Monday, October 17, 2011

സി.പി.എമ്മിന്റെ ഒളിക്യാമറകള്‍ നിയമസഭക്ക് ഉപകാരപ്പെടും


തിരുവനന്തപുരം: സി.പി.എമ്മില്‍ ഔദ്യോഗിക വിഭാഗം, ഒളിക്യാമറാ വിഭാഗം എന്നിങ്ങനെ രണ്ടുവിഭാഗങ്ങളാണുള്ളതെന്ന് വി.പി സജീന്ദ്രന്‍. സിംഗപ്പൂരില്‍ നിന്ന് 250 ഒളിക്യാമറകളാണ് ഇവര്‍ കൊണ്ടുവന്നിരിക്കുന്നത്.
ഇത്തരം ക്യാമറകള്‍ നിയമസഭാ ഹാളില്‍ വെച്ചാല്‍ വീഡിയോ ദൃശ്യങ്ങള്‍ക്ക് വ്യക്തതയില്ലെന്ന പരാതികള്‍ക്ക് പരിഹാരമാകുമെന്നും ധനാഭ്യര്‍ത്ഥന ചര്‍ച്ചയില്‍ പങ്കെടുത്ത് അദ്ദേഹം പറഞ്ഞു. പട്ടികജാതി-വര്‍ഗ്ഗ-പിന്നോക്ക വിഭാഗങ്ങളുടെ ക്ഷേമം, വിനോദ സഞ്ചാരം, സഹകരണം എന്നീ വീഷയങ്ങളിലൂന്നിയാണ് ധനാഭ്യര്‍ത്ഥന ചര്‍ച്ച നടന്നത്. ആദിവാസികളുടെ പ്രശ്‌നങ്ങള്‍ വായിച്ചറിയുകയല്ല, മറിച്ച് അനുഭവിച്ചറിയുന്ന മന്ത്രിയാണ് പി.കെ ജയലക്ഷ്മിയെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത സി. മോയിന്‍കുട്ടി അഭിപ്രായപ്പെട്ടു. രക്തദാഹികളായ വിപ്ലവകാരികള്‍ ഉള്ളതിനാലാണ് കേരളത്തിലേക്ക് ആളുകള്‍ വരാന്‍ മടിക്കുന്നതെന്നും ടി.വി രാജേഷിന്റെ കരച്ചില്‍ ഇടതുപക്ഷത്തെ കൂട്ടക്കരച്ചിലിന്റെ തുടക്കമാണെന്നും അദ്ദേഹം പറഞ്ഞു. ടൂറിസം മേഖലയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യമാണ് ജമീലാ പ്രകാശം ഉന്നയിച്ചത്. ഹര്‍ത്താലിനിടെ ഏതെങ്കിലും വിദേശി വെള്ളം കിട്ടാതെ വലയുന്നുണ്ടെങ്കില്‍ അക്കാര്യം മാധ്യമങ്ങള്‍ വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കരുതെന്ന അഭ്യര്‍ത്ഥനയും അവര്‍ മുന്നോട്ടുവെച്ചു. കോവൂര്‍ കുഞ്ഞുമോന്‍, കെ.വി വിജയദാസ്, വി.എം ഉമ്മര്‍മാസ്റ്റര്‍, ഐ.സി ബാലകൃഷ്ണന്‍ തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
 
അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ശൂന്യവേളയിലും പ്രതിപക്ഷം വാക്കൗട്ട് നടത്തിയിരുന്നു. റെയില്‍വേ ചരക്കുകൂലി വര്‍ധനവുമൂലം പൊതുവിപണിയില്‍ വിലക്കയറ്റമുണ്ടാകുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷത്ത് നിന്ന് എളമരം കരീമാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ഇക്കാര്യത്തില്‍ കേരളത്തിന്റെ ഉത്കണ്ഠ കേന്ദ്രസര്‍ക്കാരിനെ അറിയിക്കാന്‍ സഭ ഒറ്റക്കെട്ടായി പ്രമേയം പാസാക്കണമെന്നും കരീം ആവശ്യപ്പെട്ടു. 
പ്രതിപക്ഷം സഭയില്‍ പ്രകടിപ്പിച്ച വികാരം കേന്ദ്ര സര്‍ക്കാരിനെ അറിയിക്കാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മറുപടി നല്‍കി. റെയില്‍വേ ചരക്കുകൂലി വര്‍ധന ഉപഭോക്തൃ സംസ്ഥാനമെന്ന നിലയില്‍ കേരളത്തെ ബാധിക്കുമെന്നും മുഖ്യമന്ത്രി സമ്മതിച്ചു. എന്നാല്‍ റെയില്‍വേ വികസന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് അവഗണന കാട്ടുന്നുവെന്ന പ്രതിപക്ഷ വാദം ശരിയല്ല. കേരളത്തിന്റെ ആവശ്യങ്ങളോട് കേന്ദ്രം പോസിറ്റീവായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ മറുപടിയുടെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷം ഇറങ്ങിപ്പോയത്.
 
