സംസ്ഥാനത്തെ ഏറ്റവും വലിയ ഐ.ടി വ്യവസായ സംരംഭത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം എറണാകുളത്തെ കാക്കനാടിന് അടുത്തുള്ള എടച്ചിറയില്‍ ഇന്ന് ആരംഭിക്കുകയാണ്.
കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം ഈ പദ്ധതിക്കുമേല്‍ നിരവധി തടസ്സവാദങ്ങള്‍ നിരത്തി അടയിരുന്ന ഇടതുസര്‍ക്കാരിന്റെ നിഷ്‌ക്രിയ നിലപാടുകളെ തൂത്തെറിഞ്ഞുകൊണ്ടാണ് സ്മാര്‍ട്ട്‌സിറ്റി പദ്ധതിയെന്ന് ഇതിനകം പ്രശസ്തമായിക്കഴിഞ്ഞ ഈ സംരംഭവുമായി ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. കൊച്ചി സ്മാര്‍ട്ട്‌സിറ്റി പദ്ധതി യു.ഡി.എഫ് സര്‍ക്കാരിന്റെ അഭിമാന സംരംഭങ്ങളില്‍ ഒന്നായിരുന്നു. മുന്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ വിഭാവനം ചെയ്ത് 2005 മേയില്‍ ദുബായ് ടീകോം കമ്പനിയുമായി സ്മാര്‍ട്ട്‌സിറ്റി പദ്ധതിക്ക് കരാര്‍ ഒപ്പുവെച്ചെങ്കിലും അനന്തര നടപടികള്‍ മുന്നോട്ടുനീക്കാനാവാത്തവിധം പല തടസ്സങ്ങളും അനുഭവപ്പെട്ടു. മുപ്പത്തിമൂവായിരം പേര്‍ക്ക് നേരിട്ടും ഒരുലക്ഷത്തോളം ആളുകള്‍ക്ക് പരോക്ഷമായും തൊഴില്‍ ഉറപ്പാക്കുന്ന മഹത്തായ ഈ സംരംഭത്തെ റിയല്‍ എസ്റ്റേറ്റ് വ്യാപാരവും തട്ടിപ്പുമായി ചിത്രീകരിച്ച് തടസ്സപ്പെടുത്താന്‍ ശ്രമിച്ച അന്നത്തെ പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ നടത്തിയ സമര കോലാഹലങ്ങള്‍ കേരളം മറന്നിട്ടില്ല. ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ സ്മാര്‍ട്ട്‌സിറ്റി പദ്ധതിക്ക് വേണ്ടി ദുബായ് കമ്പനിയുമായി കരാര്‍ ഒപ്പിട്ടവര്‍ ജയിലില്‍ പോകുമെന്ന് തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ ഇടതുനേതാക്കള്‍ പ്രസംഗിക്കുകയും ചെയ്തു. ഹൈക്കോടതിയില്‍ പദ്ധതിക്കെതിരെ കേസുണ്ടായി. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം നടപടി ക്രമങ്ങള്‍ക്ക് വിരുദ്ധമായിട്ടാണ് പദ്ധതിയുമായി അന്നത്തെ യു.ഡി.എഫ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നായിരുന്നു മുഖ്യമായ ആരോപണം.
വസ്തുതകളെ സൂക്ഷ്മമായി പരിശോധിച്ച നീതിപീഠം തെരഞ്ഞെടുപ്പ് വിജ്ഞാപനം സ്മാര്‍ട്ട്‌സിറ്റി പദ്ധതി പോലെ ബൃഹത്തായ ഒരു സംരംഭത്തിന് തടസ്സമായിക്കൂടാ എന്ന് നിര്‍ദ്ദേശിക്കുകയും സര്‍ക്കാരിന് പദ്ധതിയുമായി മുന്നോട്ടുപോകാന്‍ അനുമതി നല്‍കുകയും ചെയ്തു. നിയമപരമായി യാതൊരു തടസ്സവും ഇല്ലായിരുന്നു. പ്രതിപക്ഷത്തെ ഇടതുനേതാക്കള്‍ ഉയര്‍ത്തിയ ഭീഷണിയും വെല്ലുവിളിയും മാത്രമായിരുന്നു എടുത്തുപറയാവുന്ന ഏക തടസ്സം. അതിനാല്‍ ധാര്‍മ്മികതയുടെ പേരില്‍ ജനങ്ങളുടെ തീരുമാനത്തിന് വിട്ടുകൊണ്ട് തെരഞ്ഞെടുപ്പ് കഴിഞ്ഞ് അധികാരത്തില്‍ വരുന്ന സര്‍ക്കാര്‍ പദ്ധതി നടപ്പാക്കട്ടെയെന്ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രഖ്യാപിക്കുകയായിരുന്നു. സ്മാര്‍ട്ട്‌സിറ്റി പദ്ധതിയെ രാപകല്‍ വിമര്‍ശിച്ചുകൊണ്ടിരുന്ന വി.