായ നിരാശയില്‍ നിന്ന് ഉടലെടുത്തതാണെന്ന് ആര്‍ക്കും ബോധ്യമാകും. ജയരാജന്‍ പറഞ്ഞു: 'സി.പി.എം വിരുദ്ധരുടെ നിത്യതാവളമായി സി.പി.ഐ അധഃപതിക്കരുത്. പാര്‍ട്ടി വിരുദ്ധരുടെ രക്ഷാകേന്ദ്രമായിത്തീര്‍ന്നിരിക്കുകയാണ് ഇപ്പോള്‍ സി.പി.ഐ'. ഇടതുമുന്നണിയിലെ രണ്ടാമത്തെ പ്രമുഖ കക്ഷിയായ സി.പി.ഐ കമ്യൂണിസ്റ്റ് വിശ്വാസികള്‍ക്ക് ആകര്‍ഷകമാകുന്നത് സ്വാഭാവികമാണ്.

വിശ്വാസരാഹിത്യം മൂലം സി.പി.എമ്മില്‍ വീര്‍പ്പുമുട്ടുന്നവര്‍ എത്തിച്ചേരാന്‍ സുരക്ഷിതമായി ഇടയുള്ള പാര്‍ട്ടിയും സി.പി.ഐ തന്നെ. വേറൊന്നുമില്ലെങ്കിലും ചെങ്കൊടിപ്പൊരുത്തമെങ്കിലും ഉണ്ടല്ലോ. എന്നാല്‍ മെയ്മിടുക്കും ആജ്ഞാശക്തിയും അഹങ്കാരവും കൊണ്ട് അണികളെ അടിച്ചൊതുക്കി വാഴുന്ന ഇ.പി ജയരാജനെപ്പോലുള്ളവര്‍ക്ക് ഇത് വകവെച്ചുകൊടുക്കാനാവില്ലെന്ന് വരാം. അതാണ് അഭിപ്രായ സ്വാതന്ത്ര്യത്തിനുനേരെ ചോദ്യചിഹ്നം ഉയര്‍ത്തുന്ന വിമര്‍ശനസ്വരം ജയരാജനില്‍ നിന്ന് സി.പി.ഐയ്ക്കുനേരെ ഉണ്ടായത്. ഉരുളയ്ക്ക് ഉപ്പേരി എന്നപോലെ മറുപടി കൊടുക്കാന്‍ സി.പി.ഐയില്‍ നേതാക്കളില്ലാതെവരില്ല. ഒരുപക്ഷേപക്വതയും മാന്യതയും വിടാത്ത ഭാഷയില്‍ സി.പി.എം നേതൃത്വത്തിന് ചുട്ടമറുപടി നല്‍കാന്‍ പറ്റുന്നവരും സി.പി.ഐയിലുണ്ട്. സി.പി.എം വിട്ടുവരുന്നവര്‍ക്ക് ആത്മവിശ്വാസവും ധൈര്യവും പകരാനെങ്കിലും പക്വമതികളായ സി.പി.ഐ നേതാക്കള്‍ വായ് തുറക്കേണ്ടതാണ്.
ജയരാജന് പന്ന്യന്‍ രവീന്ദ്രന്‍ മറുപടി പറയാതിരുന്നിട്ടില്ല. ഇന്നലെ അദ്ദേഹം സൗമ്യമായി പ്രതികരിച്ചത് ഇങ്ങനെയാണ്: 'പ്രവര്‍ത്തകര്‍ ഇടതുചേരി വിട്ടുപോകാതിരിക്കാനാണ് അവരെ സി.പി.ഐയില്‍ ചേര്‍ത്തത്'. എന്തിനാണ് പന്ന്യന്‍ രവീന്ദ്രന്‍ ഇത്രയും വിനീതനാകുന്നത്? നമ്മുടെ രാജ്യത്ത് ആര്‍ക്കും അനുവദനീയമായിട്ടുള്ള സ്വാതന്ത്ര്യത്തിന്റെ ശുഭ്ര സുന്ദരമായ വെളിച്ചത്തില്‍ രാഷ്ട്രീയ നിലപാട് സ്വയം തീരുമാനിക്കാന്‍ ആര്‍ക്കും അവകാശമുണ്ട്. വിശ്വാസം അടിമത്തമായിക്കൂടാ.

ഇടത്തോട്ടോ വലത്തോട്ടോ തിരിയേണ്ടതെന്ന് ഇനിയും വ്യക്തമല്ലാത്ത സി.പി.എം ജനാധിപത്യ കാഴ്ചപ്പാടില്‍ ഒരു ദേശീയ തമാശയായിട്ട് കാലമേറെയായി. വൈകി വിവേകമുദിക്കുന്ന ആ പാര്‍ട്ടിയിലെ പാവപ്പെട്ട അണികള്‍ കാര്യങ്ങള്‍ ഗ്രഹിച്ചുവരുന്നതേയുള്ളൂ. തല്‍ക്കാലം അവര്‍ കൂട്ടത്തോടെ ഏകാധിപതികളുടെ ആ പാര്‍ട്ടി വിട്ട് സി.പി.ഐയില്‍ ചേര്‍ന്നേക്കാം. പൂര്‍ണമായി വിവേകമുദിക്കുമ്പോള്‍ ദേശീയ പ്രസ്ഥാനമായ കോണ്‍ഗ്രസില്‍ എത്തിയെന്നും വരാം.

No comments:

Post a Comment

Note: Only a member of this blog may post a comment.