കുട്ടനാട്ടിലെ ജലാശയങ്ങളിലും പാടശേഖരങ്ങളിലും കീടനാശിനി,  തണ്ണീര്‍മുക്കം ബണ്ടിന്റെ അശാസ്ത്രീയമായ പ്രവര്‍ത്തനം എന്നിവ മൂലമുണ്ടാകുന്ന മലിനീകരണത്തെക്കുറിച്ച് തോമസ് ഐസക്ക് സഭയുടെ ശ്രദ്ധക്ഷണിച്ചു. കുട്ടനാട് പാക്കേജ്, നദീസംരക്ഷണം, വേമ്പനാട് ഇക്കോ ഡെവലപ്‌മെന്റ് അതോറിറ്റി എന്നിവയുടെ സംയോജിത ഫലമായി കുട്ടനാട്ടിലെ മലിനീകരണവും തണ്ണീര്‍മുക്കം ബണ്ടിന്റെ പ്രശ്‌നവും സ്ഥിരമായി പരിഹരിക്കപ്പെടുമെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. സംസ്ഥാനത്ത് രോഗനിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കണമെന്നും മാരക രോഗങ്ങള്‍ മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങളെ സഹായിക്കണമെന്നുമാണ് കാളിംഗ് അറ്റന്‍ഷനിലൂടെ തോമസ് ഉണ്ണിയാടന്‍ ആവശ്യപ്പെട്ടത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്ന് ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ് മറുപടി നല്‍കി. തൃക്കാക്കര മണ്ഡലത്തിലെ വെണ്ണല-ഇളമക്കര കെ.എസ്.യു.ഡി.പി പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അടിയന്തിരമായി പൂര്‍ത്തിയാക്കണമെന്ന് ബെന്നി ബെഹനാന്‍ ആവശ്യപ്പെട്ടു. വയനാട് ജില്ലയില്‍ പി.എം.ജി.എസ്.വൈ ആറാംഘട്ടത്തില്‍ ഉള്‍പ്പെടുന്ന പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കണമെന്ന് ശ്രേയാംസ്‌കുമാറും ഇരവിപുരം പൊലീസ് സ്റ്റേഷന്‍ കെട്ടിട നിര്‍മാണത്തിന് ഭൂമി അനുവദിക്കണമെന്ന് എ.എ അസീസും ആവശ്യപ്പെട്ടു. കൊടുങ്ങല്ലൂര്‍ ആസ്ഥാനമാക്കി റവന്യൂ ഡിവിഷന്‍ രൂപീകരിക്കണമെന്നായിരുന്നു ടി.എന്‍ പ്രതാപന്റെ ആവശ്യം. കണ്ണൂര്‍ വിമാനത്താവളത്തിന്റെ മൂലധന നിക്ഷേപത്തില്‍ സ്വകാര്യ പങ്കാളിത്തത്തിനുള്ള മിനിമം നിക്ഷേപ സംഖ്യ കുറക്കണമെന്ന് സണ്ണി ജോസഫ് ആവശ്യപ്പെട്ടു. മണലൂര്‍ മണ്ഡലത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയമിക്കണമെന്ന് പി.എ മാധവനും സബ്മിഷനിലൂടെ ആവശ്യപ്പെട്ടു.

No comments:

Post a Comment

Note: Only a member of this blog may post a comment.