കോഴിക്കോട്: സംസ്ഥാനത്ത് അവശ്യസാധന വില അഭൂതപൂര്‍വ്വമായ രീതിയില്‍ വര്‍ധിച്ചെന്ന് സി പി എം മുഖപത്രത്തിന്റെ നുണപ്രചാരണം. അരി, പഞ്ചസാര, മുളക് തുടങ്ങിയ ഭക്ഷ്യസാധനങ്ങളുടെ വില വന്‍തോതില്‍ വര്‍ധിച്ചെന്നാണ് 'ദേശാഭിമാനി' പച്ചക്കള്ളം പടച്ചുവിട്ടത്.
ഇന്ധനവില വര്‍ധനവിനെ തുടര്‍ന്നാണ് ഭക്ഷ്യസാധന വില കൂടിയതെന്നും ദേശാഭിമാനി കണ്ടെത്തി. അരി വില 30 രൂപയായെന്നും പഞ്ചസാരയ്ക്ക് 40 രൂപയായെന്നും മുളകിന് 150 രൂപയായെന്നും വ്യാഴാഴ്ചത്തെ വാര്‍ത്തയില്‍ പറയുന്നു. പൊതുവിപണിയില്‍ മുന്തിയ ഇനം അരിക്ക് 24 രൂപയുള്ളപ്പോഴാണ് 30 രൂപയായെന്ന് 'ദേശാഭിമാനി' ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത്. പഞ്ചസാരയ്ക്ക് 29.60 രൂപയാണ് പൊതുവിപണിയിലെ വില. മുളകിന് 90 മുതല്‍ 125 രൂപ വരെയാണ് വില. പൊതുവിപണിയില്‍ 60 മുതല്‍ 64 രൂപ വരെ വിലയുള്ള ചെറുപയറിന്റെ വില 80 രൂപയാക്കി വര്‍ധിപ്പിച്ചിരിക്കുകയാണ് ദേശാഭിമാനി. കടല, പരിപ്പ്, സവോള, ഉഴുന്ന്, പച്ചക്കറി ഇനങ്ങള്‍ എന്നിവയുടെ വിലയിലും തെറ്റായ വാര്‍ത്തയിലൂടെ ഇല്ലാത്ത വര്‍ധന വരുത്തിയിരിക്കുകയാണ്. കിലോയ്ക്ക് 15 രൂപ വിലയുള്ള ഏത്തക്കയ്ക്ക് 32 രൂപയായെന്നും നുണ നേരത്തെ അറിയിക്കുന്ന പത്രത്തിന്റെ വിപണി വിദഗ്ധന്‍ കണ്ടെത്തിയിട്ടുണ്ട്.
മുന്‍കാലത്തേക്കാള്‍ പൊതുവിപണിയില്‍ ഇടപെട്ട് വിലക്കയറ്റം പിടിച്ചുനിര്‍ത്താനുള്ള നീക്കങ്ങള്‍ യു ഡി എഫ് സര്‍ക്കാര്‍ ശക്തമാക്കിയിരിക്കെയാണ് ദേശാഭിമാനി ഇല്ലാക്കഥ പ്രചരിപ്പിക്കുന്നത്. യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുമുതല്‍ സംസ്ഥാനത്ത് കാര്യമായ വിലക്കയറ്റം ഉണ്ടായിട്ടില്ലെന്നതാണ് വസ്തുത. മാത്രമല്ല, മുന്‍വര്‍ഷത്തെ അപേക്ഷിച്ച് പല നിത്യോപയോഗ സാധനങ്ങളുടെയും വില കുറഞ്ഞിട്ടുണ്ട്. ഇക്കഴിഞ്ഞ ഓണക്കാലത്ത് സപ്ലൈക്കോ, കണ്‍സ്യുമര്‍ ഫെഡ് എന്നിവ മുഖേന സബ്‌സിഡി നിരക്കില്‍ യഥേഷ്ടം സാധനങ്ങള്‍ വിതരണം ചെയ്തിരുന്നു. സപ്ലൈക്കോ, ത്രിവേണി സ്റ്റോറുകളില്‍ സബ്‌സിഡി നിരക്കില്‍ ഇപ്പോഴും നിത്യോപയോഗ സാധനങ്ങള്‍ വിതരണം ചെയ്യുന്നുണ്ട്. ഇക്കാര്യങ്ങള്‍ മറച്ചുവെച്ചാണ് സംസ്ഥാനത്ത് വന്‍തോതില്‍ വിലക്കയറ്റമുണ്ടായെന്ന കള്ളക്കഥ മെനഞ്ഞത്.
No comments:
Post a Comment
Note: Only a member of this blog may post a comment.