Sunday, October 16, 2011

യെഡിയൂരപ്പയെ അഴിമതിക്കേസില്‍ ജയിലിലടച്ചു; അദ്വാനി അഴിമതിയ്ക്കെതിരേ രഥയാത്ര തുടരുന്നു


അഴിമതിക്കെതിരെ എല്‍.കെ അദ്വാനിയുടെ രഥയാത്ര നടക്കുന്നതിനിടെ, ബി.ജെ.പി നേതാവായ മുന്‍ മുഖ്യമന്ത്രി ഭൂമി അഴിമതിക്കേസില്‍ അറസ്റ്റിലായത്‌ പാര്‍ട്ടിയ്ക്ക് കനത്ത ക്ഷീണമായി. കൂടാതെ രഥയാത്ര മികച്ച രീതിയില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഭോപ്പാലിലെ പത്രപ്രവര്‍ത്തകര്‍ക്ക് പണം നല്‍കിയ സംഭവം പുറത്തായതും ബി.ജെ.പിക്ക് കൂനിന്മേല്‍ കുരു എന്നപോലെയായി.

ഭൂമി തട്ടിപ്പ് കേസില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളി ലോകായുക്ത കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിനെ തുടര്‍ന്നാണ് കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പ നേരിട്ട് കോടതിയില്‍ കീഴടങ്ങിയത്. അദ്ദേഹത്തെ ഈ മാസം 22 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. യെഡിയൂരപ്പയെ പാരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലേക്കു കൊണ്ടുപോയി. സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു മുന്‍ മുഖ്യമന്ത്രി അഴിമതിക്കേസില്‍ ജയിലിലാകുന്നത്.

ശനിയാഴ്ച രാവിലെ യെഡിയൂരപ്പയുടെ ജാമ്യാപേക്ഷ തള്ളിയ ലോകായുക്ത ജഡ്ജി അദ്ദേഹത്തിനെതിരെ അറസ്റ്റുവാറന്റ് പുറപ്പെടുവിക്കുകയായിരുന്നു. യെഡിയൂരപ്പയെ അറസ്റ്റു ചെയ്യാന്‍ വാറന്റുമായി ലോകായുക്ത ഡെപ്യൂട്ടി പോലീസ്‌സൂപ്രണ്ടുമാരായ അബ്ദുല്‍ വഹാബ്, പ്രസന്ന രാജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഉച്ചയോടെ റെയ്‌സ് കോഴ്‌സ് റോഡിലെയും ഡോളേഴ്‌സ് കോളനിയിലെയും അദ്ദേഹത്തിന്റെ വസതിയിലെത്തിയ പൊലീസിനെ വെട്ടിച്ച് കടന്ന അദ്ദേഹം പിന്നീട് ലോകായുക്ത കോടതിയില്‍ വൈകിട്ട് അഞ്ച് മണിയ്ക്ക് കൊട്ട് മുന്‍പാണ് കീഴടങ്ങുന്നതിനായി എത്തിയത്. ഞായറാഴ്ച കോടതി അവധിയായതിനാല്‍ തിങ്കളാഴ്‌ച്ച അപേക്ഷ പരിഗണിച്ച് ജാമ്യം നല്‍കുന്ന സാഹചര്യമുണ്ടായാല്‍ പോലും യെഡിയൂരപ്പയ്ക്ക് രണ്ടു ദിവസം ജയിലില്‍ കഴിയേണ്ടതായി വരും.

ശനിയാഴ്ച രാവിലെ കേസ് പരിഗണിച്ചപ്പോള്‍ യെഡിയൂരപ്പ കോടതിയില്‍ ഹാജരായിരുന്നില്ല. പുറംവേദനയാണെന്നും കോടതിയില്‍ ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്നും അഭ്യര്‍ഥിച്ചുകൊണ്ട് അപേക്ഷയും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ സമര്‍പ്പിച്ചു. എന്നാല്‍ ഈ അപേക്ഷ തള്ളിയെ ലോകായുക്ത പ്രത്യേക കോടതി ജഡ്ജി എന്‍.കെ.സുധീന്ദ്ര റാവു യെഡിയൂരപ്പയ്ക്ക് നേരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയായിരുന്നു. യെദ്യൂരപ്പയുടെ മക്കളായ ബി.വൈ. രാഘവേന്ദ്ര, വിജയേന്ദ്ര , മരുമകന്‍ സോഹന്‍ കുമാര്‍, മുന്‍ മന്ത്രി കൃഷ്ണയ്യ ഷെട്ടി തുടങ്ങിയ മറ്റ് പ്രതികളെല്ലാം കോടതിയില്‍ എത്തിയിരുന്നു.

യെദ്യൂരപ്പയ്ക്കും കൃഷ്ണയ്യഷെട്ടിക്കും ജാമ്യം നിഷേധിച്ച കോടതി മറ്റ് പ്രതികള്‍ക്കെല്ലാം വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ ജാമ്യം അനുവദിച്ചു. 14 പേര്‍ക്കാണ് ജാമ്യം അനുവദിച്ചത്. ജാമ്യം നിഷേധിക്കുകയും 22 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയും ചെയ്തുകൊണ്ടുള്ള കോടതിഉത്തരവ് കേട്ട് പൊട്ടിക്കരഞ്ഞ മുന്‍മന്ത്രി കൃഷ്ണയ്യ ഷെട്ടി തളര്‍ന്നു വീണു. തുടര്‍ന്ന് അദ്ദേഹത്തെ ജയദേവ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് ജയിലിലേക്ക് മാറ്റുകയായിരുന്നു. 

ഭൂമി പുനര്‍വിജ്ഞാപനവുമായി ബന്ധപ്പെട്ട് അഭിഭാഷകരായ സിറാജിന്‍ ബാഷ, കെ എന്‍ ബല്‍രാജ് എന്നിവര്‍ നല്‍കിയ രണ്ട് പരാതിയിലാണ് യെദ്യൂരപ്പ കോടതിയില്‍ കീഴടങ്ങിയത്. മൊത്തം അഞ്ച് പരാതികളില്‍ മൂന്നെണ്ണത്തിലാണ് ലോകായുക്‌ത കോടതി വാദം കേട്ട് തുടങ്ങിയത്. മക്കള്‍ക്കും മരുമക്കള്‍ക്കും സര്‍ക്കാര്‍ ഭൂമി കയ്യടക്കാന്‍ അവസരമൊരുക്കിയെന്നാണ് യെഡിയൂരപ്പയ്‌ക്കെതിരായ കേസ്.

ബാംഗ്ലൂര്‍ ഡവലപ്‌മെന്റ് അതോറിറ്റിയുടെ സ്ഥലം ഏറ്റെടുത്ത വിജ്ഞാപനം യെഡിയൂരപ്പ റദ്ദാക്കിയതിനെ തുടര്‍ന്ന് സര്‍ക്കാരിന് കോടിക്കണക്കിനു രൂപയുടെ നഷ്ടമുണ്ടായിരുന്നു. വിവാദത്തെ തുടര്‍ന്ന് അദ്ദേഹത്തിന് മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ടിരുന്നു. ജൂലായ് 31-നാണ് യെഡിയൂരപ്പ മുഖ്യമന്ത്രി സ്ഥാനം രാജി വെക്കുന്നത്.

No comments:

Post a Comment

Note: Only a member of this blog may post a comment.