എസ് അച്യുതാനന്ദന് അധികാരത്തില്‍ വന്നപ്പോള്‍ ജനപിന്തുണ നേടിക്കഴിഞ്ഞ ബൃഹത്തായ ആ സംരംഭത്തെ പാടേ ഉപേക്ഷിക്കാന്‍ ധൈര്യമുണ്ടായിരുന്നില്ല. യു.ഡി.എഫ് ദുബായ് കമ്പനിയുമായി ഉണ്ടാക്കിയ കരാറിലെ വ്യവസ്ഥകളില്‍ യാതൊരു മാറ്റവും വരുത്താതെ പിന്നാലെവന്ന ഇടതുസര്‍ക്കാര്‍ സ്മാര്‍ട്ട്‌സിറ്റി പദ്ധതിയുമായി മുന്നോട്ടുപോകാന്‍ നിര്‍ബന്ധിതമായി. പക്ഷേ, അന്നത്തെ ഭരണത്തിന്റെ കാര്യക്ഷമതയില്ലായ്മയും മെല്ലെപ്പോക്കും ഭരണത്തെ നയിക്കുന്ന സി.പി.എമ്മിലെ താല്‍പര്യസംഘട്ടനങ്ങളും മൂലം സ്മാര്‍ട്ട്‌സിറ്റി അടക്കം പ്രധാനപ്പെട്ട എല്ലാ വികസന സംരംഭങ്ങളും തടസ്സപ്പെടുകയാണ് ഉണ്ടായത്. അഞ്ചുവര്‍ഷം ഭരണത്തിന് പകരം സമരം നടത്തുകയും വികസനത്തിന് പകരം വിവാദമുണ്ടാക്കുകയും ചെയ്ത ഇടതുഭരണകാലത്തെ അപശകുനങ്ങളെക്കുറിച്ച് ജനങ്ങള്‍ മറന്നിട്ടുണ്ടാകില്ല.
കാക്കനാട്ടെ ഇടച്ചിറയില്‍ സ്മാര്‍ട്ട്‌സിറ്റി പദ്ധതിക്കുവേണ്ടി ഇടതുസര്‍ക്കാര്‍ ഒരു ശില സ്ഥാപിക്കാന്‍ മറന്നില്ല. ജനങ്ങളുടെ കണ്ണില്‍ മണ്ണിടാനുള്ള ഒരു ചെപ്പടിവിദ്യ മാത്രമായിരുന്നു അത്. എന്തെന്നാല്‍ ആ ശിലയുടെ മുകളില്‍ വേറൊരു കല്ലുവയ്ക്കാന്‍ പോലും ആ സര്‍ക്കാര്‍ പിന്നീട് ശ്രമിച്ചില്ലെന്നതാണ് സത്യം. പദ്ധതി പ്രദേശത്തെ സ്ഥലത്തിന്റെ സ്വതന്ത്രാവകാശത്തിന്‍ മേലുള്ള തര്‍ക്ക പ്രശ്‌നത്തില്‍ തട്ടി മുടങ്ങിപ്പോയ സ്മാര്‍ട്ട്‌സിറ്റി പ്രോജക്ട് പിന്നീട് സര്‍ക്കാരിനും കമ്പനി പ്രതിനിധികള്‍ക്കും ഇടയിലുള്ള മാധ്യസ്ഥ സംഭാഷണത്തിലൂടെ യാഥാര്‍ത്ഥ്യമാകുമെന്ന ധാരണ സൃഷ്ടിക്കപ്പെട്ടു. അങ്ങനെ വിലപ്പെട്ട അഞ്ചുവര്‍ഷത്തെ നഷ്ടം വീണ്ടെടുക്കാനാവാത്തതാണെങ്കിലും പദ്ധതി യാഥാര്‍ത്ഥ്യമാകുമെന്ന അവസ്ഥയില്‍ കാര്യങ്ങള്‍ എത്തിച്ചേര്‍ന്നു. പദ്ധതിപ്രദേശത്ത് ഒന്നരലക്ഷം ചതുരശ്രമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനത്തിന്റെ ആദ്യഘട്ടമാണ് ഇന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യുന്നത്. സംസ്ഥാനത്തെ ഏറ്റവും ബൃഹത്തായ സാങ്കേതിക വ്യവസായ സംരംഭമായി കൊച്ചി സ്മാര്‍ട്ട്‌സിറ്റി പദ്ധതി മാറുമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല.
No comments:
Post a Comment
Note: Only a member of this blog may post a comment.